സംസ്ഥാന ഭരണം വനംവകുപ്പിന് തീറെഴുതിയോ?
ജെയിസ് വാട്ടപ്പിള്ളിൽ
Wednesday, April 16, 2025 1:15 AM IST
വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടി കഴിയുന്പോൾ അവരുടെ നെഞ്ചിൽ ചവിട്ടി നിന്നു ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായി പെരുമാറുകയാണ് വനംവകുപ്പധികൃതർ. പതിറ്റാണ്ടുകളായി കർഷകർ കൈവശം വച്ചനുഭവിക്കുന്ന ഭൂമിയിൽ കടന്നുകയറി അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന വനംവകുപ്പ് അധികൃതർ ഏറ്റവുമൊടുവിൽ തൊമ്മൻകുത്തിൽ കുരിശ് പിഴുതെറിഞ്ഞാണ് കാടത്തം വെളിപ്പെടുത്തിയത്.
ആറു പതിറ്റാണ്ടായി കൈവശാവകാശമുള്ളതും ഇഎംഎസ് ഭവനപദ്ധതിയിൽ ഉൾപ്പെടെയുള്ള ഭവനങ്ങൾ നിർമിച്ചിരിക്കുന്നതുമായ പ്രദേശത്ത് വനംവകുപ്പിന്റെ ജണ്ടയ്ക്കുപുറത്ത് സ്ഥാപിച്ചിരുന്ന കുരിശാണ് ക്രൈസ്തവ വിശ്വാസത്തെയും മതവികാരത്തെയും വ്രണപ്പെടുത്തി ജെസിബി ഉപയോഗിച്ച് പിഴുതെറിഞ്ഞത്. ഇടുക്കിയിലെയും സംസ്ഥാനത്തെയും വനമേഖലയോടു ചേർന്ന് മണ്ണിൽ പൊന്നു വിളയിച്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന കർഷകരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വനംവകുപ്പ് മാറുന്പോൾ അവരെ നിലയ്ക്കുനിർത്താൻ സംസ്ഥാന സർക്കാരിന് ആർജവവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണമെന്നാണ് ജനങ്ങളുടെ നിലപാടെന്നും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദീപികയോട് പറഞ്ഞു.
വനംവകുപ്പിന്റെ നീക്കം ജനങ്ങൾക്കെതിരോ?
മനഃസാക്ഷി അല്പംപോലും ഇല്ലാതെ പെരുമാറുന്ന വനംവകുപ്പധികൃതരുടെ നിലപാടുകൾ സംസ്ഥാനത്തെ ജനങ്ങൾക്കും കർഷകർക്കും വെല്ലുവിളിയായി മാറുകയാണ്. കേരളത്തിലെ കാർഷികമേഖല തകർന്നടിയാൻ പ്രധാന കാരണം വനംവകുപ്പിന്റെ നിലപാടുകളാണ്. കൃഷിയും ഭൂമിയും ഉപേക്ഷിച്ച് വനാതിർത്തി മേഖലകളിൽ താമസിക്കുന്ന ജനങ്ങൾ പലായനം ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതിനു പകരം പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് അവരുടേത്.
ജണ്ടയ്ക്കു പുറത്തും കടന്നുകയറ്റം നടക്കുന്നുണ്ടോ?
റവന്യു വനംവകുപ്പധികൃതർ ചേർന്ന് ജോയിന്റ് വെരിഫിക്കേഷൻ നടത്തി ജണ്ട സ്ഥാപിച്ച സ്ഥലത്തിനു പുറത്ത് വനംവകുപ്പിന് ഒരവകാശവുമില്ല. എന്നാൽ, ഇവിടേക്ക് കടന്നുകയറി ഈ സ്ഥലവും വനമാക്കി മാറ്റാനുള്ള ഗൂഢശ്രമമാണ് വനംവകുപ്പ് നടത്തുന്നത്.
തൊമ്മൻകുത്തിൽ സംഭവിച്ചതെന്താണ് ?
വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്ക് 750 മീറ്റർ അകലെ ആറു പതിറ്റാണ്ടായി കൈവശാവകാശമുള്ള സ്ഥലത്ത് തൊമ്മൻകുത്ത് ഇടവകസമൂഹം അടുത്തിടെ സ്ഥാപിച്ച കുരിശാണ് മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് ക്രൈസ്തവവിശ്വാസത്തെ അവഹേളിച്ച് വനംവകുപ്പ് അധികൃതർ ജെസിബി ഉപയോഗിച്ച് പിഴുതെറിഞ്ഞത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ശക്തമായ പ്രതിഷേധം അധികൃതരെ അറിയിക്കുന്നു. കുരിശ് സ്ഥാപിച്ച സ്ഥലം വനഭൂമിയാണെന്നു തെളിയിക്കാത്തിടത്തോളം കാലം ഇവിടെ സ്ഥാപിച്ച കുരിശ് പുനഃസ്ഥാപിച്ചേ മതിയാകൂ. ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകും.
കുരിശ് പിഴുതെറിഞ്ഞത് മനഃപൂർവമോ?
ക്രൈസതവർക്ക് കുരിശ് രക്ഷയുടെ അടയാളമാണ്. വിശുദ്ധ വാരത്തിലേക്ക് ക്രൈസ്തവർ പ്രവേശിക്കുന്ന വേളയിൽ കുരിശ് പിഴുതെറിഞ്ഞ സംഭവത്തിനു പിന്നിൽ അവഹേളനമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വനംവകുപ്പിന്റെ സ്ഥലമാണെങ്കിൽ കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഒരുനിമിഷം വൈകാതെ ഭക്തിപൂർവം കുരിശ് പള്ളിയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമായിരുന്നു. എന്നാൽ, വനംവകുപ്പിന്റെ സ്ഥലം അല്ലാതിരിക്കെ അതിക്രമം കാണിച്ചത് ക്രൂരവും അതിനിന്ദ്യവുമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണം.
ജോയിന്റ് വെരിഫിക്കേഷൻ അനിവാര്യമല്ലേ?
സംസ്ഥാനത്ത് പലയിടങ്ങളിലും ജോയിന്റ് വെരിഫിക്കേഷൻ പൂർത്തീകരിച്ചിട്ടില്ല. ഇതാണ് പലപ്പോഴും വനംവകുപ്പും കർഷകരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം. ജോയിന്റ് വെരിഫിക്കേഷൻ അടിയന്തരമായി നടത്തുകയും വനഭൂമിയും കൃഷിഭൂമിയും വേർതിരിക്കുകയും വേണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. വനവിസ്തൃതി വർധിപ്പിക്കാനുള്ള രഹസ്യ അജൻഡയുടെ ഭാഗമായാണോ ഇതു നടത്താത്തതെന്നും സംശയിക്കുന്നു. ജനങ്ങളെ വനാതിർത്തി മേഖലകളിൽനിന്ന് ഒഴിവാക്കാനാണ് ശ്രമമെന്നു വേണം കരുതാൻ. വെരിഫിക്കേഷൻ നടത്തിയ സ്ഥലങ്ങളിൽ മുഴുവൻ ആളുകൾക്കും അടിയന്തരമായി പട്ടയം നൽകണം. പട്ടയം ലഭിക്കാത്തതുമൂലം സാധാരണക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ അധികൃതർ കണ്ണുതുറന്നേ മതിയാകൂ.
കർഷകരെ പടിപടിയായി കുടിയിറക്കുകയാണോ ലക്ഷ്യം?
വനംവകുപ്പിന്റെ സമീപനം ഇതു ശരിവയ്ക്കുന്ന തരത്തിലാണ്. വനവും വന്യജീവി സംരക്ഷണവുമാണ് വനംവകുപ്പിന്റ ജോലി. എന്നാൽ, വനംവകുപ്പ് ഇവിടെ അമിതാധികാരം കൈയാളുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ വനംവകുപ്പിനെ സർക്കാർ ഭരിക്കുന്പോൾ ഇവിടെ വനംവകുപ്പ് സർക്കാരിനെ ഭരിക്കുന്ന സ്ഥിതിയാണ്. വനാതിർത്തി മേഖലകളിലുള്ളവർക്ക് നീതിയോടും ന്യായത്തോടും കൂടി ജീവിക്കാനാവുന്നില്ല. ആർക്കെതിരേയും എപ്പോൾ വേണമെങ്കിലും കേസെടുക്കാൻ അധികാരം നൽകിയിരിക്കുകയാണ്. നിരപരാധികളെ കേസിൽ കുടുക്കുന്നതും പതിവ് സംഭവമായിട്ടുണ്ട്.
കർഷകപക്ഷത്തു നിൽക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് വിമുഖതയോ?
കാർബണ് ഫണ്ടിന്റെ ദുർഭൂതം രാഷ്ട്രീയ പാർട്ടികളെയും കർഷകരുടെ പക്ഷത്തുനിന്നു പോരാടുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ ഇടയാക്കുന്നുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിരലിലെണ്ണാവുന്ന രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് കർഷകർക്കുവേണ്ടി വായ തുറക്കുന്നത്. കാർബണ് ഫണ്ട് ലഭിക്കുന്നുണ്ടെങ്കിൽ അതിന്റെ ഗുണം പരിസ്ഥിതിയെ സംരക്ഷിക്കുന്ന കർഷകർക്കാണുണ്ടാകേണ്ടത്.
വനംവകുപ്പിനെ നിയന്ത്രിക്കുന്നതു ബാഹ്യശക്തികളാണെന്നാണോ?
വനംവകുപ്പിനുമേൽ ബാഹ്യശക്തികളുടെ സമ്മർദം ഉണ്ടെന്നാണ് മനസിലാക്കാനാവുന്നത്. ഡൽഹി, മുംബൈ, ഗോവ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില കടലാസ് പരിസ്ഥിതി സംഘടനകളുടെ ഇടപെടൽ പ്രശ്നം വഷളാക്കുന്നുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അതു തള്ളിക്കളയാനാവില്ല. ജനങ്ങളുടെ പ്രശ്നങ്ങളും നൊന്പരങ്ങളും അറിയണമെങ്കിൽ താഴേക്കിറങ്ങണം. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്കേ അവരുടെ നൊന്പരം കാണാനാകൂ.
വന്യജീവി ആക്രമണം തുടരുന്പോൾ അധികൃതർ നിഷ്ക്രിയരോ?
കോവിഡ് കാലയളവിൽ മരണമടഞ്ഞവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതുപോലെയാണ് ഇപ്പോൾ വന്യജീവി ആക്രമണം മൂലം മരിക്കുന്നവരുടെ കണക്കെടുപ്പ് നടത്തുന്നത്. കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകൽ മാത്രമായി മാറുകയാണ്. ഇതല്ല സർക്കാരിന്റെ ജോലി. ഓരോ ജീവനും വിലപ്പെട്ടതാണ്. ഇതു സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ല. ഇതാണ് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതിനു കാരണം. വന്യജീവികളെ സംരക്ഷിക്കേണ്ടവർ ഇതിനു പകരം ജനങ്ങളെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ വനംവകുപ്പിന് അമിതാധികാരം നൽകിയിരിക്കുന്നതു മൂലം ജനങ്ങൾക്ക് ഇവിടെ ജീവിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾ ഇന്ന് ഏറെ ഭയപ്പാടിലാണ്. പല ഉദ്യോഗസ്ഥരും കാടന്മാരെപ്പോലെയാണ് പെരുമാറുന്നത്. ആരെയും എപ്പോൾ വേണമെങ്കിലും കള്ളക്കേസിൽ കുടുക്കാമെന്നതാണ് നിലവിലെ സ്ഥിതി. സർക്കാരിനു മുകളിൽ വനംവകുപ്പ് ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.
വന്യജീവി ആക്രമണം എങ്ങനെ കുറയ്ക്കാനാകും?
വന്യജീവികളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ഇതിനു പോംവഴി. വികസിതരാജ്യങ്ങളിൽ ചെയ്യുന്നതുപോലെയുള്ള നല്ല കാര്യങ്ങൾ ഇവിടെയും സ്വീകരിക്കണം. എണ്ണം വർധിക്കുന്നതനുസരിച്ച് ഇവയെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകൂ. വന്യമൃഗങ്ങളെ വനത്തിൽതന്നെ നിലനിർത്താൻ കഴിയണം. അവ നാട്ടിലിറങ്ങാതെ നോക്കേണ്ട ഉത്തരവാദിത്വം വനംവകുപ്പിനാണ്.
ആലുവ-മൂന്നാർ രാജപാതയുടെ പ്രാധാന്യം?
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ റോഡ് പിഡബ്ല്യുഡിയുടെ ഉടമസ്ഥതയിലുള്ളതും വനംവകുപ്പിന് യാതൊരു അവകാശവുമില്ലാത്തതുമാണ്. ഘട്ടംഘട്ടമായി പാതയുടെ അവകാശം ഇവർ കൈക്കലാക്കുകയായിരുന്നു. രാജപാതയ്ക്ക് കോതമംഗലത്തുനിന്ന് 60 കിലോമീറ്റർ മാത്രമാണ് മൂന്നാറിലേക്കുള്ളത്. മാങ്കുളം, ആനക്കുളം ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ കോതമംഗലം മേഖലയിലേക്ക് എത്താനും കുട്ടന്പുഴ, പൂയംകുട്ടി, മാങ്കുളം, ആനക്കുളം പ്രദേശത്തിന്റെ സമഗ്രവികസനത്തിനും പാത ഉപകരിക്കും. ഈ റോഡ് തുറന്നുകിട്ടേണ്ടത് ജനങ്ങളുടെ അവകാശമാണ്. ഇതിനായി എല്ലാ ശ്രമവും നടത്തും.
ജനങ്ങളുടെയും നാടിന്റെയും നന്മ ലക്ഷ്യം വച്ചാകണം വനംവകുപ്പിന്റെ പ്രവർത്തനം. ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്. ഇതിനു വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ക്രിയാത്മകമായ ഇടപെടൽ നടത്തണം. നിയമങ്ങൾ ജനങ്ങൾക്കുവേണ്ടിയാകണം. മൃഗങ്ങൾക്കുവേണ്ടിയാകരുത്. വന്യജീവികളെ സംരക്ഷിക്കാൻ ജനങ്ങളെ പീഡിപ്പിക്കരുത്. കർഷകന്റെ കണ്ണീർ വീഴാതിരിക്കാൻ സർക്കാർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം.