പിണറായിയും വിശുദ്ധകുരിശും
അനന്തപുരി /ദ്വിജൻ
Saturday, April 19, 2025 9:51 PM IST
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017 മാർച്ച് 16ന് മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ ഒരു കുരിശു തകർക്കപ്പെട്ടു. പുലർച്ചെ നാലരയ്ക്കാണ് ഐഎഎസുകാരനായ ശ്രീരാം വെങ്കിട്ടരാമനും സംഘവും മാധ്യമസംഘമടക്കം എല്ലാ സംവിധാനങ്ങളുമായി കുരിശു തകർക്കാൻ പുറപ്പെട്ടത്. സർക്കാർപോലും അറിയാതെ സംഭവസ്ഥലത്ത് 144 പ്രഖ്യാപിച്ച ശേഷമായിരുന്നു വെങ്കിട്ടരാമൻ തന്റെ അധികാരം കാണിക്കാൻ തുനിഞ്ഞത്. പാപ്പാത്തിച്ചോലയിലെ 30 അടി ഉയരമുണ്ടായിരുന്ന കുരിശ് ജെസിബി ഉപയോഗിച്ച് ഇടിച്ചുതകർത്തു വലിച്ചിടുന്നതിന്റെ ദൃശ്യങ്ങൾ ചാനലുകളെല്ലാം ആഘോഷിച്ചു. ധീരനായ വെങ്കിട്ടരാമനെ വാഴ്ത്തി. ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങൾ വലിച്ചിടുന്നതുപോലെയല്ലേ കുരിശു തകർത്തതെന്ന് ഇടുക്കിക്കാരനായ സിപിഎം നേതാവ് എം.എം. മണി അന്പരപ്പോടെ അന്ന് ചോദിച്ചു.
ഒരു വ്യക്തി സ്ഥാപിച്ച കുരിശല്ലേ തകർക്കപ്പെട്ടത് എന്ന ചിന്തയിൽ പൊതു ക്രൈസ്തവ സമൂഹം വലുതായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. “കുരിശിൽ വിശ്വസിക്കുന്ന വലിയ സമൂഹം ഉള്ള നാടാണിത്. സർക്കാർ അനുമതി ഇല്ലാതെ എന്തുകൊണ്ട് അങ്ങനെ ചെയ്തു? സർക്കാർ കുരിശിന് എതിരാണ് എന്ന ചിന്തയാണ് ഇതിലൂടെ പടർത്തിയത്”. ജില്ലാ കളക്ടറെ വിളിച്ച് താൻ അതൃപ്തി അറിയിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. സർക്കാരിനെതിരേ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥൻ ചെയതത്. കുരിശുമായി യുദ്ധം ചെയ്യുന്നു എന്നു വരും.
2017 ഏപ്രിൽ 22ന് കോട്ടയത്ത് ഹെഡ്ലോഡ് വർക്കേഴ്സിന്റെ 13-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോഴും മുഖ്യമന്ത്രി കുരിശുവിഷയം ഉന്നയിച്ചു. “പ്രത്യാശയുടെയും കരുണയുടെയും പ്രതീകമായി കരുതപ്പെടുന്നതാണ് കുരിശ്. അതു തകർത്തത് എന്തിന്? ഇത്തരം ഒരു നടപടിക്കു മുന്പ് സർക്കാരിനോട് അനുവാദം ചോദിക്കേണ്ടതില്ലേ? ഇവിടെ ഒരു സർക്കാർ ഉണ്ടെന്നു മറന്നോ? ഉദ്യോഗസ്ഥൻ ചെയ്താലും ഉത്തരവാദിത്വം സർക്കാരിനായിരിക്കും, പേരുദോഷവും”. നിയമസഭയിലും മുഖ്യമന്ത്രി ഇതു വ്യക്തമാക്കി. എന്നാൽ, രണ്ടാം പിണറായി സർക്കാർ വന്നശേഷം മുഖ്യമന്ത്രിയുടെ ആ മനസ് മാറിയോ? ഇപ്പോൾ പല സംഭവങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ഒന്നും പറഞ്ഞുകേട്ടില്ല.
ബോണക്കാട് സംഭവം
പാപ്പാത്തിച്ചോല സംഭവത്തിനു ശേഷം 2017 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് വിതുരയിൽ ബോണക്കാട് കുരിശുമലയിൽ കുരിശിന്റെ വഴി പ്രാർഥന നടത്തുന്നതിനായി സ്ഥാപിച്ചിരുന്ന കുരിശുകൾ സർക്കാർ ഉദ്യോഗസ്ഥർ തകർത്തതും വലിയ വിവാദമായി. സർക്കാർതന്നെ ഇടപെട്ട് അന്ന് പരിഹാരമുണ്ടാക്കി. സിമന്റ് കുരിശുകൾക്കു പകരം തടിക്കുരിശ് സ്ഥാപിച്ചു.
പരുന്തുംപാറ സംഭവം
അടുത്ത സംഭവം ഉണ്ടായത് കഴിഞ്ഞ മാസം ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലാണ്. അവിടെയും ഒരു വ്യക്തിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശാണ് റവന്യു ഉദ്യോഗസ്ഥർ നശിപ്പിച്ചത്. താൻ കരം അടയ്ക്കുന്ന ഭൂമിയിൽ നിന്ന കരിശാണ് തകർത്തതെന്ന് സ്ഥലമുടമ വ്യക്തമാക്കി. വനഭൂമി ജണ്ടയിട്ടു തിരിച്ചിരിക്കുന്നിടത്തുനിന്ന് ഏറെ അകലെയാണ് കുരിശ് സ്ഥാപിച്ചതെന്നും അദ്ദേഹം രേഖകൾ സഹിതം ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, കുരിശിന്റെ ശത്രുക്കൾ ഇതുവരെയും സത്യം അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇനി നിയമയുദ്ധത്തിലുടെ സത്യം തെളിയിക്കുന്പോഴേക്കും കാലം കുറെ കടന്നുപോയിരിക്കും. എല്ലാം ജനം മറക്കുകയും ചെയ്യും. ഇവിടെയും വലിയ പ്രതിഷേധമൊന്നും ഉണ്ടായില്ല. അതു താളമായി സർക്കാരും കണ്ടു.
തൊമ്മൻകുത്ത് സംഭവം
ഈ പശ്ചാത്തലത്തിലാണ് കോതമംഗലം രൂപതയുടെ തൊമ്മൻകുത്ത് ഇടവകയിലെ നാരങ്ങാനത്ത് ഈ മാസം 11ന് സ്ഥാപിച്ച കുരിശ് തകർക്കപ്പെട്ടത്. ആറു പതിറ്റാണ്ടിലേറെയായി കൈവശംവച്ച് അനുഭവിക്കുന്ന ഭൂമിയിലെ കുരിശാണ് തകർക്കപ്പെട്ടത്. സ്ഥലത്തിന് പട്ടയം ഇല്ല എന്നത് സത്യമാണ്. പക്ഷേ വനഭൂമി ജണ്ടയിട്ടു തിരിച്ചിരിക്കുന്നിടത്തുനിന്ന് ഏറെ അകലെയാണ് കുരിശ് സ്ഥാപിക്കപ്പെട്ടിരുന്നത്. സമീപ പ്രദേശത്താകെ വലിയ തെങ്ങുകളും മാവും പ്ലാവും എല്ലാം നിൽക്കുന്നുമുണ്ട്. പട്ടയമില്ലാത്ത ഭൂമിയിലെ കുരിശുകൾ തകർക്കാൻ സർക്കാർ തുനിഞ്ഞാൽ കോതമംഗലം, ഇടുക്കി, വിജയപുരം, കാഞ്ഞിരപ്പള്ളി, തിരുവല്ല രൂപതകളിലെ എത്രയോ പള്ളികളും കുരിശടികളും ഈ ഗണത്തിൽ പെട്ടേക്കാം. ഇതിനുള്ള ടെസ്റ്റ് ഡോസാണോ തൊമ്മൻകുത്ത് സംഭവം?
ഏതായാലും തൊമ്മൻകുത്തിലെ വിഷയം കോതമംഗലം രൂപതതന്നെ ഏറ്റെടുത്ത സാഹചര്യത്തിൽ കാര്യങ്ങൾ തീരെ നിസാരമായി പോവില്ല. അവിടെ 65 വർഷമായി കൈവശംവച്ചിരിക്കുന്ന ഭൂമിയിലാണ് കുരിശ് സ്ഥാപിക്കപ്പെട്ടതും വനം വകുപ്പുകാർ തകർത്തതും. മനോജ് എന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ കുരിശു തകർക്കുക മാത്രമല്ല വിശുദ്ധ കുരിശിനെ വളരെ നിന്ദ്യമായി അവഹേളിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. കേരളത്തിൽ ഫോറസ്റ്റ് രാജാണ് നടക്കുന്നത്. വന്യമൃഗങ്ങളേക്കാൾ ജനങ്ങൾക്കു ഭീഷണിയായിട്ടുണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ എന്ന് കോതമംഗലം മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
വന്യജീവി ആക്രമണത്തിൽ ജനങ്ങൾ പൊറുതിമുട്ടി കഴിയുന്പോൾ അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായി പെരുമാറുകയാണ് വനംവകുപ്പ് അധികൃതർ. പതിറ്റാണ്ടുകളായി കർഷകർ കൈവശംവച്ച് അനുഭവിക്കുന്ന ഭൂമിയിൽ കടന്നുകയറി അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ അവിടെയുള്ള കുരിശ് പിഴുതെറിയാൻകൂടി മുതിർന്നു. ക്രൈസ്തവർക്ക് കുരിശ് രക്ഷയുടെ അടയാളമാണ്. വിശുദ്ധവാരത്തിലേക്ക് ക്രൈസ്തവർ പ്രവേശിക്കുന്ന വേളയിൽ കുരിശുകൾ പിഴുതെറിഞ്ഞ സംഭവത്തിനു പിന്നിൽ അവഹേളനമുണ്ടെന്ന് സംശയിക്കണം-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വളരെ സംയമനത്തോടെ പറഞ്ഞു. വനംവകുപ്പിന്റെ സ്ഥലത്തായിരുന്നു കുരിശ് എങ്കിൽ നീക്കം ചെയ്യാൻ ആവശ്യപ്പെടാമായിരുന്നു. ഒരു നിമിഷംപോലും വൈകാതെ ഭക്തിപൂർവം നീക്കംചെയ്യുമായിരുന്നു. എന്നാൽ, വനംവകുപ്പിന്റേതല്ലാത്ത സ്ഥലത്തു സ്ഥാപിക്കപ്പെട്ട കുരിശിനോട് കാണിച്ചത് നിന്ദ്യവും ക്രൂരവുമായ നടപടിയാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതരത്വക്കാരുടെ മുഖം
പല സംസ്ഥാനങ്ങളിലും വർഗീയ ഭ്രാന്തന്മാരാണ് കുരിശുകൾ തകർക്കുന്നതെങ്കിൽ മതേതരത്വത്തിന്റെ വക്താക്കളായ ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിൽ സർക്കാർ ചെലവിലാണ് വിശുദ്ധ കുരിശുകൾ തകർക്കപ്പെടുന്നത്. ഡൽഹിയിൽ കുരിശിന്റെ വഴി നടത്താൻ സർക്കാർ അനുമതി നിഷേധിച്ചതിൽ വലിയവായിൽ നിലവിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തൊമ്മൻകുത്തിലടക്കം വിശുദ്ധ കുരിശുകൾക്കുനേരേ നടന്ന ഭീകരമായ ആക്രമണങ്ങളെക്കുറിച്ച് വായ തുറന്നിട്ടില്ല. വേറെ ഏതെങ്കിലും ഒരു മതം ആദരിക്കുന്ന ചിഹ്നമായിരുന്നു ഇങ്ങനെ നിന്ദിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തതെങ്കിൽ എന്താകുമായിരുന്നു നാട്ടിലെ സ്ഥിതി? കേരളത്തിലെ പുറന്പോക്കുകളിൽപോലും ഇത്തരം എന്തുമാത്രം മതചിഹ്നങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്?അവയെല്ലാം സ്വസ്ഥമായി നിൽക്കുന്പോൾ ഏഴു പതിറ്റാണ്ടായി കൈവശംവച്ച് അനുഭവിക്കുന്ന ഭൂമിയിലെ കുരിശ് വനംവകുപ്പ് അധികൃതർ നശിപ്പിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ആപത്താണ് ഈ കളി. ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് തലയൂരാൻ നോക്കരുത്. അല്ലാതെ നാട്ടിലുള്ള കുരിശുകൾ മുഴുവൻ തകർക്കാൻ ഇവിടം തീവ്രവാദി ഭരണത്തിൽ ആയിട്ടില്ലല്ലോ? പാപ്പാത്തിച്ചോലയിലെ കുരിശു തകർത്തപ്പോൾ മുതൽ ക്രൈസ്തവസമൂഹം പുലർത്തിയ ആത്മസംയമനം ആപത്തായി മാറുകയാണോ എന്ന സംശയം സമൂഹത്തിൽ ശക്തമാവുകയാണ്.
ഏബ്രഹാം കുടുങ്ങുമോ?
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. ഏബ്രഹാമിനു വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടെന്നും അതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവായി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകാനിരിക്കുകയാണ് ഏബ്രഹാം. തനിക്കുള്ള വരുമാനം സംബന്ധിച്ച് താൻ സമർപ്പിച്ച വിവരങ്ങൾ സിംഗിൾ ബെഞ്ച് ശരിക്കും പഠിച്ചില്ല എന്നാണ് ഏബ്രഹാമിന്റെ വാദം.
ഉദ്യോഗസ്ഥതലത്തിൽ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്നും അതേക്കുറിച്ച് ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഏബ്രഹാം മുഖ്യമന്ത്രിക്കു കത്തു കൊടുത്തു. ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗൂഢാലോചനയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേരുടെകൂടി ഒത്താശയുണ്ട്. താൻ ധനസെക്രട്ടറിയായിരിക്കേ ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. അതുസംബന്ധിച്ച് ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് അവരുടെ ഇടപാടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തെക്കുറിച്ച് അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മൂന്നു പേരുടെയും ഫോണ്വിളികളുടെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും ഏബ്രഹാം കത്തിൽ പറഞ്ഞു. പരാതിക്കാരനായ ജോമോനെക്കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണവും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജോമോൻ സംശയം പ്രകടിപ്പിച്ച തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തിക്കൊണ്ട് ഇവയിൽ എന്താണ് സംശായാസ്പദമായുള്ളത് എന്നും ഏബ്രഹാം വെല്ലുവിളിച്ചു.
പൊതുജീവിതത്തിലെ അഴിമതിക്കെതിരായി കുരിശുയുദ്ധം നയിക്കുന്നവർക്കുള്ള സത്യേന്ദ്രകുമാർ ദുബെ ദേശീയ അവാർഡ് 2016ൽ ലഭിച്ചയാളാണ് ഡോ. കെ.എം. ഏബ്രഹാം. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് അംഗമായിരിക്കേ കുപ്രസിദ്ധമായ 40,000 കോടിയുടെ സഹാറ തട്ടിപ്പു കേസ് പുറത്തുകൊണ്ടുവന്നതിനാണ് ഏബ്രഹാമിന് ഈ അവാർഡ് ലഭിച്ചത്. പിന്നീട് 1982ൽ ഐഎഎസ് ലഭിച്ച അദ്ദേഹം കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സർവീസിൽനിന്നു വിരമിച്ചത്. അതിനുശേഷം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി. പിണറായി വിജയനോടുള്ള എതിർപ്പിന്റെ ഭാഗമായി അദ്ദേഹത്തിന് ശത്രുക്കൾ ധാരാളമുണ്ട്.
ദിവ്യ എസ്. അയ്യർ
ഇടതു സഖാക്കളുടെ നന്മപ്പാട്ടുകൾ പാടിപ്പാടി ദിവ്യ എസ്. അയ്യർ വിവാദ നായികയായിരിക്കുകയാണ്. നമ്മൾ കാണുന്ന നന്മ പറയരുതോ എന്ന് അവർ ചോദിക്കുന്നു. പറയാം കുഴപ്പമില്ലെന്ന് പറയുന്ന സഖാക്കളേ, ഇവർ അവരുടെ തിന്മയും പാടാൻ തുടങ്ങിയാലോ? അപ്പോൾ കുഞ്ഞിരാമന്റെ വീട്ടിലെ പ്രസവിക്കുന്ന പാത്രം മരിച്ചപോലാവില്ലേ?