എം.ജി.എസ് എന്ന ചരിത്രകാരനെ അടയാളപ്പെടുത്തുമ്പോള്‍
ഡോ. എം.സി. വസിഷ്ഠ്
Sunday, April 27, 2025 12:09 AM IST
കേരളീയ ചരിത്രപഠനത്തെ, പ്രത്യേകിച്ച് കേരള ചരിത്രത്തിന്റെ പ്രാചീന ചരിത്രപുനര്‍നിര്‍മിതി ശാസ്ത്രീയമായി നിര്‍വഹിച്ച ചരിത്രകാരനായിരുന്നു ഡോ. എം.ജി.എസ്. നാരായണന്. കേരള ചരിത്രരചനയ്ക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കിയത് അല്ലെങ്കില്‍ അതൊരു പക്വതയാര്‍ന്ന തലത്തില്‍ എത്തിയത് ഡോ. എം.ജി.എസ്. നാരായണനിലൂടെയായിരുന്നു.
സംഘകാലം മുതല്‍ മധ്യകാലം വരെയുള്ള കേരള ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും പഠിച്ചത്. സംഘകാലഘട്ടത്തിലെ തമിഴ്പാട്ടുകളെ പുനര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് അദ്ദേഹം ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചു. പാട്ടുകളുടെ അടിസ്ഥാനത്തില്‍ ഗോത്രസ്വഭാവങ്ങള് ഏറെയുള്ള ഒരു രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യഘടനയായിരുന്നു സംഘകാലത്ത് തമിഴകത്ത് ഉണ്ടായിരുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു.
എം.ജി.എസിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധം രണ്ടാം ചേരരാജക്കന്മാരെക്കുറിച്ചായിരുന്നു. പ്രഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ലിഖിത തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടാം ചേരരാജ്യത്തെ അദ്ദേഹം ശാസ്ത്രീയമായി പുനര്‍നിര്‍മിച്ചു. അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമാണ് പെരുമാള്‍സ് ഓഫ് കേരള. രണ്ടാം ചേര രാജാക്കന്മാര് ഏതാണ്ട് ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലാണ് കേരളത്തില്‍ വാണരുളിയത് എന്നായിരുന്നു എം.ജി.എസിന്റെ നിഗമനം. പ്രഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ശിഷ്യനായിരുന്നുവെങ്കിലും രണ്ടാം ചേരരാജ്യത്തെക്കുറിച്ച് പ്രഫ. ഇളംകുളം കുഞ്ഞന്‍പിള്ള മുന്നോട്ടുവച്ച ചില അഭിപ്രായങ്ങളെ എം.ജി.എസ് നിരസിക്കുകയും പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അവയ്ക്ക് പുതിയ വ്യാഖ്യാനം നല്‍കുകയും ചെയ്തു.
രണ്ടാം ചേരരാജ്യത്തെ ചേര സാമ്രാജ്യം എന്ന് ഇളംകുളം വിശേഷിപ്പിച്ചതിനെ അദ്ദേഹം നിരാകരിച്ചു. രണ്ടാം ചേര രാജാക്കന്മാരുടെ കേവല അധികാരം ആസ്ഥാനമായ മഹോദയപുരത്തിനും അതിനു ചുറ്റുമുള്ള നാലു ഗ്രാമങ്ങളിലും ഒതുങ്ങിനിന്നു എന്നും അതിനു പുറത്ത് അവര്‍ക്ക് നാമമാത്രമായ അധികാരം മാത്രമേ ഉണ്ടായിരുന്നുന്നുള്ളൂ എന്നുമാണ് എം.ജി.എസിന്റെ വ്യാഖ്യാനം.
അക്കാലത്തുണ്ടായിരുന്ന നൂറ്റവര്‍ സംഘങ്ങളെക്കുറിച്ചും മൂയിക്കുളം കച്ചത്തെക്കുറിച്ചും ഒക്കെയുള്ള ഇളംകുളത്തിന്റെ വാദഗതികളെ എം.ജി.എസ് പുനര്‍വ്യാഖ്യാനം ചെയ്യുകയാണ് ഉണ്ടായത്. മൂയിക്കളം കച്ചം ബ്രാഹ്മണര്‍ ക്ഷേത്ര ഭൂമി സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയമസംഹിതയായിരുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.
കേരള ചരിത്രത്തില്‍ അദ്ദേഹം കള്‍ച്ചറല്‍ സിംബയോസിസ് എന്നൊരു വാദഗതി മുന്നോട്ടുവച്ചു. കേരളത്തില്‍ എത്തിച്ചേര്‍ന്ന വിവിധ ഭൂപ്രദേശങ്ങളിലെ സംസ്കാരങ്ങള്‍ കേരളീയ ജീവിതത്തിന്റെ ഭാഗമാകുകയും അങ്ങിനെ ഒരു സാംസ്കാരിക സമന്വയം ഇവിടെ നടക്കുകയും ചെയ്തിരുന്നുവെന്നാണ് എം.ജി.എസിന്റെ വ്യാഖ്യാനം. ലിഖിതപരമായ തെളിവുകളെ ആസ്പദമാക്കിയിട്ടാണ് അദ്ദേഹം ഇത്തരമൊരു വാദഗതി മുന്നോട്ടുവച്ചത്. സുറിയാനി ക്രിസ്ത്യാനികള്‍ക്ക് വ്യാപാരാനുകൂല്യങ്ങള്‍ നല്കുന്ന എഡി ഒമ്പതാം നൂറ്റാണ്ടിലെ തരിശാപള്ളി ശാസനം, ജൂതന്മാര്ക്ക് ആനുകൂല്യങ്ങള്‍ നല്കുന്ന ആയിരം എഡിയിലെ ജൂതശാസനം, മുസ്ലിംപള്ളിക്ക് സാമൂതിരി നല്കുന്ന ആനുകൂല്യങ്ങള്‍ പ്രതിപാദിക്കുന്ന പതിനാലാം നൂറ്റാണ്ടിലെ മുച്ചുന്തി ശാസനം എന്നീ തെളിവുകളെയാണ് അദ്ദേഹം പ്രധാനമായും ഉദ്ധരിച്ചത്.
ചേരരാജ്യത്തിന്റെ ചരിത്രത്തിന്റെ പുനര്‍നിര്‍മിതിയില്‍ അദ്ദേഹം ചേര ലിഖിതങ്ങള്‍ മാത്രമല്ല ചേരരാജ്യത്തിന്റെ സമകാലീന രാഷ്ട്രീയ ശക്തികളായിരുന്ന ചോള ലിഖിതങ്ങളെയും നിര്‍ലോഭം ഉപയോഗിച്ചു. ചോള ലിഖിതത്തിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ചേരരാജാക്കന്മാരുടെ ഭരണം 1122 വരെ കേരളത്തില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം വാദിച്ചത്.
പണ്ഡിതനെന്ന വിശേഷണം എല്ലാ അര്‍ഥത്തിലും അര്‍ഹിക്കുന്ന വ്യക്തിത്വമായിരുന്നു ഡോ. എം.ജി.എസിന്റെത്. ചരിത്രം മാത്രമല്ല അദ്ദേഹത്തോടു ഏതു വിഷയവും എത്ര നേരം വേണമെങ്കിലും സംസാരിക്കാമായിരുന്നു. വേണ്ടത്ര ശ്രദ്ധിക്കാത്ത മേഖലയാണെങ്കില്‍ അദ്ദേഹം കൗതുകപൂര്‍വം കേള്‍ക്കുകയും സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുമായിരുന്നു.