മാന്ദ്യം അരികെ
റ്റി.സി. മാത്യു
Tuesday, April 8, 2025 2:12 AM IST
ഡോണൾഡ് ട്രംപിനു കേരളത്തിലെ കർഷകരോടു വിരോധമൊന്നും ഉള്ളതായി അറിവില്ല. ഇന്ത്യയിലെ ശാസ്ത്ര-സാങ്കേതിക വിദ്യാർഥികളോടും അമേരിക്കൻ പ്രസിഡന്റിനു വിരോധമുണ്ടാകാൻ കാരണമില്ല. പക്ഷേ അദ്ദേഹത്തിന്റെ ചെയ്തികൾ റബർ കർഷകരുടെ വരുമാനം കുറയ്ക്കും. യുവാക്കൾക്കു തൊഴിൽ ലഭിക്കൽ ബുദ്ധിമുട്ടാക്കും.
വ്യാവസായിക ഉപയോഗമുള്ള കാർഷികോത്പന്നങ്ങൾക്കു വില കുറയുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യുന്ന നാളുകളാണു വരുന്നത്. സാങ്കേതിക ഭാഷ ഉപയോഗിച്ചാൽ സാമ്പത്തികമാന്ദ്യം വരുന്നു. മാന്ദ്യം വന്നാൽ മേൽപറഞ്ഞ ദൂഷ്യഫലങ്ങൾ ഉണ്ടാകും.
അമേരിക്ക ഈ വർഷം മാന്ദ്യത്തിൽ ആകാനുള്ള സാധ്യത 60 ശതമാനമാണെന്നു പ്രമുഖ ബാങ്ക് ജെപി മോർഗൻ തിങ്കളാഴ്ച വിലയിരുത്തി. മറ്റൊരു പ്രമുഖ ബാങ്കായ ഗോൾഡ്മാൻ സാക്സ് മാന്ദ്യസാധ്യത 45 ശതമാനമായി എന്നു കഴിഞ്ഞ വെള്ളിയാഴ്ച കണക്കാക്കി. എച്ച്എസ്ബിസിയും മൂഡീസ് അനലിറ്റിക്സും 40 ശതമാനം സാധ്യതയാണു വാരാന്ത്യത്തിൽ കണ്ടത്. ഇവരെല്ലാം ഈയാഴ്ച പുതിയ നിഗമനങ്ങൾ പുറത്തുവിടുമ്പോൾ മാന്ദ്യസാധ്യത വർധിച്ചിരിക്കും.
വിപണികൾ നിലയില്ലാ കയത്തിൽ
ട്രംപിന്റെ ചുങ്കം വർധനയ്ക്കു ശേഷം ലോകമെങ്ങും ഓഹരിവിപണികൾ ഇടിയുകയായിരുന്നു. അമേരിക്കൻ വിപണിയിലെ എല്ലാ സൂചികകളും റിക്കാർഡ് നിലയിൽനിന്നു കുത്തനേ ഇടിഞ്ഞു. ഏപ്രിൽ നാലിലെ നില വച്ച് നാസ്ഡാക് 22.85ഉം എസ് ആൻഡ് പി 17.5 ഉം ഡൗ ജോൺസ് 15ഉം ശതമാനമാണ് വീണത്. ഇന്ത്യയിലെ സെൻസെക്സ് 14.94ഉം നിഫ്റ്റി 15.61ഉം ശതമാനം ഇടിഞ്ഞു. ജപ്പാനിലും ചൈനയിലും യൂറോപ്പിലുമൊക്കെ ഇതുതന്നെ അവസ്ഥ.
താൻ ചെയ്യുന്നത് ദുർബലമായ അമേരിക്കൻ സമ്പദ്ഘടനയെ മഹത്തായ വളർച്ചയിലേക്കു നയിക്കാനുള്ള ശസ്ത്രക്രിയ ആണെന്നും തുടക്കത്തിൽ കുറച്ചു വേദന ഉണ്ടാകുമെങ്കിലും എല്ലാം വേഗം ശരിയാകുമെന്നുമാണ് ട്രംപ് ഇപ്പോഴും പറയുന്നത്. പക്ഷേ വിപണികൾ അങ്ങനെ കരുതുന്നില്ല. ഓഹരികൾ ഇന്നലെയും തകർന്നടിയുകയാണ്. താഴ്ചയിൽ വാങ്ങി മിടുക്കരാകാൻ ശ്രദ്ധിക്കുന്നവർപോലും കുറവായതോടെ പല വിപണികളും നിലയില്ലാ കയത്തിലായി.
തീരുവ നടപ്പാക്കൽ നീട്ടുമെന്നു വ്യാജ റിപ്പോർട്ട്
ചൈന ഒഴികെയുളള രാജ്യങ്ങൾക്കു പ്രഖ്യാപിച്ച അധിക തീരുവ മൂന്നു മാസം നീട്ടി വയ്ക്കാൻ പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നതായി വന്ന റിപ്പോർട്ട് തിങ്കളാഴ്ച യുഎസ് വിപണിയെ അൽപസമയം ചാഞ്ചാട്ടത്തിലാക്കി.
വിപണി രണ്ടു ശതമാനം നേട്ടത്തിലായി. മൂന്നു ശതമാനം ഇടിഞ്ഞു വ്യാപാരം തുടങ്ങിയ ശേഷമാണിത്. ആ റിപ്പോർട്ട് വ്യാജമാണെന്നു വൈറ്റ് ഹൗസ് അറിയിച്ചതോടെ വിപണി വീണ്ടും രണ്ടര ശതമാനം ഇടിഞ്ഞു.
എല്ലാ രാജ്യങ്ങൾക്കുമുള്ള 10 ശതമാനം ചുങ്കം ശനിയാഴ്ച നിലവിൽ വന്നു. ഇന്ത്യയുടെ 26 ശതമാനം അടക്കമുള്ള തീരുവ ബുധനാഴ്ച നിലവിൽ വരണം. അതു നീട്ടിവയ്ക്കാൻ വലിയ ബിസിനസ് നേതാക്കൾ സമ്മർദം ചെലുത്തുന്നുണ്ട്.
ക്രൂഡ് ഓയിൽ മുതൽ സസ്യ എണ്ണ വരെ
മാന്ദ്യം വരും എന്ന കണക്കുകൂട്ടലിൽ ക്രൂഡ് ഓയിൽ 2021നു ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയിൽ എത്തി. ബ്രെന്റ് ഇനം 63 ഡോളറിലും ഡബ്ല്യുടിഐ ഇനം 60 ഡോളറിലും ആണ് ഇപ്പോൾ. മൂന്നു വ്യാപാര ദിനങ്ങൾകൊണ്ട് വീപ്പയ്ക്കു 10 ഡോളർ ഇടിവ്.
വ്യാവസായിക ലോഹങ്ങൾ കഴിഞ്ഞയാഴ്ച കുത്തനേ താഴ്ന്നു. അലൂമിനിയം ഏഴും ചെമ്പ് 14ഉം ശതമാനം ഇടിഞ്ഞു. കാര്യങ്ങൾ എങ്ങനെ കലാശിക്കും എന്നറിയാത്തതിനാൽ സ്വർണ വില ചാഞ്ചാടി. വെള്ളി വില ഇടിഞ്ഞു.
റബർ അവധിവില 2.07 ഡോളറിൽനിന്ന് 1.65 ഡോളറിലേക്ക് വീണു. കൊക്കോ അവധിവില ആറു ശതമാനം താഴ്ന്നു. സോയാബീൻ വില ഇടിഞ്ഞപ്പോൾ സസ്യ എണ്ണകളുടെ വില കുറഞ്ഞു. എല്ലാം മാന്ദ്യഭീതിയിൽ.
വിലക്കയറ്റവും ആക്രമിക്കാം
മാന്ദ്യഭീതി വളരുന്നതോടെ പലിശ നിരക്ക് കുറയ്ക്കും എന്നു പലരും പ്രതീക്ഷിക്കുന്നുണ്ട്. യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) തുടർച്ചയായി നാലോ അഞ്ചോ തവണ നിരക്ക് കുറച്ച് വളർച്ച കൂട്ടാൻ ശ്രമിക്കും എന്നാണ് വിപണിയുമായി ബന്ധപ്പെട്ട ധനശാസ്ത്രജ്ഞർ പറയുന്നത്.
എന്നാൽ തീരുവയുദ്ധത്തെ തുടർന്നുള്ള വിലക്കയറ്റം ചെറുതായിരിക്കില്ല എന്നാണ് അലയൻസ് ഗ്രൂപ്പിന്റെ ചീഫ് ഇക്കണോമിക് അഡ്വൈസർ എൽ ഏറിയന്റെ വിലയിരുത്തൽ. അദ്ദേഹം പറയുന്നത് നിരക്ക് കുറയ്ക്കാനുളള സാവകാശം ഫെഡിനു കിട്ടാനിടയില്ല എന്നാണ്.
ഫെഡ് ചെയർമാൻ ജെറോം പവൽ ആകട്ടെ കാര്യങ്ങൾ കാത്തിരുന്നു കാണാം എന്ന നിലപാടാണ് എടുക്കുന്നത്.മാന്ദ്യം വരുന്നതിനേക്കാൾ അപകടകരമായ ഒരു കാര്യം സംഭവിക്കാം. വളർച്ച നാമമാത്രമാകുക, വിലക്കയറ്റം രൂക്ഷമാകുക. രണ്ടും ചേരുമ്പോൾ സ്റ്റാഗ്ഫ്ലേഷൻ എന്ന ദുരവസ്ഥ ഉണ്ടാകും. 1971ൽ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ എല്ലാ ഇറക്കുമതിക്കും 10 ശതമാനം തീരുവ ചുമത്തി.
ഒപെക് രാജ്യങ്ങൾ പെട്രോളിയം വില അഞ്ചിരട്ടിയാക്കിയതിനു പിന്നാലെയായിരുന്നു ഈ നടപടി. ഒരു ദശകത്തോളം യുഎസ് നാമമാത്ര വളർച്ചയും കുതിച്ചു പായുന്ന വിലക്കയറ്റവുമായി മല്ലടിക്കേണ്ടി വന്നു.
ചുവടു മാറ്റി ബിസിനസുകാർ
തെരഞ്ഞെടുപ്പു കാലത്ത് ട്രംപിനെ വലുതായി പിന്തുണച്ച ബിസിനസ് നേതാക്കൾ ഇപ്പോൾ ചുവടുമാറ്റി. ശതകോടീശ്വരനായ നിക്ഷേപകൻ ബിൽ ആക്മാൻ പറയുന്നത് 10 ശതമാനത്തിൽ കൂടുതലുള്ള തീരുവ നടപ്പാക്കൽ നീട്ടിവയ്ക്കണം എന്നാണ്. ഇല്ലെങ്കിൽ ആണവ ശിശിരം പോലെ ഒന്ന് സാമ്പത്തിക രംഗത്ത് ഉണ്ടാകുമെന്നു മുന്നറിയിപ്പും നൽകി. നാളെയാണ് ഇന്ത്യക്കുളള 26 ശതമാനം അടക്കം 10 ശതമാനത്തിലധികമുള്ള തീരുവകൾ നിലവിൽ വരുന്നത്.
തീരുവ വളർച്ച കുറയ്ക്കുകയും വിലക്കയറ്റം കൂട്ടുകയും ചെയ്യും എന്നു ജെപി മോർഗൻ ചെയ്സ് ബാങ്കിന്റെ മേധാവി ജാമീ ഡൈമൺ ഇന്നലെ പറഞ്ഞു.
ട്രംപിന്റെ ഉദ്ഘാടനത്തിനു മുൻനിരയിൽ സ്ഥാനം പിടിച്ച ആപ്പിൾ, മെറ്റാ, ആമസോൺ മേധാവികളും ഇപ്പോൾ ഭീതിയിലാണ്. ട്രംപിനു മറുപടിയായി അപൂർവ ധാതുക്കളുടെ കയറ്റുമതിക്കു ചൈന നിയന്ത്രണം ഏർപ്പെടുത്തി.
സ്മാർട്ട് ഫോണുകളും ലാപ്ടോപ്പുകളും സെമികണ്ടക്ടർ ചിപ്പുകളും ഒക്കെ ഉണ്ടാക്കാൻ അപൂർവ ധാതുക്കൾ വേണം. അതില്ലാതെ ഹൈടെക് നടക്കില്ല.
എല്ലാവരും സമ്മർദം ചെലുത്തുന്നുണ്ട്. പക്ഷേ ട്രംപ് അതിനു വഴങ്ങുമോ? ഇല്ലെങ്കിൽ ലോകത്തിന്റെ മൊത്തം വളർച്ചയാണ് തടസപ്പെടുക. രഘുറാം രാജൻ സെൽഫ് ഗോൾ എന്നു വിശേഷിപ്പിച്ച സാമ്പത്തിക സാഹസത്തിൽനിന്ന് ട്രംപും അമേരിക്കയും പിന്മാറിയില്ലെങ്കിൽ വരിക ദുരിത നാളുകൾ.
മാന്ദ്യം വരുന്നത് ഇങ്ങനെ
☛ അമേരിക്ക ഇറക്കുമതിക്കു ചുങ്കം കൂട്ടി. 2024ലെ ശരാശരി ചുങ്കം നിരക്ക് 2.5 ശതമാനം. അത് ഈ വർഷം 22.5 ശതമാനമാകും.
☛ ഈ വർധന സാധനങ്ങൾക്കു വില കൂട്ടും. ജനങ്ങൾ ഉത്പന്നങ്ങൾ വാങ്ങുന്നതു കുറയ്ക്കും. അമേരിക്കൻ ജിഡിപിയുടെ 70 ശതമാനം ജനങ്ങളുടെ ചെലവഴിക്കൽ വഴിയാണ്.
☛ ചുങ്കം വർധന അമേരിക്കൻ ഇറക്കുമതി 20 ശതമാനം കുറയാൻ കാരണമാകും.
☛ ചൈന പ്രഖ്യാപിച്ച പകരച്ചുങ്കവും മറ്റു രാജ്യങ്ങളിലെ എതിർ പ്രതികരണങ്ങളും യുഎസ് കയറ്റുമതി കുറയാൻ വഴി തെളിക്കും.
☛ ഇവയെല്ലാം യുഎസ് സാമ്പത്തിക വളർച്ച ഇല്ലാതാക്കുന്നു. വളർച്ച ഇല്ലാതാവുകയോ മാന്ദ്യത്തിലേക്കു വീഴുകയോ ചെയ്യുമ്പോൾ വരുമാനം കുറയും. തൊഴിലില്ലായ്മ കൂടും. ഇതു വീണ്ടും ജനങ്ങളുടെ വാങ്ങൽ ശേഷി കുറയ്ക്കുന്നു. അതു വളർച്ചയ്ക്ക് വീണ്ടും തടസമാകും.
അമേരിക്ക മാന്ദ്യത്തിലായാൽ
☛ ആഗോള ജിഡിപിയുടെ 26 ശതമാനം അമേരിക്കയുടേതാണ്. അവരുടെ ജിഡിപി തളർച്ചയിലായാൽ മറ്റു രാജ്യങ്ങളുടെ ജിഡിപി വളർച്ചയും കുറയും.
☛ അമേരിക്കൻ ഇറക്കുമതി കുറയുമ്പോൾ അങ്ങോട്ടുള്ള കയറ്റുമതിയെ കാര്യമായി ആശ്രയിക്കുന്ന രാജ്യങ്ങൾക്കു ക്ഷീണമാകും. കയറ്റുമതി മേഖലയിലെ തൊഴിൽ കുറയും. ആ രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തുന്ന രാജ്യങ്ങൾക്കും ക്ഷീണമാകും.
☛ അമേരിക്കൻ വാങ്ങൽ കുറയുന്നത് ചെെനയെയും മറ്റും ഉത്പന്നങ്ങൾ വില കുറച്ചു കയറ്റി അയയ്ക്കാൻ പ്രേരിപ്പിക്കും. ഇന്ത്യയിലും മറ്റും തദ്ദേശീയ ഉത്പന്നങ്ങളുടെ വിൽപന കുറയും. പല വ്യവസായങ്ങളും നഷ്ടത്തിലാകും. അവർ ജോലിക്കാരുടെ എണ്ണം കുറച്ചേക്കാം.
☛ അമേരിക്ക മാന്ദ്യത്തിലാകുമ്പോൾ യുഎസ് കമ്പനികളുടെ വിറ്റുവരവും ലാഭവും കുറയും. അവർ ചെലവു ചുരുക്കുമ്പോൾ ഇന്ത്യയിലെ ഐടി സേവന കമ്പനികൾക്കു കിട്ടുന്ന കരാറുകളും വരുമാനവും കുറയും. അതു തൊഴിൽ നഷ്ടത്തിലേക്കു നയിക്കും.
☛ ഇന്ത്യയിൽ യുഎസ് കമ്പനികൾ നടത്തുന്ന ഗ്ലോബൽ കേപ്പെ ബിലിറ്റി സെന്ററുകൾ ചെറുതാക്കും. ജോലിക്കാരെ കുറയ്ക്കും.
☛ പിരിച്ചുവിടലുകൾ വർധിച്ചാൽ ഭവന -വാഹനവായ്പകളുടെയും മറ്റും തിരിച്ചടവിൽ മുടക്കം വരും. ബാങ്കുകൾക്കു ലാഭം കുറയും.
വിപണികൾ തകരുമ്പോൾ
ഓഹരിവിപണികൾ തകരുന്നതു സാമ്പത്തിക തകർച്ചയിലേക്കു നയിക്കും.
അതിങ്ങനെ:
☛ വിപണിയുടെ തകർച്ച നീണ്ടു നിന്നാൽ സ്വദേശിയും വിദേശിയുമായ നിക്ഷേപകർ മറ്റു സുരക്ഷിത നിക്ഷേപങ്ങളിലേക്കു തിരിയും. (ഉദാ: സ്വർണം, കടപ്പത്രങ്ങൾ). ഓഹരിവിപണിയിലേക്കു പണം വരവ് കുറയും.
☛ വിപണി താഴ്ന്നു നിന്നാൽ കമ്പനികൾക്കു വികസനത്തിനും വൈവിധ്യവത്കരണത്തിനും പണം സമാഹരിക്കൽ ബുദ്ധിമുട്ടാകും. പുതിയ വ്യവസായങ്ങൾ തുടങ്ങലും നിലവിലുള്ളവ വലുതാക്കലും മുടങ്ങും.
☛ മൂലധന നിക്ഷേപം കുറയുമ്പോൾ പുതിയ തൊഴിലുകൾ ഉണ്ടാകില്ല. തൊഴിലില്ലായ്മ കൂടും.
☛ ഓഹരിവിലകൾ ഇടിയുമ്പോൾ ഓഹരികൾ ഈടായി നൽകി എടുത്തിട്ടുള്ള വായ്പകൾക്കും മറ്റും കൂടുതൽ ഈടു നൽകേണ്ടി വരും. അതു വ്യക്തികളെയും കമ്പനികളെയും ധനകാര്യ പ്രതിസന്ധിയിലാക്കും. ചിലരെ തകർച്ചയിലേക്കു നയിക്കാം. കിട്ടാക്കടങ്ങൾ വർധിക്കും. ബാങ്കുകളും മറ്റും കുഴപ്പത്തിലാകും.