ദൈവത്തിന്റെ പൂന്പാറ്റ
ഡോ. ബിൻസ് എം. മാത്യു
Friday, April 25, 2025 11:45 PM IST
മിസ്റ്റിക്കായ കാതറിൻ പുണ്യവതി ദൈവത്തെക്കുറിച്ച് എഴുതിയതിങ്ങനെയാണ് മത്സ്യങ്ങളോട് സമുദ്രം എത്രമാത്രം തൊട്ടുനിൽക്കുന്നുവോ അതിനേക്കാൾ നമ്മോട് ചേർന്നുനിൽക്കുന്ന സാന്നിധ്യം. മിസ്റ്റിക്കുകൾക്ക് ദൈവം വിദൂരധ്രുവങ്ങളിലെ നക്ഷത്രങ്ങളല്ല.
ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത് നമ്മോടു ചേർന്നുനിൽക്കുന്ന ദൈവത്തെപ്പറ്റിയാണ്. അദ്ദേഹം ദൈവത്തെ കണ്ടുകൊണ്ടാണ് മനുഷ്യരോട് സംസാരിക്കുന്നതെന്നു തോന്നും. അത്രയ്ക്ക് വെളിച്ചവും തെളിച്ചവുമായിരുന്നു ആ വാക്കുകൾക്ക്. അതിവേഗങ്ങളെയും ദ്രുതകാലങ്ങളെയും പ്രണയിക്കുന്ന നമ്മുടെ കാലത്തും ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാൾക്ക് മിസ്റ്റിക്കായി ജീവിക്കാമെന്ന് ഫ്രാൻസിസ് മാർപാപ്പ തെളിയിച്ചു.
അസീസിയിലെ ഫ്രാൻസിസിനെപ്പോലെ കുരിശിന്റെ യോഹന്നാനെപ്പോലെ ആവിലയിലെ ത്രേസ്യയെപ്പോലെ ഫ്രാൻസിസ് മാർപാപ്പ മിസ്റ്റിക്കായിരുന്നു. കാറ്റടിച്ചാൽ പതിരുപോലെ പാറിപ്പോകുന്ന വാക്കുകൾ നിറയുന്ന നമ്മുടെ കാലത്തിന് ആഴവും പരപ്പും ആർദ്രതയും നിറഞ്ഞ വാക്കുകൾ സമ്മാനിച്ചാണ് പാപ്പാ കടന്നുപോകുന്നത്. ആ വാക്കുകളുടെയും പ്രബോധനങ്ങളുടെയും കടലാഴം തിരച്ചറിയണമെങ്കിൽ കാലം ഇനിയും മുന്പോട്ടു പോകുകതന്നെ ചെയ്യണം.
അനുഭവം
അറിവല്ല അനുഭവമാണ് ദൈവമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രബോധനങ്ങളിലും പ്രസംഗങ്ങളിലുംനിരന്തരം ആവർത്തിച്ചു. വിശദീകരണങ്ങൾകൊണ്ടും വ്യാഖ്യാനങ്ങൾകൊണ്ടും മോടിപിടിപ്പിച്ച ദൈവസങ്കല്പമായിരുന്നില്ല, ദിവ്യസംഗീതംപോലെ ഓരോരുത്തരും സ്വന്തമാക്കി അനുഭവിക്കാനുള്ളതാണ് അത്. ഫ്രാൻസിസ് അസീസിയുടെ ദൈവസങ്കല്പത്തിന്റെ തുടർച്ചയാണത്. ഭൂമിയിലും ആകാശത്തിലും താരാജാലങ്ങളിലും പൂവിലും പൂന്പാറ്റയിലും ഒടുവിൽ തന്നിലും നിറയുന്ന ചൈതന്യാനുഭവമാണ് ദൈവം. ദൈവത്തെ തൊടുന്പോൾ ലഭിക്കുന്നത് ആനന്ദം മാത്രമായിക്കും. സുവിശേഷത്തിന്റെ ആനന്ദത്തിൽ പലവുരു ദൈവം എന്ന അനുഭവത്തെ പാപ്പാ വിശദമാക്കാൻ ശ്രമിക്കുന്നുണ്ട്.
ആനന്ദം
ഫ്രാൻസിസ് മാർപാപ്പയുടെ മാസ്റ്റർപീസ് എന്ന് പറയാവുന്ന ചാക്രിക ലേഖനമാണ് സുവിശേഷത്തിന്റെ ആനന്ദം (Evangelii Gaudium 2023). പാപ്പായുടെ മിസ്റ്റിക് ദൈവസങ്കല്പത്തിന്റെ താക്കോലാണ് ഈ പുസ്തകം. 2018ൽ പാപ്പാ എഴുതിയ പ്രബോധനരേഖയാണ് പ്രസന്നരാകൂ, ആനന്ദിക്കൂ (Gaudete et ExSultate). ഇവിടെയെല്ലാം പാപ്പാ ക്രിസ്തുവിനെ നിയമസംഹിതയോ ജീവിതചര്യയോ മാത്രമാക്കി ചുരുക്കുകയായിരുന്നില്ല.
ക്രിസ്തു ആനന്ദകരമായ അനുഭവമാകുന്ന പുതിയൊരു ക്രിസ്റ്റോളജി രചിക്കുകയായിരുന്നു പാപ്പാ. പാപം, നിയമം, ശിക്ഷ തുടങ്ങിയവയിൽ ചുറ്റിക്കറങ്ങിയാണ് ഇന്ന് സുവിശേഷം മിക്കവാറും വ്യാഖ്യാനിക്കപ്പെടുന്നത്. ഫ്രാൻസിസ് പാപ്പാ ആനന്ദമെന്ന ഒറ്റ ബിന്ദുവിൽ സുവിശേഷത്തെ ഒതുക്കിനിർത്തി. ആനന്ദം വ്യക്തി ഒറ്റയ്ക്കനുഭവിക്കുന്ന അനുഭൂതിയല്ല. ആനന്ദത്തെ സംതൃപ്തി എന്ന ആശയത്തിൽനിന്ന് കൃത്യമായി വേർതിരിക്കുന്നുണ്ട്. ശാരീരികമായ ഒരു അനുഭവമല്ല ഇവിടെ ആനന്ദം. ദൈവാത്മാവുമായുള്ള ബന്ധത്തിൽ മനുഷ്യാത്മാവിൽ മുളപൊട്ടുന്നതാണ്. പാനം ചെയ്യുന്പോഴല്ല പകർന്നു നൽകുന്പോൾ മാത്രം പ്രകാശിക്കുന്നതാണ് പാപ്പാ പറയുന്ന സുവിശേഷത്തിന്റെ ആനന്ദം. ദൈവം, വെളിച്ചം, സ്നേഹം, ആനന്ദം ഇവയെല്ലാം പാപ്പായുടെ നിഘണ്ടുവിലെ സമാനാർഥപദങ്ങളാണ്. ഈ വാക്കുകളാണ് ഫ്രാൻസിസ് പാപ്പാ പ്രബോധനങ്ങളിലും ചാക്രികലേഖനങ്ങളിലും പ്രസംഗങ്ങളിലും ആവർത്തിച്ചത്.
നിശബ്ദം
ധ്യാനസിന്ദൂരം തൊട്ട വാക്കുകളായിരുന്നു പാപ്പായുടേത്. നിശബ്ദമായ പ്രാർഥനയുടെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. ഫ്രാൻസിസ് പാപ്പാ ഒരു യാഥാർഥ മിസ്റ്റിക്കായിരുന്നു എന്നതിന്റെ തെളിവായിരുന്നു മൗനരാഗങ്ങളോടുള്ള സ്നേഹം. ഉച്ചഭാഷിണികളുടെ ആന്പിയർ അഭിഷേകത്തിന്റെ അളവ് നിർണയിക്കുന്ന ഈ കാലത്ത് ദൈവത്തിന്റെ പേര് കരുണയെന്നാകുന്നു എന്ന പുസ്തകത്തിൽ ദൈവകാരുണ്യത്തിന്റെയും നിശബ്ദതയുടെയും പ്രാധാന്യവും ഓർമിപ്പിക്കുന്നു.
കാരുണ്യം
ഫ്രാൻസിസ് മാർപാപ്പയുമായി ഇറ്റാലിയൻ പത്രപ്രവർത്തകനായ അൻഡേര ടെറിയേലി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ പുസ്തകമാണ് ദൈവത്തിന്റെ നാമം കരുണ, വിധികർത്താവല്ല കാരുണ്യത്തിന്റെ പിതൃരൂപമാണ് ദൈവം എന്ന് പാപ്പാ ഈ പുസ്കത്തിൽ ഓർമിപ്പിച്ചു. സഭ തകർന്നവരുടെ ആശുപത്രിയാകണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ കാലത്തിന്റെ അരുളിക്കയിൽ കരുതിവയ്ക്കേണ്ട തിരുശേഷിപ്പാണ്. ജീവിതംകൊണ്ടും പാപ്പാ ഹൃദയം നുറുങ്ങിയവർക്കൊപ്പമായിരുന്നു. എപ്പോഴും അഭയാർഥികളെക്കുറിച്ച് സംസാരിച്ചു. അവസാനനിമിഷംവരെ കരുണയ്ക്കെതിരേ നടക്കുന്ന ഏറ്റവും വലിയ പാപമായ യുദ്ധത്തെ എതിർത്തു.
ഗാസയും യുക്രെയ്നും ഹൃദയത്തിന്റെ ഭാഗമായിരുന്നു. സെറിബൽ പാൾസി ബാധിച്ചവരെയും വീൽചെയറിലിരിക്കുന്നവരെയും ആൾക്കൂട്ടത്തിൽ വേറിട്ടുകണ്ട് അവരുടെ സമീപത്തിലേക്ക് നടന്നെത്തി. അവരെ ചുംബിച്ചപ്പോൾ ഈ മാനവരാശിയുടെ മുഴുവൻ വേദനയെയുമാണ് പാപ്പാ ചുംബിച്ചത്.
പ്രപഞ്ചം
ദൈവവും മനുഷ്യനും മാത്രമുള്ള ദൈവശാസ്ത്രമായിരുന്നില്ല ഫ്രാൻസിസ് പാപ്പായുടേത്. പ്രപഞ്ചത്തിലേക്ക് തുറക്കുന്ന നിരവധി ജാലകങ്ങളുണ്ടായിരുന്നു ആ ദർശനങ്ങൾക്ക്. എല്ലാ ഋതുക്കളിലും വേരുകളാഴ്ത്തിയും എല്ലാ നീരുറവകളെയും തഴുകിയുണർത്തിയും ‘അങ്ങേയ്ക്ക് സ്തുതി’ എന്ന പാപ്പായുടെ പ്രകൃതി ആത്മീയത നമ്മുടെ കാലത്തെ പച്ചപ്പണിയിക്കുന്നുണ്ട്.
ദൈവത്തിന്റെ കരവേലയായ ഈ പ്രപഞ്ചം ദൈവത്തിന്റെ കവിതയാണെന്നായിരുന്നു പാപ്പായുടെ പക്ഷം. ഇവിടെ ഫ്രാൻസിസ് അസീസിയുടെ വഴിത്താരയിലൂടെയാണ് രണ്ടാം ഫ്രാൻസിസും നടക്കുന്നത്. ഫ്രാൻസിസ് അസീസിയുടെ ദിവ്യഗീതത്തിന്റെ ശീർഷകമാണ് ചാക്രിലേഖനത്തിനും നൽകിയിരിക്കുന്നത്; അങ്ങേയ്ക്ക് സ്തുതി. ഈ പ്രപഞ്ചത്തിലെ തേജോഗോളങ്ങളെയും ചരാചരങ്ങളെയും ദിവ്യമായ സാഹോദര്യത്തിൽ ദർശിക്കുന്ന പാട്ടാണത്. മനുഷ്യൻ പൊടിയിൽനിന്നുള്ളവനാണ്. ഭൂമിയിലെ പൊടികൾകൊണ്ടും മണ്ണിലെ ധാതുക്കൾകൊണ്ടുമാണ് അവൻ നിർമിക്കപ്പെട്ടത്. വായു അവന് ജീവൻ നൽകി. ജലം പരിപാലിച്ചു.
ദൈവത്തിന്റെ കാരുണ്യവും പരിപാലനയുമാണ് പ്രപഞ്ചം. ലോകമാകമാനം വലിയ ശ്രദ്ധ നേടിയ ചാക്രിക ലേഖനമാണ് ദൈവത്തിന് സ്തുതി. ഭൂമിയെ ഒരു കുടുംബമായിക്കാണുന്നു എന്നതാണ് ഈ ചാക്രിക ലേഖനത്തിന്റെ പ്രത്യേകത. മതം, ദേശം, വംശം, ലിംഗം, കാലം തുടങ്ങിയ എല്ലാ മനുഷ്യാതിർത്തികളെയും അത് അതിവർത്തിക്കുന്നു. എല്ലാവരെയും സ്വീകരിക്കുന്നു. വിഭവങ്ങൾ എല്ലാവർക്കുമുള്ളതാണെന്നും പങ്കുവയ്ക്കാനുള്ളതാണെന്നും അത് ഓർമിപ്പിക്കുന്നു.
നമ്മുടെ കാലത്തിന് ഫ്രാൻസിസ് എന്ന മിസ്റ്റിക് എന്താണ് തന്നിട്ടുപോയത്...
നമ്മുടെ ദൈവസങ്കല്പത്തെ നിരന്തരമായി നവീകരിച്ചു. പള്ളിയിൽനിന്ന് പ്രപഞ്ചത്തോളം അതിനെ വളർത്തി. ഭൂപടങ്ങൾക്കപ്പുറം നന്മയുടെ വൻകരയായി. ഉയർത്തിക്കെട്ടിയ മതിലുകളുടെ പൊളളത്തരങ്ങൾ ഓർമിപ്പിച്ചു. ആനന്ദത്തിന്റെയും കാരുണ്യത്തിന്റെയും പുതിയൊരു ദൈവശാസ്ത്രം മെനഞ്ഞു. ഫ്രാൻസിസിന്റെ ചിന്തകൾ മാനവരാശിയെ ഏറെ ദൂരം മുന്പോട്ടുനയിക്കും എന്നതിൽ സംശയമില്ല.ആ വാക്കുകളുടെ പൊരുൾ വീണ്ടെടുക്കുവാൻ ഇനിയും ഏറെദൂരം യാത്ര ചെയ്യേണ്ടതുണ്ട്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്ന് സൗവർണച്ചിറകുള്ള ഒരു പൂന്പാറ്റ ഈ പ്രപഞ്ചത്തിന്റെ അനന്തവിശാലതയിലേക്ക് പറന്നിറങ്ങിയിട്ടുണ്ട്.