മോദിയുടെ സമർഥവും അർഥവത്തുമായ തെരഞ്ഞെടുപ്പ് നീക്കങ്ങൾ
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Monday, April 21, 2025 1:24 AM IST
രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ 28 പാർട്ടികളുടെ നേതാക്കൾ ചേർന്നു പ്രഖ്യാപിച്ച ‘ഇന്ത്യ’ മുന്നണി അതിന്റെ ലക്ഷ്യങ്ങളിലും പോരാടാനുള്ള കെട്ടുറപ്പിലും പരാജയപ്പെടുകയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തെ നേരിടാനാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. അതേസമയം, അവരുടെ മുഖ്യ എതിരാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സമർഥവും അർഥവത്തുമായ നീക്കങ്ങൾക്ക് വിജയകരമായ തുടക്കം കുറിച്ചിരിക്കുകയാണ്. അതും, അദ്ദേഹത്തിന്റെ പാർട്ടി ഇനിയും ശക്തമായ സാന്നിധ്യം അറിയിച്ചിട്ടില്ലാത്ത തമിഴ്നാട്ടിൽനിന്ന്!
തുടക്കം തമിഴ്നാട്ടിൽനിന്ന്
തന്റെ വിശ്വസ്തനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വഴി കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ എഐഎഡിഎംകെയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കി. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ അധികാരം പങ്കിടുന്നതെങ്ങനെയെന്ന കാര്യമൊന്നും അമിത് ഷാ പറഞ്ഞില്ലെന്നാണ് എടപ്പാടി കെ. പളനിസ്വാമി പിന്നീട് വ്യക്തമാക്കിയത്. “എഐഎഡിഎംകെ-ബിജെപി സഖ്യം അടുത്ത സർക്കാർ രൂപീകരിക്കുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്” - പളനിസ്വാമി നിരീക്ഷിച്ചു.
ദേശീയതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ (പളനിസ്വാമി) നേതൃത്വത്തിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ പളനിസ്വാമി, അമിത് ഷായുടെ വാക്കുകൾ തെറ്റിദ്ധരിക്കരുതെന്ന് മാധ്യമപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. “നിങ്ങളത് ശരിയായ അർഥത്തിലെടുക്കണം.” - മാധ്യമങ്ങളോടായി പളനിസ്വാമി പറഞ്ഞു.
ഈ സഖ്യം അവസരവാദപരമാണെന്നു ഭരണകക്ഷിയായ ഡിഎംകെ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് തികഞ്ഞ ആത്മവിശ്വാസത്തോടെയും ഉറപ്പോടെയുമാണ് പളനിസ്വാമി മറുപടി പറഞ്ഞത്. മറ്റുള്ളവരുമായി തന്റെ പാർട്ടിയുണ്ടാക്കുന്ന തെരഞ്ഞെടുപ്പു സഖ്യങ്ങളെക്കുറിച്ച് ഡിഎംകെ എന്തിനാണ് ആശങ്കപ്പെടുന്നത് എന്നദ്ദേഹം ചോദിച്ചു. “ഞങ്ങൾക്ക് അധികാരത്തിൽ തിരിച്ചുവരണം. അതിനാണീ സഖ്യം. മറ്റുള്ളവരുമായി കൂട്ടുകെട്ട് വേണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്”. ആരുമായൊക്കെ സഖ്യമുണ്ടാക്കണമെന്നു തന്റെ പാർട്ടിയെ ഉപദേശിക്കാൻ ഡിഎംകെയ്ക്ക് യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ദക്ഷിണമേഖലയ്ക്ക് അർഹമായ ശ്രദ്ധ
മോദിയും അമിത് ഷായും അടുത്തിടെ സ്വീകരിച്ച നടപടികളിൽനിന്നു മനസിലാകുന്നത് പാർട്ടിയുടെ വളർച്ചയുടെയും പ്രാദേശിക മുന്നേറ്റത്തിന്റെയും കാര്യത്തിൽ ദക്ഷിണമേഖലയ്ക്ക് അർഹമായ ശ്രദ്ധ നൽകുന്നതിനാണ് മുൻഗണന എന്നതാണ്. 2024 ജൂൺ 12 മുതൽ ചന്ദ്രബാബു നായിഡുവും മോദിയും ഒന്നിച്ചതോടെ ദക്ഷിണമേഖലയിലെ ആദ്യ രാഷ്ട്രീയ ചുവടുവയ്പ്പുണ്ടായി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മോദിക്കൊപ്പം നീങ്ങിയതോടെ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ സ്ഥിരത ലഭിച്ചു. കേന്ദ്രസർക്കാരിനെയും ഇത് രാഷ്ട്രീയമായി ശക്തിപ്പെടുത്തി. ചില വികസനപദ്ധതികളിൽ രണ്ടു സംസ്ഥാനങ്ങൾക്കും മെച്ചപ്പെട്ട പരിഗണന ലഭിക്കുകയും ചെയ്തു.
എന്നിരുന്നാലും, അയൽ സംസ്ഥാനമായ തെലുങ്കാനയിൽ പ്രത്യേക രാഷ്ട്രീയ നേട്ടങ്ങളൊന്നുമുണ്ടായില്ല. 2023 ഡിസംബറിൽ കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രിയായി. ഡൽഹിയിൽ ചെല്ലുന്പോഴെല്ലാം പതിവായി മോദിയുമായി കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ടെന്നതൊഴിച്ചാൽ, പ്രധാന വികസനപദ്ധതികളൊന്നും ലഭിച്ചിട്ടില്ല.
കർണാടകയിലാകട്ടെ, സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരാണ്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയും. ഭാരതീയ ജനതാ പാർട്ടി പ്രധാന പ്രതിപക്ഷമാണ്. രാഷ്ട്രീയമായി ഇരുപാർട്ടികളും ശത്രുതയിലുമാണ്.
കേരളത്തിലെ സാഹചര്യം
കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും സിപിഎം നയിക്കുന്ന എൽഡിഎഫുമാണ് മുഖ്യ രാഷ്ട്രീയ എതിരാളികൾ. ബിജെപി രാഷ്ട്രീയമായി സജീവമാണെങ്കിലും കോൺഗ്രസിനെയോ സിപിഎമ്മിനെയോ വെല്ലുവിളിക്കാൻ തക്ക ശക്തിയില്ല. രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കി കേന്ദ്രനേതൃത്വം ഈയിടെ പാർട്ടിയെ പുനഃസംഘടിപ്പിച്ചു. അദ്ദേഹം മുന്പ് കേന്ദ്ര സഹമന്ത്രിയായിരുന്നു.
വിജയിച്ച ബിസിനസ് മാഗ്നറ്റായ അദ്ദേഹം അറിയപ്പെടുന്ന മാനേജ്മെന്റ് വിദഗ്ധനും അക്കാദമിക് രംഗത്ത് മികവു തെളിയിച്ചയാളുമാണ്. ജാതി-സമുദായ താത്പര്യങ്ങളും രാഷ്ട്രീയ താത്പര്യങ്ങളും നിയന്ത്രിക്കുന്ന സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപിയെ അദ്ദേഹം എങ്ങനെ വളർത്തുമെന്നതു കൗതുകത്തോടെ കാണേണ്ട കാഴ്ചയാണ്. പാർട്ടിക്കിപ്പോൾ ലോക്സഭയിൽ ഒരു സീറ്റാണുള്ളത്. രാജ്യസഭയിൽ ആരുമില്ല. നിയമസഭയിലും സീറ്റൊന്നുമില്ല. രാജീവ് ചന്ദ്രശേഖറിനു മുന്നിലുള്ള ദൗത്യം അത്ര എളുപ്പമല്ല.
തമിഴ്നാട്ടിലെ സാഹചര്യം
എന്തുതന്നെയായാലും, ദക്ഷിണേന്ത്യയിലെ ശേഷിക്കുന്ന സംസ്ഥാനമായ തമിഴ്നാട്ടിൽ പാർട്ടി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ശക്തരായ സവർണ ഹിന്ദുക്കളും ജാതി ഹിന്ദുക്കളും ഉൾപ്പെട്ടതാണ് പാർട്ടിയുടെ പിന്തുണക്കാർ. അവർ സാമാന്യം നല്ല വിദ്യാഭ്യാസമുള്ളവരും ഉദ്യോഗസ്ഥവൃന്ദത്തിൽ നല്ല പ്രാതിനിധ്യമുള്ളവരുമാണ്. ബഹുജന പിന്തുണ വർധിപ്പിക്കാമെന്നും പാർലമെന്റിൽ കൂടുതൽ സീറ്റ് നേടാമെന്നും കേന്ദ്രനേതൃത്വത്തിനു പ്രതീക്ഷയുണ്ട്.
എന്നിരുന്നാലും, പ്രധാന എതിരാളികളായ ഡിഎംകെയും അതിന്റെ കരുത്തനായ പ്രസിഡന്റ് എം.കെ. സ്റ്റാലിനും കണക്കാക്കേണ്ട ശക്തികളാണ്. കേന്ദ്ര സഹായത്തിന്റെയും വികസന ഫണ്ടിന്റെയും വിതരണത്തിലെ അസമത്വം ഡിഎംകെ നേതൃത്വം സ്ഥിരമായി ഉയർത്തിക്കാട്ടാറുണ്ട്. ഈ ആരോപണങ്ങളെ പ്രതിരോധിക്കാൻ കേന്ദ്ര ധനമന്ത്രാലയം കണക്കുകൾ നിരത്താറുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ വാദങ്ങളെ ഫലപ്രദമായി നേരിടാൻ, ബോധ്യപ്പെടുത്തുന്ന തെളിവൊന്നുമില്ല. വരുന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത് വലിയ വിഷയമായേക്കാം. ഭാഷാപ്രശ്നം ഇപ്പോഴും സജീവമാണ്. ഹിന്ദിയോടുള്ള എതിർപ്പിനും ശമനമില്ല.
എഐഎഡിഎംകെയെ സഖ്യകക്ഷിയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിനൊപ്പം എഐഎഡിഎംകെ അധ്യക്ഷന് എടപ്പാടി കെ. പളനിസ്വാമി അവകാശപ്പെട്ടതുപോലെ, ഇരു പാർട്ടികളും ചേർന്ന് അടുത്ത സർക്കാർ രൂപീകരിക്കുമെന്നു മാത്രമുള്ള അമിത് ഷായുടെ പ്രഖ്യാപനം ഭാവിയിൽ വലിയ തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ആസൂത്രിതമായി നടത്തിയതാണ്. ദേശീയതലത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും സംസ്ഥാനത്ത് പളനിസ്വാമിയുടെ നേതൃത്വത്തിലും തെരഞ്ഞെടുപ്പിനെ നേരിടുമെന്നതും ബുദ്ധിപരവും സമർഥവുമായ രാഷ്ട്രീയ പ്രസ്താവനയാണ്. കരുണാനിധിയുമായോ എം.ജി. രാമചന്ദ്രനുമായോ ജയലളിതയുമായോ ഡൽഹിയിലെ നേതാക്കൾ യോജിപ്പിലെത്തിയപ്പോഴെല്ലാം ഇത്തരം ധാരണകളുണ്ടായിരുന്നു.
കാരണം, ന്യൂഡൽഹിയിലോ ചെന്നൈയിലോ നേതൃമാറ്റം അത്ര എളുപ്പമോ രാഷ്ട്രീയമായി ഗുണപ്രദമോ ആയിരുന്നില്ല. പ്രധാനമന്ത്രി മോദി ബുദ്ധിപൂർവം പ്രവർത്തിക്കുകയും കാര്യങ്ങൾ നീക്കുകയും ചെയ്തു. ചർച്ചകൾക്കും നിർദേശങ്ങൾക്കുമുള്ള ഉത്തരവാദിത്വം അദ്ദേഹം അമിത് ഷായെ ഏൽപ്പിച്ചു. ആദ്യം ഗുജറാത്തിലും പിന്നീട് ഉത്തർപ്രദേശിലും അമിത് ഷാ കൗശലം തെളിയിച്ചതാണ്. ജനങ്ങൾ അന്തിമമായി ആരെ തെരഞ്ഞെടുക്കുമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ നേതാവിനോ തെരഞ്ഞെടുപ്പിനു മുന്പോ പിന്പോ ഉള്ള സർവേകൾക്കോ വിട്ടുകൊടുക്കാതിരിക്കുന്നതാണു നല്ലത്.
ഇന്ത്യ മുന്നണി എപ്പോൾ ഉണരും?
ഒന്നും സാധ്യതകൾക്കു വിട്ടുകൊടുക്കാതെ രാഷ്ട്രീയ സാമർഥ്യത്തോടെ മോദി തന്റെ ജോലി വർഷങ്ങൾക്കുമുന്പെ തുടങ്ങിയെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇന്ത്യാ ഗ്രൂപ്പും മറ്റുള്ളവരും എപ്പോൾ ഉണർന്ന് പ്രചാരണത്തിലേക്കു പ്രവേശിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. അതെ, രാഷ്ട്രീയ ബുദ്ധിയുള്ളവർ, 75 വയസിനു മുന്പോ ശേഷമോ ആകട്ടെ, ഏറ്റവും മികച്ച വൈഫൈ പ്രതികരണ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. അവരത് ഒരിക്കലും ഓഫ് ചെയ്യാൻ അനുവദിക്കില്ല. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങൾ വോട്ടർമാരുടെ മനസുമായി കളിക്കാൻ മോദിക്ക് വലിയ ഉണർവാണ് നല്കുന്നത്.
മുംബൈ സ്ഫോടനക്കേസ് പ്രതി തഹാവൂർ റാണയെ അമേരിക്കയിൽനിന്ന് നാടുകടത്തിയതും ബെൽജിയത്തിൽ മെഹുൽ ചോക്സി അറസ്റ്റിലായതും അടുത്തിടെയാണെന്നോർക്കുക. പതിറ്റാണ്ടുകളായി കീഴടങ്ങാൻ വിമുഖത കാണിച്ച, വൻശക്തികളും ദുഷ്ടമനുഷ്യരും സൂക്ഷിച്ചിരുന്ന, ശക്തരുമായി ദീർഘകാലമായി കാത്തിരുന്ന പോരാട്ടങ്ങളാണിത്. രാഷ്ട്രീയത്തിനു പുറത്തുള്ള അത്തരം ആളുകളെ കൈകാര്യം ചെയ്യുന്ന കലയിൽ നിപുണരായ നിരവധി ശക്തർ ഇന്നു രാജ്യത്തുണ്ടെന്നതിൽ സന്തോഷം! അതെ, രാഷ്ട്രീയത്തിനു പുറത്തുള്ള മേഖലകളിലും അവരുടെ സംഖ്യ ചെറുതല്ല.