തുടക്കത്തിൽ രാജിക്കത്ത്
Monday, April 21, 2025 10:52 PM IST
2013ൽ തന്റെ പാപ്പാഭരണം ആരംഭിക്കുന്ന കാലത്തു കർദിനാൾ തർസിസിയോ ബർത്തോണെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കാലത്ത് ഫ്രാൻസിസ് മാർപാപ്പ "ആരോഗ്യകാരണങ്ങളാൽ പ്രതിസന്ധി ഉണ്ടാകുന്ന പക്ഷം’ എന്ന ഉപാധിയോടെ തന്റെ രാജിക്കത്ത് സമർപ്പിച്ചിരുന്നു. സ്പാനിഷ് ദിനപത്രം എബിസിയുമായി നടത്തിയ അഭിമുഖത്തിലാണ് പോൾ ആറാമൻ പാപ്പാ തന്റെ ഭരണകാലത്ത് ചെയ്തിരുന്നതുപോലെ താനും രാജിക്കത്തു കൊടുത്തതായി പ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയത്.
""ഞാൻ എന്റെ രാജിക്കത്ത് നേരത്തേതന്നെ ഒപ്പിട്ടു കൊടുത്തിട്ടുണ്ട്. അന്ന് താർസിസിയോ ബർത്തോണെയായിരുന്നു സ്റ്റേറ്റ് സെക്രട്ടറി. ഞാൻ രാജിക്കത്ത് ഒപ്പിട്ടു കൊടുത്തുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു. ആരോഗ്യപരമായ പ്രതിസന്ധിയോ അത്തരം തടസങ്ങളോ ഉണ്ടാകുന്ന പക്ഷം ഇതാ എന്റെ രാജിക്കത്ത് അങ്ങ് കൈവശം വയ്ക്കുക.
കർദിനാൾ ബർത്തോണെ അത് ആരെ ഏൽപിച്ചു എന്ന് എനിക്കറിയില്ല. എന്നാൽ, അദ്ദേഹം സ്റ്റേറ്റ് സെക്രട്ടറിയായിരുന്നപ്പോഴാണ് ഞാനത് കൊടുത്തത് എന്ന് എനിക്കറിയാം’’. മാർപാപ്പ ഇക്കാര്യം ലോകം അറിയുവാൻ ആഗ്രഹിക്കുന്നുവോ എന്ന് എബിസി പ്രസിനിധികൾ ചോദിച്ചപ്പോൾ അതിനാണല്ലോ ഞാൻ നിങ്ങളോട് പറയുന്നത് എന്നായിരുന്നു മറുപടി.