ആ സ്വരം, മാ നിഷാദ
ഡേവിസ് പൈനാടത്ത്
Wednesday, April 23, 2025 1:22 AM IST
ഇണക്കുരുവികളിൽ ഒന്നിനെ വേടൻ അന്പെയ്തുവീഴ്ത്തിയതു കണ്ടപ്പോൾ ആദികവി ഉദീരണംചെയ്ത വാക്കുകളായിരുന്നു "മാ നിഷാദ'. അരുത് കാട്ടാളാ എന്നർഥം. കർദിനാൾ ബർഗോളിയോ ഫ്രാൻസിസ് മാർപാപ്പയായതുമുതൽ അദ്ദേഹം ആദികവിയെപ്പോലെ, സഭയോടും ലോകത്തോടും പറഞ്ഞുകൊണ്ടേയിരുന്നു - "മാ നിഷാദ'.
യുദ്ധങ്ങൾക്കെതിരേ, ഭീകരവാദത്തിനെതിരേ, അക്രമങ്ങൾക്കെതിരേ, കുടിയേറ്റവിരുദ്ധതയ്ക്കെതിരേ, ഗർഭഛിദ്രത്തിനെതിരേ, അനിയന്ത്രിതമായ കന്പോളവ്യവസ്ഥയ്ക്കെതിരേ, അമിത ഉപഭോഗസംസ്കാരത്തിനെതിരേ, സമത്വരാഹിത്യത്തിനെതിരേ, ആഗോളതാപനത്തിനെതിരേ... വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കഞ്ചുകമണിഞ്ഞുനിന്ന് അദ്ദേഹം ശാന്തമായി പറഞ്ഞ കാര്യങ്ങൾ ലോകം ഏറെ ഗൗരവത്തോടെ, ഇഷ്ടത്തോടെ കേട്ടു. കാരണം, ഇന്നത്തെ കാലഘട്ടത്തിന് ആ ശബ്ദം അനിവാര്യമായിരുന്നു. വിശ്വവന്ദ്യനായ മാർപാപ്പയുടെ മനുഷ്യത്വത്തിന്റെ ശബ്ദം അധികാരികൾക്ക് അവഗണിക്കാനാവുമായിരുന്നില്ല. പ്രതിസന്ധികളിൽ ലോകം ആ ശബ്ദത്തിനു കാതോർത്തുനിന്നതും അതുകൊണ്ടുതന്നെ.
സമഭാവനയുടെ സന്ദേശം എന്നുമുയർത്തിയ ജനകോടികളുടെ പരമാചാര്യൻ, നിഷ്കളങ്കതയും ലാളിത്യവും ഹൃദയാഹ്ലാദം എപ്പോഴും വിളയാടുന്ന മുഖശ്രീയുംകൊണ്ട് ശ്രദ്ധേയനായി. വിശുദ്ധി തെളിഞ്ഞുനിന്ന ആ മുഖം ക്രിസ്ത്യാനികളല്ലാത്തവരെപ്പോലും ആത്മീയതയിലേക്കു കൈപിടിക്കുന്നതായിരുന്നു. അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരില്ലായിരുന്നു.
ശാന്തവും കർക്കശവുമായ ജീവിതശൈലിയാണ് ഫ്രാൻസിസ് മാർപാപ്പയെ ഏറെ ശ്രദ്ധേയനാക്കിയതെന്ന്, അദ്ദേഹത്തിന്റെ ആത്മകഥയുടെ സഹ എഴുത്തുകാരനായിരുന്ന ഫ്രാൻസെസ്കോ അംബ്രോഗെത്തി പറയുന്നു. നിലപാടുകളിൽ കാർക്കശ്യം പുലർത്തിയപ്പോഴും ശാന്തത കളിയാടിയ ആ മുഖം ജനമനസുകളിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.
സാധാരണക്കാരോടും സമൂഹത്തിൽ താഴേക്കിടയിലുള്ളവരോടുമായിരുന്നു എന്നും ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിബദ്ധത. വിശക്കുന്ന വയറുകൾ ഉണ്ടാവരുതെന്ന് ആഗ്രഹിച്ച പാപ്പാ, ഭക്ഷണം വേസ്റ്റാക്കുന്നതു വലിയ പാപമാണെന്നു വിളിച്ചുപറഞ്ഞു; ദാരിദ്ര്യനിർമാർജനത്തിനാവണം ഓരോ രാജ്യവും മുൻഗണന നൽകേണ്ടതെന്നും.
ലോകസമാധാനത്തിനും ഐക്യത്തിനുംവേണ്ടി എന്നും കാഹളം മുഴക്കിയ ധീരനായിരുന്നു മാർപാപ്പ. യുദ്ധം എല്ലാം നശിപ്പിക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകിക്കൊണ്ടേയിരുന്നു. ഗാസയിലായാലും യുക്രെയ്നിലായാലും സിറിയയിലായാലും, നിരപരാധികളുടെ രക്തം ചിന്തുന്നതോർത്തു ദുഃഖിതനായിരുന്നു എന്നും മാർപാപ്പ.
സർവമതസാഹോദര്യവും വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ ഐക്യവും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ സംഘടിപ്പിച്ച സർവമതസമ്മേളനത്തിൽ അനുഗ്രഹം പകർന്ന് സജീവമായി പങ്കെടുക്കാൻ മാർപാപ്പ ഏറെ താത്പര്യംകാട്ടിയത് അടുത്തകാലത്താണ്
ഒടുവിൽ നടന്ന അമേരിക്കൻ തെരഞ്ഞെടുപ്പിൽപോലും ഡോണൾഡ് ട്രംപിനെയും കമല ഹാരിസിനെയും ശക്തമായി വിമർശിച്ച് മാർപാപ്പ രംഗത്തുവന്നു. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ട്രംപിനെ വിമർശിച്ചതെങ്കിൽ, ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നതു മഹാപാപമാണെന്നും ഗർഭഛിദ്രം കൊലപാതകമാണെന്നും അദ്ദേഹം മടിയില്ലാതെ പ്രഖ്യാപിച്ചു.
അതേസമയംതന്നെ, അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ പൂർണതോതിൽ പുനഃസ്ഥാപിക്കുന്നതിൽ മാർപാപ്പ വഹിച്ച പങ്ക് ചെറുതല്ല.
മാർപാപ്പയുടെ ഓരോ അപ്പസ്തോലികപ്രബോധനവും ലോകം ശ്രദ്ധിച്ച പ്രത്യാശയുടെ പ്രവാചകശബ്ദമായിരുന്നു. കാലാവസ്ഥാപ്രതിസന്ധിയും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നതായിരുന്നു മാർപാപ്പയുടെ "ലൗദാത്തോ സി' എന്ന അപ്പസ്തോലികപ്രബോധനം. മറ്റു വിവിധ വിഷയങ്ങളിലെ നിലപാടുകളും നിർദേശങ്ങളും വ്യക്തമാക്കുന്ന പ്രബോധനങ്ങളേറെ പുറത്തിറക്കി. ഒടുവിൽ, മരണാനന്തരം പ്രസിദ്ധീകരിക്കണമെന്ന് ആദ്യം തീരുമാനിച്ചിരുന്ന സ്വന്തം ആത്മകഥയും.
സഭയുടെ ചരിത്രത്തിൽ വന്നുപോയിട്ടുള്ള ചില തെറ്റുകൾക്കു മാപ്പുചോദിക്കാനും മടികാട്ടിയില്ല ഫ്രാൻസിസ് മാർപാപ്പ. ചില വൈദികരുടെ ലൈംഗികദുരുപയോഗത്തിനിരയായവരോട് പരസ്യമായി മാപ്പുചോദിച്ചതാണ് അതിലൊന്ന്. സഭയിലെ പുഴുക്കുത്തുകൾക്കെതിരേയും കൃത്യമായ മുന്നറിയിപ്പുകൾ എപ്പോഴും നൽകിയിരുന്നു.
മെത്രാനായ കാലംമുതൽ ഔദ്യോഗികവസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ അപ്പാർട്ട്മെന്റിൽ ലളിതജീവിതം നയിച്ച, പൊതുഗതാഗതസംവിധാനങ്ങളിൽമാത്രം യാത്രചെയ്തിരുന്ന ആ ലാളിത്യം മാർപാപ്പയായപ്പോഴും അദ്ദേഹം കാത്തുസൂക്ഷിച്ചു. തനിക്കുള്ള ശവമഞ്ചംപോലും പാരന്പര്യംവിട്ട് ലളിതമായിരിക്കണമെന്നും, തന്റെ സംസ്കാരം മറ്റു മാർപാപ്പമാരുടേതുപോലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു താഴെ വേണ്ടെന്നും തീരുമാനിച്ച് അറിയിച്ചതും ഈശോസഭക്കാരനായ മാർപാപ്പയുടെ ലാളിത്യപ്രേമം വ്യക്തമാക്കുന്നതാണ്.