‘ഭീകരർ തകർത്തത് കാഷ്മീരി ജനതയുടെ സ്വപ്നങ്ങൾ’
Thursday, April 24, 2025 2:23 AM IST
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാഷ്മീർ താഴ്വര ശാന്തമായിരുന്നുവെന്നും എന്നാൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് മുഴങ്ങിക്കേട്ട വെടിയൊച്ച പതിച്ചതു രാജ്യത്തിന്റെ ഹൃദയത്തിൽ മാത്രമല്ല കാഷ്മീർ ജനതകളുടെ സ്വപ്നത്തിൽക്കൂടിയാണെന്നും പ്രദേശവാശിയും ടൂർ ഓപ്പറേറ്ററുമായ മുനീർ അഹമ്മദ്. ‘വീ ഫോർ കാഷ്മീർ’ എന്ന ടൂർ ഏജൻസിയുടെ മാനേജിംഗ് ഡയറക്ടറായ മുനീർ അഹമ്മദ് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് ദീപികയോട് സംസാരിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണു ഭീകരാക്രമണം സംബന്ധിച്ച വിവരം പഹൽഗാമിലുള്ള ടൂറിസ്റ്റ് ഗൈഡ് എന്റെ ശ്രീനഗറിലെ ഓഫീസിൽ വിളിച്ച് അറിയിക്കുന്നത്. ഏകദേശം 100 കിലോമീറ്ററാണ് ശ്രീനഗറിൽനിന്നും പഹൽഗാമിലേക്കുള്ള ദൂരം. ആക്രമണം നടന്ന താഴ്വരയിൽ എത്തണമെങ്കിൽ പഹൽഗാമിൽനിന്നു കുതിരപ്പുറത്തോ നടന്നോ വേണം പോകാൻ. ഇത് ഏകദേശം 15 കിലോമീറ്റർ ദൂരമുണ്ട്. ചുറ്റും മലകളാൽ നിറഞ്ഞ അതിമനോഹരമായ പ്രദേശമാണ് ഈ താഴ്വര.
എല്ലാവർഷവും വിനോദസഞ്ചാരികളാൽ നിറയുന്ന മേഖല. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗവും വിനോദസഞ്ചാരം തന്നെയാണ്. അമർനാഥ് യാത്രയ്ക്ക് തീർഥാടകർ കടന്നുപോകുന്ന ഒരു പ്രധാന പ്രദേശംകൂടിയാണ് ഈ താഴ്വര. അടുത്ത രണ്ടു മാസത്തിനുള്ളിൽ ലക്ഷക്കണക്കിന് തീർഥാടകർ ഇവിടേയ്ക്കെത്തും. സൈനിക മേഖലകളിൽനിന്നും നല്ല ദൂരമുണ്ട് ഈ പ്രദേശത്തേയ്ക്ക്. അതിനാൽ ലോക്കൽ പോലീസാണ് ഈ മേഖലയുടെ സുരക്ഷ പ്രധാനമായും കൈകാര്യം ചെയ്യുന്നത്. പൂർണമായും ഗ്രാമീണർ മാത്രം താമസിക്കുന്ന മേഖലയിൽ സൈനികരുടെ സാന്നിധ്യം ഒട്ടുംതന്നെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല.
ഞാൻ കാഷ്മീരിലെ വിനോദസഞ്ചാര മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 20 വർഷത്തോളമായി. വിനോദ സഞ്ചാരികൾക്കുനേരേ ഒരു ആക്രമണമുണ്ടായതായി എന്റെ ഓർമയിൽ ഇല്ല.
1990കളിൽ കാഷ്മീരിലെ സ്ഥിതിഗതികൾ മറ്റൊന്നായിരുന്നു. എന്നാൽ ഇന്ന് അതു മാറി. കാഷ്മീർ സാധാരണ ജീവിതവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. ആക്രമണം നടന്നതിൽ ഞങ്ങൾ കാഷ്മീരികൾ തീർത്തും ദുഃഖിതരാണ്. ഇങ്ങനെയൊരു സംഭവം ഒരിക്കലും പാടില്ലായിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. അവർക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം.
തീവ്രാവാദത്തെ പൂർണമായും തുടച്ചുനീക്കാൻ കാഷ്മീർ ജനത എന്നും അധികാരികൾക്കൊപ്പം തന്നെ നിൽക്കും എന്നതിൽ സംശയമില്ല. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ അനുശോചിച്ച് കാഷ്മീരിൽ കടകളടച്ച് വ്യാപാരികൾ പ്രതിഷേധിക്കുന്നുണ്ട്. തീവ്രവാദികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ജനങ്ങൾത്തന്നെ തെരുവിലിറങ്ങുന്നത് കാഷ്മീർ ആദ്യമായാണു കാണുന്നത്.
പഹൽഗാമിലും ഗുൽമോഹറിലും ശ്രീനഗറിലും തിരി തെളിച്ചുള്ള റാലികൾ സംഘടിപ്പിക്കുന്നുണ്ട്. ഭീകരാക്രമണത്തെത്തുടർന്നു ഭയചകിതരായി ഒറ്റപ്പെട്ട സഞ്ചാരികൾക്കു യാതൊരു പ്രതിഫലവും വാങ്ങാതെ പഹൽഗാമിലെ പ്രദേശവാസികൾ പലരും തങ്ങളുടെ സ്വന്തം വീടുകളിൽ താമസസൗകര്യവും ഭക്ഷണവും ഒരുക്കിയതായി പലരും വിളിച്ചറിയിച്ചിട്ടുണ്ട്. ഇതൊന്നും മതം നോക്കിയല്ല ചെയ്തിരിക്കുന്നത്.
ഞാനടക്കമുള്ള കാഷ്മീരികൾക്കു വിനോദസഞ്ചാരം ഒരു പ്രധാന വരുമാനമാർഗമാണ്. എന്നാൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണം വരുംദിവസങ്ങളിൽ വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിക്കാനാണു സാധ്യത. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതിൽ ഞങ്ങളെല്ലാവരും നിരാശരാണ്.
ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ വരും ദിവസങ്ങളിൽ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാനത്തിന്റെ നാളുകളായിരുന്നു കാഷ്മീരിൽ. അതു പുലരാൻ ഞങ്ങൾ പ്രദേശവാസികൾ ആഗ്രഹിക്കുന്നു. അധികാരികൾക്ക് അതിനുള്ള എല്ലാ പിന്തുണയും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും- മുനീർ അഹമ്മദ് പറഞ്ഞു.