ഗുജറാത്ത് എഐസിസി സമ്മേളനം ഇച്ഛാശക്തി ഉണർത്തുമോ?
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, April 8, 2025 12:12 AM IST
അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി)യുടെ സമ്മേളനം ഇന്നും നാളെയുമായി ഗുജറാത്തിലെ അഹമ്മദാബാദിൽ നടത്താൻ തീരുമാനിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പഴയ പ്രതാപകാലത്തെ ഓർമിപ്പിക്കുന്നു. ഗുജറാത്തിൽനിന്നുള്ള മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും നേതൃത്വത്തെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെയും പാർട്ടിക്ക് രാജ്യത്തുടനീളം ലഭിച്ചിരുന്ന ജനപിന്തുണയെയും അതുവഴി ലഭിച്ച സ്വാതന്ത്ര്യത്തെയും അതോർമിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെയുള്ള ദശകങ്ങളിൽ പാർട്ടിയെ തുടർച്ചയായി അധികാരത്തിലെത്താൻ സഹായിച്ചത്, സ്വാതന്ത്ര്യസമരകാലത്ത് പാർട്ടി നേതാക്കൾ സ്വീകരിച്ച പ്രശംസനീയമായ മൂല്യങ്ങളും സമാധാനപൂർണമായ ചെറുത്തുനിൽപ്പും സമരകാലത്തുടനീളം പാർട്ടി പിന്തുടർന്ന തത്വാധിഷ്ഠിതമായ നിലപാടുകളുമാണ്.
പലരെയും അദ്ഭുതപ്പെടുത്തിയ തീരുമാനം
എഐസിസി സമ്മേളനം ഗുജറാത്തിൽ ചേരാൻ നിശ്ചയിച്ചത് പലരെയും അദ്ഭുതപ്പെടുത്തി. പാർട്ടി നെഹ്റു കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും ആ കുടുംബത്തിനു പുറത്തുള്ള പല മുതിർന്ന നേതാക്കളും ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ചുരുക്കത്തിൽ, ഏറെക്കാലം പാർട്ടിയെ നിയന്ത്രിച്ചത് നെഹ്റു കുടുംബക്കാരും അവരുടെ വിശ്വസ്തരായ അനുയായികളുമാണ്. രൂപീകരണത്തിനുശേഷം ഇതുവരെ കോൺഗ്രസിന് 61 പ്രസിഡന്റുമാരുണ്ടായി.
സോണിയ ഗാന്ധിയാണ് ഏറ്റവും കൂടുതൽ കാലം അധ്യക്ഷപദവി അലങ്കരിച്ചത്. 1998 മുതൽ 2017 വരെയും വീണ്ടും 2019 മുതൽ 2022 വരെയും (താത്കാലികം). ഇരുപതു വർഷത്തിലധികം അവർ ആ പദവിയിലിരുന്നു.
മല്ലികാർജുൻ ഗാർഖെയാണ് ഇപ്പോൾ പ്രസിഡന്റ്. 2022ലെ പാർട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശശി തരൂരിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ചുരുക്കിപ്പറഞ്ഞാൽ, 1947 മുതൽ 1964ൽ മരണംവരെ, നെഹ്റുവായിരുന്നു പ്രഭുവും യജമാനനും എന്നു പറഞ്ഞാൽ തെറ്റാവില്ല. എന്നാൽ, നെഹ്റു ജനാധിപത്യമൂല്യങ്ങളെ മാനിച്ചാണു പ്രവർത്തിച്ചത്. വിശേഷിച്ചും, നിയമവാഴ്ചയെ.
കഴിവുള്ളവരും വിദ്യാസന്പന്നരുമായ നേതാക്കളുടെ പിൻബലത്തോടെ ഇന്ത്യൻ ഭരണത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നല്ല സ്വീകാര്യത ലഭിച്ച മതേതര തത്വചിന്തയുണ്ടായിട്ടും കാലക്രമേണ ഭാരതീയ ജനതാ പാർട്ടിയുടെ വർഗീയ ഹിന്ദുത്വ വെല്ലുവിളി നേരിടുന്നതിൽ പരാജയപ്പെട്ടു. നരേന്ദ്ര മോദിയെ എതിരിടാൻ കരുത്തുറ്റതും ഊർജസ്വലവുമായ നേതൃത്വം ഉണ്ടായില്ല. ഉൾപാർട്ടി സംഘാടക വൈഭവത്തിലൂടെ ശക്തമായ സംഘടന കെട്ടിപ്പടുക്കാനുമായില്ല. അങ്ങനെ, തുടർന്നുവന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ, മഹാത്മാഗാന്ധി, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്റു എന്നിവരടക്കം നിരവധി നേതാക്കൾ സ്വപ്നംകണ്ട പുതിയ ഇന്ത്യ നിർമിക്കാൻ ഗ്രാമീണ, താലൂക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ വർഗീയ സംഘടനകളെ ഫലപ്രദമായി ചെറുക്കാനുമായില്ല.
റായ്പുർ സന്ദേശം
2022ലെ ഉദയ്പുർ പ്രഖ്യാപനവും 2023ലെ റായ്പുർ ആഹ്വാനവും പുറത്തുവന്ന സാഹചര്യം അറിയാവുന്ന നിരവധിപേർ കോൺഗ്രസിലുണ്ടെന്ന് എല്ലാവർക്കുമറിയാം. റായ്പുരിന്റെ സന്ദേശം വ്യക്തവും ശക്തവുമായിരുന്നു: “വീണ്ടും സജീവമാകുന്ന കോൺഗ്രസിനെ ഇന്ത്യ കാത്തിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.” സമൂഹത്തെ പുനർനിർമിക്കുന്നതിനോ, അതല്ലെങ്കിൽ, മെച്ചപ്പെട്ട ഇന്ത്യ സ്വപ്നം കണ്ട് ശക്തമായ അടിത്തറ പാകുന്നതിനോ, ഇന്ത്യക്കാവശ്യമുള്ളതും രാജ്യം അതിയായി ആഗ്രഹിക്കുന്നതുമായ ലക്ഷ്യബോധമുള്ള വികസനവെല്ലുവിളികൾ നേരിടാൻ തുടക്കം കുറിക്കാനോ സജീവമായ കോൺഗ്രസ് പാർട്ടിയിലും പ്രബുദ്ധരായ ജനങ്ങൾക്കിടയിലും ആരുമില്ല എന്നത് ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. തെരഞ്ഞെടുപ്പ് വിധികളിൽ വ്യക്തമായി തെളിയുന്ന തൊഴിൽരഹിത വികസനവും വർഗീയ പ്രബോധനങ്ങളും സ്വപ്നങ്ങളും ആരാലും നിയന്ത്രിക്കപ്പെടാതെ പോകുന്നു.
വർഗീയ ആശയങ്ങളും പദ്ധതികളുമുപയോഗിച്ച് ബിജെപിക്ക് ജനമനസുകളെ സ്വാധീനിക്കാൻ കഴിയുമെന്നും മതേതര രാഷ്ട്രീയ സഖ്യങ്ങൾക്ക് ജനമനസുകളെ സ്വാധീനിക്കാൻ കഴിയുന്നില്ലെന്നും വിശകലനങ്ങളിലൂടെയും രാഷ്ട്രീയ വ്യാഖ്യാനങ്ങളിലൂടെയും വ്യക്തമായി വിശദീകരിക്കുന്ന നിരവധി ചാർട്ടുകളും ഗ്രാഫുകളും നമ്മുടെ മുന്നിലുണ്ട്. തോമസ് ഗ്രേയുടെ ‘ഓഡ് ഓൺ എ ഡിസ്റ്റന്റ് പ്രോസ്പെക്ട് അറ്റ് ഈറ്റൻ കോളജ്’ എന്ന കവിതയിലെ “അജ്ഞത ആനന്ദമാകുന്നിടത്ത് ജ്ഞാനിയായിരിക്കുക എന്നത് വിഡ്ഢിത്തമാണ്” എന്നതുദ്ധരിച്ച് വെല്ലുവിളിയിൽനിന്ന് ഒളിച്ചോടുന്നത് മണ്ടത്തരമാണ്. അതെ, മതേതര മൂല്യങ്ങൾക്കു മാത്രമേ വർഗീയതയെന്ന വെല്ലുവിളിയെ ഇല്ലാതാക്കാനാകൂ.
അവസരവാദ രാഷ്ട്രീയ ശക്തികൾ
ഇന്ത്യയിലിന്ന് വർഗീയ രാഷ്ട്രീയ ശക്തികളെ കോൺഗ്രസിന്റെ മതേതര രാഷ്ട്രീയ ശക്തികൊണ്ടു മാത്രമേ നേരിടാനാകൂ എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. മതേതര കാഴ്ചപ്പാടുള്ള നിരവധി രാഷ്ട്രീയ കക്ഷികളുണ്ട്. എന്നാൽ, ബിജെപി-ആർഎസ്എസ് സഖ്യത്തിന്റെ പ്രചണ്ഡമായ വെല്ലുവിളി നേരിടാൻ കോൺഗ്രസിനുള്ളത്ര ജനകീയാടിത്തറ അവർക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് പ്രത്യക്ഷപ്പെട്ട് ‘മതേതര കൂട്ടായ്മ’യുടെ മറവിൽ സൗഹൃദവും സഹകരണവും തേടുന്ന അവസരവാദ രാഷ്ട്രീയ ശക്തികളുമുണ്ട്. അസംബ്ലിയിലും പാർലമെന്റിലും കടന്നുകൂടുകയാണ് അവരുടെ ലക്ഷ്യം. അവരെ വിശ്വസിക്കാനാകില്ല. മാത്രമല്ല, വിരുദ്ധ ശക്തികളെ എതിർക്കാനുള്ള ആർജവവും അവർക്കില്ല.
മതേതരത്വത്തിൽ പൂർണവിശ്വാസവും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയ ശക്തികൾക്കു മാത്രമേ വർഗീയ രാഷ്ട്രീയക്കാരെ പുറത്താക്കാനും സമൂഹത്തെയും ജനാധിപത്യമൂല്യങ്ങളെയും ശുദ്ധീകരിക്കാനും കഴിയൂ. മോദി നയിക്കുന്ന ബിജെപിയും അവരുടെ കൂട്ടാളികളുമുൾപ്പെട്ട എൻഡിഎ സഖ്യം അജയ്യമോ ഭീമാകാരമോ അല്ലെന്നു മനസിലാക്കേണ്ടതുണ്ട്. അവരുടെ സ്ഥിരതയും സംശയാസ്പദമാണ്. അവയിലെ പാർട്ടികളിൽ ചിലത് പുതുമഴയിൽ കിളിർക്കുന്ന ഈയാംപാറ്റകളെപ്പോലെ അൽപ്പായുസുകളുമാണ്.
സമൂഹത്തിലെ ഈ അപകടകാരികളായ ശക്തികളെ കൈകാര്യം ചെയ്യാനുള്ള ഏകവഴി ആശയങ്ങളോടുകൂടെയും വിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെ നേരിടുക എന്നതാണ്. വിജയിക്കാനുള്ള ഇച്ഛാശക്തിയുള്ള മതേതര ശക്തികളെ നാം വളർത്തേണ്ടതുണ്ട്. പൂർണമായും പ്രതിബദ്ധതയുള്ള മതേതര സമൂഹത്തിലൂടെ മാത്രമേ നമുക്ക് വിദ്യാഭ്യാസം, ഭരണനിർവഹണം, വാണിജ്യം എല്ലാറ്റിനുമുപരി ഇന്ത്യയുടെ സമഗ്രവികസനത്തിലും മുന്നേറാൻ കഴിയൂ.
വർഗീയശക്തികളുടെ വാഗ്ദാനങ്ങളും ഇന്ത്യയുടെ സമഗ്രവികസനം സംബന്ധിച്ച് അവർ നൽകിയ ഉറപ്പുകളും രാജ്യത്തുടനീളം വേരുറപ്പിച്ചിട്ടില്ലെന്നതും മറക്കാനും അവഗണിക്കാനും പാടില്ല. മറുവശത്ത്, നാണയപ്പെരുപ്പവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മൂലം പലരും കഷ്ടപ്പെടുകയാണ്. തൊഴിലവസരങ്ങളും കൂടിയിട്ടില്ല. തൊഴിലില്ലായ്മയുടെ വളർച്ചയാണ് ഇന്നു നാം കാണുന്നത്. ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലാത്തവരുടെ ദുരിതബാധിതമായ ദശലക്ഷക്കണക്കിനു കുടുംബങ്ങളെ ഇതൊന്നും സഹായിക്കില്ല. അവരെല്ലാം പല ദുഃശീലങ്ങൾക്കും അടിമകളാകുകയും നല്ല ജോലികളിൽനിന്നും ബിസിനസ് സംരംഭങ്ങളിൽനിന്നും അകറ്റിനിർത്തപ്പെടുകയും ചെയ്യുന്നു. അവർക്കെല്ലാം പ്രതീക്ഷയും മെച്ചപ്പെട്ട ജീവിതമാർഗവും നൽകാൻ മികവു തെളിയിച്ച നിക്ഷേപകരും ശക്തമായ വികസനപദ്ധതികളും വേണം.
വികസനവും തൊഴിലും
രാഹുൽ ഗാന്ധി രണ്ടു യാത്രകളിലൂടെയും തുടർന്നുണ്ടായ ജനപിന്തുണയുടെയും ഏകീകരണത്തിന്റെയും ഫലമായും വ്യത്യസ്തതലങ്ങളിൽ വികസനം ആരംഭിക്കാമെന്ന പ്രതീക്ഷ നൽകിയെന്നതാണ് പോസിറ്റീവായ കാര്യം. ഇതുവഴി പരിചയസന്പന്നരായ നിക്ഷേപകർക്ക് പോസിറ്റീവ് വിപണന സാധ്യതകൾ സൃഷ്ടിക്കാനും കഴിയും. വികസനവും സമൃദ്ധിയും നന്നായി തയാറാക്കിയ പദ്ധതികൾ വഴിയേ കൊണ്ടുവരാനാകൂ. കൂടെ, വിജയികളായ നിക്ഷേപകരും, വികസനവും തൊഴിലും നൽകുന്ന സജീവമായ വിപണിയും ആവശ്യമാണ്.
ബിജെപിയുടെ വർഗീയ അജൻഡ
ബിജെപിയും സഖ്യകക്ഷികളും വർഗീയ അജൻഡയിലൂടെ പുതിയ വേരുകൾ കണ്ടെത്തിയ ഗുജറാത്തിലും വടക്കേ ഇന്ത്യയിലെ പ്രദേശങ്ങളിലും വികസനവും വളർച്ചയും സംബന്ധിച്ച് ഗവേഷണം നടത്താൻ സമയമായി. വർഗീയ അജൻഡ താത്കാലിക രാഷ്ട്രീയനേട്ടം നൽകിയേക്കാം. പക്ഷേ, അത് വികസനത്തിനും വളർച്ചയ്ക്കും തൊഴിലിനും പറ്റിയ സമീപനമല്ല. വിദഗ്ധർ കൈകാര്യം ചെയ്താൽ പുതിയ നീക്കം കോൺഗ്രസിന് രാഷ്ട്രീയപരവും വികസനപരവുമായ നേട്ടങ്ങളുണ്ടാക്കിയേക്കാം. ഹിന്ദി മേഖലയിൽ പുതിയ ഭൂമികകൾ നൽകുകയും ചെയ്യും. ശരിയായ കാഴ്ചപ്പാടോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്താൽ വർഗീയതയുടെ വളർച്ചയ്ക്കു തടയിടാനുമാകും.
കാവി ഭരണത്തിൽ അസംതൃപ്തി
കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിൽ ബിജെപി തകർത്തെറിഞ്ഞെങ്കിലും ഗുജറാത്തിൽ കോൺഗ്രസിനു പിന്തുണയുണ്ട്. കാവി ഭരണത്തിൽ ബിജെപിയിലെ ചില വിഭാഗങ്ങൾ സംതൃപ്തരല്ല. പ്രതീക്ഷിച്ച നേട്ടമുണ്ടായിട്ടില്ല. ഒരു വിഭാഗം കച്ചവടക്കാരും ചെറുകിട ബിസിനസുകാരും കാര്യങ്ങളുടെ പോക്കിൽ തൃപ്തരല്ല. കോൺഗ്രസിനോടുള്ള ജനങ്ങളുടെ മനോഭാവം മനസിലാക്കുക കഠിനപരീക്ഷണമാകും. അതിന്റെ ഫലം പഠിക്കേണ്ടതാണ്.
നല്ലൊരു പോരാട്ടത്തിനു കഴിയുന്നതെല്ലാം കോൺഗ്രസ് ചെയ്യണം. ജയിക്കാനുള്ള ഇച്ഛാശക്തിയോടെ പാർട്ടിക്കു പുതിയ തുടക്കം നല്കുകയും വേണം. പാർട്ടിക്കു നഷ്ടപ്പെട്ട മേഖലകൾ തിരിച്ചുപിടിക്കാനുള്ള ഇച്ഛാശക്തി കോൺഗ്രസുകാർക്കിടയിലുണ്ടാക്കുകയാണ് ആദ്യത്തെ ലക്ഷ്യം. അടുത്ത തെരഞ്ഞെടുപ്പിൽ ഗുജറാത്ത് ഒരു വിജയമായാൽ കോൺഗ്രസ് നേതൃത്വത്തിന് ഹിന്ദി മേഖലയിൽ പാർട്ടിയുടെ ഭാഗ്യം പരീക്ഷിക്കാനുള്ള ആത്മവിശ്വാസമുണ്ടാകും.