ഭാരതീയ ഗുരു മഹാസാഗരം
Wednesday, April 16, 2025 11:07 PM IST
ഡോ. സിറിയക് തോമസ് (മുൻ വൈസ് ചാൻസലർ, മഹാത്മാഗാന്ധി സർവകലാശാല)
വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ രാധാകൃഷ്ണന്മാരുണ്ടാവാമെങ്കിലും ഡോ. രാധാകൃഷ്ണൻ എന്നുമാത്രം പറഞ്ഞാൽ ഇന്ത്യക്കാർക്ക് അത് ഡോ. എസ്. രാധാകൃഷ്ണനാണ്; ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. ഇന്ത്യയുടെ ഒന്നാമത്തെ ഉപരാഷ്ട്രപതി, രണ്ടാമത്തെ രാഷ്ട്രപതിയും. ഉപരാഷ്ട്രപതിയെന്ന നിലയിൽ രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷനായതും ഡോ. രാധാകൃഷ്ണനാണ്. ഇന്ത്യ റിപ്പബ്ലിക്കാകുന്പോൾ (1950) ഡോ. രാധാകൃഷ്ണൻ മോസ്കോയിൽ (റഷ്യ) ഇന്ത്യയുടെ അംബാസഡറായിരുന്നു. പിന്നീടാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായി (1952) രാജ്യസഭയും ലോക്സഭയും ചേർന്ന് ഡോ. രാധാകൃഷ്ണനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. അപ്പോഴേക്കും അദ്ദേഹം പണ്ഡിതനും വിദ്യാഭ്യാസ വിദഗ്ധനും നയതന്ത്രജ്ഞനുമെന്നു വിശ്വവിഖ്യാതി നേടിക്കഴിഞ്ഞിരുന്നു.
ഡോ. രാധാകൃഷ്ണൻ ജനിച്ചത് ആന്ധ്രയിലാണ്. 1888 സെപ്റ്റംബർ അഞ്ചിന്. അന്ന് ആന്ധ്രപ്രദേശ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മദ്രാസ് പ്രസിഡൻസിയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. അതുകൊണ്ട് ആന്ധ്രയിലാണ് ജനിച്ചതെങ്കിലും രാധാകൃഷ്ണൻ അറിയപ്പെട്ടത് ഒരു മദ്രാസിയായിട്ടായിരുന്നു. സ്കൂൾ വിദ്യാഭ്യാസം ജന്മദേശത്തായിരുന്നെങ്കിലും കോളജ് പഠനം മദ്രാസ് പ്രസിഡൻസി കോളജിലായി.
അധ്യാപകനായും അവിടെത്തന്നെ. ഫിലോസഫിയായി ഇഷ്ടവിഷയം. ഫിലോസഫി പ്രഫസർ എന്ന നിലയിലാണ് വിദ്യാഭ്യാസരംഗത്ത് തന്റെ പ്രതിഷ്ഠാസങ്കേതം ഉറപ്പിച്ചതും. ഓക്സ്ഫഡിലും പിൽക്കാലത്ത് പഠിച്ചു. അവിടെത്തന്നെ കുറച്ചുകാലം അധ്യാപകനുമായി. 1921 മുതൽ 32 വരെ പതിനൊന്നു വർഷം കോൽക്കത്ത സർവകലാശാലയിൽ കിംഗ് ജോർജ് അഞ്ചാമൻ ചെയർ പ്രഫസറായ ഡോ. രാധാകൃഷ്ണൻ 1936 മുതൽ 1952 വരെ ഓക്സ്ഫഡ് സർവകലാശാലയിൽ ഓണററി പദവിയിൽ പൗരസ്ത്യ മത-ധാർമികതയുടെ ചെയർ പ്രഫസറുമായി. 1931-36 കാലത്ത് ആന്ധ്ര സർവകലാശാലയിൽ വൈസ് ചാൻസലർ പദവിയിലെത്തിയ ഡോ. രാധാകൃഷ്ണൻ 1939-48ൽ ബനാറസ് ഹിന്ദു സർവകലാശാലയിലും വൈസ് ചാൻസലറായി.
മദ്രാസ് സർവകലാശാലയിൽ തുടർച്ചയായി ഇരുപത്തിനാലു വർഷം വൈസ് ചാൻസലറായ എ. ലക്ഷ്മണസ്വാമി മുതലിയാർക്കു മാത്രമാവണം ഡോ. രാധാകൃഷ്ണനേക്കാൾ ആ നിലയിൽ റിക്കാർഡുള്ളത് (ഡോ. മുതലിയാരുടെ ഇരട്ടസഹോദരനായിരുന്ന ഡോ. എ. രാമസ്വാമി മുതലിയാർ 1949-54 കാലത്ത് തിരുവിതാംകൂർ സർവകലാശാലയിലും വൈസ് ചാൻസലറായിരുന്നു.)
തത്വശാസ്ത്ര പ്രഫസറെന്ന നിലയിൽ ഡോ. രാധാകൃഷ്ണൻ കീർത്തി നേടിയത് അദ്വൈത വേദാന്തത്തിലായിരുന്നു. അതിൽ അദ്ദേഹം സൃഷ്ടിച്ച പുനർവ്യാഖ്യാനങ്ങൾ അദ്വൈത വേദാന്തത്തിനുതന്നെ കാലികമായ പ്രസക്തി വർധിപ്പിക്കാനിടയാക്കിയെന്നതാണ് ശരി. അതിനെതിരേയുണ്ടായ പാശ്ചാത്യ വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് ഡോ. രാധാകൃഷ്ണൻ "ഹിന്ദുത്വ'ത്തിന് കാലികമായ സ്വത്വം ഉറപ്പിച്ചത്. ഇന്ത്യയിൽ മാത്രമല്ല പാശ്ചാത്യരാജ്യങ്ങളിലും ഇതു ഹിന്ദുവിജ്ഞാനീയ പഠനങ്ങൾക്ക് അറിവിന്റെ പുതിയ വാതിലുകൾ തുറന്നുവെന്നതാണ് യാഥാർഥ്യം. തത്വശാസ്ത്രപഠനങ്ങളിലും ഗവേഷണങ്ങളിലും നിലനിന്നുകണ്ടിരുന്ന വ്യക്തമായ പൗരസ്ത്യ-പാശ്ചാത്യ സരണികൾക്കിടയിൽ അവയെ തമ്മിൽ യുക്തിഭദ്രമാക്കി ബന്ധിപ്പിക്കുന്ന സത്യവിജ്ഞാനത്തിന്റെ പാലം പണിതുവെന്നതുതന്നെയാണ് ഡോ. രാധാകൃഷ്ണൻ തത്വശാസ്ത്ര പഠനമേഖലയ്ക്കു നല്കിയ ഏറ്റവും ശ്രദ്ധേയമായ സംഭാവനയെന്നു പറയാൻ ആർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതുമില്ല.
സ്വന്തകാലത്ത് ലോകമെങ്ങളും കീർത്തി നേടിയ പ്രഭാഷണപ്രതിഭയുമായിരുന്നു ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ. ഇത്ര ഭംഗിയായും പ്രൗഢമായും ഇംഗ്ലീഷിൽ പ്രസംഗിക്കാൻ കഴിഞ്ഞിരുന്ന ലോകനേതാക്കളും അക്കാലത്തു വിരളമായിരുന്നുവെന്നു പറയണം. നെഹ്റു പ്രധാനമന്ത്രിയും ഡോ. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയും പിന്നീടു രാഷ്ട്രപതിയുമായിരുന്ന കാലം. പലപ്പോഴും പണ്ഡിറ്റ് നെഹ്റുവിനും ഡോ. രാധാകൃഷ്ണനും ഒരേ വേദിയിൽ പ്രസംഗിക്കേണ്ടിയും വന്നിരുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം പ്രധാനമന്ത്രി തന്റെ പ്രസംഗം ഹിന്ദിയിലേക്കു മാറ്റിയിരുന്നുവെന്നാണ് അക്കാലത്തെ മാധ്യമ കുലപതിയായിരുന്ന കുൽദീപ് നയ്യാർ പിൽക്കാലത്ത് സാക്ഷ്യപ്പെടുത്തിയത്. ശ്രോതാക്കൾ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും തമ്മിൽ - ഓക്സ്ഫഡ് ഇംഗ്ലീഷും ഹാർവാഡ് ഇംഗ്ലീഷും തമ്മിലെന്നു സാരം- താരതമ്യപ്പെടുത്താൻ നെഹ്റു ഒരിക്കലും സന്ദർഭം കൊടുത്തിരുന്നില്ലത്രേ.
ഉപരാഷ്ട്രപതിയെന്ന നിലയിലേക്ക് ഉയരുംമുന്പ് ഡോ. രാധാകൃഷ്ണൻ മോസ്കോയിലെ (റഷ്യ) ഇന്ത്യൻ അംബാസഡറായും ചുമതല വഹിക്കുകയുണ്ടായി. അതിനെക്കുറിച്ചും കഥയുണ്ടായി. ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിനോട് പ്രധാനമന്ത്രി നെഹ്റുവിന് മനസിൽ അത്ര മതിപ്പൊന്നുമുണ്ടായിരുന്നില്ലത്രേ. നെഹ്റുവിനോട് സ്റ്റാലിനും എന്തുകൊണ്ടോ അത്ര വലിയ അടുപ്പമൊന്നും പ്രകടിപ്പിച്ചില്ല. ആ സ്ഥിതിക്ക് ഒരു മാറ്റമുണ്ടാകട്ടെ എന്നുവച്ചാവാം അന്നത്തെ വിദേശകാര്യ സെക്രട്ടറി ജനറലായിരുന്ന എൽ.ആർ. പിള്ള പ്രധാനമന്ത്രിയുടെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റിനെ റഷ്യയിലേക്ക് ഇന്ത്യൻ അംബാസഡറായി നിർദേശിച്ചത്.
നെഹ്റു നിർദേശത്തിനു വഴങ്ങിയെങ്കിലും വിജയലക്ഷ്മി പണ്ഡിറ്റ് തനിക്കിഷ്ടം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി പോകാനാണെന്ന നിലപാടെടുത്തു. റഷ്യയുടെ രഹസ്യാന്വേഷണ ഏജൻസിയായിരുന്ന കെജിബി ഈ വിവരം ഡൽഹിയിൽനിന്നു സ്റ്റാലിനു റിപ്പോർട്ടു ചെയ്യുകയും ചെയ്തു. മോസ്കോയിലെത്തി ഔദ്യോഗിക സാക്ഷ്യപത്രങ്ങൾ സമർപ്പിക്കാൻവേണ്ടി ജോസഫ് സ്റ്റാലിനോട് സമയം തേടിയെങ്കിലും റഷ്യൻ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു മാസങ്ങളോളം മറുപടി ഉണ്ടായില്ല. മനംമടുത്ത വിജയലക്ഷ്മി പണ്ഡിറ്റ് ലണ്ടനിലേക്കു മാറ്റം വാങ്ങിയതോടെയാണ് അന്ന് യുജിസി ചെയർമാനായിരുന്ന ഡോ. രാധാകൃഷ്ണന് മോസ്കോയിലേക്ക് അംബാസഡറായി നിയോഗമെത്തിയത്.
മോസ്കോയിലെത്തി ഒരാഴ്ച തികയുംമുന്പ് മാർഷൽ സ്റ്റാലിൻ ഡോ. രാധാകൃഷ്ണനെ നയതന്ത്ര പ്രോട്ടോകോൾ മാറ്റിവച്ച് സ്വവസതിയിൽത്തന്നെ സ്വീകരിക്കുകയും ചെയ്തു. രാജ്യാന്തര നയതന്ത്രവൃത്തങ്ങളിൽ ഇക്കഥ ഡോ. രാധാകൃഷ്ണന്റെ "റേറ്റിംഗ്' വർധിപ്പിക്കുകയും ചെയ്തു.
1952ൽ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്രപ്രസാദിന്റെ പേരു പരിഗണിക്കപ്പെട്ടപ്പോൾ ഒപ്പം ഉപരാഷ്ട്രപതി പദവിയിലേക്കു പരിഗണിക്കപ്പെട്ട പേര് ഡോ. രാധാകൃഷ്ണന്റേതായി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ചെയർമാനായി നിയോഗമെത്തിയതും ഡോ. രാധാകൃഷ്ണനാണ്. അദ്ദേഹത്തെത്തുടർന്നാണ് ഡോ. മുതലിയാർ കമ്മീഷനും ഡോ. കോത്താരി കമ്മീഷനുമൊക്കെ ഇന്ത്യയുടെ വിദ്യാഭ്യാസ പരിഷ്കരണ ചരിത്രത്തിന്റെ ഭാഗമായത്.
ഉപരാഷ്ട്രപതിയെന്ന നിലയിൽ രാജ്യസഭയുടെമേൽ ഡോ. രാധാകൃഷ്ണൻ ചെലുത്തിയ സ്വാധീനവും നിയന്ത്രണവും ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ മറ്റൊരു സഭാധ്യക്ഷനും അവകാശപ്പെടാനുമില്ല (ഒരുപക്ഷേ ആദ്യ ലോക്സഭാ സ്പീക്കറായിരുന്ന ജി.പി. മാവ്ലങ്കർക്കൊഴികെ). ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ വന്നശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി 1963ൽ പാരീസിൽനിന്നു ലണ്ടനിലെത്തിയപ്പോൾ പ്രോട്ടോകോൾ പ്രകാരം സാധാരണയായി രാഷ്ട്രത്തലവന്മാരെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ മാത്രം സ്വീകരിക്കാറുണ്ടായിരുന്ന എലിസബത്ത് രാജ്ഞി, ലണ്ടൻ റെയിൽവേ സ്റ്റേഷനിലെത്തിയാണ് ഡോ. രാധാകൃഷ്ണനെ സ്വീകരിച്ചത്. രാജ്ഞിയുടെ ആഡംബരവാഹനമായ ആറു കുതിരകളെ പൂട്ടിയ രഥത്തിലാണ് ലണ്ടന്റെ രാജവീഥികളിലൂടെ ഇന്ത്യയുടെ "ഫിലോസഫർ കിംഗി'നെ - പ്രസിദ്ധ ഗ്രീക്ക് ചിന്തകനായ പ്ലേറ്റോയുടെ വാക്കുപയോഗിച്ചാൽ - കൊട്ടാരത്തിലേക്കു വരവേറ്റതും. അന്താരാഷ്ട്ര മാധ്യമങ്ങളിൽ അന്ന് അതു വലിയ വാർത്തയാകുകയും ചെയ്തു.
ഇന്ത്യയുടെ ആധുനിക ചരിത്രത്തിലും പൊതുസമൂഹത്തിലും ഡോ. സർവേപ്പിള്ളി രാധാകൃഷ്ണന്റെ പദവിയും കീർത്തിയും ഭാരതത്തിന്റെ മഹാ ഗുരുസാഗരമെന്ന നിലയിലാണ്. അതുകൊണ്ടാണല്ലോ എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് രാജ്യമാകെ അധ്യാപകദിനമായി ആചരിക്കുന്നതും. അറിയപ്പെടുന്ന തത്വശാസ്ത്ര അധ്യാപകനെന്ന നിലയിലും മഹാപണ്ഡിതനായ ഗ്രന്ഥകാരനെന്ന നിലയിലും താരതമ്യമില്ലാത്ത പ്രഭാഷകനെന്ന നിലയിലും ഡോ. രാധാകൃഷ്ണനു ലഭിച്ചിട്ടുള്ള രാജ്യാന്തര ബഹുമതികൾക്കും പുരസ്കാരങ്ങൾക്കും കണക്കില്ല. 1931ൽ തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തെ "നൈറ്റ്ഹുഡ്' നൽകി ആദരിച്ചിരുന്നു. 1954ൽ രാഷ്ട്രപതി അദ്ദേഹത്തിനു "ഭാരതരത്ന' ബഹുമതി സമ്മാനിച്ചിരുന്നു. 1963ൽ ബ്രിട്ടീഷ് രാജ്ഞി "റോയൽ ഓർഡർ ഓഫ് മെരിറ്റ്' നൽകിയും ആദരിച്ചു.
മദ്രാസ് പ്രസിഡൻസി കോളജിൽ തത്വശാസ്ത്ര പ്രഫസറായിരിക്കെ, കോഴ്സ് പൂർത്തിയാക്കി മടങ്ങുംമുന്പ് അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയെത്തിയ ശിഷ്യരോട് ഡോ. രാധാകൃഷ്ണൻ പറഞ്ഞത്, “I wish you enough of success to keep you going, and enough of failure to keep you humble” എന്നായിരുന്നു. നിങ്ങൾക്കു ജീവിതത്തിൽ മുന്നോട്ടു പോകാനാവശ്യമായത്ര വിജയവും വിനയത്തോടെ നിൽക്കാനാവശ്യമായത്ര പരാജയവും ഉണ്ടാകട്ടെ എന്ന്.
1937ൽ അമേരിക്കയിലെ നോട്ടർഡാം യൂണിവേഴ്സിറ്റിയിൽ പ്രഭാഷണത്തിനു ചെന്ന ഡോ. രാധാകൃഷ്ണനോട് പ്രസംഗത്തിനു ശേഷം ഒരു വിദ്യാർഥിനിയാണ് ചോദിച്ചത്, “സർ, അങ്ങ് പ്രഫസറും യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമൊക്കെയായിരുന്നല്ലോ. ലോകത്തിൽ ഏറ്റവും പ്രയാസകരമായ ജോലി എന്താണെന്നാണ് അങ്ങു കരുതുന്നത്?” ഒരു നിമിഷമേ എടുത്തുള്ളൂ മറുപടിക്ക്. “ടു ടീച്ച് എ ടീച്ചർ” അതായിരുന്നു സർവ അധ്യാപകർക്കും മഹോപാധ്യായനായിരുന്ന ഡോ. രാധാകൃഷ്ണൻ.
“ഒരു രാഷ്ട്രത്തിനും ആ രാജ്യത്തെ അധ്യാപകരുടെ നിലവാരത്തിനപ്പുറത്തേക്കു പോകാൻ കഴിയില്ല” എന്നു പറഞ്ഞതും സർവാദരണീയനായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ തന്നെ!