ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം
Wednesday, April 23, 2025 2:13 AM IST
ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ, ആമേൻ.
എന്റെ ഭൗതിക ജീവിതത്തിന്റെ സന്ധ്യാസമയം അടുക്കുന്നതായി അനുഭവപ്പെടുമ്പോൾ, നിത്യജീവിതത്തിലെ ഉറച്ച പ്രത്യാശയോടുകൂടി എന്റെ സംസ്കാര സ്ഥലത്തെക്കുറിച്ചുള്ള അവസാന ആഗ്രഹങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ ജീവിതകാലം മുഴുവനും, ഒരു പുരോഹിതനായും മെത്രാനായുമുള്ള ശുശ്രൂഷയുടെ കാലത്തും, ഞാനെപ്പോഴും നമ്മുടെ രക്ഷകന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിലേക്ക് സ്വയം സമർപ്പിച്ചിരുന്നു. ഈ കാരണത്താൽ, എന്റെ ഭൗതികാവശിഷ്ടങ്ങൾ ഉയിർപ്പിന്റെ ദിനം പ്രതീക്ഷിച്ചു പരിശുദ്ധ മാതാവിന്റെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി മേജറിൽ വിശ്രമിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
എന്റെ ഭൂമിയിലെ അവസാന യാത്ര, ഈ പുരാതന മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ തന്നെ അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഓരോ അപ്പോസ്തോലിക യാത്രയുടെ തുടക്കത്തിലും അവസാനത്തിലും പ്രാർഥനയ്ക്കായി ഇവിടെ ഞാൻ എത്താറുണ്ട്, എല്ലാ ഉദ്ദേശ്യങ്ങളും നിർമല മാതാവിനു വിശ്വാസപൂർവം സമർപ്പിക്കുകയും അവളുടെ സൗമ്യമായ മാതൃപരിപാലനത്തിന് നന്ദി പറയുകയും ചെയ്യുന്നു.
ബസിലിക്കയിലെ പൗളൈൻ ചാപ്പലിനും (സാലൂസ് പോപുലി റൊമാനി ചാപ്പൽ) പീഡാനുഭവ (സ്ഫോർസ) ചാപ്പലിനും ഇടയിൽ ഉള്ള നടപ്പാതയിലെ കബറിടത്തിൽ ചുവടെ ചേർത്തിട്ടുള്ളതുപോലെ, വിശ്രമകേന്ദ്രം ഒരുക്കണമെന്നാണു ഞാൻ അഭ്യർത്ഥിക്കുന്നത്.
കബറിടം നിലത്തായിരിക്കണം; ലളിതമായും പ്രത്യേക അലങ്കാരങ്ങളില്ലാതെയും, ഫ്രാൻസിസ്കുസ് എന്ന ലിഖിതം മാത്രമേ ഉണ്ടാകാവൂ.
എന്റെ മൃതസംസ്കാരത്തിനുള്ള ചെലവ് ഒരു അഭ്യുദയകാംക്ഷിയുടെ സംഭാവനയിലൂടെ നിർവഹിക്കപ്പെടും, അത് പരിശുദ്ധ അമ്മയുടെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി മേജറിലേക്ക് കൈമാറാനുള്ള ക്രമീകരണം ഞാൻ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ നിർദേശങ്ങൾ ലൈബീരിയൻ ചാപ്റ്ററിന്റെ അസാധാരണ കമ്മീഷണറായ കർദിനാൾ റോലാൻഡസ് മക്റിക്കാസിന് ഞാൻ നൽകിയിട്ടുണ്ട്.
എന്നെ സ്നേഹിച്ചവർക്കും എന്നെ ഓർത്ത് പ്രാർഥിക്കുന്നവർക്കും എല്ലാവർക്കും നമ്മുടെ കർത്താവ് യോജിച്ച പ്രതിഫലം നൽകട്ടെ. എന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലെ കഷ്ടപ്പാടുകൾ, ലോകസമാധാനത്തിനും മനുഷ്യസാഹോദര്യത്തിനും വേണ്ടി ഞാൻ അവിടത്തേക്കു സമർപ്പിക്കുന്നു.
സാന്താ മാർത്താ, 29 ജൂൺ 2022 ഫ്രാൻസിസ്