മാർ ജോർജ് കൂവക്കാട്ട് കോൺക്ലേവിലെ ജൂണിയർ കർദിനാൾ ഡീക്കൻ
മാത്യു ആന്റണി
Friday, April 25, 2025 12:42 AM IST
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്താൻ കർദിനാൾ സംഘം സിസ്റ്റൈൻ ചാപ്പലിൽ ഒത്തുകൂടുമ്പോൾ, അമ്പത്തൊന്നുകാരനായ മലയാളി കർദിനാൾ മാർ ജോർജ് കൂവക്കാട്ട് കോൺക്ലേവിൽ നിർണായകമായ ചില ചുമതലകൾ വഹിക്കും. ഇത്തവണത്തെ കോൺക്ലേവിൽ ജൂണിയർ കർദിനാൾ ഡീക്കൻ പദവി മാർ കൂവക്കാട്ടിനാണ്.
കർദിനാൾ സംഘത്തിലെ ഡീക്കൻ റാങ്കിലുള്ള കർദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ജൂണിയർ കർദിനാൾ ഡീക്കൻ. 252 അംഗ കർദിനാൾ സംഘത്തിൽ 34 പേർ ഡീക്കൻ റാങ്കിലുള്ള കർദിനാൾമാരാണ്. ഇവരിൽ ഏറ്റവും പ്രായം കുറഞ്ഞ കർദിനാളാണ് ജൂണിയർ കർദിനാൾ ഡീക്കൻ. മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവുകളിൽ സവിശേഷമായ ദൗത്യങ്ങൾ ഇവർ നിർവഹിക്കേണ്ടതുണ്ട്.
നറുക്കെടുപ്പ്
വോട്ടെടുപ്പിന്റെ ആദ്യപടി വോട്ടവകാശമുള്ള കർദിനാൾമാർക്ക് ബാലറ്റ് വിതരണം ചെയ്യലാണ്. വോട്ടിംഗ് പ്രക്രിയയുടെ ഔപചാരിക തുടക്കത്തിൽ ജൂണിയർ കർദിനാൾ ഡീക്കൻ ഒമ്പത് കർദിനാൾമാരുടെ പേരുകൾ നറുക്കെടുക്കും. അതിൽ ആദ്യത്തെ മൂന്നു പേർ വോട്ടെടുപ്പിൽ സൂക്ഷ്മ പരിശോധകരായും അടുത്ത മൂന്നു പേർ (ഇൻഫർമാരികൾ) രോഗികളായ കർദിനാൾമാരിൽനിന്ന് ബാലറ്റുകൾ ശേഖരിക്കാനും പിന്നീടുള്ള മൂന്നു പേർ വോട്ടെണ്ണലിന്റെ കൃത്യത ഉറപ്പാക്കാനും നിയോഗിക്കപ്പെടുന്നു.
സിസ്റ്റൻ ചാപ്പൽ കൈകാര്യംചെയ്യുക
വോട്ടെടുപ്പ് ആരംഭിക്കുന്നതിനുമുമ്പ് വോട്ടവകാശമില്ലാത്ത എല്ലാവരും ചാപ്പലിൽനിന്നു പുറത്തേക്കുപോകുകയും ജൂണിയർ കർദിനാൾ ഡീക്കൻ അകത്തുനിന്നു വാതിലുകൾ പൂട്ടുകയും ചെയ്യുന്നു. കോൺക്ലേവ് പുറംലോകത്തുനിന്ന് ഒറ്റപ്പെടുന്നതിന്റെ പ്രതീകമായി സിസ്റ്റൈൻ ചാപ്പലിന്റെ വാതിലുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ജൂണിയർ കർദിനാൾ ഡീക്കൻ മേൽനോട്ടം വഹിക്കും.
ഇൻഫർമാരികൾ രോഗികളായ കർദിനാൾമാരിൽ നിന്ന് വോട്ടുകൾ ശേഖരിക്കാൻ പോകുമ്പോഴും അവർ തിരിച്ചെത്തുമ്പോഴും അദ്ദേഹം വാതിലുകൾ കൈകാര്യം ചെയ്യും.
ബാലറ്റുകൾ കത്തിക്കൽ
ഓരോ വോട്ടെടുപ്പിനുശേഷവും ബാലറ്റുകൾ കത്തിക്കുന്നതിനായി സൂക്ഷ്മപരിശോധകരെ സഹായിക്കാനായി കോൺക്ലേവ് സെക്രട്ടറിയെയും മാസ്റ്റർ ഓഫ് സെറിമണീസിനെയും വിളിച്ചുവരുത്തുവാനുള്ള ചുമതലയും ജൂണിയർ കർദിനാൾ ഡീക്കനാണ്.
പുതിയ മാർപാപ്പയെ പ്രഖ്യാപിക്കാൻ ക്ഷണിക്കൽ
പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തുകഴിഞ്ഞാൽ, ആ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് കർദിനാൾ സംഘത്തിന്റെ സെക്രട്ടറിയെയും പേപ്പൽ ലിറ്റർജിക്കൽ സെലിബ്രേഷൻസിന്റെ മാസ്റ്ററെയും രണ്ട് മാസ്റ്റർ ഓഫ് സെറിമണീസിനെയും വിളിച്ചുവരുത്തുന്നത് ജൂണിയർ കർദിനാൾ ഡീക്കനാണ്.
ചരിത്രനിയോഗം
ജൂണിയർ കർദിനാൾ ഡീക്കൻ എന്ന നിലയിൽ, കോൺക്ലേവിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ ഇത്തവണ കർദിനാൾ മാർ ജോർജ് കൂവക്കാട്ട് നിർണായക പങ്കുവഹിക്കും. മാർപാപ്പ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പാരമ്പര്യങ്ങളും പ്രോട്ടോക്കോളും ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർണായകമാകും.