ചിത്രകലയെയും സ്നേഹിച്ച പ്രതിഭ
ആര്‍ട്ടിസ്റ്റ് മദനന്
Sunday, April 27, 2025 12:11 AM IST
ചരിത്രത്തിന്റെ അകത്തളങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ ഡോ. എം.ജി.എസ്. നാരായണന് എന്ന മഹാപ്രതിഭ ചിത്രകലയെയും നെഞ്ചോടു ചേര്‍ത്തിരുന്നു. കുട്ടിക്കാലത്തുതന്നെ ചിത്രരചനയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതു മുന്നോട്ടു കൊണ്ടുപോയില്ല.
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പൊന്നാനിയിലെ തറവാട്ടുവീട്ടില്‍ നമ്പൂതിരിയെ കാണാന്‍ ചെറുപ്രായത്തില്‍ അദ്ദേഹം പോകാറുണ്ടായിരുന്നു. കരിക്കട്ടകൊണ്ട് ചുമരില്‍ ചിത്രം വരച്ച കാര്യം എന്നോട് എം.ജി.എസ് പറഞ്ഞിട്ടുണ്ട്.
ചിത്രങ്ങളെക്കുറിച്ച് അദ്ദേഹത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. അഭിപ്രായം തുറന്നുപറയുകയും ചെയ്യും. അതിനു മതില്കെട്ടുകള് ഒന്നുമുണ്ടായിരുന്നില്ല. തുറന്ന സമീപനമായിരുന്നു എം.ജി.എസിന്. ചിത്രങ്ങളെപ്പോലെതന്നെ ധാരാളം കവിതകളും അദ്ദേഹം രചിച്ചിരുന്നു. ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എംജിഎസിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. മലാപ്പറമ്പില്‍ എംജിഎസിന്റെ വീടിനടുത്ത് കുറച്ചുകാലം ഞാനും താമസിച്ചിരുന്നു.
മാതൃഭൂമി ആഴ്ചപതിപ്പില്‍ ആര്ട്ടിസ്റ്റായിരിക്കേയാണ് എം.ജി.എസുമായുള്ള സൗഹൃദത്തിനു തുടക്കമിട്ടത്. മാതൃഭൂമിയില്‍ വരയ്ക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ ലേഖനത്തിന് ചിത്രം വരയ്ക്കുന്നതിന് അവസരം ലഭിച്ചപ്പോഴായിരുന്നു ഇത്. അന്നു തുടങ്ങിയ ബന്ധം മരണംവരെ തുടര്‍ന്നു. ഒഴിവുള്ള ഇടവേളകളില്‍ എം.ജി.എസിന്റെ വീട്ടില്‍പോകുക പതിവായിരുന്നു. പഴയ കെട്ടിടങ്ങള്‍ വരച്ചത് ഞാന്‍ അദ്ദേഹത്തെ കാണിക്കും.
ചിത്രങ്ങളെക്കുറിച്ചു മാത്രമല്ല വീട്ടുകാര്യങ്ങളും ചര്‍ച്ചയാകും. കേരളത്തിലെ മനകളുടെ എന്റെ ചിത്രങ്ങള്‍ കണ്ട് അതിനു ചെറിയ അവതാരിക അദ്ദേഹം എഴുതിത്തന്നിരുന്നു. എന്റെ ഔട്ട്ഡോര്‍ സ്കെച്ചുകള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തെ നേരിട്ട് സ്കെച്ച് ചെയ്യാന്‍ എനിക്കു കഴിഞ്ഞിരുന്നു.
കോഴിക്കോടിനെക്കുറിച്ച് കാലിക്കട്ട് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പുസ്തകത്തിലെ ചിത്രങ്ങള്‍ക്കുവേണ്ടി എം.ജി.എസ് എന്നെ സമീപിച്ചിരുന്നു. എന്നെക്കുറിച്ച് എന്‍.എന്‍. കക്കാടിന്റെ മകന് ശ്യാം കക്കാട് തയാറാക്കിയ ഡോക്യുമെന്ററി പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട് കെ.പി. കേശവമേനോന് ഹാളില്‍ എം.ടി. വാസുദേവന്‍ നായരായിരുന്നു വന്നിരുന്നത്.
എം.ജി.എസ് അന്ന് അനുഗ്രഹപ്രഭാഷണം നടത്തിയിരുന്നു. മലാപ്പറമ്പ് ഹൗസിംഗ് കോളനിവാസികള്‍ എം.ജി.എസിനെ ആദരിച്ച ചടങ്ങിലാണ് അവസാനമായി ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നത്.
എം.ജി.എസ് ക്ഷീണംകൊണ്ട് തലതാഴ്ത്തിയാണ് ഇരുന്നിരുന്നത്. കവിതയും അക്ഷരശ്ലോകവും അദ്ദേഹത്തിനു പ്രിയപ്പെട്ടതായിരുന്നു. കോഴിക്കോട്ടു നടക്കാറുള്ള അക്ഷരശ്ലോക മത്സരങ്ങളില്‍ ഡോ. കെ. മാധവന്‍കുട്ടിക്കൊപ്പം സജീവമായി എം.ജി.എസും ഉണ്ടാകുമായിരുന്നു. മഹാഭാരതവും രാമായണവുമടക്കമുള്ള പുരാണങ്ങള്‍ അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു.
ചെറുപ്രായത്തില്‍തന്നെ പുസ്തകപ്രേമിയായിരുന്നു അദ്ദേഹം.
ആരെയും കളിയാക്കുന്നതോ കൊച്ചാക്കുന്നതോ ആയ സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.