1927ലെ ചർച്ച് ബില്ലും കത്തോലിക്കാ സഭയും
Friday, April 11, 2025 12:23 AM IST
‘ഓർഗനൈസറി’നു നന്ദി-02 / ഡോ. കെ.എം. ഫ്രാൻസിസ്
പൊതുസമൂഹത്തിൽ പ്രചരിക്കുന്ന ഒരു നുണ 1927ലെ ചർച്ച് ബില്ലിലൂടെ കത്തോലിക്കാ സഭയ്ക്കു നൽകിയ പാട്ടക്കരാർ വസ്തുതകളെക്കുറിച്ചാണ്. 1927ലെ ചർച്ച് ബിൽ ഇന്റർനെറ്റിൽ ലഭ്യമാണ്. ഈ ബിൽ ഭാരതത്തിലെ ആംഗ്ലിക്കൻ സഭയുടെ വസ്തുക്കളെ സംബന്ധിച്ചുള്ളതാണ്.
1927 വരെ ഭാരതത്തിലെ ആംഗ്ലിക്കൻ സഭയുടെ വസ്തുവകകൾ കൈകാര്യം ചെയ്തിരുന്നത് ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭയാണ്. ഈ ബില്ലിലൂടെ ആംഗ്ലിക്കൻ സഭയുടെ വസ്തുവകകൾ ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയുടെ ഭരണത്തിലേക്ക് കൈമാറിയതാണ്. അതിൽനിന്നു കത്തോലിക്കാ സഭയ്ക്ക് യാതൊരു വസ്തുവകകളും ലഭിച്ചിട്ടില്ല. ഈ ബില്ലിൽ ഏതെല്ലാം പള്ളികളും സ്ഥാപനങ്ങളുമാണ് ഭാരതത്തിലെ ആംഗ്ലിക്കൻ സഭയ്ക്ക് നൽകിയതെന്ന വ്യക്തമായ പട്ടികയുണ്ട്.
പ്രസ്തുത വസ്തുവകകൾ 1810 മുതൽ 18 വരെ നിർമിക്കപ്പെട്ട പള്ളികളാണ്. ഈ സ്ഥലങ്ങൾ ബ്രിട്ടീഷ് സർക്കാരിന് സ്വന്തമായതെങ്ങനെയെന്ന ചരിത്രം നാം മറന്നുപോകരുത്. കൊച്ചിയും തിരുവിതാംകൂറും ബ്രിട്ടീഷുകാർ കീഴടക്കിയതല്ല. പ്രസ്തുത പ്രദേശത്തെ രാജാക്കന്മാർ ക്ഷണിച്ചുവരുത്തിയതാണ്. ഫ്രഞ്ച് അധിനിവേശക്കാരുടെ കൂട്ടു പിടിച്ചാണ് ടിപ്പു സുൽത്താൻ കൊച്ചിയും തിരുവിതാംകൂറും ആക്രമിച്ചത്. ഈ ആക്രമണം ടിപ്പുവിന്റെ അനന്തരാവകാശികളിൽനിന്ന് വീണ്ടും ഉണ്ടാകുമെന്നു ഭയന്നിട്ടാണ് കൊച്ചി രാജാവ് ബ്രിട്ടീഷുകാരുമായി കരാർ ഉണ്ടാക്കിയത്. ഇതിന്റെ രേഖകൾ ആർക്കൈവ്സിൽ ലഭ്യമാണ്.
ഇത്തരത്തിൽ ക്ഷണിച്ചുവരുത്തിയപ്പോൾ ബ്രിട്ടീഷ് പട്ടാളക്കാർക്കു താമസിക്കാനും വിശുദ്ധ കുർബാന അർപ്പിക്കാനുമുള്ള പള്ളികളും ഈസ്റ്റ് ഇന്ത്യാ കന്പനി നിർമിച്ചു. ഇന്ന് കന്റോൺമെന്റ് എന്നറിയപ്പെടുന്ന സ്ഥലങ്ങളോടു ചേർന്ന് ഈസ്റ്റ് ഇന്ത്യാ കന്പനി വിലയ്ക്കു വാങ്ങിയതും കരാർ പ്രകാരം സ്വീകരിച്ചതുമായ സ്ഥലങ്ങളിലാണ് പള്ളികൾ പണിതത്. പ്രസ്തുത ലിസ്റ്റിലുള്ള ഒരു സ്ഥാപനമാണ് കണ്ണൂർ പട്ടണത്തിൽ നിലനിൽക്കുന്ന സെന്റ് ജോൺ സിഎസ്ഐ പള്ളി. ഇത് 1810ൽ നിർമിച്ചതാണ്. ഇത്തരത്തിലുള്ള പള്ളികളെക്കുറിച്ചാണ് 1927ൽ ബ്രിട്ടീഷ് സർക്കാർ ലീസിനു കൊടുത്തു എന്ന കള്ളക്കഥ ഇസ്ലാമിക് ‘തീവ്രവാദികൾ’ പ്രചരിപ്പിക്കുന്നത്. ഈ നുണക്കഥകളാണ് ഇടതുപക്ഷം ഏറ്റെടുക്കുകയും ആർഎസ്എസ് ഏറ്റുപാടുകയും ചെയ്യുന്നത്.
ഭാരതത്തിലെ ക്രൈസ്തവ സഭാ വിഭാഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും പ്രസ്തുത ലേഖനം വെളിപ്പെടുത്തുന്നുണ്ട്. 16-ാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ ഫലമായി കത്തോലിക്കാ സഭയിൽനിന്നു വേർപിരിഞ്ഞു രൂപം കൊണ്ടതാണ് ആംഗ്ലിക്കന് സഭ. ഇംഗ്ലീഷുകാർ മഹാഭൂരിപക്ഷവും പ്രൊട്ടസ്റ്റന്റു(ആംഗ്ലിക്കന്)കാരായിരുന്നു. ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാരും അങ്ങനെതന്നെ. അവർ ഇന്ത്യവിട്ടതിനെത്തുടർന്ന് ആംഗ്ലിക്കന് വിശ്വാസികളായ ഇന്ത്യയിലെ പ്രൊട്ടസ്റ്റന്റ് സഭകളാണ് സ്വാഭാവികമായും അവരുടെ സഭാസ്ഥാപനങ്ങളും വസ്തുവകകളും കൈകാര്യം ചെയ്യുന്നത്. കത്തോലിക്കാ സഭയല്ല.
തോട്ടവിള ക്രിസ്ത്യൻ ഗൂഢാലോചനയോ?
കേരളത്തിൽ ഭൂപരിഷ്കരണം വന്നപ്പോൾ ചില കാർഷികോത്പന്നങ്ങൾ തോട്ടവിളകളായി പ്രഖ്യാപിച്ചത് ക്രിസ്ത്യൻ വിശ്വാസികളെ സംരക്ഷിക്കാനാണെന്ന സിദ്ധാന്തമാണ് മറ്റൊന്ന്. കേരളത്തിലെ പ്രധാന തോട്ടവിളകളാണ് തേയിലയും റബറും. സ്വാതന്ത്ര്യപ്രാപ്തിക്ക് മുന്പ് ഇവയെല്ലാം ബ്രിട്ടീഷ് കന്പനികളുടെ നേതൃത്വത്തിലായിരുന്നു.
കണ്ണൻ ദേവൻ ഹിൽസ് ക്രിസ്തുമത അനുയായികളുടേതല്ല, ടാറ്റയുടേതാണ്. ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കത്തോലിക്കാ സഭയുടേതല്ല. ഇവയെല്ലാം നിലനിർത്താനാണ് സർക്കാർ പ്രസ്തുത വിളകളെ തോട്ടവിളകളായി പ്രഖ്യാപിച്ചത്. എന്നാൽ, ക്രൈസ്തവസമൂഹം വ്യാപകമായി കൃഷിചെയ്തിരുന്ന നെല്ല്, കുരുമുളക് കൃഷികൾ തോട്ടവിളകളായി പരിഗണിച്ചില്ല. അതിനാൽ ഈ രണ്ട് കൃഷികളും നശിച്ചു. ഒപ്പം, ഈ കൃഷിയിൽ വ്യാപൃതരായിരുന്ന ക്രൈസ്തവരും നായന്മാരും നന്പൂതിരിമാരും തകർന്നു.
പീരുമേട്, കുമളി, ഉടുന്പൻചോല, കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലേക്ക് കൃഷിചെയ്യാൻ സർക്കാർ പ്രേരിപ്പിച്ചിട്ടാണ് സ്വാതന്ത്ര്യത്തിനുശേഷം ക്രൈസ്തവർ കുടിയേറിയത്. ഇക്കാര്യങ്ങൾ പൊതുസമൂഹം മറന്നുപോയതിനെ ഓർമിച്ചെടുക്കാൻ സഹായിച്ച ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിനും ഇവ ഉപയോഗിച്ച് കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന ഇസ്ലാമിക തീവ്രവാദികൾക്കും ഇടതു-വലതു രാഷ്ട്രീയ കക്ഷികൾക്കും നന്ദി.
ചർച്ച് ബോർഡ് എന്ന ഉമ്മാക്കി
മുസ്ലിം സമുദായത്തിലെ മതവിദ്യാഭ്യാസ സ്വത്തിനെ നിയന്ത്രിക്കാൻ വഖഫ് ബോർഡും ഹിന്ദുസമുദായത്തിന്റെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ദേവസ്വം ബോർഡും ഉള്ളതുപോലെ ക്രിസ്ത്യൻ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന് ചർച്ച് ബോർഡ് മോദി സർക്കാർ നടപ്പിലാക്കുമെന്ന പിപ്പിടിയാണ് മുസ്ലിം തീവ്രവാദികളും അതിനോടു ചേർന്ന് ചില കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്. ഇത്തരമൊരു ആവശ്യത്തിന്റെ വക്താക്കൾ സിപിഎം ആണെന്ന് ആദ്യം തിരിച്ചറിയണം. അച്യുതാനന്ദൻ സർക്കാർ നിയമിച്ച നിയമപരിഷ്കാര കമ്മീഷന്റെ നേതൃത്വത്തിൽ സുപ്രീംകോടതി മുന് ജഡ്ജിമാരായ കെ.ടി. തോമസും കൃഷ്ണയ്യരും നിർദേശിച്ച വികല ബില്ലാണ് ചർച്ച് ബിൽ. ഈ ബിൽ ഭരണഘടനാവിരുദ്ധവും തുല്യനീതി എന്ന തത്വത്തിന് നിരക്കാത്തതുമാണ്.
എല്ലാ മുസ്ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങളും വഖഫ് ബോർഡിന്റെ കീഴിലാണോ? ഉദാഹരണമായി, കേരളത്തിലെ ഫാറൂഖ് കോളജ് വഖഫിനു കീഴിലാണോ? ദൈവത്തിനു സമർപ്പിക്കപ്പെട്ട വസ്തുവിന് ഭൂമിയിൽ അവകാശികളില്ല. അവകാശികളില്ലാത്ത മുസ്ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമാണ് വഖഫ് ബോർഡിനു കീഴിലുള്ളത്. 90 ശതമാനം മുസ്ലിം മതവിദ്യാഭ്യാസ സ്ഥാപനങ്ങളും വഖഫ് ബോർഡിനു കീഴിലല്ല. അവ സ്വകാര്യ ട്രസ്റ്റുകളുടെയോ വ്യക്തികളുടെയോ കീഴിലാണ്.
അതുപോലെ, എല്ലാ ഹിന്ദുമത വിദ്യാഭ്യാസ സ്ഥാപനങ്ങളും ദേവസ്വം ബോർഡിനു കീഴിലല്ല. എൻഎസ്എസിന്റെ സ്ഥാപനങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലാണോ? എസ്എൻഡിപിയുടെ സ്ഥാപനങ്ങൾ ദേവസ്വം ബോർഡിന്റെ കീഴിലാണോ? അവകാശികൾ ഇല്ലാത്ത ഹൈന്ദവ ക്ഷേത്രങ്ങളാണ് ദേവസ്വം ബോർഡിനു കീഴിലായത്. ഒരുലക്ഷം കോടിയുടെ ആസ്തിയുള്ള തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ കുടുംബ ട്രസ്റ്റിന്റേതാണ്. പ്രസ്തുത പണമുണ്ടെങ്കിൽ ഭാരതത്തിലെ എല്ലാ പഞ്ചായത്തിലും സ്കൂളുകളും ആശുപത്രികളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പടുത്തുയർത്താമെന്ന് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ആർഎസ്എസോ ബിജെപിയോ സിപിഎമ്മോ കോൺഗ്രസോ അത്തരമൊരു കാര്യം ആവശ്യപ്പെടുമോ?
അതിനു പകരം, നേർച്ചപ്പണം സ്വർണവും രത്നങ്ങളുമായി കുഴിച്ചിടാതെ പൊതുനന്മ വളർത്തുന്ന സ്ഥാപനങ്ങളാക്കി മാറ്റിയതാണ് ക്രൈസ്തവർ ഭാരതത്തിനു ചെയ്ത തിന്മയെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ക്രൈസ്തവർ തയാറാണ്. ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും തങ്ങൾക്കു വേണ്ടാ എന്നു പറയാൻ ഓരോ ക്രൈസ്തവനും ധൈര്യമുണ്ട്. നുണകൾ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ശ്രമമെങ്കിൽ അതിൽ ഭയപ്പെടുന്നവരല്ല ക്രൈസ്തവസമൂഹം.
അവകാശികൾ ഇല്ലാത്ത ഭൂമി ക്രൈസ്തവർക്കില്ല. തങ്ങളുടെ കൈവശമുള്ളത് പിടിയരി പിടിച്ചും കല്ലു ചുമന്നും നേർച്ചപ്പണം സ്വരൂപിച്ചും കെട്ടിപ്പടുത്തതും ഭാരതത്തിലെ ജനങ്ങൾക്കു പൊതുനന്മ സൃഷ്ടിക്കാനുതകുന്നതുമായ സ്ഥാപനങ്ങളാണ്. ഇതാണ് ക്രൈസ്തവരുടെ സ്വത്വം, ഇതാണ് ക്രൈസ്തവരുടെ ചരിത്രം, ഇതാണ് ക്രൈസ്തവരുടെ ആത്മാഭിമാനം. ഭാരതത്തെ പടുത്തുയർത്തുന്നതിൽ ക്രൈസ്തവർ വഹിച്ച പങ്കാണ് ദുഷ്ടലാക്കോടെയാണെങ്കിലും ഓർഗനൈസർ പുറത്തുവിട്ടത്.
(അവസാനിച്ചു)