ജനനനിരക്കിലെ ഇടിവും ദക്ഷിണേന്ത്യയുടെ രോദനവും
ജനനനിരക്കില്‍ വന്‍ ഇടിവ്-2/ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Tuesday, April 8, 2025 12:06 AM IST
2010 മുതല്‍ ജപ്പാനിലെ ജനസംഖ്യ കുറഞ്ഞുവരികയാണ്. 1968നും 2010നുമിടയില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്ന ജപ്പാന്റെ പ്രാദേശിക സ്വാധീനം ഇന്ത്യയേക്കാള്‍ കുറവാണ്. ജനനനിരക്കിലെ കുറവും ജനനത്തേക്കാള്‍ മരണവും ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള പുതുതലമുറയുടെ പലായനവും ഭൂകമ്പങ്ങളുമാണ് പ്രധാനപ്രതിസന്ധികൾ.
നഗരത്തിലെ സ്ഥിതിയും ഞെട്ടിക്കുന്നതാണ്. ടോക്കിയോയില്‍ ജനസംഖ്യ കുത്തനെ ഇടിയുന്നു. ജീവിതച്ചെലവുകളും ജോലിയിലെ മാനസിക സമ്മര്‍ദങ്ങളും വിവാഹംപോലും ഉപേക്ഷിക്കാനും വിവാഹം കഴിച്ചവരാണെങ്കില്‍ കുട്ടികള്‍ വേണ്ടെന്നുവയ്ക്കാനും നിര്‍ബന്ധിതരാകുന്നു. 2024ലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.2 കുട്ടികള്‍ എന്ന നിലയില്‍. ദമ്പതിമാർക്കിടയില്‍ പ്രത്യുത്പാദനം പ്രോത്സാഹിപ്പിക്കാന്‍ വിവിധ നയങ്ങളും പദ്ധതികളും ആവിഷ്കരിച്ചിരിക്കുന്നു.
കണക്കുകൂട്ടലുകള്‍ തെറ്റുന്നു
2024ന്റെ ആദ്യപകുതിയില്‍ 5,99,600 കുട്ടികള്‍ മാത്രമാണ് റഷ്യയില്‍ ജനിച്ചത്. 2023ലെ ഇതേ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 16,000 കുറവ്. കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുറവ്. 25 വയസിനുതാഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചാല്‍ 1,00,000 റൂബിള്‍. രണ്ടാമത്തെ കുട്ടിക്ക് 8,94,000 റൂബിള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല. ഭവനവായ്പകളും സൗജന്യ ട്രെയിന്‍ യാത്രാപദ്ധതികളും പ്രഖ്യാപിച്ചു. ഒന്നും ഫലം കാണുന്നില്ല.
ഇംഗ്ലണ്ടിലും വെയില്‍സിലും 190 വര്‍ഷത്തിനിടെ ഇതു രണ്ടാംതവണയാണ് ജനനനിരക്ക് മരണനിരക്കിലും താഴെയായിരിക്കുന്നത്. 2028ല്‍ ഓസ്ട്രേലിയയിലെ 80 വയസിനു മുകളിലുള്ളവരുടെ ജനസംഖ്യ 2000-2020ലെ ശരാശരിയുടെ ഇരട്ടിയിലേറെയാകും. യുഎസ് ജനസംഖ്യയിലെ വര്‍ധനയുടെ 80 ശതമാനവും കുടിയേറ്റക്കാരുടേതാണ്. 1972 മുതല്‍ മരണങ്ങള് ജനനങ്ങളെ കവിയുന്ന ജര്‍മനിയില്‍ കുടിയേറ്റം മൂലമാണ് ജനസംഖ്യ വര്‍ധിക്കുന്നത്.
അതേസമയം, പാക്കിസ്ഥാനില്‍ ജനസംഖ്യ കുതിക്കുന്നു. 2050 ആകുമ്പോഴേക്കും അമേരിക്കയെ പിന്തള്ളി ലോകത്ത് ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്ത് പാക്കിസ്ഥാനെത്തുമെന്നാണ് പ്രവചനം. 1947ല്‍ 31 ദശലക്ഷമായിരുന്നു. 2023ലിത് 241 ദശലക്ഷമായി. 2050ല്‍ 380 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. 2024ല്‍ പാക്കിസ്ഥാന്, എത്യോപ്യ, നൈജീരിയ, കോംഗോ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ ജനസംഖ്യയില്‍ വര്‍ധനയുണ്ട്.
ഇന്ത്യയിലും പ്രതിസന്ധി
ലോകജനസംഖ്യയില്‍ ഒന്നാമതെത്തിയെങ്കിലും ജനസംഖ്യ വളര്‍ച്ചാനിരക്കില്‍ ഇന്ത്യയും ശ്രദ്ധേയമായ മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. നഗരപ്രദേശങ്ങളില്‍ ഗണ്യമായ ജനസംഖ്യ വളര്‍ച്ച കൈവരിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ജനസാന്ദ്രത കുറയുന്നു. പ്രത്യേകിച്ച്, കാര്‍ഷിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ പലായനം ശക്തമായി തുടരുന്നു.
ദക്ഷിണേന്ത്യയുടെ രോദനം
ദക്ഷിണേന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചാനിരക്കിലെ ഇടിവിന്റെ ആഴം പഠിച്ച് വിലയിരുത്തി പൊതുസമൂഹത്തിലവതരിപ്പിക്കുന്നത് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമാണ്. ഇതിനവരെ പ്രേരിപ്പിച്ചത് പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ലോക്സഭാ മണ്ഡലങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ വരുന്ന വന്‍ പ്രാതിനിധ്യക്കുറവാണുതാനും.
1971ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം 543 ആയി നിശ്ചയിച്ചത്. ഈയവസരത്തില്‍ ഇന്ത്യയുടെ ജനസംഖ്യ 54.8 കോടിയായിരുന്നു. തുടര്‍ന്ന് ജനസംഖ്യ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഈ പ്രക്രിയ മരവിപ്പിച്ചു. ഭരണഘടന രണ്ടുതവണ ഭേദഗതി ചെയ്ത് ഈ മരവിപ്പിക്കല്‍ 2026 വരെ നീട്ടി. ഈ കാലാവധി അവസാനിക്കാന്‍ പോകുന്നുവെന്നതാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ ആശങ്കയ്ക്കു പിന്നിലുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘നാം രണ്ട് നമുക്ക് രണ്ട്’മുദ്രാവാക്യം അനുസരിച്ച് ജനസംഖ്യാ നിയന്ത്രണപദ്ധതിയോട് പരിപൂര്‍ണമായി തുറന്നമനസോടെ സഹകരിച്ച കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. പരിഹാരം പ്രത്യുത്പാദനനിരക്ക് ഉയര്‍ത്തുക മാത്രം. അത്തരം ശ്രമങ്ങള്‍ക്ക് പുതുതലമുറ തയാറാകുമോയെന്ന മറുചോദ്യവുമുണ്ട്.
2019-21 കാലഘട്ടത്തില്‍ ഇന്ത്യയിലെ ജനനനിരക്ക് ഉത്തരേന്ത്യ - 2.00, ദക്ഷിണേന്ത്യ - 1.64, പടിഞ്ഞാറന്‍ ഇന്ത്യ - 1.81, കിഴക്കന്‍ ഇന്ത്യ - 2.00, മധ്യ ഇന്ത്യ - 2.10, വടക്കുകിഴക്കന്‍ ഇന്ത്യ - 2.15 എന്നിങ്ങനെയാണ്. ദക്ഷിണേന്ത്യ ആഗോള ശരാശരിയായ 2.1ല്‍നിന്ന് 1.64ലേക്ക് താഴ്ന്നു. 2011ലെ സെന്‍സസില്‍ 121 കോടിയില്‍നിന്ന് 2025ല്‍ ഇന്ത്യയിലെ ജനസംഖ്യ 146 കോടിയെത്തിയിരിക്കുന്നുവെന്നാണ് കണക്കുകള്‍. 2054ല്‍ 169 കോടിയാകാം. അതേസമയം, ഈയവസ്ഥ തുടര്‍ന്നാല്‍ 2100ല്‍ 150 കോടിയിലേക്ക് ഇന്ത്യയിലെ ജനസംഖ്യ താഴാം. ഈ പ്രതിസന്ധിയെ അതിരൂക്ഷമായി അഭിമുഖീകരിക്കുന്നത് പ്രധാനമായും കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്.
വിദ്യാര്‍ഥികളും കുറയുന്നു
ഇന്ത്യയിലെ പ്രത്യുത്പാദന നിരക്ക് അഥവാ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1960ല്‍ നാലു വരെയെത്തിയിരുന്നു. ഓരോ ദമ്പതിമാർക്കും നാലുവീതം കുട്ടികള്‍. ഇപ്പോഴത് 1.98ലാണ്. ദക്ഷിണേന്ത്യയിലാകട്ടെ 1.64. കേരളത്തില്‍ ഇതിലും കുറയും. 2050ല്‍ ഇന്ത്യയുടെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് 1.29 ആയും 2100ല്‍ 1.04 ആയും കുറയുമെന്നാണ് ദ ലാന്‍സെറ്റ് നടത്തുന്ന പ്രവചനം.
ഇന്ത്യയിലെ ജനനനിരക്കിലെ തളര്‍ച്ചയുടെ മറ്റൊരു നേര്‍സാക്ഷ്യമാണ് സാക്ഷരതയില്‍ നാം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്തെ പ്രീ പ്രൈമറി സ്കൂള്‍ തലങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്നിരിക്കുന്ന കുറവ്. 2022-23 അധ്യയന വര്‍ഷം രാജ്യത്തെ സ്കൂളുകളില്‍ എൻറോള്‍ ചെയ്തത് 25.17 കോടി വിദ്യാര്‍ഥികളെങ്കില്‍ 2023-24ല്‍ ഇത് 24.8 കോടിയായി കുറഞ്ഞു. 2024-25ല്‍ ഇത് വീണ്ടും കുറഞ്ഞു. മക്കളെ വേണ്ടെന്നും ജീവിതം സ്വയം ആസ്വദിക്കാമെന്നുമുള്ള യുവദമ്പതിമാരുടെ തീരുമാനങ്ങളും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെയും ഭാവിയില്‍ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും.
(നാളെ: ജനനനിരക്ക്: ക്രൈസ്തവര്‍ കണ്ണുതുറക്കുക)