കരുതലിന്റെ രൂപമായി നിലകൊണ്ടു
Tuesday, April 22, 2025 1:30 AM IST
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പ്രസിഡന്റ്, കെസിബിസി
കരുതലിന്റെ രൂപമായി നിലകൊണ്ട പിതാവായിരുന്നു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ. സാധാരണ നിലയിൽ നാം കാണാതെപോകുന്ന ആളുകളെ കണ്ടെത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയ്ക്കു മാത്രമല്ല, ആഗോള സമൂഹത്തിനും വലിയ നേതൃത്വം നൽകി.
ഭാരത സംസ്കാരത്തെ വളരെയേറെ ബഹുമാനിച്ചിരുന്ന വ്യക്തിത്വമായിരുന്നു മാർപാപ്പയുടേത്.നമ്മുടെ ദേശത്തോടുള്ള മതിപ്പ് വ്യക്തിപരമായിത്തന്നെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾക്കിടയിൽ പ്രത്യേകം പരിഗണിക്കപ്പെടേണ്ട രാജ്യമെന്നായിരുന്നു ഭാരതത്തെക്കുറിച്ചുള്ള മാർപാപ്പയുടെ നിലപാട്.
സഭയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വം സവിശേഷമായിരുന്നു. സുവിശേഷം വീണ്ടും വായിക്കാനും നേരിട്ട് അടുത്തു കാണാനുമുള്ള ഉപദേശമായിരുന്നു സഭാമക്കൾക്ക് പിതാവ് നല്കിയിരുന്നത്. കണ്ടെത്തിയതിനേക്കാൾ ആഴത്തിലുള്ള ചില കാര്യങ്ങൾ സുവിശേഷത്തിൽ ഉണ്ടെന്ന ഓർമപ്പെടുത്തൽ നല്കി. പൊതുസമൂഹത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം ഐക്യത്തിന്റെ രൂപമായി പ്രവർത്തിച്ചു. അബുദാബിയിൽ നടന്ന മതാന്തര സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം മനുഷ്യ സാഹോദര്യം ഊട്ടിയുറപ്പിച്ചു.
നാമെല്ലാവരും സഹോദരങ്ങളാണെന്ന തലക്കെട്ടിൽ മാർപാപ്പ എഴുതിയ വളരെ വിഖ്യാതമായ അപ്പസ്തോലിക ലേഖനങ്ങളുണ്ട്. തലക്കെട്ടിന്റെ പ്രത്യേകത മാത്രമല്ല, സമീപനത്തിന്റെ പ്രത്യേകത കൂടിയാണ് ഇതു വ്യക്തമാക്കുന്നത്. ഓരോരുത്തരും നമ്മുടെ സമൂഹ മനഃസാക്ഷിയെ ഉണർത്തുന്ന സമീപനത്തോടെ ജീവിക്കണം. ഭൂമിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ലൗദാത്തോസി എന്ന ലേഖനത്തിൽ പിതാവ് വ്യക്തമാക്കുന്നു. ഭൂമിയെ അമ്മയായി കാണണമെന്ന സമീപനമാണ് അദ്ദേഹം മുന്നോട്ടു വച്ചത്. പാവങ്ങളോടുള്ള പരിഗണന ഏറെ എടുത്തുപറയേണ്ടതാണ്.
മാർപാപ്പയുടെ ഹൃദ്യമായ ഇടപെടലുകൾ പ്രോട്ടോകോൾ എല്ലാം മാറ്റിവച്ചുള്ള സമീപനമായിരുന്നു. തന്നെ കാണാൻ എത്തുന്നവരെ മടക്കി അയയ്ക്കുന്പോൾ വാതിൽപ്പടിവരെയെത്തി യാത്രയാക്കുന്ന പിതാവ്, അതിൽ വലിയവരെന്നോ ചെറിയവരെന്നോ ഉള്ള വ്യത്യാസം കാണിച്ചിരുന്നില്ല.
2013ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏതു പേരാണ് സ്വീകരിക്കുന്നതെന്ന ചോദ്യത്തിന്, അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എന്നായിരുന്നു മറുപടി. മാർപാപ്പ ആയതിനുശേഷം ഇന്നുവരെ ജന്മനാട്ടിലേക്ക് സന്ദർശനം നടത്തിയിട്ടില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നു. ജന്മനാട്ടിലേക്ക് പോകുന്നില്ലേ എന്നു പലവട്ടം പരിശുദ്ധ പിതാവിനോട് ചോദിച്ചപ്പോഴും സമയമുണ്ടല്ലോ എന്നായിരുന്നു മറുപടി. മാർപാപ്പയുടെ ആത്മീയത സാധാരണ അളവുകോലിൽ അളന്നെടുക്കാൻ കഴിയാത്ത ഒന്നാണ്. വ്യത്യസ്തതകളുടെ ഒരു ആത്മീയമനുഷ്യൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതാണ്.
ഈസ്റ്റർദിന സന്ദേശത്തിലും മാർപാപ്പയുടെ കരുതലിന്റെ കരസ്പർശ മുണ്ടായിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഈസ്റ്റർദിന സന്ദേശത്തിലും അദ്ദേഹം പറഞ്ഞത്. അധാർമികമായത് ഉപേക്ഷിക്കണമെന്ന് ഭരണാധികാരികളോടുപോലും പറയുന്നതിന് മടിക്കാത്ത വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ലോകമനഃസാക്ഷിയുടെ സൂക്ഷിപ്പുകാരൻ മാത്രമല്ല, ലോക നേതൃനിരയിൽ നിന്ന അനന്യ വ്യക്തിത്വമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. ലാളിത്യം, വിനയം, മനുഷ്യനോടുള്ള അടുപ്പം ഇവയെല്ലാമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേകതകൾ.