മാർപാപ്പയുടെ അവസാന ഈസ്റ്റർ സന്ദേശം
Monday, April 21, 2025 11:39 PM IST
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു വേണ്ടി മാര്‍പാപ്പ തയാറാക്കിയ സന്ദേശം ഈസ്റ്റര്‍ ദിനത്തില്‍ വായിച്ചത് ആര്‍ച്ച്ബിഷപ് ദിയേഗോ റാവെല്ലി ആയിരുന്നു. എന്റെ പ്രതീക്ഷയായ ക്രിസ്തു ഉത്ഥാനം ചെയ്തിരിക്കുന്നുവെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശത്തിന്റെ തുടക്കം.
അമൂര്‍ത്തമായ ഒരു ആശയം എന്നതിലുപരി വെല്ലുവിളിക്കുകയും ശക്തീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ജീവനുള്ളൊരു ശക്തി എന്ന രീതിയിലായിരുന്നു ഉത്ഥാനത്തെ മാര്‍പാപ്പ അവതരിപ്പിച്ചത്. ഒഴിഞ്ഞ കല്ലറയിലേക്ക് ദൃഷ്ടി പായിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇത്രയും പറഞ്ഞത്.
“ഇന്നും ക്രിസ്തു നമ്മെ അടിച്ചമര്‍ത്തുന്ന തിന്മയുടെ ശക്തികളെ സ്വയമേറ്റെടുക്കുകയും അവയ്ക്കു രൂപാന്തരീകരണം നല്‍കുകയും ചെയ്യുന്നു. സ്നേഹം വെറുപ്പിന്മേല് ആധിപത്യം നേടിയിരിക്കുന്നു. അതുപോലെ വെളിച്ചം ഇരുളിനുമേലും സത്യം വ്യാജത്തിനുമേലും ക്ഷമ പ്രതികാരത്തിനുമേലും വിജയം കൈവരിച്ചിരിക്കുന്നു. ചരിത്രത്തില്‍നിന്നു തിന്മ മാഞ്ഞുപോയിട്ടില്ലെങ്കിലും ഉത്ഥാനത്തിന്റെ കൃപ സ്വീകരിക്കാന്‍ തയാറാകുന്നവര്ക്കുമേല് തിന്മയ്ക്കു മേല്‍ക്കൈ ലഭിക്കയില്ല”, അദ്ദേഹം പറഞ്ഞു. എന്നാല്‍, ഈസ്റ്റര്‍ എന്ന സന്തോഷവേളയില്‍ വിശ്വാസത്തിന്റെ തീക്ഷ്ണമായ ഇത്തരമൊരു പ്രഖ്യാപനം നടത്തുമ്പോഴും മാര്‍പാപ്പയുടെ ദൃഷ്ടി മനുഷ്യസഹനങ്ങളില്നിന്നു വ്യതിചലിച്ചിരുന്നില്ല.
സംഘര്‍ഷങ്ങള്‍ മുറിവേല്‍പ്പിച്ച വിശുദ്ധനാടിനെക്കുറിച്ചാണ് അദ്ദേഹം തുടര്‍ന്ന് സംസാരിച്ചത്.പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഗാസയിലെ ജനങ്ങളെയും അവിടത്തെ ക്രൈസ്തവ സമൂഹത്തെയും ചേര്‍ത്തുപിടിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. എത്രയും വേഗം വെടിനിര്‍ത്തണം, ബന്ദികളെ വിട്ടയയ്ക്കണം, സഹായങ്ങള്‍ ഗാസയിലെത്തിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ലബനനിലും സിറിയയിലുമുള്ള ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. ഏറെക്കാലമായി സംഘര്‍ഷം വിട്ടുമാറാത്ത യെമനിലും ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു.
യുദ്ധം തകര്‍ത്തെറിഞ്ഞ യുക്രെയ്നിന് ഉത്ഥിതനായ ക്രിസ്തുവിന്റെ സമാധാനം ലഭിക്കട്ടെയെന്ന് മാര്‍പാപ്പ പ്രാര്‍ഥിച്ചു. നീതിയുക്തവും നീണ്ടുനില്ക്കുന്നതുമായ സമാധാനത്തിനായുള്ള ശ്രമങ്ങള്‍ തുടരണമെന്ന് അദ്ദേഹം അധികാരികളോട് അഭ്യര്‍ഥിച്ചു. അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ സമാധാന ഉടമ്പടി ഉണ്ടാകാനും മേഖലയുടെ സൗഖ്യത്തിനുമായി അദ്ദേഹം പ്രാര്‍ഥിച്ചു. ബാല്‍ക്കന്‍ രാജ്യങ്ങളിലും ഉയിര്‍പ്പിന്റെ പ്രകാശം സഹവര്‍തിത്ത്വത്തിന്റെ പാത തെളിക്കട്ടെയെന്ന പ്രാര്‍ഥനയും മാര്‍പാപ്പയില്‍ നിന്നുണ്ടായി.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തെയും അദ്ദേഹം വിസ്മരിച്ചില്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, സുഡാന്, ദക്ഷിണ സുഡാന്, സഹെല്‍, ഗ്രേറ്റ് ലേക്ക്സ് മേഖല എന്നിവിടങ്ങളില്‍ ദുരിതമനുഭവിക്കുന്നവരിലേക്കും മാര്‍പാപ്പ ശ്രദ്ധ ക്ഷണിച്ചു. ആക്രമിക്കപ്പെടുന്നത് ആത്മാവും അന്തസുമുള്ള മനുഷ്യരാണെന്ന് നാം മറക്കരുത്- മാർപാപ്പ കൂട്ടിച്ചേര്‍ത്തു.
നമ്മെ വേര്‍തിരിച്ചിരിക്കുന്ന വേലിക്കെട്ടുകള്‍ തകര്‍ക്കാനും ഈസ്റ്ററിന്റെ പ്രകാശം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ഥ വേലികള്ക്കുപുറമേ രാഷ്ട്രീയവും സാമ്പത്തികവും ആധ്യാത്മികവുമായ വേലിക്കെട്ടുകളുണ്ടെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
ആയുധീകരണത്തിനല്ല വിശപ്പ് മാറ്റാനും വികസനത്തില്‍ നിക്ഷേപിക്കാനും പരസ്പരം പരിപാലിക്കാനുമായി മുന്‍കൈയെടുക്കാന്‍ രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു. “ഇവയാണ് സമാധാനം സ്ഥാപിക്കാനുള്ള ആയുധങ്ങള്‍. മരണം വിതയ്ക്കുന്ന ആയുധങ്ങള്‍ക്കു പകരം, ഭാവിയെ കെട്ടിപ്പടുക്കാനുള്ള ഇവയാണ് നമുക്കാവശ്യം” മാര്‍പാപ്പ പറഞ്ഞു.
സംഘര്ഷങ്ങള്ക്കുപുറമേ, ഭൂകമ്പത്തിന്റെ കെടുതികളാല്‍ വലയുന്ന മ്യാന്മാര് ജനതയെയും മാര്‍പാപ്പ മറന്നില്ല. മരണമടഞ്ഞ ആയിരങ്ങള്‍, അനാഥരാക്കപ്പെട്ടവര്‍, ബാക്കിയായ വയോജനങ്ങള്‍ എന്നിവരെ ഓര്‍ത്ത് അഗാധദുഃഖം അദ്ദേഹം രേഖപ്പെടുത്തി.
ജൂബിലി വര്‍ഷത്തിലെ ഈസ്റ്റര്‍ യുദ്ധത്തടവുകാരെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാന്‍ ഉചിതമായ വേളയാണെന്ന ചിന്തയാണ് മാര്‍പാപ്പ അവസാനം പങ്കുവച്ചത്. മരണത്തിനും കൊലപാതകത്തിനുമായുള്ള ദാഹമാണ് ഓരോ ദിവസവും നാമെമ്പാടും കാണുന്നതെന്നു വിലപിച്ച മാര്‍പാപ്പ ഇങ്ങനെ പ്രാര്‍ഥിച്ചു.
“നമ്മുടെ പ്രവൃത്തികളുടെ മുഖമുദ്രയാകുന്നതില്നിന്ന് മാനുഷികതയുടെ തത്വങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടു പിന്മാറാതിരിക്കട്ടെ.”
“ഈ ഈസ്റ്റര്‍ ദിനത്തില്‍ ഉത്ഥിതന്‍ നമ്മില്‍ നിറയ്ക്കുന്ന ഒരു ബോധ്യമുണ്ട്. ആയുധങ്ങളുടെ ഉരസലും മരണത്തിന്റെ മുഴക്കവും ഒരിക്കലും കേള്‍ക്കാത്ത കാലത്ത് നമ്മളോരോരുത്തരും നിത്യജീവിതത്തില്‍ പങ്കാളികളാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ആ ബോധ്യം.’’ മാര്‍പാപ്പ പറഞ്ഞവസാനിപ്പിച്ചു.