സിൽക്ക് റൂട്ടും സൂയസ് കനാലും
റ്റോം മാത്യു കായിത്ര
Monday, April 14, 2025 12:28 AM IST
സിൽക്ക് റോഡ്/സിൽക്ക് റൂട്ട് (പട്ടുതുണിപ്പാത) കച്ചവടത്തിനായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ റോഡുകളുടെ ഒരു ശൃംഖല ചൈനയിൽനിന്നു വളർന്നുവന്നതാണ്. കാലക്രമേണ ഈ റോഡുകൾ ചൈനയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ഇറേനിയൻ സമതലം, കൊക്കേഷ്യൻ നാടുകൾ, തുർക്കി, വടക്കൻ ആഫ്രിക്ക, റഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്കും നൂറ്റാണ്ടുകൾകൊണ്ട് വളർന്നുപന്തലിച്ചു. സിൽക്ക് പാത എന്നു പേര് വരാൻ കാരണം അന്നു പ്രസിദ്ധമായിരുന്ന ചൈനീസ് സിൽക്ക് വസ്ത്രങ്ങൾ കച്ചവടം ചെയ്തിരുന്നത് ഈ പാതകളിൽക്കൂടി ആയതിനാലാണ്.
കരമാർഗമുള്ള റോഡുകൾ വികസിച്ചതുപോലെ കപ്പൽയാത്രകളും ഇതിനോടുചേർന്ന് വളർന്നുകൊണ്ടിരുന്നു. ആദ്യകാലങ്ങളിൽ കടൽയാത്രകൾ അപകടങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ, മധ്യകാലത്തോടുകൂടി സാങ്കേതികവിദ്യയുടെ വളർച്ചയും കപ്പൽ നിർമാണത്തിലുള്ള മികവും തുറമുഖങ്ങളുടെ വളർച്ചയും കപ്പൽ യാത്രകളെ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കി.
അങ്ങനെ കടൽ സിൽക്ക് റൂട്ടും വളർച്ച പ്രാപിച്ചു. സിൽക്ക് റൂട്ടുകൾ ചില ഇടത്താവളങ്ങൾ സൃഷ്ടിച്ചു. അവിടെ കച്ചവടക്കാർ സത്രങ്ങളിൽ താമസിച്ച് തുടർയാത്രയ്ക്കുള്ള സാധനങ്ങൾ നിറച്ച്, ചില സാധനങ്ങൾ അവിടെ വിറ്റ്, ചില പ്രാദേശിക സാധനങ്ങൾ വാങ്ങി അങ്ങനെ ആ സ്ഥലങ്ങൾ വളരുകയും കച്ചവടക്കാരുടെ ലാഭം ഉയരുകയും ചെയ്തു. ഈ പ്രക്രിയ പല സ്ഥലങ്ങളുടെയും വളർച്ചയ്ക്കു കാരണമായി.
തുടക്കം നയതന്ത്രലക്ഷ്യത്തോടെ
സിൽക്ക് റോഡിന് കച്ചവടപ്രാധാന്യമാണു കൊടുക്കുന്നതെങ്കിലും ഇതിന്റെ തുടക്കം നയതന്ത്രലക്ഷ്യത്തോടെയായിരുന്നു. ബിസി രണ്ടാം നൂറ്റാണ്ടിൽ ചൈനയിൽ ഹാൻ രാജവംശം ഭരിച്ചുകൊണ്ടിരിക്കുന്പോഴാണ് ബിസി 130ൽ ഈ റോഡുകളുടെ തുടക്കമെന്ന് കരുതപ്പെടുന്നു. ഹാൻ ചക്രവർത്തിയായിരുന്ന വുഡി അദ്ദേഹത്തിന്റെ ശത്രുരാജ്യമായിരുന്ന സിംഗ്നു രാജ്യത്തിലേക്ക് സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ ജനറൽ ങ്സാങ്ങ് ഖുയാനെ അയയ്ക്കുന്നു. എന്നാൽ, ങ്സാങ്ങ് ഖുയാൻ അവിടെ തടവിലാക്കപ്പെടുന്നു.
13 വർഷങ്ങൾക്കുശേഷം അദ്ദേഹം തടവുചാടി ചൈനയിൽ തിരിച്ചെത്തി. ഈ അനുഭവം ചക്രവർത്തിയെ സൗഹൃദമുള്ള രാജ്യങ്ങളിലേക്ക് ഖുയാനെ അയയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഈ നയതന്ത്ര റോഡുകളിലൂടെയാണ് സിൽക്ക് റൂട്ട് രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആദ്യകാലഘട്ടങ്ങളിൽ ഒട്ടകം, കുതിര, കാരവാൻ എന്നിവയായിരുന്നു യാത്രാസൗകര്യങ്ങൾ. സിൽക്ക്, തടി, ലോഹങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഈ റൂട്ടിലൂടെ കച്ചവടം ചെയ്തുപോന്നു. ചൈനയിൽനിന്നു സിൽക്ക്, വെടിമരുന്ന്, പേപ്പർ എന്നിവയും ഇന്ത്യയിൽനിന്നു പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കച്ചവടം ചെയ്തിരുന്നു.
ബിസി 2700 മുതൽ സിൽക്ക് തുണിത്തരങ്ങൾ ഉണ്ടാക്കാനുള്ള അറിവ് ചൈനയിൽ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ, ഈ വസ്ത്രങ്ങളുടെ ഉപയോഗം രാജകുടുംബങ്ങൾക്കു മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബിസി മൂന്നാം നൂറ്റാണ്ടിലുള്ള ശവകുടീരങ്ങളിൽനിന്നു സിൽക്ക് തുണിത്തരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിൽക്കിന്റെ നിർമാണം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നു. അത് മറികടക്കുന്നവരുടെ ശിരഛേദനം ഉറപ്പായിരുന്നു.
ബിസി ഒന്നാം നൂറ്റാണ്ട് മുതൽ സിൽക്ക് റോമാസാമ്രാജ്യത്തിൽ പ്രസിദ്ധി നേടിയിരുന്നു. പിന്നീട് ബൈസന്റൈൻ കാലത്തെ പള്ളികളിൽ അൾത്താരയിലേക്കും തിരുവസ്ത്രങ്ങൾക്കും സിൽക്ക് അനിവാര്യമായി. ഇത് ചൈനീസ് സിൽക്കിന് വലിയ പ്രാധാന്യമുണ്ടാക്കുകയും ആ കാലഘട്ടങ്ങളിൽ സിൽക്ക് റോഡിന്റെ വളർച്ചയ്ക്ക് തുണയാകുകയും ചെയ്തു. സിൽക്കിന്റെ നിർമാണം വലിയ രഹസ്യമാക്കി വച്ചിരുന്നെങ്കിലും കാലക്രമേണ ഈ വിദ്യ മറ്റു രാജ്യങ്ങളിലേക്കും പടർന്നു. എഡി ആറാം നൂറ്റാണ്ടോടുകൂടി ഇതിന്റെ നിർമാണം യൂറോപ്പിലുമെത്തി.
ഏതാണ്ട് 1700 വർഷം വളരെ ശക്തമായി നിലനിന്നിരുന്ന ഈ പാതകൾ 1453ൽ ഒട്ടോമൻ ഭരണകൂടം അടയ്ക്കുന്നതുവരെ സജീവമായിരുന്നു. കച്ചവടം കൂടാതെ മത, രാഷ്ട്രീയ, സാംസ്കാരിക, സാങ്കേതിക, വൈജ്ഞാനിക, സാന്പത്തിക കൈമാറ്റങ്ങളും സിൽക്ക് റൂട്ടുവഴി സാധ്യമായി. ഉസ്മാൻ ഗാസി (1299-1324) ആണ് ഒട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. ഇംഗ്ലീഷുകാരുടെ ഉസ്മാൻ എന്ന വാക്കിന്റെ ഉച്ചാരണ ബുദ്ധിമുട്ടാണ് ഒട്ടോമൻ ആയത്. ഉസ്മാൻ ഗാസിയുടെ പിൻഗാമികൾ സാമ്രാജ്യം വിപുലപ്പെടുത്തി സിൽക്ക് റോഡിന്റെ പടിഞ്ഞാറുഭാഗം ഏതാണ്ട് മുഴുവനായും ഒട്ടോമൻ തുർക്കിയുടെ അധീനതയിലാക്കി. അവർ അതുവഴി കടന്നുപോകുന്ന ചരക്കുകൾക്ക് നികുതി ചുമത്താൻ തുടങ്ങി. കൂടാതെ, വ്യാപാരികളുടെമേൽ മതപരമായ ആചാരങ്ങൾ നിർബന്ധമാക്കി. ഈ വക കാരണങ്ങളാൽ ചരക്കുനീക്കം കുറയുകയും എഡി 1453ൽ തുർക്കികൾ സിൽക്ക് റൂട്ട് അടയ്ക്കുകയും ചെയ്തു. ലോകത്തിന്റെ നാഷണൽ ഹൈവേ അങ്ങനെ അപ്രധാനമായി.
കപ്പൽയാത്രകളും രാജ്യങ്ങളുടെ കണ്ടുപിടിത്തങ്ങളും
സിൽക്ക് റൂട്ട് അടഞ്ഞത് യൂറോപ്പിനെ വളരെ പ്രതികൂലമായി ബാധിച്ചു. മറ്റു രാജ്യങ്ങളിലേക്ക് കടൽയാത്ര ചെയ്യാൻ നിർബന്ധിതരായി. രാജാക്കന്മാർ ഈ യാത്രകളെ പ്രോത്സാഹിപ്പിച്ചു. ഈ കടൽയാത്രകൾ പല രാജ്യങ്ങളും കണ്ടുപിടിക്കാൻ സഹായിച്ചു. അങ്ങനെ ഒരു യാത്രയിലാണ് കൊളംബസ് അമേരിക്കയിലും വാസ്കോ ഡ ഗാമ ഇന്ത്യയിലും എത്തിയത്. ഈ യാത്രകൾ കടൽവഴിയുള്ള ചരക്കുനീക്കം പ്രബലപ്പെടുത്തുകയും സിൽക്ക് റൂട്ട് അപ്രധാനമാക്കുകയും ചെയ്തുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ പ്രധാനമായും നഷ്ടം വന്നത് സിൽക്ക് റൂട്ടിനും അതുമായി ബന്ധപ്പെട്ട രാജ്യങ്ങൾക്കും മാത്രമാണ്.
സൂയസ് കനാലും സിൽക്ക് റൂട്ടും
കപ്പൽവഴിയുള്ള ചരക്കുനീക്കത്തിൽ സൂയസ് കനാലും പനാമ കനാലും ഇന്ന് ലോകത്ത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഇന്ന് സൂയസ് കനാലിലൂടെ പോകുന്ന കപ്പലുകൾ സായുധ ഭീഷണി നേരിടുന്നു. ഇതു കപ്പൽ കന്പനികൾക്ക് ഭാരിച്ച ധനനഷ്ടം ഉണ്ടാക്കുന്നുണ്ട്. ആളപായവും വിരളമല്ല. ചില കന്പനികൾ ആഫ്രിക്ക ചുറ്റി പഴയതുപോലെ കപ്പലുകളെ വിടാൻ തുടങ്ങിക്കഴിഞ്ഞു.
ലോകം തീർച്ചയായും മറ്റു മാർഗങ്ങൾ കണ്ടുപിടിച്ചിരിക്കും. 2017ൽ ചൈന ബീജിംഗിൽനിന്നു ലണ്ടൻ വരെയുള്ള തീവണ്ടിപ്പാതയ്ക്കു തുടക്കമിട്ടു. 7,500 മൈൽ ഉണ്ടെങ്കിലും കേവലം 18 ദിവസം മാത്രം എടുക്കുന്ന ഈ ചരക്കുനീക്കത്തിന് മാസങ്ങൾ എടുക്കുന്ന കപ്പൽയാത്രയേക്കാളും വളരെ ചെലവേറിയ വിമാനമാർഗത്തേക്കാളും എന്തുകൊണ്ടും കച്ചവടക്കാർക്ക് കൂടുതൽ താത്പര്യമുണ്ടായിരിക്കുമെന്ന് ചൈന കണക്കുകൂട്ടുന്നു. ഇതുപോലെയുള്ള പല പദ്ധതിളും ഭാവിയിൽ വരാതിരിക്കില്ല.
കാരണം എന്താണെങ്കിലും ഇത്തരം സായുധ പ്രതിഷേധങ്ങൾ സൂയസ് കനാലിനെ അവതാളത്തിലാക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കനാലുമായി ബന്ധപ്പെട്ട് തൊഴിൽപരമായും സാന്പത്തികമായും പ്രയോജനം കിട്ടുന്ന രാജ്യങ്ങൾക്കു (പ്രത്യേകിച്ചും ഈജിപ്ത്) മാത്രമായിരിക്കും നഷ്ടം. ലോകത്തെ സംബന്ധിച്ച് ഒരു വ്യത്യാസവും അനുഭവപ്പെടുകയില്ല. സിൽക്ക് റൂട്ട് നമ്മുടെ മുന്പിൽ ഒരു വലിയ ഉദാഹരണമായി ഇന്നും നിലകൊള്ളുന്നുണ്ടല്ലോ.