അന്ന
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, April 9, 2025 12:41 AM IST
നടന്ന ദൂരങ്ങളേക്കാൾ അധികം ഞാൻ നടന്നിട്ടുള്ളത് പുസ്തകങ്ങളിലൂടെയായിരുന്നു. അന്യർ വെട്ടിപ്പിടിച്ചു സ്വന്തമാക്കിയ ഈ ഭൂമിയിൽ എനിക്ക് പെറ്റുവീഴാൻ കഴിഞ്ഞതിന്റെ ഭാഗ്യം അനുഭവിച്ചത് പുസ്തകങ്ങളിലൂടെയായിരുന്നു. ഹിമാലയം കണ്ടു വരുന്നവരുടെ പാദങ്ങളും കണ്ണുകളും മാത്രമേ ഞാൻ ശ്രദ്ധിക്കുമായിരുന്നുള്ളൂ. അവരുടെ വാക്കുകൾക്ക് നീരിനെ ചോരയാക്കാനുള്ള കഴിവില്ലായിരുന്നു. കന്യാകുമാരിയിൽ സാഗരസ്നാനം കഴിഞ്ഞുവരുന്നവരെയും ഗയയിൽ ബലി കഴിഞ്ഞു വരുന്നവരെയും സബർമതിയും നക്സൽ ബാരിയും കണ്ടുവരുന്നവരെയും എനിക്കൊരുപോലിഷ്ടമായിരുന്നു.
കുട്ടിക്കാലത്ത് വീടുവിട്ടുപോകാൻ അദമ്യമായൊരാഗ്രഹം എനിക്കുണ്ടായിരുന്നു. പത്താംക്ലാസിൽ പഠിക്കുമ്പോൾ അതിനായുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു. അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അമർത്യാനന്ദയുടെ ‘അർദ്ധ വിരാമം’ എന്ന ആത്മകഥ ഖണ്ഡശരൂപത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. അതൊരു വഴിയായി എനിക്കു തോന്നി. ഞാൻ പോസ്റ്റ് കാർഡിൽ പരിമിത വിലാസത്തിൽ അമർത്യാനന്ദയ്ക്ക് ഒരു കത്തെഴുതി; “എനിക്കു സന്യാസിയാകണം.എവിടേക്കാണു വരേണ്ടത്?’’ ആ കത്തിന് മറുപടി വന്നില്ല. പിന്നെയും തുടരെ ഞാൻ കത്തുകളയച്ചു.
ഒന്നിനും മറുപടി വന്നില്ല. അതൊരു പതിനാറ് പതിനേഴു വയസുവരെ തുടർന്നു എന്നാണോർമ. പുറത്തേക്കുള്ള യാത്രകൾ പാടെ നിലച്ചെന്ന് ബോധ്യപ്പെട്ടതോടെയാണ് ഞാൻ അകത്തേക്കുള്ള യാത്രകളെക്കുറിച്ച് ചിന്തിക്കുന്നത്. പുസ്തകങ്ങൾ മണത്തുനോക്കുന്നത് അങ്ങനെയായിരുന്നു. അങ്ങനെ മണത്തുനോക്കുമ്പോൾ ആദിമമായൊരാസക്തി എന്നിൽ വന്നുനിറയുന്നതുപോലെ തോന്നി.
ഓരോ രോമകൂപത്തിലും അനാഘ്രാതമായൊരു കാമന വിടരാൻ തുടങ്ങി. ഒരുതരം വിഭ്രാന്തി. അതിന്റെ അനുഭവച്ചൂരിൽനിന്നാണ് ഞാൻ കവിത എഴുതാൻ തുടങ്ങിയത്. ഇലകളെ സ്നേഹിക്കുക എന്നതിനർഥം അതിന്റെ ചില്ലകളെ, വേരുകളെയൊക്കെ സ്നേഹിക്കുക എന്നാണെന്ന് മനസിലായി. മീനത്തിൽ വരണ്ടും മകരത്തിൽ വിളഞ്ഞും നിൽക്കുന്ന പാടങ്ങൾക്ക് താഴെ പുതിയ വിതയ്ക്ക് കാത്തുകിടക്കുന്ന മണ്ണുണ്ടെന്ന് മനസിലായി. അകലേക്ക് പോകുംതോറും അവനവനിലേക്ക് വരികയാണെന്നു മനസിലായി. അങ്ങനെയങ്ങനെ വായനയിൽ ഞാനൊരു വെളിച്ചപ്പാടായി മാറുകയായിരുന്നു. വാളും ചിലമ്പും ചെമ്പട്ടുചേലയുമണിയാത്ത കോമരം. മനുഷ്യനിൽനിന്നു പുറപ്പെട്ടുപോവുകയും ദൈവജ്ഞനിലേക്കെത്താതെപോയതുമായ ഒരു കോമരം.
കൊല്ലം ശ്രീനാരായണ കോളജിൽ മലയാള ബിരുദ വിദ്യാർഥിയായി എത്തുന്നതോടെയാണ് എന്നിൽ വായനയുടെ വലിയ പ്രത്യക്ഷങ്ങൾ കണ്ടുതുടങ്ങുന്നത്. കെ.പി. അപ്പൻസാറിന്റെ ക്ലാസുകൾ അകത്തേക്കും പുറത്തേക്കും തുറന്നിട്ട വാതിലുകൾകൊണ്ട് സമ്പന്നമായിരുന്നു. ഭൂമിയിലെ എല്ലാ വെളിച്ചവും അവിടേക്ക് ഒഴുകിവരുന്നതുപോലെ തോന്നും. നീണ്ട കാല്വയ്പുകളോടെ ലോകം അവിടേക്ക് നിത്യേന വന്നുകൊണ്ടിരുന്നു. ഗ്രീഷ്മാകാശത്തിലെ വെയിൽപോലെയായിരുന്നു അപ്പോൾ എന്റെ മനസ്. അപ്പൻസാർ ഒരാശയമായിരുന്നു. പർവതശൃംഗങ്ങളിൽ പരുന്ത് കൂടുവയ്ക്കുംപോലെയായിരുന്നു അദ്ദേഹം ആശയങ്ങൾ അവതരിപ്പിക്കുക. അവിടേക്ക് എത്തിച്ചേരാൻ ഒരു പർവതാരോഹകന്റെ മനക്കരുത്ത് വേണമായിരുന്നു. അത് ക്ഷോഭത്തിന്റെയും കലഹത്തിന്റെയും തിരസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും സ്തോഭമുടികളായിരുന്നു. അവിടേക്കുള്ള കയറ്റിറക്കങ്ങളിൽനിന്നാണ് ഞാൻ വായിക്കാനുള്ള പുസ്തകങ്ങൾ കണ്ടെത്തിയത്.
അതിൽ പലതും ക്ലാസിക്കുകളായിരുന്നു. കാട്ടുതീ എരിഞ്ഞുനിൽക്കുന്നതും കടലു കേറിവരുന്നതും കൊടുങ്കാറ്റിടയുന്നതും ഞാനതിൽ കണ്ടു. നിലയ്ക്കാത്ത വാൾമുനകളുടെ ഒച്ചകളും പോർവിളികളും എനിക്കിഷ്ടമായിരുന്നില്ല. അതെന്റെ സ്വൈരംകെടുത്തി. വീണക്കമ്പികൾ മുറുകിമൂളുന്ന കാല്പനിക കൃതികളിൽനിന്ന് ആവുന്നത്ര അകന്നു നടന്നു. എല്ലാവഴിയും അസ്തമിച്ചുനിന്നപ്പോഴാണ് ഇലപ്പടർപ്പുകളിൽ കാറ്റുരസുന്നതുപോലെ സാർ പറഞ്ഞത്: “വേദപുസ്തകം വായിക്കുക; പഴയനിയമത്തിലെ ശലമോന്റെ ഗീതവും പുതിയ നിയമത്തിലെ ഗിരിപ്രഭാഷണവും.’’ അതെനിക്കൊരു വെളിച്ചമായിരുന്നു. തുടുവെട്ടത്തിന്റെ ശ്വാസമടക്കിയുള്ള ഒരു നിൽപ്പ്. ശരിക്കും ഞാനത് അനുഭവിച്ചു. അവിടന്നിങ്ങോട്ട് ഇന്നോളം പുസ്തകവായനാവഴികളിൽ ഒരു സന്ദേഹവും തോന്നിയിട്ടില്ല.
കഴിഞ്ഞവർഷമാദ്യം ഒരു പനിക്കാലത്ത് ഒരു കൗതുകം തോന്നി. വായിച്ചുതീർത്ത പുസ്തകങ്ങൾ ഒന്നെണ്ണിനോക്കണം. എനിക്കദ്ഭുതം തോന്നി. ഒരൊത്തിരിയുണ്ട്. എല്ലാം ഇപ്പോഴും ഓർമയിൽ മണത്തുനടപ്പുണ്ടോ എന്നറിയില്ല. ഓർത്തപ്പോൾ ചിലത് ദയാമയങ്ങളായ മിഴികളോടെ എന്നെ നോക്കുന്നതു കണ്ടു. ചിലത് ചോരയൊലിപ്പിച്ചു നിൽക്കുന്നുണ്ടായിരുന്നു. ചിലത് നിഷിദ്ധബന്ധത്തിൽ പിറന്ന കുഞ്ഞിനെപ്പോലെ ചകിതയായ് ഒളിഞ്ഞുനിൽപ്പുണ്ട്. ചിലത് ചിത്തഭ്രമം ബാധിച്ച് കുനിഞ്ഞിരിപ്പുണ്ട്. ചിലത് വൃത്തികെട്ട അഹംഭാവത്തോടെ മുന്നിൽ തെളിഞ്ഞുനിൽപ്പുണ്ട്. ചിലത് ഗഗനമാർഗേ ചരിച്ചുകൊണ്ട് മേഘപാളികൾക്കിടയിൽ അപ്രത്യക്ഷമാകുന്നുണ്ട്.
എന്നാൽ ചിലത്, എങ്ങുമേ പോകാതെ നിന്നനിൽപ്പിൽ സ്വയം പൊങ്ങുന്ന തരുക്കളെപ്പോലെ നിൽപ്പുണ്ട്. ഇടയ്ക്കിടെ ഞാനവയെ മാത്രം ഒരിത്തിരി സ്നേഹത്തോടെ തലോടാറുണ്ട്. “നിന്റെ ലോകം തന്നെ എന്റെയും ലോകം’’ എന്ന് ഞങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ മിണ്ടിപ്പറയാറുണ്ട്. അവയിലൊന്ന് ടോൾസ്റ്റോയിയുടെ “അന്നാ കരെനീന’’യാണ്. തന്നേക്കാൾ ഇരുപതു വയസോളം പ്രായംകൂടിയ ഒരാളെ വിവാഹം കഴിക്കുകയും അയാളുമൊത്ത് ജീവിക്കുകയും പിന്നീട് മറ്റൊരാളുമായി പ്രണയത്തിലാവുകയും അയാൾക്കൊപ്പം ഒളിച്ചോടുകയും ചെയ്തിട്ട് ഒടുവിൽ തീവണ്ടിക്കു മുന്നിൽ ആത്മാഹുതി ചെയ്ത അന്ന. അവളെ കാലമിത്ര കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല. ദുരിതമനുഭവിക്കാൻ വേണ്ടിയാണ് എല്ലാവരും ജനിക്കുന്നതെന്ന് നോവലിലൊരിടത്ത് അന്ന പറയുന്നുണ്ട്.
പക്ഷേ, അന്നയുടെ ദുരിതം കാലമിത്ര കഴിഞ്ഞിട്ടും എനിക്ക് നിർവചിക്കാനാവാതെ വരുന്നു. അവൾ എന്റെ ആരായിരുന്നുവെന്ന് പലപ്പോഴും ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. അതിനിന്നും ഒരുത്തരം കിട്ടിയിട്ടില്ല. പക്ഷേ, ഒന്നറിയാം; നീ പോയതിൽ പിന്നെയാണ് എനിക്കുചുറ്റും ഇത്രമേൽ ഇരുൾ മൂടിയതെന്ന്. വെളിച്ചത്തിൽ ഞാൻ വായിച്ചിരുന്ന നിന്റെ ജീവിതം ഇപ്പോൾ അണഞ്ഞിരിക്കുന്നു. ഉള്ളിൽ നിന്നെക്കുറിച്ചുള്ള ഓർമയും കാത്തിരിപ്പും മാത്രമേ ബാക്കിയുള്ളൂ.