സമവാക്യങ്ങൾ മാറുന്നു, ക്രൈസ്തവർ കണ്ണുതുറക്കുക
Wednesday, April 9, 2025 12:37 AM IST
ജനനനിരക്കില്‍ വന്‍ ഇടിവ്-3/ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
1991ലെ സെന്‍സസ് പ്രകാരം കേരള ജനസംഖ്യയിലെ 50 ശതമാനം പേരും 20-34 നിടയില്‍ പ്രായമുള്ളവരാണെങ്കില്‍ 2030ല്‍ ഇത് 30 ശതമാനത്തിലേക്കു താഴും. അതായത്, കേരളം വയോധികരുടെ നാടാകും.
നാടുവിട്ടോടുന്ന യുവജനങ്ങൾ തിരിച്ചുവരാത്ത അവസ്ഥയും വലിയ വെല്ലുവിളി ഉയര്‍ത്തും.രാജ്യത്തെ ജനസംഖ്യ 11 വര്‍ഷത്തിനുശേഷം 25% ഉയര്‍ന്നെങ്കില്‍ കേരളത്തിലിത് 10% മാത്രമായി. 2011ല്‍ ഇന്ത്യയിലെ ജനസംഖ്യ 121.09 കോടി. 2036ൽ ഇത് 151.83 കോടിയായി ഉയരാം; 25 ശതമാനം വളര്‍ച്ച. കേരളത്തില്‍ 2011ലെ സെന്‍സസില്‍ 3.34 കോടി ജനങ്ങള്‍. 2001ല്‍ 3.18 കോടി.
2036ല്‍ പ്രതീക്ഷിക്കാവുന്നത് 3.69 കോടി; 10.6% മാത്രം വളര്‍ച്ച. കേരളത്തിലെ ജനസംഖ്യാവളര്‍ച്ച പുറകോട്ടടിക്കുന്ന സൂചനകള്‍ക്ക് കാരണങ്ങള്‍ ഒട്ടേറെ.
സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്
2025ലെ സംസ്ഥാന ബജറ്റിലെ പരാമര്‍ശവും ഗൗരവമായി കാണണം. 20 വര്‍ഷം മുമ്പ് ഒരുവര്‍ഷം ശരാശരി ആറു ലക്ഷത്തിന് മുകളിലാണ് കേരളത്തില്‍ കുട്ടികള്‍ ജനിച്ചത്. 2014ല്‍ 5.34 ലക്ഷം. 2024 ലാകട്ടെ 3.48 ലക്ഷം. ജനനനിരക്ക് കുറയുന്നതിന് പല കാരണങ്ങളുമുണ്ട്.
വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നു. കുഞ്ഞുങ്ങളോടുള്ള പുതുതലമുറയുടെ വിമുഖത. വിവാഹത്തോടുപോലും താത്പര്യമില്ലാത്ത മലയാളികളുടെ എണ്ണവും കൂടുന്നുണ്ട്.
സാമ്പത്തികഭദ്രതയില്ലായ്മയും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിന് തടസമാകുന്നു. ഗര്‍ഭഛിദ്രം നടത്തുന്നവരുടെ എണ്ണവും കേരളത്തില്‍ വര്‍ധിച്ചു. കേരളത്തിലെ 30 വയസിനു താഴെയുള്ളവരില്‍ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്.
അതേസമയം, കുട്ടികള്‍ വേണ്ടെന്ന് മനഃപൂര്‍വം തീരുമാനിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയാണ്. 2014മായി താരതമ്യപ്പെടുത്തുമ്പോള്‍ 2024ൽ സംസ്ഥാനത്തെ 14 ജില്ലകളിലും ജനനം കുറഞ്ഞിട്ടുണ്ട്. 2024ല്‍ ഏറ്റവും കൂടുതല്‍ ജനനങ്ങള്‍ നടന്നത് മലപ്പുറം (73,569), കോഴിക്കോട് (39,317), തിരുവനന്തപുരം (31,865) ജില്ലകളിലാണ്. ഈ ജില്ലകളിലും 2014നെ അപേക്ഷിച്ച് ജനനങ്ങളില്‍ വന്‍ കുറവുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ജനനത്തിലെ കുറവ് ചിന്തകള്‍ക്കതീതമാണ്.
ഇതരസംസ്ഥാനക്കാര്‍ നിര്‍ണായകം
കേരളത്തില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ 2030 ഓടെ 59.7 ലക്ഷമാകുമെന്നാണ് ആസൂത്രണ ബോര്‍ഡ് നല്കുന്ന മുന്നറിയിപ്പ്. കേരള ജനസംഖ്യയുടെ ആറിലൊന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍. ആകെ ജനസംഖ്യയുടെ 16.6 ശതമാനമാണിത്.
കേരളത്തില്‍ കുടുംബമായി തുടരുന്ന ഇതരസംസ്ഥാനത്തൊഴിലാളികള്‍ 10.3 ലക്ഷം ആണ്. വരുന്ന മൂന്ന് വര്‍ഷം കൊണ്ടിത് 13.2 ലക്ഷമായും എട്ടുവര്‍ഷം കൊണ്ട് 15.2 ലക്ഷമായും ഉയരും.
ജില്ലാതല കണക്കുകള്‍ പരിശോധിച്ചാല്‍ ഇതരസംസ്ഥാനത്തൊഴിലാളികളില്‍ 28 ശതമാനവും എറണാകുളം ജില്ലയിലാണ്. 13.6 ശതമാനം തൃശൂര്‍, 9.7 ശതമാനം ആലപ്പുഴ, ഒന്‍പതു ശതമാനം കോട്ടയം എന്നിങ്ങനെ പോകുന്നു ലഭ്യമായ കണക്കുകള്‍. ചുരുക്കിപ്പറഞ്ഞാല്‍, ഇതരസംസ്ഥാനത്തൊഴിലാളികളില്‍ 68 ശതമാനവും മധ്യകേരളത്തില്‍.
മതാടിസ്ഥാന കണക്കുകള്‍
ജനസംഖ്യാ ശതമാനം 2011ല്‍ ഹിന്ദു 54.73 ശതമാനമായിരുന്നത് 2023ല്‍ 53.2 ആയി. മുസ്ലിം 26.56 ശതമാനമായിരുന്നത് 29.3 ശതമാനമായി. ക്രിസ്ത്യന്‍ 18.38 ശതമാനത്തില്‍നിന്ന് 16.9 ശതമാനമായി. ഒരു മതവിഭാഗത്തിലും ഉള്‍പ്പെടാത്തവര്‍ 0.33 ശതമാനത്തില്‍നിന്ന് 0.6 ശതമാനമായി വര്‍ധിച്ചു. ജനനനിരക്കിലെ ഇടിവിന്റെയും കുടിയേറ്റത്തിന്റെയും ആഘാതം ഏറ്റവും ചെന്നുപതിച്ചിരിക്കുന്നത് കേരളത്തിലെ ക്രൈസ്തവ ജനസംഖ്യയുടെ തകര്‍ച്ചയിലേക്കാണ്.
മധ്യകേരളത്തിന്റെ നിലവിലുള്ള മതസമുദായ സമവാക്യങ്ങളെ വെല്ലുവിളിച്ചു മാറുന്ന ജനസംഖ്യാ കണക്കുകളുടെ ഒരു സൂചന മാത്രമാണിത്. ഈ രംഗത്ത് കൂടുതല്‍ പഠനങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ള വിലയിരുത്തലുകളുമുണ്ടാകണം.
ഭാവിയില്‍ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്.
ജനസംഖ്യാ സ്വഭാവം
2011ലെ സെന്‍സസില്‍ കേരള ജനസംഖ്യയുടെ 12.5% പേര് 60 വയസിനു മുകളിലുള്ളവരായിരുന്നു. 2023ലെ കെഎംഎസ് റിപ്പോര്‍ട്ടിലിത് 21.8 ശതമാനമായി ഉയര്‍ന്നു. 2023ല്‍ കേരളത്തിലെ 0-14 പ്രായപരിധിയില്‍ 100 ആണ്‍കുട്ടികള്‍ക്ക് 88 പെണ്‍കുട്ടികള്‍ മാത്രമാണുള്ളതെന്നത് ഭാവിയില്‍ വിവാഹിതരാകാത്ത പുരുഷന്മാരുടെ എണ്ണം ഉയരുമെന്നതിന്റെ വലിയ സൂചനയാണിത്.
ജനന-മരണ കണക്കുകള്‍
കേരള സര്‍ക്കാര്‍ 2005-2021 വരെ പുറത്തിറക്കിയിരിക്കുന്ന ആന്വൽ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം 2005ല്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ജനിച്ച കുട്ടികള്‍ 98,353 (ആകെ ജനനത്തിന്റെ 17.6 ശതമാനം). 2019ല്‍ 68,596 (14.28 ശതമാനം). 2021ല്‍ 59,766 (14.2 ശതമാനം). ഓരോ വര്‍ഷവും ക്രൈസ്തവ ജനനവും നിരക്കും കേരളത്തില്‍ കുറയുന്നു. കേരളത്തിലെ ക്രിസ്ത്യാനികളുടെ ജനനനിരക്ക് 14.2 ശതമാനമെങ്കില്‍ മരണനിരക്ക് 19.4 ശതമാനമാണ്.
മാറ്റങ്ങള്‍ക്ക് കാതോര്‍ക്കാം
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ ആദരിച്ചതുകൊണ്ടും പ്രസവ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതുകൊണ്ടും മാത്രം ജനനനിരക്കിലെ ഇടിവിന് പ്രതിവിധിയാകില്ല. ജനസംഖ്യാ നിരക്കിലെ ഇടിവ് ആഗോള പ്രതിഭാസം എന്നുപറഞ്ഞ് ഒളിച്ചോട്ടം നടത്തുന്നത് ബുദ്ധിശൂന്യതയാണ്. മത-സാമുദായിക, സാമൂഹികമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല ഭരണസംവിധാനങ്ങളും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരള സമൂഹത്തിന്റെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെട്ട് ചരിത്രത്താളുകളില്‍ സ്ഥാനംപിടിക്കും.
രാജ്യാന്തര കുടിയേറ്റങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ തലമുറകള്‍ ഇല്ലാതാകുന്ന ഒരു ജീവിത പ്രതിസന്ധി നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിസാരവത്കരിക്കരുത്. കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഭാവി പടുത്തുയര്‍ത്തുവാനുള്ള ക്രിയാത്മക ചിന്തകള്‍ സമൂഹത്തില്‍ അടിയന്തരമായി ഉയരട്ടെ.
ക്രൈസ്തവര്‍ കുറഞ്ഞു
2008 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ജനനക്കണക്കില് കേരളത്തിലെ മുസ്ലിം പങ്കാളിത്തം 36.3 ശതമാനത്തില്‍നിന്ന് 44.4 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഹിന്ദുക്കളുടെ വിഹിതം 45.0 ശതമാനത്തില്‍നിന്ന് 41.0 ശതമാനമായി കുറഞ്ഞു. ക്രിസ്ത്യന്‍ കുറവാകട്ടെ 17.6 ശതമാനത്തില്‍നിന്ന് 14.3 ശതമാനമായി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കേരളത്തിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ജനനത്തിലെ പങ്ക് 2011-ലെ സെന്‍സസ് പ്രകാരമുള്ള അവരുടെ ആകെ ജനസംഖ്യാ വിഹിതത്തിന്റെ നാലിലൊന്ന് കുറവാണ്. മുസ്ലിം വിഹിതം മൂന്നില്‍ രണ്ട് കൂടുതലും.
കുടിയേറ്റ സര്‍വേ റിപ്പോര്‍ട്ട്
2024 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടിൽ കേരള സമൂഹത്തിന്റെ രാജ്യാന്തര കുടിയേറ്റവും കേരളത്തില്‍ ഇതു സൃഷ്ടിക്കുന്ന ജനസംഖ്യാ പ്രശ്നങ്ങളും വ്യക്തമായി വിശദീകരിക്കുന്നുമുണ്ട്.കേരളത്തില്‍നിന്ന് ജോലിക്കായുള്ള കുടിയേറ്റങ്ങള്‍ കുറഞ്ഞുവെങ്കിലും വിദ്യാഭ്യാസ കുടിയേറ്റം കുതിക്കുന്നു.
പുതിയ കുടിയേറ്റക്കാരില്‍ മിക്കവരും മടങ്ങിവരാന്‍ ആഗ്രഹിക്കാത്തവരാണ്. അന്താരാഷ്ട്ര വിദ്യാഭ്യാസ കുടിയേറ്റക്കാരില്‍ 45.6% സ്ത്രീകളും 54.4% പുരുഷന്മാരും. അന്താരാഷ്ട്ര കുടിയേറ്റക്കാരിലെ സ്ത്രീകളില്‍ 51.6% നഴ്സുമാരാണ്. ഇവരാരും കേരളത്തിലേക്കു മടങ്ങിവരില്ലെന്നും ഉറപ്പാണ്.
അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ 41.9% ഉം മുസ്ലിംകളും 35.2% ഹിന്ദുക്കളും 22.3% ക്രിസ്ത്യാനികളുമെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. കുടിയേറ്റത്തിന്റെ ഏറ്റവും വലിയ പ്രതിഫലനം സൃഷ്ടിക്കുന്നത് മധ്യകേരളത്തിലാണ്. ഭാര്‍ഗവീനിലയങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണവും മധ്യകേരളത്തില്‍ ഓരോ ദിവസവും കൂടുന്നു. കുട്ടികളുടെ കുടിയേറ്റത്തിന്റെ തുടര്‍ച്ചയായി മാതാപിതാക്കളും രാജ്യം വിടുന്ന അവസ്ഥ എല്ലാ ജനസംഖ്യാ പ്രവചനങ്ങളെയും അട്ടിമറിക്കുന്നു.
(അവസാനിച്ചു)