ഫ്രാൻസിസ് മാർപാപ്പാ ലോകത്തിനും സഭയ്ക്കും നേരേ തിരിച്ചുവച്ചൊരു കണ്ണാടി
Friday, April 25, 2025 11:50 PM IST
ബിഷപ് തോമസ് പാടിയത്ത് (ഷംഷാബാദ് രൂപത സഹായമെത്രാൻ)
All roads lead to Rome എന്ന ചൊല്ല് പ്രസിദ്ധമാണ്. ഇതിനു വാച്യാർഥവും വ്യംഗ്യാർഥവുമൊക്കെ ഉണ്ട്. എന്നാൽ ഇന്നു നമുക്കു പറയുവാൻ കഴിയുന്നതു മറ്റെന്നാണ്: എല്ലാ കണ്ണുകളും റോമിലേക്ക്, എല്ലാ മനസുകളും ഫ്രാൻസിസ് മാർപാപ്പായിലേക്ക്. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്മാരായ മാർപാപ്പമാർക്ക് എന്നും ലോകത്തിൽ വലിയ സ്വാധീനമായിരുന്നു, പ്രത്യേകിച്ച് 19-20 നൂറ്റാണ്ടുകളിലെ പാപ്പാമാർക്ക്. എന്നാൽ ഫ്രാൻസിസ് പാപ്പാ വളരെ വ്യത്യസ്തനായി ജീവിച്ചു, മരിച്ചു! ഇതാ കബറടക്കത്തിൽപോലും വ്യത്യസ്തത. പഴയ പല ആചാരങ്ങളും അദ്ദേഹം വേണ്ടെന്നുവച്ചിരിക്കുന്നു. മൃതശരീരം അടക്കം ചെയ്യുന്ന പെട്ടിയുടെ കാര്യത്തിൽ, ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ എല്ലാം വ്യത്യസ്തത.
ജീവിച്ചിരുന്ന പാപ്പായേക്കാളും കാലം ചെയ്ത പാപ്പാ സ്വാധീനമാകുന്നോ എന്നതാണു ചോദ്യം ഫ്രഞ്ച് തത്വചിന്തകനായ പോൾ റിക്കറിന്റെ വാക്കുകൾ ഒരിക്കൽകൂടി ആവർത്തിക്കാൻ തോന്നുന്നു. ഒരാൾ അവശേഷിപ്പിച്ചു പോകുന്ന അടയാളങ്ങളെ മറ്റുള്ളവർ എങ്ങനെ വ്യാഖ്യാനിക്കുമോ അത് ആ വ്യക്തി ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ്. മറ്റു വിധത്തിൽ പറഞ്ഞാൽ ഫ്രാൻസിസ് പാപ്പാ അവശേഷിപ്പിച്ചിരിക്കുന്ന അടയാളങ്ങൾ പാപ്പാ ആരായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
കണ്ണുനിറയെ കാണാനൊരു കണ്ണാടി
ലോകത്തിനുനേരേയും സഭയ്ക്കുനേരേയും തിരിച്ചുവച്ചൊരു കണ്ണാടിയായിരുന്നു ഫ്രാൻസിസ് പാപ്പാ. ലോകത്തോടും സഭയോടും സഭാ ശുശ്രൂഷകരോടും പറയാനുള്ളതെല്ലാം വെട്ടിത്തുറന്നു പറഞ്ഞു. ലോകത്തിൽ എവിടെയൊക്കെ അനീതിയും അസമത്വവും അഴിമതിയും നിലനിന്നുവോ, അതിന്റെ പ്രണയിതാക്കൾ വ്യക്തികളോ പ്രസ്ഥാനങ്ങളോ രാഷ്ട്രങ്ങളോ നേതാക്കളോ ആകട്ടെ പറയാനുള്ളത് പറഞ്ഞു, എഴുതാനുള്ളത് എഴുതി. നീതിയും സമാധാനവും ഒരിമിച്ചേ യാത്രചെയ്യൂ എന്ന് പാപ്പാ ഉറച്ചു വിശ്വസിച്ചു. യുദ്ധത്തിനെതിരേയും ഭീകരതയ്ക്കെതിരേയും അവസാന ശ്വാസംവരെ സന്ധിയില്ലാസമരം ചെയ്തു. അഭയാർഥികളുടെയും പ്രവാസികളുടെയും ശബ്ദവും മുഖവുമായി. അവിടെ മത /ഭാഷ /വർഗ/വർണ വിവേചനം അദ്ദേഹത്തിനില്ലായിരുന്നു.
അതിർത്തികളും മതിലുകളും ഇല്ലാത്ത ഒരു ജീവിതം! ലോകത്തോടു പറഞ്ഞതിലും തീക്ഷ്ണതയിൽ സഭയോടും സഭാശുശ്രൂഷകരോടും പാപ്പാ സംവദിച്ചു. തിരുത്തലിന് ആഹ്വാനം ചെയ്തു. സ്വന്തം ജീവിതത്തിൽ പുത്തൻ പാതകൾ വെട്ടി വഴികാട്ടി. മുന്നോട്ടുപോകുന്ന ഒരു സഭ എപ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുന്ന സഭയാണെന്നും ഒരു കാര്യത്തിൽനിന്ന് മറ്റൊന്നിലേക്ക് പരക്കം പായുന്നതിലും നല്ലത് വഴിയിൽ കാലിടറിയ ഒരാളുടെ കൂടെനിൽക്കുന്നതാണെന്നും ഉപദേശിച്ചു. കൂദാശകളുടെ വാതിലുകൾ വെറുതെ ഏതെങ്കിലും കാരണത്താൽ അടയ്ക്കാൻ പാടില്ലെന്നും കുമ്പസാരക്കൂട് ഒരു പീഡനമുറിയായിരിക്കരുതെന്നും മറിച്ച് ഏറ്റവും നല്ലതു ചെയ്യാൻ കർത്താവ് കരുണയാൽ പ്രേരിപ്പിക്കുന്ന കണ്ടുമുട്ടൽ സ്ഥലമായിരിക്കണമെന്നും പാപ്പാ സഭാശുശ്രൂഷകരെ ഓർമിപ്പിച്ചു.
സഭ തുളച്ചുകയറുന്ന നോട്ടത്തോടെ തന്നിലേക്കു തന്നെ നോക്കണമെന്നും പ്രേഷിതയായ സഭ സ്വന്തം സുരക്ഷിതത്വത്തിലേക്കു തന്നെത്തന്നെ അടച്ചുപൂട്ടുന്നില്ലെന്നും അവളുടെ ഷൂസിൽ തെരുവീഥിയിലെ ചെളി പുരളാൻ അനുവദിക്കുമെന്നും ഉപരിപ്ലവമായിരിക്കുന്ന, ആധ്യാത്മികവും അജപാലനപരവുമായ പടുകുഴികളുള്ള ഒരു ലൗകിക സഭയിൽനിന്നു ദൈവം നമ്മെ രക്ഷിക്കട്ടെയെന്നും തുറന്നുപറയാൻ പാപ്പാ മടികാണിച്ചില്ല.
ദൈവത്തിന്റെ കണ്ണുകൾകൊണ്ട് വീക്ഷിച്ച പാപ്പാ
വിശുദ്ധ ബൈബിളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്, മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു കർത്താവാകട്ടെ ഹൃദയ ഭാവത്തിലും’ (1സാമു 16:7). ഫ്രാൻസിസ് പാപ്പായുടെ വ്യക്തിജീവിതത്തിലും അദ്ദേഹത്തിന്റെ സഭാമേലധ്യക്ഷ ശുശ്രൂഷയിലും തിളങ്ങിനിന്നത് ഈ ദൈവത്തിന്റെ നോട്ടമാണ്. അതുകൊണ്ട് അദ്ദേഹത്തിന് ശത്രുക്കളില്ലായിരുന്നു; ‘നാമെല്ലാം സഹോദരർ’ എന്നു ലോകത്തോട് പറയാനും ആ കാഴ്ചപ്പാടിന് തന്റെ ജീവിതത്തിൽ കർമസാക്ഷ്യം നൽകാനും പാപ്പായ്ക്ക് സാധിച്ചു.
അദ്ദേഹത്തിന്റെ കണ്ണുകൾ തേടിയത് പുറന്തള്ളപ്പെട്ടവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയുമാണ്; കാതുകൾ കേട്ടത് അഭയാർഥികളുടെയും യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരുടെയും തെരുവിലാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെയും സ്വരമാണ്; കരങ്ങൾ നീണ്ടത് അവരെ ആശ്വസിപ്പിക്കുവാനും ചേർത്തുപിടിക്കാനുമാണ്; പാദങ്ങൾ ചലിച്ചതു ലോകസമാധാനത്തിനും പ്രകൃതി സംരക്ഷണത്തിനും നീതിയുടെ പുനഃസ്ഥാപനത്തിനുമാണ്; ഹൃദയം നൊമ്പരപ്പെട്ടത് പാവങ്ങളെക്കുറിച്ചും പാപികളെക്കുറിച്ചും ഒന്നുമില്ലാത്തവരെക്കുറിച്ചും ആരുമില്ലാത്തവരെക്കുറിച്ചുമാണ്. ദൈവത്തിന്റെ കണ്ണുകൾകൊണ്ട് ലോകത്തെയും മതത്തെയും കണ്ടതുകൊണ്ട് പാപ്പാ കൂട്ടിച്ചേർത്തു: മതം വളരുന്നത് ആയുധബലത്താലോ നിയമത്തിന്റെ ബലത്താലോ അല്ല, വ്യക്തികളുടെമേൽ ചെലുത്തുന്ന സ്വാധീനംകൊണ്ടും ആകർഷണീയതകൊണ്ടുമാണ്.
സുവിശേഷത്തിന്റെ ഹൃദയം
സുവിശേഷത്തിന്റെ ഹൃദയം സ്നേഹവും കരുണയുമാണെന്നു വാക്കിലും പ്രവൃത്തിയിലും കാണിച്ചുതന്ന, പഠിപ്പിച്ച മഹാനാണ് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ട് നിയമത്തിന്റെ കാർക്കശ്യങ്ങൾക്കിടയിലും കരുണയുടെ പഴുതുകൾ അദ്ദേഹം തേടി. ദൈവത്തിന്റെ പേര് കരുണയാണെന്നുള്ള ബോധ്യത്തിന് പ്രചാരം നൽകി. കരുണയുടെ ജൂബിലി വർഷം പ്രഖ്യാപിച്ചു. സ്നേഹത്തിന്റെ തൈലംകൊണ്ട് ലോകത്തിന്റെയും വ്യക്തികളുടെയും മുറിവുകൾ വച്ചുകെട്ടാൻ തന്നാൽ ആകാവുന്നത് മുഴുവൻ ചെയ്തു. സുവിശേഷത്തിന്റെ മാനവികതയ്ക്ക് തെളിമയുള്ള സാക്ഷ്യം നൽകി.
നാം മാനുഷികതയ്ക്കപ്പുറം കടക്കുമ്പോഴാണ് തികച്ചും മാനുഷികതയുള്ളവരാകുന്നതെന്നും സുരക്ഷിത തീരങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവർക്ക് ജീവിതം പകർന്നു നല്കുകയെന്ന ദൗത്യത്തിൽ മുഴുകുന്നവരാണ് ജീവിത സാക്ഷാത്കാരം നേടുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. എല്ലാവരോടും കരുണയോടും സ്നേഹത്തോടുംകൂടി വർത്തിച്ചപ്പോഴും തന്റെ വ്യക്തിജീവിതത്തിൽ സ്നാപകയോഹന്നാനെ പോലെ ബലപ്രയോഗം നടത്തിയ വ്യക്തിയാണ് ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് എന്ന പേര് തെരഞ്ഞെടുത്തതിൽതന്നെ അതാരംഭിച്ചു.
സഭയുടെയും ലോകത്തിന്റെയും ചരിത്രത്തിൽ ‘ഇരുണ്ട’ യുഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന മധ്യകാലഘട്ടത്തിൽ നന്മയുടെയും സാർവലൗകിക സ്നേഹത്തിന്റെയും സുവിശേഷത്തിന്റെയും വെളിച്ചം പകർന്ന വ്യക്തിയായിരുന്നു ഫ്രാൻസിസ് അസീസി. ഫ്രാൻസിസ് എന്ന പേര് തന്റെ ജീവിത ദർശനത്തിന്റെയും ശൈലിയുടെയും പേരും പ്രതീകവും ഓർമപ്പെടുത്തലുമായിരുന്നു പാപ്പായെ സംബന്ധിച്ചിടത്തോളം.
ഭാരതത്തിന്റെ വാതിലുകൾ പാപ്പായ്ക്ക് മുമ്പിൽ അടഞ്ഞുകിടന്നപ്പോഴും ഭാരതത്തെയും ഭാരതത്തിന്റെ സംസ്കാരത്തെയും ഭാരത സഭയെയും പാപ്പാ അധികം സ്നേഹിച്ചു. സഭയുടെ ത്രിവിധ ദൗത്യങ്ങളുടെ മർമമറിഞ്ഞ് അവയുടെ പാരസ്പര്യവും പൂരകത്വവും പാപ്പാ ഉയർത്തിപ്പിടിച്ചു.
സുവിശേഷവത്കരണത്തിലേക്ക് നയിക്കാത്ത ഒരാചരണവും ആധികാരികമല്ലന്നും ഉത്ഥിതനായ മിശിഹായെ കണ്ടുമുട്ടാൻ ഉതകാത്ത പ്രഘോഷണം ആധികാരികമല്ലന്നും ഇവ രണ്ടുംതന്നെ ഉപവിയുടെ സാക്ഷ്യമില്ലാതെ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആയിരിക്കുമെന്നും പാപ്പാ എഴുതി.
ദൈവത്തെ മറക്കുകയും ദൈവം ചരിത്രത്തിൽ ഇടപെട്ടുയെന്നത് ബോധപൂർവം അവഗണിക്കുകയും വ്യക്തികേന്ദ്രീകൃത ശൈലിയിൽ ലോകം മുങ്ങിക്കുളിച്ചു നിൽക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ദൈവസാന്നിധ്യത്തിന്റെ ആൾരൂപമായി പാപ്പാ നിലകൊണ്ടു.
എല്ലാ അതീന്ദ്രിയ നിയമങ്ങളിൽനിന്നും മോചനം ആഗ്രഹിക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന ലോകത്തിന്റെ മനസാഃക്ഷിയായി പാപ്പാ നിലയുറപ്പിച്ചു, നിലപാടുകളെടുത്തു. ദൈവത്തിലുള്ള പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലായെന്നു പ്രഖ്യാപിച്ച പ്രത്യാശയുടെ ഈ പ്രവാചകന്റെ ഈ ലോക തീർഥയാത്ര അവസാനിക്കുമ്പോൾ ഈ ധന്യാത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.