ബേത്ലഹെമിൽനിന്നുള്ള ഉണ്ണീശോ രൂപം
Tuesday, April 22, 2025 12:00 AM IST
sക്രിസ്മസിനെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വിവരണം ഏറെ ശ്രദ്ധേയമായിരുന്നു. ഒരു അഭിമുഖത്തിലാണ് പാപ്പാ തന്റെ വ്യക്തിപരമായ അനുഭവം വിവരിച്ചത്.
കുട്ടിയായിരുന്ന ജോർജ് ബർഗോളിയോ എങ്ങനെയാണ് ഉണ്ണിയേശുവിനെ കണ്ടിരുന്നത്? ബർഗോളിയക്കാരുടെ വീട്ടിൽ പിറവിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നുവോ? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.
ചുണ്ണാന്പുകൊണ്ടുള്ള രൂപങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് പാപ്പാ അനുസ്മരിച്ചു. വളരെ ലളിതങ്ങളായിരുന്നു, പക്ഷേ മനോഹരങ്ങളായിരുന്നു. ജ്ഞാനികളുടെ ഒട്ടകങ്ങൾക്ക് ഞങ്ങൾ പുല്ലിട്ടുകൊടുത്തിരുന്നു. ഏറ്റവും മനോഹരമായ കാര്യം പുൽക്കൂട്ടിൽ ഉണ്ണിയെ കിടത്തുന്നതായിരുന്നു. പാതിരാക്കുർബാനയ്ക്കു ശേഷമായിരുന്നു അതു ചെയ്യുക. കാരണം അവിടന്ന് പിറന്നുവല്ലോ. ഞങ്ങളുടേത് വളരെ ലളിതമായ ഒരു കുടുംബമായിരുന്നു; വലിയ സന്പന്നരായിരുന്നില്ല. അപ്പന്റേത് നല്ല ജോലിയായിരുന്നു.
കുടുംബവീട്ടിൽ പിറവിയുടെ ചെറിയ ദൃശ്യമുണ്ടായിരുന്നു. ഞങ്ങൾക്ക് ക്രിസ്മസ് പിറവിയുടെ ദൃശ്യങ്ങളായിരുന്നു. ഒരു പാഷനിസ്റ്റ് ബ്രദർ ബേത്ലഹെമിൽനിന്നു കൊണ്ടുവന്ന ഉണ്ണീശോയുടെ ഒരു രൂപം കൈയിൽ പിടിച്ചുകൊണ്ട് പരമാചാര്യൻ ഞങ്ങളോട് ഉണ്ണിയെയും നക്ഷത്രത്തെയും നോക്കാൻ പോത്സാഹിപ്പിച്ചു.
""ഒരു ശിശു ഒരു പ്രത്യാശയാണ്. അവിടുന്ന് നമുക്കു പ്രത്യാശയുമായി വന്നു. എന്നാൽ അവിടുന്ന് ജനിച്ചത് ഇങ്ങനെയാണ്. ദരിദ്രനായി, പീഡിതനായി, ഒളിച്ചോടേണ്ടി വന്നവനായി. ഉണ്ണിയില്ലാത്ത നക്ഷത്രം നല്ലതല്ല. രണ്ടും ഇന്നത്ത ക്രിസ്മസ് സന്ദേശമാണ്.
ഓരോ വ്യക്തിക്കും ഉണ്ണിയുടെ ആർദ്രതയും നക്ഷത്രത്തിന്റെ പ്രകാശവും കർത്താവ് സമ്മാനിക്കട്ടെ. എന്തെന്നാൽ നക്ഷത്രത്തിൽ നോക്കിയാൽ നിനക്ക് ജ്ഞാനികളെപ്പോലെ സഞ്ചരിക്കേണ്ട പാത കാണാം. ഉണ്ണിയിലേക്കു നോക്കിയാൽ എങ്ങനെ ഹൃദയം തരളിതമാകണമെന്നും മനസിലാക്കാം.''