ക്രിസ്തുസ്നേഹത്തിന്റെ ബഹിർസ്ഫുരണങ്ങൾ
Wednesday, April 16, 2025 11:13 PM IST
ബിഷപ് ആന്റണി വാലുങ്കൽ (വരാപ്പുഴ അതിരൂപത സഹായമെത്രാൻ)
നാല്പതു ദിവസം നീളുന്ന തപസുകാലത്തിന്റെ പൂർണതയും പെസഹാ ത്രിദിനങ്ങളുടെ ആരംഭവുമാണ് പെസഹാവ്യാഴം. “ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകുവാനുള്ള സമയമായി” എന്നു പെസഹാത്തിരുനാളിനു മുന്പ് യേശു അറിഞ്ഞു. “ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ സ്നേഹിച്ചു, അവസാനം വരെ സ്നേഹിച്ചു”(യോഹ 13:1). ഈ സ്നേഹത്തിന്റെ മൂന്നു പ്രകടനങ്ങളായ ദിവ്യകാരുണ്യ സ്ഥാപനവും പൗരോഹിത്യ സ്ഥാപനവും പരസ്നേഹ കല്പന ഉദ്ഘോഷണവും അതിലൂടെ ക്രിസ്തു ആരംഭം കുറിച്ച സഭാ സ്ഥാപനവും "നസ്രത്തിലെ യേശു' എന്ന ഗ്രന്ഥത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഉൾക്കാഴ്ചകളോടെ പങ്കുവയ്ക്കുന്നുണ്ട്.
സഭ പെന്തക്കുസ്താദിനത്തിൽ സ്ഥാപിക്കപ്പെട്ടു എന്നു ധരിച്ചിരിക്കുന്നവരാണ് പൊതുവിലുള്ളത്. എന്നാൽ, സഭയുടെ ആത്മീയ അടിസ്ഥാനമായ പരിശുദ്ധ കുർബാനയുടെ സ്ഥാപനവും സഭയുടെ സാംസ്കാരിക അടിത്തറയായ പൗരോഹിത്യവും സഭയുടെ സാമൂഹ്യ അടിസ്ഥാനമായ പരസ്നേഹ കല്പനയും ഒടുവിലത്തെ അത്താഴവേളയിൽ നല്കപ്പെട്ടു എന്നതിനാൽ അന്ത്യവിരുന്നിൽനിന്നാണ് സഭ ഉദിച്ചുയർന്നത് എന്നാണ് ബെനഡിക്ട് പാപ്പായുടെ ദർശനം.
പരിശുദ്ധ കുർബാന സഭയുടെ ആത്മീയ അടിത്തറ
പരിശുദ്ധ കുർബാന സ്ഥാപനത്തിനു പിന്നിൽ ഒരു ഒരുക്കപശ്ചാത്തലമുണ്ട്. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിൽ നമുക്കിതു കാണാവുന്നതാണ്. യേശു ഗലീലിയക്കടൽ തീരത്ത് അഞ്ചപ്പം 5000 ആളുകൾക്ക് നല്കിയതിനെത്തുടർന്ന്, കഫർണാമിൽ വച്ച് ജീവന്റെ വചനത്തെക്കുറിച്ചുള്ള ഉദ്ബോധനം നല്കുന്നു.
യേശു ഒടുവിലത്തെ അത്താഴമേശയിൽ പെസഹാ ആചരിക്കാനായി ഒരുമിച്ചപ്പോൾ പെസഹാ ആചരണത്തിന്റെ പതിവ് തെറ്റിച്ച് മൂന്നാമത്തെ കപ്പിന്റെ അനുഷ്ഠാനവിധിയിൽനിന്ന് വിഭിന്നമായി അപ്പമെടുത്ത് അരുൾ ചെയ്തു. “എല്ലാവരും ഇതു വാങ്ങി ഭക്ഷിക്കുവിൻ, ഇത് എന്റെ ശരീരമാകുന്നു.” വീഞ്ഞെടുത്ത് അരുൾചെയ്തു: “എല്ലാവരും വാങ്ങി ഇതിൽനിന്നു കുടിക്കുവിൻ. ഇത് എന്റെ രക്തമാകുന്നു. നിങ്ങൾക്കും എല്ലാവർക്കും വേണ്ടി പാപമോചനത്തിനായി ചിന്തപ്പെടാനിരിക്കുന്ന എന്റെ രക്തം. ഇതു നിങ്ങൾ എന്റെ ഓർമയ്ക്കായി ചെയ്യുവിൻ.”
ബെനഡിക്ട് പാപ്പാ എഴുതുന്നു: എന്താണ് യേശു അന്ത്യ അത്താഴവേളയിൽ കൊണ്ടുവന്ന പുതുമ. അപ്പം മുറിക്കുന്നതും കൃതജ്ഞതാ സ്തോത്രങ്ങൾ അർപ്പിക്കുന്നതും അപ്പത്തിന്റെമേൽ കൂദാശാ വചനങ്ങൾ ഉച്ചരിക്കുന്നതുമാണത്. ഈ വാക്കുകളിലൂടെ അവൻ നമ്മുടെ ഈ നിമിഷങ്ങളെ യേശുവിന്റെ മണിക്കൂറുകളിലേക്ക് എടുത്തുവച്ചു. നമ്മുടെ വർത്തമാനനിമിഷം യേശുവിന്റെ തിരുമണിക്കൂറാകുന്ന രഹസ്യമാണിത്.
യേശു അന്ത്യഭോജനത്തിൽവച്ച് നവീനവും സനാതനവുമായ അപ്പവും വീഞ്ഞും തന്റെ ശരീരരക്തങ്ങളായി നല്കിക്കൊണ്ട് യഥാർഥ പെസഹാക്കുഞ്ഞാടായി തന്നെത്തന്നെ നല്കിയപ്പോൾ തന്റേതു മാത്രമായ ഒരു പെസഹാ സ്ഥാപിക്കുകയായിരുന്നു. അവനാണ് കുഞ്ഞാട്, ദൈവത്തിന്റെ കുഞ്ഞാട്, പുതിയ കുഞ്ഞാട്. ഈ പെസഹാ തുടരാനാണ് യേശു ആവശ്യപ്പെട്ടത്.
അതുകൊണ്ട് ആദിമസഭയിൽ കുർബാന അർപ്പിക്കുകയെന്നാൽ കുരിശിൽ മരിച്ച, തിരുവുത്ഥാനം ചെയ്ത യേശുക്രിസ്തുവിലൂടെ തന്നെത്തന്നെ അർച്ചനയായി സമർപ്പിക്കുകയെന്നതാണ്; യേശുവിനോടുകൂടെ യേശുവിൽത്തന്നെ പ്രാർഥിക്കുന്നതാണ്; സ്വയം ശൂന്യവത്കരിക്കപ്പെടുന്ന തന്നെത്തന്നെ വരദാനമായി നല്കിയ പെസഹാക്കുഞ്ഞാടായ യേശുവിനെ അപ്പത്തിലൂടെയും വീഞ്ഞിലൂടെയും സ്വീകരിക്കുകയെന്നതാണ്. ഈ ആത്മീയപോഷണമാണ് സഭയ്ക്ക് പരിശുദ്ധ കുർബാനയിലൂടെ നല്കപ്പെടുന്നത്.
പൗരോഹിത്യം സഭയുടെ സാംസ്കാരിക അടിത്തറ
ലൂക്കാ 22:19ൽ യേശു പറഞ്ഞു: “ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ.” ട്രെന്റ് കൗൺസിൽ വ്യക്തമാക്കുന്നത്, “യേശുവിന്റെ ഈ വാക്കുകൾ മുഖേന ശിഷ്യരെ പുരോഹിതരാക്കി”യെന്നാണ്. എന്നാൽ, പൗരോഹിത്യ സ്ഥാപനത്തെക്കുറിച്ച് കൂടുതൽ വിശാലമായ കാഴ്ചപ്പാടുകൾ ബെനഡിക്ട് പാപ്പാ നല്കുന്നു.
യേശുവിന്റെ ഗത്സെമനിയിലെ പ്രാർഥനയിൽ, പുരോഹിത പ്രാർഥനയെന്നറിയപ്പെടുന്ന ഭാഗത്ത് “സത്യത്താൽ ഇവരെ വിശുദ്ധീകരിക്കണ”മെന്ന് പ്രാർഥിക്കുന്നുണ്ട് (യോഹ 17:17). പഴയനിയമ പുരോഹിതർ ദേഹശുദ്ധി വരുത്തി (ലേവ്യർ 4:3) വിശുദ്ധയങ്കിയണിഞ്ഞുകൊണ്ട് പാപപരിഹാരബലി അർപ്പിക്കാൻ നിയോഗിക്കപ്പെട്ടു. ക്രിസ്തുവിന്റെ പുരോഹിതൻ സത്യമായ ക്രിസ്തുവിനാൽ വിശുദ്ധീകരിക്കപ്പെട്ട് അവന്റെ പൗരോഹിത്യസത്തയിലും ദൗത്യത്തിലും വിശുദ്ധീകരണ പ്രക്രിയയിലും പങ്കുചേരുകയാണ്. അതുകൊണ്ട് അവിടത്തെ ഗത്സെമനിയിലെ പ്രാർഥനയോടെ പൗരോഹിത്യസ്ഥാപനം ആരംഭിക്കുകയാണ്. ഈ പ്രാർഥനാഭാഗം കർത്താവിന്റെ അന്ത്യ അത്താഴത്തിന്റെ സൂചകമാണ്. അന്ത്യ അത്താഴത്തിലാണ് ഈ വിശുദ്ധീകരിക്കലും വേർതിരിക്കലും സംഭവിച്ചത്. അതു പൂർണതയിലെത്തുന്നതോ അവിടത്തെ കുരിശുമരണത്തിലും.
പഴയനിയമകാലത്ത് മനുഷ്യപാപങ്ങൾക്ക് പരിഹാരമായി മൃഗങ്ങളെക്കൊണ്ടുള്ള ഭൗതികബലികളും ആരാധനയുമാണ് നിർവഹിച്ചിരുന്നത്. മനുഷ്യപാപങ്ങൾക്ക് അവർതന്നെയല്ലേ പരിഹാരം അർപ്പിക്കേണ്ടത്. തന്നെത്തന്നെ കുരിശിൽ തിരുമുൽക്കാഴ്ചയായി സമർപ്പിച്ച ക്രിസ്തുവാണ് അഹറോന്റെ പ്രതീകമായി മാത്രം മുൻകൂട്ടി കണ്ട സാക്ഷാൽ പുരോഹിതൻ. കുരിശിന്റെ രഹസ്യത്തിലേക്കുള്ള ഈ ഊളിയിറങ്ങലാണ് പൗരോഹിത്യത്തിന്റെ അടിസ്ഥാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കുർബാന ആഘോഷം ക്രിസ്തീയ ആരാധനയുടെ കേന്ദ്രമായി മാറുന്നത്.
“നിങ്ങളുടെ ശരീരത്തെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ ആരാധന” (റോമ 12:1). മധുസൂദനൻ നായർ "ഗാന്ധി' എന്ന കവിതയിൽ കുറിക്കുംപോലെ "വറചട്ടിയിൽ വീണ് താനേ പുകഞ്ഞ്, കനവായിത്തീർന്ന്, താനേ തപിപ്പിച്ച് ശുദ്ധി ചെയ്യപ്പെടേണ്ട' സംസ്കാരമാണ് സഭയിലെ പൊതുപൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും ആവശ്യപ്പെടുന്നത്.
പരസ്നേഹ കല്പന സഭയുടെ സാമൂഹിക അടിത്തറ
“അത്താഴത്തിനിടയിൽ യേശു എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തൂവാലയെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ട് തുടയ്ക്കാനും തുടങ്ങി” (യോഹ 13:4-5). ബെനഡിക്ട് പാപ്പാ പറയുന്നു, സ്നേഹം ഒരു പുറപ്പാടാണ്. സ്വത്വത്തിന്റെ ഭിത്തികൾക്കുള്ളിൽനിന്നു പുറത്തുകടന്ന് അഹം എന്ന ഭാവത്തെ ചാന്പലാക്കിയുള്ള ഗമനമാണത്. സ്വയം ദൈവത്തെപ്പോലെയാകാൻ ശ്രമിക്കുന്ന ആദാമിന്റെ എതിർദിശയിലുള്ള ഗമനമാണത്. യേശു തന്റെ ദൈവികസ്ഥാനത്തുനിന്ന് ഇറങ്ങിവന്ന് മനുഷ്യനായിത്തീർന്ന് ദാസന്റെ രൂപം ധരിച്ച് കുരിശുമരണംവരെ അനുസരണമുള്ളവനായിത്തീർന്നു (ഫിലി 2:7-8). ഒരു ദാസ്യസ്നേഹമാണ് യേശുവിന്റെ പാദം കഴുകൽ പ്രവൃത്തിയിൽ പ്രത്യക്ഷമാകുന്നത്. രോഗവും ഭോഗവും മൂലം ചെളിപിടിച്ച നമ്മുടെ പാദങ്ങൾ പുണ്യം തികഞ്ഞ ആൾരൂപമായ യേശു കഴുകി തുടയ്ക്കുന്നു. നെഞ്ചുകീറിയ, "അവസാനം വരെയുള്ള' യേശുവിന്റെ സർവതല സ്പർശിയായ സ്നേഹത്താലാണ് യേശു നമ്മെ കഴുകി വിശുദ്ധീകരിക്കുന്നത്. യേശു ഇതു ചെയ്തത് ക്രിസ്തുവിന്റെ ശിഷ്യർ തമ്മിലുള്ള അഹങ്കാരമാകുന്ന മാലിന്യത്തിൽനിന്നു ശുദ്ധീകൃതരായി കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങൾ കഴുകി വെളുപ്പിച്ച് (വെളി 7:4) കുഞ്ഞാടിന്റെ വിവാഹവിരുന്നിലേക്കു പങ്കുപറ്റാൻ യോഗ്യതയുള്ളവരാകാൻവേണ്ടിയാണ്. പാദക്ഷാളനത്തിലൂടെ അവന്റെ അനന്തമായ സ്നേഹത്തിലേക്ക് അവൻ നമ്മെ മുക്കുകയാണ്. ആ സ്നേഹത്തിലുള്ള കുളിയാണ് യഥാർഥ ശുദ്ധീകരണത്തിന്റെ സ്നാനം.
ഇങ്ങനെ എളിമയുടെയും സ്നേഹത്തിന്റെയും ജീവിതശൈലിയിലൂടെ സ്വയം വിശുദ്ധീകൃതരാകാനും സാമൂഹികമായ സ്നേഹത്തിലൂടെയും ശുശ്രൂഷയിലൂടെയും എളിമയുടെ ജീവിതം പുൽകാനും ക്രിസ്തുശിഷ്യർക്കും മാതൃകയാകുകയാണ് പരസ്നേഹകല്പനയിലൂടെയും കാലുകഴുകൽ ശുശ്രൂഷയിലൂടെയും യേശു.
സഭയുടെ സ്ഥാപനം
ഒടുവിലത്തെ അത്താഴവേളയിൽ സഭയുടെ ആത്മീയ അടിസ്ഥാനമായ പരിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ടും സാംസ്കാരികമായ അടിത്തറയുടെ പൗരോഹിത്യം ആരംഭിച്ചുകൊണ്ടും സാമൂഹിക അടിസ്ഥാനമായ പരസ്നേഹ കല്പന നൽകിക്കൊണ്ടും സഭാ സ്ഥാപനത്തിന് യേശു മുതിരുകയായിരുന്നു.
ബെനഡിക്ട് പാപ്പാ വിശദമാക്കുന്നു, യേശു താഴേക്കിറങ്ങി താൻ (ദൈവം) ആരെന്നു വെളിപ്പെടുത്തുന്നുവെന്ന്. യേശുവിന്റെ അവരോഹണത്തിന്റെ ലക്ഷ്യം മനുഷ്യവംശത്തെയാകെ ദത്തെടുത്ത് തന്നിലേക്കു ലയിപ്പിച്ച് അവരോടുകൂടി താൻ സ്വന്തം ഭവനത്തിലെക്കു തിരിച്ചുപോവുകയാണ്. ഇങ്ങനെ ക്രിസ്തു തന്നിൽ അനേകരെ ശേഖരിക്കുന്നതിന്റെയും സമ്മേളിപ്പിക്കുന്നതിന്റെയും ദൃശ്യമായ പ്രക്രിയയാണ് ഒടുവിലത്തെ അത്താഴവേളയിൽ നടന്നത്. ക്രിസ്തുവിൽ കൂട്ടായ്മയ്ക്കായി ഒരുമിച്ചു ചേരുന്നതിനെ വിശുദ്ധ കുർബാന ദൃശ്യവത്കരിക്കുന്നു. വിശുദ്ധ കുർബാനയിലൂടെയാണ് സഭ ജന്മമെടുക്കുന്നത്. സഭാസമൂഹത്തെ ഒരുമിപ്പിക്കുന്നതിന് ക്രിസ്തു സ്നേഹത്താൽ തന്റെ വിശുദ്ധീകരണ പ്രവൃത്തി തുടരുന്നതിനു പുരോഹിതരെ വാർത്തെടുക്കുന്നു. പരസ്നേഹ കല്പനയിലൂടെ ശിഷ്യസമൂഹത്തെ ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നു. അങ്ങനെ യേശു തന്റെ ശരീരവും രക്തവും ദാനം നൽകിയ പുതിയ നിയമ പുരോഹിതരെ വേർതിരിച്ച പരസ്നേഹകല്പന ആവിഷ്കരിച്ച അന്ത്യ അത്താഴവിരുന്നിൽനിന്നുതന്നെയാണ് സഭ ഉദിച്ചുയർന്നത്.
യേശുവിന്റെ അന്ത്യ അത്താഴവിരുന്ന് യേശുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും മുന്നനുഭവമായിരുന്നു. അതോടൊപ്പം അന്ത്യ അത്താഴവിരുന്ന് തന്നിലേക്ക് ജനത്തെ ആന്തരികമായി ആവാഹിപ്പിക്കുന്ന, ജീവിക്കുന്ന ദൈവവുമായി ഒന്നാകാനായി ഓരോ കാലത്തും ഓരോ പ്രദേശത്തും സഭ ദിവ്യകാരുണ്യത്തിലൂടെ സമ്മേളിക്കുന്നതിന്റെ സൂചകവുമായിരുന്നു. അതുകൊണ്ടാണ് ദിവ്യകാരുണ്യത്തിലാണ് സഭ തന്റെ അസ്തിത്വത്തിൽ തുടരുന്നതെന്ന് ബെനഡിക്ട് പാപ്പാ പറഞ്ഞുവയ്ക്കുന്നത്.