കഷ്ടതകൾ അനുഭവിക്കുന്നവർക്കൊപ്പം അവസാന ശ്വാസം വരെ: കർദിനാൾ മാർ കൂവക്കാട്ട്
സി.കെ. കുര്യാച്ചൻ
Tuesday, April 22, 2025 12:55 AM IST
ഫ്രാൻസിസ് മാർപാപ്പയുമായി ഏറ്റവും അടുപ്പമുള്ള മലയാളി കർദിനാൾ മാർ ജോർജ് കൂവക്കാട്ട് ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചനു നൽകിയ അഭിമുഖത്തിൽനിന്ന്.
അവസാന ശ്വാസംവരെ ദരിദ്രരോടും കഷ്ടതകൾ അനുഭവിക്കുന്നവരോടും ചേർന്നു നിൽക്കുകയും അവർക്കായി ശബ്ദമുയർത്തുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു ഇന്നലെ ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർദിനത്തിൽ നൽകിയ തന്റെ അവസാനത്തെ സന്ദേശത്തിലും മാർപാപ്പ ഊന്നൽ നൽകിയത്, ഗാസയിലും യുക്രെയ്നിലുമടക്കം യുദ്ധക്കെടുതികൾ അനുഭവിക്കുന്നവർക്കും ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന ഇസ്രേലികൾക്കുമായിരുന്നു.
“പോരടിക്കുന്ന വിഭാഗങ്ങളോട് എനിക്കു പറയാനുള്ളത് ഇത്രമാത്രം; ബന്ദികളെ വിട്ടുനൽകുക, വെടിനിർത്തൽ പ്രഖ്യാപിക്കുക, സമാധാനം ആഗ്രഹിക്കുന്ന പട്ടിണിക്കാരുടെ രക്ഷയ്ക്കെത്തുക” എന്നാണ് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞത്. യുദ്ധം തകർത്തെറിഞ്ഞ യെമൻ, യുക്രെയ്ൻ എന്നീ രാജ്യങ്ങളിലെ ജനങ്ങളെയും ലബനൻ, സിറിയ എന്നിവിടങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളെയും പ്രാർഥനകളിൽ ഓർക്കണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. കൂടാതെ, മ്യാൻമറിലെ ഭൂകന്പത്തിൽ ജീവൻ വെടിഞ്ഞവരെയും മാർപാപ്പ തന്റെ പ്രസംഗത്തിൽ ഓർമിച്ചു. യഥാർഥത്തിൽ ഈ സന്ദേശം അദ്ദേഹത്തിന്റെ പാപ്പാ ശുശ്രൂഷയുടെ ആകെത്തുകയായി വിലയിരുത്താം.
വലിയ ജനക്കൂട്ടങ്ങളിലും അതിന്റെ ബഹളങ്ങളിലുംപോലും അതിലേറ്റവും ദുർബലനെ കാണുന്ന ഫ്രാൻസിസ് പാപ്പായെ ഞാൻ അദ്ഭുതത്തോടെയാണ് പലപ്പോഴും വീക്ഷിച്ചിരുന്നത്. കൂടെയുള്ളവരെല്ലാം പിതാവിന്റെ സുരക്ഷയെക്കുറിച്ചും മറ്റുമുള്ള ചിന്തയിലായിരിക്കും. എന്നാൽ പിതാവ് ജനക്കൂട്ടത്തെയല്ല, വ്യക്തികളെയാണ് നോക്കുക. അതിൽത്തന്നെ ഏറ്റവും പാവപ്പെട്ടവരെയും രോഗികളെയും അദ്ദേഹം ശ്രദ്ധിക്കും. അവരെ പരിഗണിക്കും. അവർക്കു സഹായങ്ങൾ നൽകാനും പിതാവ് ശ്രദ്ധിച്ചിരുന്നു. ഈശോയെപ്പോലെ ഒരു ഇടയന്റെ കരുതലാണ് നമുക്ക് അതിൽ കാണാൻ കഴിയുന്നത്.
പ്രാർഥനയുടെ മനുഷ്യൻ
അടിസ്ഥാനപരമായി പ്രാർഥനയുടെ മനുഷ്യനായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട് ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. പാപ്പായുടെ യാത്രകൾ ഒരുക്കുന്നതിനു മുന്നോടിയായി ഓരോ രാജ്യങ്ങളിൽനിന്നു ലഭിച്ച ക്ഷണം സംബന്ധിച്ച് പാപ്പായെ അറിയിക്കുകയും ലിസ്റ്റ് നൽകുകയും ചെയ്യും.
പലപ്പോഴും ഒരഭിപ്രായവും പറയാതെ നമ്മൾ കൊടുക്കുന്ന ലിസ്റ്റ് തിരിച്ചുതരും. ചിലപ്പോൾ ഇന്ന സ്ഥലങ്ങളിൽ പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നു പറയും. ഇതെല്ലാം പാപ്പാ പ്രാർഥിച്ചെടുക്കുന്ന തീരുമാനമാണ്. പലപ്രാവശ്യം ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്യും. അത്തരത്തിൽ പാപ്പായുടെ യാത്രകളെല്ലാം ആധ്യാത്മിക തീരുമാനംകൂടിയാണ്.
അതുപോലെതന്നെ മിക്കപ്പോഴും ചെറിയ രാജ്യങ്ങളാണ് പാപ്പാ സന്ദർശനത്തിനു തെരഞ്ഞെടുത്തിരുന്നത്. ക്രൈസ്തവർ വളരെ കുറച്ചുള്ള രാജ്യങ്ങളും പാവപ്പെട്ടവർ കൂടുതലുള്ള രാജ്യങ്ങളും സന്ദർശിക്കാൻ പാപ്പായ്ക്ക് താത്പര്യമായിരുന്നു. വലിയ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾപോലും അവിടത്തെ ഏറ്റവും ചെറിയ നഗരവും പാവപ്പെട്ടവർ കൂടുതലുള്ള പ്രദേശവും സന്ദർശിക്കാനായിരുന്നു പാപ്പാ ഇഷ്ടപ്പെട്ടിരുന്നത്.
യാത്രകളുടെ ഇടയ്ക്ക് പാപ്പായ്ക്കു മുറിയൊരുക്കുമ്പോൾ അദ്ദേഹത്തിന് ചാപ്പലിൽ പോയി പ്രാർഥിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ മുറിയുടെ ഒരു ഭാഗത്ത് വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വയ്ക്കാൻ നിർദേശിക്കുമായിരുന്നു. യാത്രകളിൽ ഞങ്ങൾ 12 പേരാണ് പാപ്പായ്ക്കൊപ്പം താമസിക്കുന്നത്. മിക്കവാറും എന്തെങ്കിലും സംശയമുണ്ടെങ്കിൽ പിതാവിനോടു ചോദിക്കാൻ മുറിയിൽ ചെല്ലുമ്പോഴെല്ലാം അദ്ദേഹം പ്രാർഥിക്കുന്നതാണു കണ്ടിരിക്കുന്നത്.
അത്തരത്തിൽ എപ്പോഴും പ്രാർഥിക്കുന്ന ഒരാധ്യാത്മികതയാണ് പാപ്പായിൽ കണ്ടിരുന്നത്. ദൈവത്തിനുള്ള ഒന്നാം സ്ഥാനവും മനുഷ്യരോടുള്ള ആദരവുമാണ് ഫ്രാൻസിസ് പാപ്പായുടെ മുഖമുദ്ര. എത്ര ക്ഷീണിച്ചിരുന്നാലും ഒരു വ്യക്തിയെപോലും കാണാതിരിക്കുകയോ ഒരു ഫോട്ടോയെടുക്കണമെന്ന അവരുടെ ആഗ്രഹം നിറവേറ്റാതിരിക്കുകയോ ഇല്ല.
? ഫ്രാൻസിസ് മാർപാപ്പയുമായി ഏറ്റവും അടുപ്പമുള്ള മലയാളിയാണല്ലോ അങ്ങ്. വ്യക്തിപരമായ അനുഭവം.
എനിക്ക് ഫ്രാൻസിസ് മാർപാപ്പയുമായുള്ളത് ആധ്യാത്മിക ബന്ധമാണ്. അത് ദൈവനിശ്ചയത്തിന്റെ ഭാഗമായുണ്ടായതാണ്. ഞാൻ ചങ്ങനാശേരി എസ്ബി കോളജിൽ ബിഎസ്സി കെമിസ്ട്രി കഴിഞ്ഞ് സെമിനാരിയിൽ ചേരുമ്പോൾ എനിക്ക് വൈദികനായി ഇടവകകളിലിരുന്ന് പാവപ്പെട്ടവരെ ശുശ്രൂഷിക്കണമെന്നുള്ള ആഗ്രഹമായിരുന്നു. അതുവഴി ഈശോയെ അനുഗമിക്കുക എന്ന എളിയ സ്വപ്നമേ എനിക്കുണ്ടായിരുന്നുള്ളൂ.
പിന്നീട് ഞാൻ ചങ്ങനാശേരി മൈനർ സെമിനാരിയിലും തുടർന്ന് റോമിലുമെത്തി. പക്ഷേ ജീവിതത്തിൽ ഇത്തരത്തിൽ ഒരു മാർപാപ്പയുടെകൂടെ പ്രവർത്തിക്കാമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത്തരമൊരു ശുശ്രൂഷ അതും മാർപാപ്പമാരുടെ യാത്രയൊരുക്കുക, അടുത്തിടപഴകുക എന്നത് ഏതൊരു വൈദികനെ സംബന്ധിച്ചും വലിയൊരു സ്വപ്നമാണ്.
അതൊരു ഭാഗ്യംതന്നെയാണ്. പ്രത്യേകിച്ചും പാവപ്പെട്ടവരെ ചേർത്തുപിടിക്കുന്ന ഒരു മാർപാപ്പയുടെകൂടെ. എല്ലാവരെയും ചേർത്തുപിടിക്കുമ്പോഴും പാവപ്പെട്ടവരോട് ഒരു കൈയടുപ്പം ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ടായിരുന്നു. എന്റെ സ്വപ്നംകൂടി കൂട്ടിച്ചേർക്കുമ്പോൾ ഞാൻആഗ്രഹിച്ചതുപോലെ വലിയൊരു ദൈവാനുഗ്രഹമാണ് എനിക്കു ലഭിച്ചത്.
യാത്രകൾ ഒരുക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പ നിഷ്കർഷിച്ചിരുന്ന ഒരു കാര്യം ഏതു യാത്രയിലും കുറച്ചു സമയം പാവപ്പെട്ടവർക്കുവേണ്ടി മാറ്റിവയ്ക്കണമെന്നതായിരുന്നു. രോഗികൾ, അനാഥർ, വാർധക്യത്തിൽ ഒറ്റപ്പെട്ടുകഴിയുന്നവർ തുടങ്ങിയവരെയൊക്കെ കാണുന്നതിനും അവരോടു സംവദിക്കുന്നതിനുമാണ് പാപ്പാ ആഗ്രഹിച്ചിരുന്നത്. അത്തരമൊരു ഇടയന്റെ ഹൃദയം ഞാൻ സ്വപ്നം കണ്ട ശുശ്രൂഷയുമായി വളരെ ചേർന്നുപോകുന്നതായിരുന്നു. പാപ്പായിലൂടെ അദ്ദേഹത്തിന്റെ യാത്രകളൊരുക്കി, ശൈലികൾ കണ്ട് അതിൽ കൂടുതൽ ആഴപ്പെടാനും എനിക്കു സാധിച്ചു. ഞാൻ എളിയരീതിയിൽ കണ്ട സ്വപ്നങ്ങളുടെ വലിയ ഒരു ഭാവമായിരുന്നു ഫ്രാൻസിസ് മാർപാപ്പയിൽ എനിക്കു കാണാൻ കഴിഞ്ഞത്. അങ്ങനെയൊരു ആത്മീയബന്ധം എനിക്ക് പാപ്പായുമായി ഉണ്ടായി. അദ്ദേഹത്തിന്റെ ആധ്യാത്മികവഴികളിൽനിന്ന് എനിക്ക് വലിയൊരു പ്രചോദനമാണ് ലഭിച്ചത്.
? പൗരോഹിത്യ ശുശ്രൂഷയിൽനിന്ന് സഭയുടെ ഉന്നതതലത്തിലുള്ള വലിയൊരു ഉത്തരവാദിത്വം നിർവഹിച്ചപ്പോൾ മാർപാപ്പയുടെ കരുതലും സ്നേഹവും എത്രമാത്രമായിരുന്നു
മനുഷ്യത്വത്തിന്റെ മഹത്തായ മൂല്യങ്ങളിൽ ജീവിച്ച മഹദ്വ്യക്തിയായിരുന്നു ഫ്രാൻസിസ് പാപ്പാ. പിതാവ് എപ്പോഴും സന്തോഷത്തോടെയും കരുതലുള്ള സ്നേഹത്തോടെയുമാണ് എല്ലാവരോടും പെരുമാറിയിരുന്നത്. ഒരിക്കൽ എന്നോട് പറഞ്ഞു നമ്മൾ തമ്മിൽ വർഷങ്ങൾ പരിചയമുള്ളതുപോലെ തോന്നുന്നു. എല്ലാം തുറന്നു സംസാരിക്കുന്ന എളിമ എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. കൂടെയുള്ളവരുടെ കാര്യത്തിൽ അദ്ദേഹം വളരെ കരുതൽ പ്രകടിപ്പിച്ചിരുന്നു. നന്നായി ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ തുടങ്ങിയ കാര്യങ്ങൾപോലും അന്വേഷിക്കും.
? തുടക്കംമുതലേ പാപ്പാ അങ്ങനെയാണല്ലോ പെരുമാറിയിരുന്നത്. അത്തരം പെരുമാറ്റം നൽകുന്ന ആനന്ദം അടുത്തുനിന്ന് അനുഭവിച്ച വ്യക്തിയെന്ന നിലയിൽ കൂടുതൽ വ്യക്തമാക്കാമോ.
സന്തോഷത്തോടെ സാക്ഷ്യം കൊടുക്കുക എന്നത് പാപ്പായുടെ ഒരു ശൈലിയായിരുന്നു. എപ്പോഴും പ്രത്യാശ തരുന്ന വാക്കുകളാണ് പാപ്പായിൽനിന്നുണ്ടായിരുന്നത്. എന്റെ വ്യക്തിപരമായ അനുഭവത്തിൽപോലും അപ്രതീക്ഷിതമായിട്ടായിരുന്നു എനിക്ക് കർദിനാൾ സ്ഥാനം തന്നത്. സ്വാഭാവികമായി അതിന് വളരെയേറെ മാനങ്ങളുണ്ട്. മെത്രാഭിഷേകത്തിന്റെയും കർദിനാൾ സ്ഥാനം നൽകുന്ന തിരുക്കർമങ്ങളുടെയുമെല്ലാം ഒരുക്കങ്ങളെക്കുറിച്ച് പാപ്പാ പിതൃസഹജമായി അന്വേഷിച്ചിരുന്നു. താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു.
ഒരവസരത്തിൽ ഒരു മീറ്റിംഗിനിടെ എന്നെ വിളിച്ച് പറഞ്ഞു. രണ്ടാഴ്ചത്തേക്കല്ലേ, മെത്രാന്റെ വസ്ത്രങ്ങളൊക്കെ ആരോടെങ്കിലും മേടിച്ചാൽ മതി, വെറുതേ പൈസ കളയേണ്ട, ഇതൊക്കെ വലിയ ചെലവല്ലേ എന്ന്. എന്തെല്ലാം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും ആഗോളതലത്തിൽ ഇടപെടുകയും ചെയ്യുന്ന മാർപാപ്പ എന്റെ ഇത്രചെറിയ കാര്യത്തിൽപോലും ശ്രദ്ധവയ്ക്കുന്നുവെന്നതിൽ ഞാൻ അദ്ഭുതപ്പെട്ടുപോയി. നമുക്ക് എന്തെങ്കിലും ആശങ്കകളുണ്ടോ, ആവശ്യത്തിന് പണമുണ്ടോ എന്നെല്ലാം അന്വേഷിക്കുന്ന വലിയ മനസ് നമ്മെ വിസ്മയിപ്പിക്കും.
? അത്തരമൊരു മനസിന്റെ ഉടമയായതുകൊണ്ടല്ലേ പിതാവിന്റെ വല്യമ്മച്ചിയോടുപോലും വീഡിയോ കോളിൽ സംസാരിക്കാൻ തയാറായത്.
തീർച്ചയായും.
? ഔപചാരികതയുടെ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാത്തതായിരുന്നു പാപ്പായുടെ പെരുമാറ്റമെന്ന് പാപ്പായെ സന്ദർശിക്കുന്നവരെല്ലാം പറഞ്ഞിരുന്നു. അങ്ങയുടെ അനുഭവമെന്താണ്.
തീർച്ചയായും. കേരളത്തിൽനിന്നു വന്നിരുന്ന സന്ദർശകർക്കെല്ലാം അക്കാര്യത്തിൽ സുന്ദരമായ അനുഭവങ്ങളുണ്ടാകും. അഹം എന്ന ഭാവം പാപ്പായിൽ ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല. ഞാൻ എന്ന ഭാവം മാറ്റിവച്ച് മറ്റുള്ളവരുടെ കാര്യങ്ങൾക്ക് കൊടുത്തിരുന്ന പ്രാധാന്യം പ്രശംസനീയമാണ്. രോഗാവസ്ഥയിൽപോലും ആശുപത്രിയിലേക്കു പോകുന്നതിനു മുമ്പ് ഔദ്യോഗിക സന്ദർശനത്തിനെത്തിയ രാഷ്ട്രത്തലവന്മാരെ പാപ്പാ സ്വീകരിച്ചു. ഏറ്റവുമൊടുവിൽ മരണത്തിനു മണിക്കൂറുകൾക്കു മുമ്പല്ലേ പാപ്പാ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് കൂടിക്കാഴ്ച അനുവദിച്ചത്. ഓഫീസിൽ പോകാനുള്ള ശക്തിയില്ലാതിരുന്നിട്ടുപോലും അദ്ദേഹം താമസിക്കുന്ന സാന്താ മാർത്തായിൽ ഒരു രാഷ്ട്രനേതാവിനെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
? രോഗംമൂലം ഏതെങ്കിലും യാത്ര പാപ്പാ മാറ്റിവച്ചിരുന്നോ.
ഈ വർഷം ജൂബിലിവർഷമായതിനാൽ യാത്രകളൊന്നും വേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ നിഖ്യാ സ്ഥിതിചെയ്യുന്ന രാജ്യമായ തുർക്കി സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നു. മേയിലാണ് സന്ദർശനം നിശ്ചയിച്ചിരുന്നത്. അതിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് പാപ്പാ ആശുപത്രിയിലായതും പിന്നീട് അന്ത്യം സംഭവിച്ചതും.
? ഇസ്ലാം മതത്തെ ലോകം തീവ്രവാദത്തിന്റെ പശ്ചാത്തലത്തിൽ കാണുമ്പോഴും മാർപാപ്പ അവരുമായി സംവാദത്തിൽ ഏർപ്പെട്ടിരുന്നു. അതിന്റെ കാരണമെന്താണ്.
പിതാവിന്റെ ഒരു ബോധ്യം മനുഷ്യസൗഹാർദത്തിലൂടെ മാത്രമേ ലോകത്തിനു സമാധാനത്തിലേക്കു പോകാൻ കഴിയൂ എന്നതാണ്. സാമൂഹിക സൗഹൃദമെന്നത് പിതാവിന്റെ അടിയുറച്ച ബോധ്യമായിരുന്നു. അത് അദ്ദേഹത്തിന്റെ ആധ്യാത്മികതയുടെ ഭാഗവുമാണ്. എല്ലാ മതങ്ങളിലും കടുംപിടിത്തമുള്ളവരുണ്ട്. ചില സംഭവങ്ങളുടെ വെളിച്ചത്തിൽ ഇസ്ലാംമതത്തിൽ അത് കുറച്ചുവ്യക്തമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു.
എന്നാൽ നല്ല ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അതിനുള്ള പരിഹാരമായി പാപ്പാ കണ്ടിരുന്നത്. അതിനെതിരേ പോരാടുക എന്നതായിരുന്നില്ല പാപ്പായുടെ നിലപാട്. പോരാട്ടത്തിന്റേതായിരുന്നില്ല പാപ്പായുടെ ഭാഷ. ഏറ്റവും പ്രശ്നമുള്ളയിടങ്ങളിൽ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി അദ്ദേഹം കടന്നുചെന്നിരുന്നതും അതുകൊണ്ടാണ്. ഫ്രാൻസിസ് എന്ന പേരുതന്നെ അതാണല്ലോ അന്വർഥമാക്കുന്നത്.
? എപ്പോഴും പാവപ്പെട്ടവന്റെ പക്ഷത്തായിരുന്നു പാപ്പാ. അതിന് ലാറ്റിനമേരിക്കയിലെ വിമോചനദൈവശാസ്ത്രത്തിന്റെ പിൻബലമുണ്ടോ
തന്റെ ആത്മകഥയിൽ പിതാവ് അതു വ്യക്തമാക്കുന്നുണ്ട്. വിശ്വാസമില്ലാത്തവരും പാവപ്പെട്ടവരെ സഹായിക്കുന്നുണ്ടല്ലോ? എന്നാൽ തന്റെ ക്രിസ്തീയവിശ്വാസത്തിൽനിന്നാണ് പാപ്പാ പാവപ്പെട്ടവരുടെ പക്ഷം ചേർന്നത്. പാവപ്പെട്ടവരിലും രോഗികളിലുമുള്ള ദൈവിക സാന്നിധ്യത്തെക്കുറിച്ച് പിതാവിന് നല്ല ബോധ്യമുണ്ടായിരുന്നു. അടുത്തിടെ ഈസ്റ്റ് തിമോർ സന്ദർശനത്തിനിടെ ഒരു അനാഥാലയത്തിൽ പാപ്പാ പോയി.
അവിടെ രണ്ടു കൈയുമില്ലാത്ത ഒരു കുട്ടിയും പിതാവിനെ സ്വീകരിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പിതാവ് ആ കുട്ടിയെ അടുത്തിരുത്തി തലോടി. അവരെ സംരക്ഷിക്കുന്ന കന്യാസ്ത്രീകളോട് പാപ്പാ പറഞ്ഞു: നിങ്ങളുടെ പ്രവൃത്തി പാവപ്പെട്ടവന്റെ കൂദാശയാണ്. ഈ ബോധ്യമായിരുന്നു പാപ്പായെ എപ്പോഴും പാവപ്പെട്ടവന്റെയും കഷ്ടതയനുഭവിക്കുന്നവന്റെയും പക്ഷംചേരാൻ പ്രചോദിപ്പിച്ചിരുന്നത്.