വെള്ളാപ്പള്ളി ലക്ഷ്യം വയ്ക്കുന്നത്
അനന്തപുരി /ദ്വിജൻ
Saturday, April 12, 2025 11:14 PM IST
എസ്എൻഡിപി യോഗം നിലന്പൂർ യൂണിയന്റെ 13-ാമത് ശ്രീനാരായണ കണ്വൻഷൻ ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗം ചാനലുകാരും മാധ്യമപ്രവർത്തകരും ചേർന്ന് സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തേക്കാൾ വലിയ ഒന്നാക്കി മാറ്റുകയാണ്. മുസ്ലിം പത്രക്കാർ വിദ്വേഷപ്രസംഗം എന്നു ബ്രാൻഡ് ചെയ്യുന്ന വെള്ളാപ്പള്ളിയുടെ പ്രസംഗത്തിൽ ഉയർത്തപ്പെട്ട നിരീക്ഷണങ്ങൾ തെറ്റാണെന്ന നിലപാട് പരസ്യമായി കൈക്കൊണ്ടാണ് മിക്കവാറും ചാനലുകൾ അന്തിച്ചർച്ചകളിലൂടെ അദ്ദേഹം പറഞ്ഞ വിഷയങ്ങളെ സജീവമാക്കി നിർത്തുന്നത് എന്നതാണു കൗതുകകരം.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണ് എന്നതാണ് വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ ഏറ്റവും ഗുരുതരമായ ആരോപണം. “ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണിത്. ഇവിടെ ഈഴവർ ഭയന്നാണു ജീവിക്കുന്നത്. സ്വതന്ത്രമായ വായു ശ്വസിക്കാൻപോലും സാധിക്കില്ല. ഈഴവർ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രം...” -അദ്ദേഹം ഉന്നയിച്ചത് പേടിപ്പെടുത്തുന്ന ആരോപണങ്ങളാണ്. സംഭവം വിവാദമായതോടെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി പത്രസമ്മേളനം വിളിച്ചു.ചുങ്കത്തറയിൽ പറഞ്ഞതിൽ ഒരുവാക്കുപോലും മാറ്റാനില്ലെന്ന് ആവർത്തിച്ചു.
നാഴികയ്ക്കു നാല്പതു വട്ടം മതേതരത്വം പറയുന്ന ലീഗുകാർ യഥാർഥത്തിൽ വർഗീയവാദികളാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “മലപ്പുറത്ത് സാമൂഹികനീതിയില്ല, ഈഴവ സമുദായം അവിടെ അടിമകളാണ്. ഒരു ശ്മശാനം പോലുമില്ല. മലപ്പുറത്ത് മുസ്ലിംകൾ 56 ശതമാനമുണ്ട്. മറ്റുള്ളവർ 44 ശതമാനമാണ്. അവരെ അടിച്ചമർത്തുന്പോൾ ജാതിചിന്ത വളരും”- വെള്ളാപ്പള്ളി പറഞ്ഞു. “നീതി ജനസംഖ്യാനുപാതികമായി നടപ്പാക്കണം. മലപ്പുറത്ത് അഞ്ചു നിയമസഭാ മണ്ഡലത്തിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. അവിടെ മതേതരകക്ഷിയായ ലീഗിന് ഹിന്ദുസ്ഥാനാർഥിയെ നിർത്തരുതോ?” -വെള്ളാപ്പള്ളി കരുതിവച്ചിരുന്ന ആ വലിയ ബോംബും കണിച്ചുകുളങ്ങരയിൽ പൊട്ടിച്ചു. “കോണ്ഗ്രസ് നേതാക്കൾ ലീഗിന്റെ തടവറയിലാണ്. ജനാധിപത്യമുന്നണിക്ക് ഒപ്പം നിൽക്കുന്ന പലർക്കുമുള്ള സങ്കടമാണിത്.”
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂചനകൾ
ലീഗ് അധികാരത്തിലുള്ളപ്പോൾ അവരുടെ സമുദായത്തിനുവേണ്ടി അവർക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലടക്കം എല്ലാ തീരുമാനങ്ങളിലും ഈ സാമുദായികചിന്ത പുലർത്തും. എത്രയോ കാലമായി ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ വിദ്യാഭ്യാസവും വ്യവസായവും ലീഗിനാണ്. അവരുടെ സമുദായത്തിലെ ചില പ്രമാണിമാരുടെ താത്പര്യങ്ങളാകും സംരക്ഷിക്കപ്പെടുക. ആരും ചോദിക്കില്ല. അത്തരമൊരു നിയന്ത്രണത്തിനു നോക്കിയപ്പോഴാണ് സാക്ഷാൽ എ.കെ. ആന്റണിക്ക് 2005ൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ഒന്നും കാണാതെയല്ല വെള്ളാപ്പള്ളി വായ് തുറന്നത് എന്നതാണു വാസ്തവം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറവും മുസ്ലിം പ്രീണനവും വിഷയമാക്കപ്പെടുന്നതിനുള്ള സൂചനകളാണു വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം നൽകുന്നത്. മുസ്ലിം ലീഗ് പ്രബല കക്ഷിയായുള്ള ജനാധിപത്യമുന്നണിക്ക് കൂടുതൽ തലവേദനയുണ്ടാക്കും വിധം കാര്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള നീക്കം നടക്കുന്നു എന്നു വേണം കരുതാൻ.
മലപ്പുറത്തിനെതിരേ ആദ്യം പറഞ്ഞത് പിണറായി
മലപ്പുറത്തിനെതിരേ ആദ്യം പറഞ്ഞത് വെള്ളാപ്പള്ളിയല്ല. സാക്ഷാൽ പിണറായി വിജയനാണ്. 2024 സെപ്റ്റംബർ 21ന് തലസ്ഥാനത്ത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ അവിടെ നടക്കുന്ന സ്വർണ കള്ളക്കടത്തിന്റെയും ഹവാല പണമിടപാടിന്റെയും ഞെട്ടിക്കുന്ന കണക്കുകളാണ് മുഖ്യമന്ത്രി ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടത്.
നാലു വർഷത്തിനിടെ കേരള പോലീസ് മലപ്പുറത്തു പിടിച്ചത് 122.5 കോടി രൂപയുടെ ഹവാലപ്പണവും 147.79 കിലോ സ്വർണവുമാണെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തി. 2022ൽ 98 കേസുകളിലായി 79.9 കിലോ സ്വർണവും 2023ൽ 61 കേസുകളിലായി 48.7 കിലോ സ്വർണവും 2024ൽ 26 കേസുകളിലായി 18.1 കിലോ സ്വർണവും പോലീസ് പിടിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു കസ്റ്റംസ് കടന്പ കടന്നുവന്നതാണ് ഈ പണവും സ്വർണവും. മലപ്പുറം ജില്ലയിൽനിന്നു മാത്രം പിടിച്ചത് 124.47 കിലോ സ്വർണം. 2020 മുതൽ സംസ്ഥാനത്ത് 122.5 കോടി രൂപയുടെ ഹവാലപ്പണം പിടിച്ചു. അതിൽ 87.22 കോടിയുടെ പണം മലപ്പുറത്തുനിന്നാണ് പിടിച്ചത് - മുഖ്യമന്ത്രി വെളിപ്പെടുത്തി.
മൂന്നാമൂഴവും ബേബിയുടെ കാലവും
മധുരയിൽ നടന്ന സിപിഎം 24-ാം പാർട്ടി കോണ്ഗ്രസ് മലയാളിയായ മരിയൻ അലക്സാണ്ടർ ബേബിയെ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സീതാറാം യെച്ചൂരി മരിക്കുന്പോൾ ബേബി തലപ്പത്തേക്കു വരുമെന്നു കരുതിയിരുന്നവരെ അന്പരപ്പിച്ചുകൊണ്ട് പ്രകാശ് കാരാട്ടിന് താത്കാലിക ചുമതല കൊടുക്കുകയായിരുന്നു. കേരള ഘടകത്തിന്റെ ആത്മാർഥമായ പിന്തുണ ലഭിക്കാതിരുന്നതാണ് ബേബിക്കു തടസമായത്. അവസാനം ബേബിയെ ചുമതല ഏൽപ്പിക്കാൻ അവർ നിർബന്ധിതരായി. അങ്ങനെയാണ് ബേബി തലപ്പത്തു വരുന്നത്.
ദേശീയതലത്തിൽ അറിയപ്പെടുന്നയാളാണെങ്കിലും കേരളത്തിലെ പാർട്ടിയിൽ ഈ കൊല്ലം സ്വദേശിക്ക് അത്ര പിന്തുണയില്ല. അതുകൊണ്ട് പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും ശേഷം 2012ലാണ് പോളിറ്റ് ബ്യൂറോയിൽ അംഗമാകുന്നത്. ഇനിയുള്ളത് ബേബിയുടെ നാളുകളാണ്. പ്രായപരിധിയുടെ നിയമത്തിൽ ഇളവു കിട്ടി തലപ്പത്തു നിൽക്കുന്ന പിണറായി വിജയൻ എത്ര കാലംകൂടി കാണും എന്നതിനെ ആശ്രയിച്ചാകും ബേബിയുടെ ദിനങ്ങൾ പൂർണമായും ചിറകു വിടർത്തുക. കേരളത്തിൽ ഇടതുമുന്നണിക്ക് മൂന്നാമൂഴം കിട്ടാതെ വന്നാൽ പാർട്ടി നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവുകൾക്കുപോലും ബേബി വല്ലാതെ വിയർപ്പൊഴുക്കേണ്ടിവരും.
ഇന്ത്യയിലാകമാനം തകർന്ന പാർട്ടിക്കു പിടിച്ചുനിൽക്കണമെങ്കിൽ കേരളത്തിൽ തുടർഭരണം വേണമെന്നു മധുര കോണ്ഗ്രസ് തീരുമാനിക്കുകയും അതിനുള്ള പടനായകനായി പിണറായി വിജയനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പിണറായിയാകും അടുത്ത പോരാട്ടത്തിലെ പടനായകൻ എന്നല്ലാതെ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തിയാലുള്ള മുഖ്യമന്ത്രി എന്നു തീരുമാനിച്ചിട്ടില്ലെന്ന് ദേശീയ സെക്രട്ടറി എന്ന നിലയിൽ ബേബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, താൻ ചെയ്യുന്ന പണിയുടെ കൂലി തനിക്കുതന്നെ വാങ്ങാൻ കഴിവുള്ളവനാണു പിണറായി; അതുണ്ടാകുകയും ചെയ്യും.
പിണറായിക്കു വിധേയനായ സെക്രട്ടറി ആയിരിക്കുമോ എന്ന ചോദ്യത്തിന്, ആരും പാർട്ടിക്ക് അതീതരല്ലെന്ന് ബേബി പറഞ്ഞു. ഇഎംഎസിനെതിരേ പോലും നടപടിയെടുത്തിട്ടുണ്ട്. പിണറായിക്ക് എതിരേയുമുണ്ട് -ബേബി ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പു നീക്കങ്ങളിൽ ദേശീയ സെക്രട്ടറി കൈകടത്തുമോയെന്നു കണ്ടറിയണം. യെച്ചൂരിയല്ല ബേബി. ബേബിക്കും കേരളത്തിൽ താത്പര്യങ്ങളുണ്ട്. 2016ൽ കോണ്ഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയോടു കാണിച്ച സമീപനം സിപിഎം പിണറായിയോടു കാണിച്ചാൽ ഉമ്മൻ ചാണ്ടിക്കുണ്ടായ അനുഭവം ആവർത്തിക്കും. ഓരോ സ്ഥാനത്തും എത്തുന്നവർ അവരുടെ പ്രവർത്തനംകൊണ്ടു ജനമനസിൽ ഇടം നേടും -ബേബി പറഞ്ഞു. ഗൗരിയമ്മ കേന്ദ്ര കമ്മിറ്റിയിൽപോലും വന്നിട്ടില്ല- അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ്, പ്രളയകാല പ്രവർത്തനങ്ങൾ പിണറായിയെ കേരളത്തിലെ കാരണവരാക്കി. അതു ജനം മറക്കില്ല- ബേബി പറഞ്ഞു.
കേരളത്തിൽ തുടർഭരണം കിട്ടുമോയെന്നു തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്നാണ് ബേബി പറയുന്നത്. കണ്ണടച്ചു വിശ്വസിക്കാനാകാത്ത ഒരു നിഗമനമാണത്. 1991ൽ ജില്ലാ കൗണ്സിൽ തെരഞ്ഞടുപ്പ് വിജയം കൊടുത്ത ആവേശത്തിൽ ഒരുവർഷം കൂടി കാലാവധി ബാക്കിയുണ്ടായിരുന്ന നായനാർ സർക്കാർ രാജിവച്ച് തെരഞ്ഞെടുപ്പിനു പോയി; തോറ്റു തൊപ്പിയിട്ടു.
സംഘടനാക്കരുത്ത് വീണ്ടെടുക്കലാണു തന്റെ ഒന്നാമത്തെ ലക്ഷ്യമെന്നാണ് ബേബി വ്യക്തമാക്കുന്നത്. ബിജെപിയിലേക്ക് കോണ്ഗ്രസുകാർ മാത്രമല്ല സിപിഎമ്മിൽനിന്നും ഒഴുക്കുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. ബിജെപിയിൽ ചേരുന്നത് മോശമാണെന്ന പൊതുബോധം ഒരിക്കൽ കേരളത്തിൽ ഉണ്ടായിരുന്നു.
ഇന്നതല്ല സ്ഥിതി. ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് എന്ന ചിന്ത ശക്തമാകുന്നു. അധികാരത്തെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ സാധൂകരണ പ്രതിഭാസം കേരളത്തിലുമുണ്ട്. പാത്തും പതുങ്ങിയും സഹകരിച്ചവർ ഇന്ന് പരസ്യമായി രംഗത്തു വരുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രാഞ്ചിയേട്ടന്മാരും ബിജെപിയിലേക്ക് ആകർഷിക്കപ്പെടുന്നു -അദ്ദേഹം പറയുന്നു. ബേബിയുടെ ദിനങ്ങൾ നാടിനു നന്മ വരുത്തട്ടെ.