വഴിമാറി നടന്ന മനുഷ്യസ്നേഹി
പി. പ്രസാദ്, കൃഷിമന്ത്രി
Wednesday, April 23, 2025 2:20 AM IST
ആടുകൾക്കുവേണ്ടി തന്റെ ജീവൻ നൽകുന്നവനാണ് യഥാർഥ ഇടയൻ എന്നാണ് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്. വഴിതെറ്റാതെ നയിക്കുന്നവൻ, കാണാതെപോയ ആടിനെ കണ്ടെത്തുംവരെ അതിനെ തിരയുന്നവൻ, ഓരോ ആടിനെയും അതിന്റെ ആലയിൽ എത്തിക്കാൻ പരിശ്രമിക്കുന്നവൻ. ഈ വിശേഷണങ്ങൾക്കെല്ലാം അർഹനായ ഒരു മഹാ ഇടയനായിരുന്നു നമ്മളിൽനിന്നു വിട്ടുപോയ ഫ്രാൻസിസ് മാർപാപ്പ.
ഫ്രാൻസിസ് മാർപാപ്പ എന്ന പേര് യാദൃച്ഛികമായി അദ്ദേഹത്തിൽ വന്നുചേർന്നതല്ല. ഏറ്റവും ദുർബലരായവരെക്കുറിച്ചുള്ള കരുതലിന്റെയും സമഗ്ര പാരിസ്ഥിതിക ദർശനത്തിന്റെയും ഉത്തമ ഉദാഹരണമാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എന്ന ഉറച്ച വിശ്വാസത്തിൽ ആ പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
അസീസിയിൽ എത്തി വിശുദ്ധ ഫ്രാൻസിസിന്റെ ശവകുടീരത്തിൽ പ്രാർഥന നടത്തിയ ശേഷം അദ്ദേഹം പുറപ്പെടുവിച്ച ചാക്രികലേഖനത്തിന്റെ പേര് "ഫ്രത്തേല്ലി തൂത്തി’ (എല്ലാവരും സഹോദരർ ) എന്നതായിരുന്നു. ഏകനായി ആർക്കും ജീവിതം വിജയിപ്പിക്കാനാവില്ലെന്നും ഒറ്റയ്ക്ക് കാണുന്നതു മരീചികയാണെന്നും സ്വപ്നങ്ങൾ പടുത്തുയർത്തുന്നത് ഒരുമിച്ചാണെന്നും ചാക്രികലേഖനത്തിൽ അദ്ദേഹം പറഞ്ഞു. അതേ, ഫ്രാൻസിസ് മാർപാപ്പയ്ക്ക് മനുഷ്യരെല്ലാം സഹോദരങ്ങളായിരുന്നു. മതവും വർണവും സമ്പത്തുമൊന്നും ആ ചേർത്തുനിർത്തലിന് തടസമായിരുന്നില്ല. എല്ലാവരെ യും ചേർത്തുനിർത്താൻ തന്റെ മുൻഗാമികളുടെ വഴിയിൽനിന്നു മാറിനടക്കാനും അദ്ദേഹം തയാറായി. ട്രാൻസ്ജെൻഡേഴ്സിനെയും സ്വവർഗാനുരാഗികളെയും സഹോദരങ്ങളായി കാണാനും അംഗീകരിക്കാനും അദ്ദേഹം തയാറായി എന്നത് ലോകം അമ്പരപ്പോടെയാണു കണ്ടത്.
കത്തോലിക്കാ സഭയ്ക്കോ ക്രൈസ്തവസമൂഹത്തിനോ മാത്രമുള്ളതായിരുന്നില്ല അദ്ദേഹത്തിന്റെ ചാക്രിക ലേഖനങ്ങൾ. അദ്ദേഹത്തിന്റെ ആദ്യ ചാക്രിക ലേഖനമായ "വിശ്വാസത്തിന്റെ വെളിച്ച’ ത്തിൽഇരുളിനെ ചിതറിക്കുന്നതല്ല, ഇരുളിൽ നടക്കാൻ സഹായിക്കുന്നതും പാതയിൽ തുണയാകുന്നതുമാണ് വിശ്വാസം എന്ന കാഴ്ചപ്പാടാണ് മുന്നോട്ടു വയ്ക്കുന്നത്.
""നാം ഭാഗമായിരിക്കുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം വിശ്വാസം എങ്ങനെ പുതിയ ഉത്തേജനങ്ങളും ആവശ്യോപാധികളും കൊണ്ടുവരുന്നു എന്നതു പരിഗണിക്കുന്നതിനുമുമ്പ് നമ്മുടെ പൊതുഭവനമായ ഭൂമിക്ക് എന്ത് സംഭവിക്കുന്നു എന്നതിലേക്ക് ഞാൻ ഹ്രസ്വമായി തിരിയട്ടെ’’ എന്നുപറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ "ലൗദാത്തോ സി'എന്ന ചാക്രിക ലേഖനത്തിന്റെ ഒന്നാം അധ്യായം തുടങ്ങുന്നത്.
കേവലമായ വിവരശേഖരണങ്ങൾ അവതരിപ്പിക്കുന്നതിന് അപ്പുറത്തേക്ക് ലോകത്തിൽ എന്തു സംഭവിക്കുന്നു എന്നതിനെ വ്യക്തിപരമായി ഉൾക്കൊള്ളുകയും നാം ഓരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയും എന്നു പഠിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ഓരോ ചാക്രികലേഖനവും.
പൗരോഹിത്യത്തിന്റെ ഉയർന്ന തലങ്ങളിലെല്ലാം എത്തുമ്പോഴും വിനയത്തോടെ, ലാളിത്യത്തോടെ ജീവിക്കാനായതും എക്കാലവും വെളിച്ചത്തിന്റെ പാതയിലൂടെ അദ്ദേഹത്തിന് സഞ്ചരിക്കാൻ കഴിഞ്ഞതുകൊണ്ടാണ്.
ലോകം കണ്ട ആദ്യ ഹരിത മാർപാപ്പ എന്ന് ഫ്രാൻസിസ് മാർപാപ്പയെ നിസംശയം വിശേഷിപ്പിക്കാൻ കഴിയും. ബനഡിക്ട് പതിനാറാമൻ വരെയുള്ള മാർപാപ്പമാർ പ്രകൃതിസംരക്ഷണത്തിനായി എടുത്ത നിലപാടുകളിൽ ഉറച്ചുനിന്ന്, മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ ഉച്ചത്തിൽ സംവദിച്ചു. നമ്മൾ അധിവസിക്കുന്ന ഗ്രഹത്തിന് നമ്മൾ ദോഷം വരുത്തരുതെന്ന് ഗൗരവപൂർവം അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനം എന്നാൽ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും വസ്തുക്കളുടെ വിതരണം സംബന്ധിച്ചു പ്രത്യാഘാതങ്ങളുള്ള ആഗോളപ്രശ്നമാണെന്നാണ് മാർപാപ്പ വിശദീകരിക്കുന്നത്.
ആഗോളതാപനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ ബാധിച്ച പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ ഏറെയും ദരിദ്രരായ ജനതയാണെന്നും അദ്ദേഹം ഉറക്കെ പറഞ്ഞു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും എത്രയോ പ്രബന്ധങ്ങൾ നാം കണ്ടിട്ടുണ്ട്. എത്രയോ പ്രഭാഷണങ്ങൾ നാം കേട്ടിട്ടുണ്ട്. എല്ലാവർക്കും സ്വന്തമായതും എല്ലാവരെയും ഉദ്ദേശിച്ചുള്ളതുമായ പൊതുനന്മയാണ് കാലാവസ്ഥ എന്ന് മാർപാപ്പ വിശദീകരിക്കുമ്പോൾ നാം ഇതുവരെയും കേൾക്കുകയും അറിയുകയും ചെയ്തിട്ടില്ലാത്ത പുതിയ വഴിയിലേക്ക് അദ്ദേഹം നമ്മെ ആനയിക്കുകയായിരുന്നു.
കൃഷി ചെയ്യുക എന്നാൽ കരുതൽ എടുക്കുക, സംരക്ഷിക്കുക, മേൽനോട്ടം വഹിക്കുക, നിലനിർത്തുക എന്നെല്ലാമാണ് അർഥമാക്കുന്നത് എന്നു വിശദീകരിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്. ഇത്തരം ഒരു വിശദീകരണം ഇതുവരെ ആരും നൽകിയിരുന്നില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പര ഉത്തരവാദിത്വത്തിന്റെ ഒരു ബന്ധം ഇതിൽ ആവശ്യപ്പെടുന്നുണ്ട് എന്നും മാർപാപ്പ വിശദീകരിക്കുന്നു. ഓരോ സമൂഹത്തിനും ഭൂമിയുടെ സമൃദ്ധിയിൽനിന്ന് തങ്ങളുടെ നിലനിൽപ്പിന് ആവശ്യമുള്ളത് എടുക്കാം. എന്നാൽ വരുംതലമുറകൾക്കുവേണ്ടി ഭൂമിയെ സംരക്ഷിക്കാനും അതിന്റെ ഫലം ഉറപ്പുവരുത്താനുള്ള ചുമതലയും അവർക്കുണ്ട് എന്ന് കൃത്യമായി പ്രഖ്യാപിക്കുമ്പോൾ ഒരു ആധുനിക പരിസ്ഥിതി ശാസ്ത്രജ്ഞനെയാണ് നാം കാണുന്നത്.
അർജന്റീനയിൽ ജനിച്ച് മനുഷ്യനെയും പ്രകൃതിയെയും സർവജീവജാലങ്ങളെയും ഫുട്ബോളിനെയും പ്രണയിച്ച ആഗോള കത്തോലിക്കാ സഭയുടെ നേതാവ്, ലോകജനതയുടെ ഹൃദയം കീഴടക്കി വിട വാങ്ങുമ്പോൾ, അത് ഈ ലോകത്തിൽ സൃഷ്ടിക്കുന്ന ശൂന്യത നികത്താനാവുന്നതല്ല. അവസാന നിമിഷങ്ങളിലും യുദ്ധം ഉയർത്തുന്ന കെടുതികളെ തുറന്നുകാട്ടാനാണ് അദ്ദേഹം ശ്രമിച്ചത്. വെടിയുണ്ടകളിലും ബോംബ് വർഷത്തിലും നിലവിളിക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ ഓർത്ത് അദ്ദേഹത്തിന്റെ മനസ് വേദനിച്ചിരുന്നു. തന്റെ അവസാന സ്പന്ദനങ്ങളിലും, ഒരു കാക്കക്കാലിന്റെ തണൽ പോലും ലഭിക്കാത്ത ആലംബഹീനർക്കായി വേദനിച്ച അവരിൽ ദൈവത്തിന്റെ പ്രതിരൂപം കണ്ട മഹാ ഇടയന്റെ ഓർമകൾക്കു മുന്നിൽ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.