സാന്താ മാർത്തായിലെ അത്താഴസ്മരണ
Wednesday, April 23, 2025 2:52 AM IST
ഫാ. മൈക്കിൾ വെട്ടിക്കാട്ട്, എംഡി, രാഷ്ട്രദീപിക ലിമിറ്റഡ്
വത്തിക്കാനിലെ, മാർപാപ്പയുടെ വസതിയായ സാന്താ മാർത്തായിൽ വച്ച് ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കാനായത് ഭാഗ്യസ്മരണയായി സ്പന്ദിക്കുന്നു.
അനിവാര്യമെങ്കിലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. കഴിഞ്ഞ ശൈത്യകാലത്ത് അദ്ദേഹത്തെ സന്ദർശിച്ചതിന്റെ ഓർമ ആ ദുഃഖവാർത്തയെ ഏറെ വ്യക്തിപരവുമാക്കിയിട്ടുണ്ട്.
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെപ്പോലെ ജനകീയനായി കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്, സഭയിൽ വ്യത്യസ്ത നേതൃശൈലിയോടെ പ്രശോഭിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ചൈതന്യം കത്തോലിക്കരിൽ മാത്രമല്ല നാനാജാതി മതസ്ഥരിലും പ്രഭ ചൊരിഞ്ഞു. അദ്ദേഹത്തെ നേരിട്ടുകാണാനായത് ഈ ദുഃഖവേളയിലും മനസിലൊരു ഭാഗ്യസ്മരണയായി സ്പന്ദിക്കുന്നു.
2024 ഒക്ടോബർ 30 ബുധനാഴ്ചയും നവംബർ 11 തിങ്കളാഴ്ചയും രണ്ടു സന്ദർശനവേളകളിൽ അദ്ദേഹത്തിന്റെ കരം ഗ്രഹിക്കുവാൻ അവസരം ലഭിച്ചപ്പോൾ ദൈവചൈതന്യത്തിന്റെ ഊർജപ്രവാഹമാണ് അനുഭവിച്ചത്. താരതമ്യേന ക്ഷീണിതനായിരുന്നിട്ടും ബുധനാഴ്ചയിലെ പൊതുസന്ദർശന സമയത്തെ സന്ദർശനവേളയിൽ കഴിയുന്നത്ര ആളുകളുടെ സമീപമെത്താനും സാധിക്കുന്നിടത്തോളം പേരുമായി ഇടപഴകാനും അദ്ദേഹം ശ്രമിച്ചിരുന്നു. അതുതന്നെ ഒരു സുവിശേഷമായി തോന്നി.
എത്ര വിലപ്പെട്ടതായിരുന്നു ആ സന്ദർശനമെന്ന് ഇപ്പോൾ ഹൃദയം മന്ത്രിക്കുന്നു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിനോടൊപ്പമായിരുന്നു ഞങ്ങളുടെ സന്ദർശനം. ഓരോരുത്തരുടെയും കണ്ണുകളിലേക്കു നോക്കിയുള്ള അദ്ദേഹത്തിന്റെ അഭിമുഖീകരിക്കൽ അവാച്യമായ ഊർജമാണ് പ്രദാനം ചെയ്തത്. ഞങ്ങൾക്ക് ലഭിച്ച ഫോട്ടോകളിൽ അക്കാര്യം വ്യക്തവുമാണ്.
മാർപാപ്പയുടെ ഊർജദായകമായ സാന്നിധ്യം ഒരിക്കൽകൂടി അനുഭവിക്കണമെന്ന എന്റെ ആഗ്രഹം പൂർത്തീകരിക്കാൻ വത്തിക്കാനിലെ അദ്ദേഹത്തിന്റെ വസതിയായ സാന്താ മാർത്തായിൽ നവംബർ 11നു തിങ്കളാഴ്ച വൈകുന്നേരം ഞാൻ എത്തിച്ചേർന്നു.
പരമ്പരാഗതമായി മാർപാപ്പമാർ താമസിച്ചിരുന്ന വസതിയിൽനിന്നു മാറി, മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ചേരുന്ന അവസരത്തിൽ അതിനുവേണ്ടി വന്നു താമസിച്ച അതേ വസതിയിൽ ലാളിത്യത്തോടെ ജീവിച്ച്, പൊതുഭക്ഷണശാലയിൽവന്നു ഭക്ഷണം കഴിച്ച്, എല്ലാവരെയും തുല്യരായി കാണുന്ന പാപ്പായെ നേരിട്ടു കാണുന്നത് എന്റെ പൗരോഹിത്യശുശ്രൂഷാ ദൗത്യത്തിനു കരുത്തു പകരുന്നതാകുമെന്നു ഞാൻ കരുതി.
അത്താഴ സമയമായപ്പോൾ എനിക്ക് ആതിഥേയത്വം നല്കിയ മോൺ. ജോജി വടകരയച്ചനോടൊപ്പം പാപ്പായെ കാത്തു നില്ക്കവേ 7.30 ന് മാർപാപ്പ ലിഫ്റ്റിൽ വന്നിറങ്ങി. വീൽ ചെയറിലായിരുന്ന പാപ്പാ ക്ഷീണിതനായിരുന്നു. ഞങ്ങൾ നില്ക്കുന്നതുകണ്ട് പാപ്പാ വീൽ ചെയർ നിർത്താനാവശ്യപ്പെട്ടു.
ഞങ്ങൾ പാപ്പായുടെ അടുത്തെത്തി. അതിരൂപതയുടെ വികാരി ജനറാൾ എന്ന ശുശ്രൂഷാദൗത്യത്തെക്കുറിച്ചും ദീപികയിൽ ഞാൻ വഹിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ചും പങ്കുവച്ചതോടൊപ്പം എന്റെ താത്പര്യമേഖലയായ സാമൂഹ്യസേവന പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ പാവങ്ങളോടുള്ള പരിഗണന ഒരു പുണ്യപ്രവൃത്തിയാണെന്ന കാര്യം അദ്ദേഹം അനുസ്മരിപ്പിക്കുകയുണ്ടായി.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ സന്ദർശിച്ച കാര്യങ്ങൾ പങ്കുവച്ചപ്പോൾ അദ്ദേഹം ശ്രദ്ധിക്കുകയുണ്ടായി. തുടർന്ന് എനിക്ക് ജപമാല നല്കി. സ്വകാര്യ ഭവനമായതിനാൽ അവിടെ ഫോട്ടോഗ്രഫർമാർ ഇല്ലാത്ത പശ്ചാത്തലത്തിൽ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ തന്റെ സെക്രട്ടറിയോട് ഫോട്ടോ എടുക്കാൻ പറയുകയും ഫോട്ടോയ്ക്കുവേണ്ടി സന്തോഷത്തോടെ കാത്തുനിൽക്കുകയും ചെയ്തു. മുട്ടിന്മേൽനിന്ന് അദ്ദേഹത്തിൽനിന്ന് ആശീർവാദം സ്വീകരിച്ചതും അവിസ്മരണീയമായി.
തുടർന്നുണ്ടായ കാര്യം ഞാൻ ഒരിക്കലും മറക്കില്ല. അവിടത്തെ വലിയ ഭക്ഷണശാലയിൽ വീൽ ചെയറിലെത്തി മറ്റുള്ളവരോട് ഒപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. മാർപാപ്പയോടൊപ്പം അതേ ഊട്ടുമുറിയിലിരുന്ന് ഒരേസമയം ഭക്ഷണം കഴിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യവും ലഭിച്ച തുല്യതാപാഠവും എന്നെ വിട്ടുപോകില്ല.
അദ്ദേഹം ഒരു പ്രചോദകനാണ്, പോസിറ്റീവ് എനർജി പകരുന്ന വ്യക്തിയാണ്. അവസാന കാലത്ത് ഏറെ വേദനകളും സഹനങ്ങളും ഉണ്ടായിട്ടും അത് അദ്ദേഹത്തിന്റെ മനസിനെ തളർത്തിയില്ല. മരണത്തലേന്നത്തെ ഈസ്റ്ററിന് അദ്ദേഹം ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.
"പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’ എന്ന വലിയ പ്രബോധനം സ്വജീവിതത്തിൽ അന്വർഥമാക്കി എന്നത് ഫ്രാൻസിസ് മാർപാപ്പയുടെ മഹാചൈതന്യമാണ്. ദുഃഖസാന്ദ്രമായ ഈ വേളയിലും അദ്ദേഹത്തെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു.