ജനനനിരക്കില്‍ വന്‍ ഇടിവ്; ആഗോള പ്രതിസന്ധി അതിരൂക്ഷമോ?
അഡ്വ. വി.സി. സെബാസ്റ്റ്യൻ
Monday, April 7, 2025 12:58 AM IST
ജനസംഖ്യാശോഷണം മൂലമുണ്ടാകാവുന്ന വന്‍ പ്രതിസന്ധിയിലേക്ക് ലോകം ചുവടുവയ്ക്കുകയാണോ? ജനസംഖ്യാനിരക്ക് സംബന്ധിച്ചു പുറത്തുവരുന്ന കണക്കുകളും പ്രവചനങ്ങളും ആ ദിശയിലേക്ക് വിരല്‍ചൂണ്ടുന്നു. തകിടംമറിയുന്ന ജനസംഖ്യാ കണക്കുകള്‍ ലോകജനതയുടെതന്നെ ജീവിതക്രമത്തെ മാറ്റിമറിക്കാനുള്ള സാധ്യതകളേറെ.
ഇന്ത്യയടക്കം പല ലോകരാജ്യങ്ങളും ജനസംഖ്യാശോഷണത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായി കാണിച്ചുതുടങ്ങിയിരിക്കുന്നു. ക്രമാതീതമായ ജനസംഖ്യാവളര്‍ച്ച ലോകവിഭവങ്ങളെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് അടിസ്ഥാനരഹിതമെന്ന് തെളിയിക്കപ്പെട്ടു. ആഗോളജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് സുസ്ഥിരമല്ലെന്ന് വീണ്ടും കണക്കുകള്‍ വരുന്നു. ആഗോളതാപനത്തേക്കാള്‍ ഭീഷണിയാവുകയാണ് ജനസംഖ്യാവളര്‍ച്ചയിലെ കുറവ്.
പ്രവചനങ്ങള്‍ സത്യമാകുമോ?
ലോകജനസംഖ്യ 1900ൽ നൂറുകോടിയും 2000ല്‍ 600 കോടിയും 2024ല്‍ 800 കോടിയും എത്തിയെങ്കിലും ഇപ്പോൾ കുതിപ്പല്ല, മന്ദഗതിയാണ്. ചില രാജ്യങ്ങളിലിത് ഓരോ ദിവസവും ഏറെ പുറകോട്ടടിക്കുന്നു.
ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചതും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിലെ നിരീക്ഷണങ്ങളും ചേര്‍ത്തുവയ്ക്കുമ്പോള്‍ 2050 ആകുമ്പോഴേക്കും 204 രാജ്യങ്ങളില്‍ 155ലും സ്ഥിരമായ ജനസംഖ്യ ഉറപ്പാക്കാവുന്നത്ര ജനങ്ങളുണ്ടാവില്ല. ഇപ്പോള്‍തന്നെ പല രാജ്യങ്ങളിലും മരണം ജനനത്തേക്കാള്‍ കൂടുതലാണ്.
ആശ്രിതര്‍ കുറവായതിനാൽ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്ന പ്രായമുള്ളവർ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തേണ്ട സാഹചര്യമുണ്ടാകും. ഫെര്‍ട്ടിലിറ്റി റേറ്റ് റീപ്ലെയ്സ്മെന്റ് ലെവലിന് താഴെയാവുകയും തിരിച്ചുവരവില്ലാതെ തുടരുകയും ചെയ്യും. ആഗോളജനസംഖ്യ കുറയുന്നത് പ്രായമായവരുടെ വര്‍ധിച്ചുവരുന്ന അനുപാതത്തെയാണ് സൂചിപ്പിക്കുന്നത്.
ഗള്‍ഫിലും പ്രതിസന്ധി
കഴിഞ്ഞ 30 വര്‍ഷത്തിനിടെ ജനസംഖ്യാശോഷണ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളും നേരിടുന്നു. ലോക ഫെര്‍ട്ടിലിറ്റി റിപ്പോര്‍ട്ട് 2024 പ്രകാരം യുഎഇയിലെ ഒരു സ്ത്രീയുടെ ഫെര്‍ട്ടിലിറ്റി നിരക്ക് 1994ല്‍ 3.76 ആയിരുന്നെങ്കില്‍ 2024ല്‍ 1.21 ആയി കുറഞ്ഞു. പരിഹാരമായി കുടുംബമന്ത്രാലയം രൂപീകരിച്ച് പൗരന്മാര്ക്കിടയില് കുടുംബരൂപീകരണം, കുടുംബശക്തീകരണ പദ്ധതികള്‍ എന്നിവ യുഎഇ സര്‍ക്കാര്‍ നടപ്പിലാക്കുന്നു.

ജനസംഖ്യ കുറയുന്നതിന്റെ പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ ജീവിതരീതിയാണ്. വിട്ടുമാറാത്ത രോഗങ്ങളും പരിസ്ഥിതി മലിനീകരണവും മറ്റു കാരണങ്ങളില്‍പ്പെടും. സമാന കണക്കുകളാണ് 2024ല്‍ ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പങ്കുവയ്ക്കുന്നത്. ‘അറബ് ലോകത്തെ മനുഷ്യരുടെ ഫെര്‍ട്ടിലിറ്റി നിരക്കിലെ എപ്പിഡെമിയോളജിക്കല്‍ ഡിക്ലൈന്‍’ എന്ന പഠനറിപ്പോര്‍ട്ടില്‍ ഗള്‍ഫിലെ ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് യുഎഇയിലാണെന്നു കണ്ടെത്തി. വൈകുന്ന വിവാഹങ്ങളും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ഘടകങ്ങളും ജനനനിരക്കിലെ ഇടിവിന്റെ കാരണമാകുന്നു.
ജനസംഖ്യാ വര്‍ധനയ്ക്കായുള്ള ആറ് ശിപാര്‍ശകളും ഹെല്‍ത്ത് കമ്മിറ്റി മുന്നോട്ടു വയ്ക്കുന്നു.
1) വിവാഹ ധനസഹായ തുക വര്‍ധിപ്പിക്കുക.
2) വിവാഹം, ഭവനഗ്രാന്റുകള് എളുപ്പത്തിലാക്കുക.
3) വ്യക്തിത്വം പ്രോത്സാഹിപ്പിക്കുക.
4) താങ്ങാനാവുന്ന വായ്പകള്‍ നല്‍കുക.
5) കൂട്ടുകുടുംബ ആശയം പുനരുജ്ജീവിപ്പിക്കുക.
6) കുടുംബങ്ങളെ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക.
സൗദി അറേബ്യ ഉള്‍പ്പെടെ ഇതര ഗള്‍ഫ് രാജ്യങ്ങളും സമാനമായ ജനസംഖ്യാ ശോഷണ പ്രതിസന്ധി നേരിടുന്നുണ്ട്.
കൊറിയയില്‍ അടിയന്തരാവസ്ഥ
ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണകൊറിയ ചരിത്രത്തിലെ ഏറ്റവും വലിയ ജനസംഖ്യാ ഇടിവിലാണ്. ജനസംഖ്യ പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടിയന്തര നടപടികളുടെ ഭാഗമായി സാമ്പത്തിക പ്രോത്സാഹനങ്ങളും ശിശുസംരക്ഷണ പിന്തുണയും നടപ്പിലാക്കി.

തൊഴില്‍ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും നടപ്പിലാക്കി. പക്ഷേ, ഇവയൊന്നും ഫലംകാണുന്നില്ല. ദക്ഷിണകൊറിയയില്‍ ഒരു സ്ത്രീക്ക് അവരുടെ ജീവിതകാലത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി കുട്ടികളുടെ എണ്ണം അഥവാ ഫെര്‍ട്ടിലിറ്റി നിരക്ക് 2015 മുതല്‍ ക്രമാതീതമായി കുറഞ്ഞുവരുന്നു. 2018ലിത് 0.98. 2023ല്‍ 0.72 എന്ന ഏറ്റവും താഴ്ന്ന നിരക്കില്‍. ഈ നില തുടര്‍ന്നാല്‍ 2100ല്‍ ദക്ഷിണകൊറിയയുടെ ജനസംഖ്യ പകുതിയാകും. ഇത് നിലവിലുള്ള സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ കൂടുതല്‍ വഷളാക്കും. ജനസംഖ്യാനിരക്കിലെ കുറവ് ഏറ്റവും പ്രതിഫലിക്കുന്നത് സ്കൂളുകളിലാണ്.
2023ല്‍ 22, 2024ല്‍ 33, 2025ല്‍ 50 എന്നിങ്ങനെ സ്കൂളുകള്‍ അടച്ചുപൂട്ടി. ഇവയില്‍ 88 ശതമാനവും ഗ്രാമീണമേഖലയില്‍. ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലേക്കുള്ള പുതുതലമുറയുടെ ഒഴുക്കും ശക്തമാണ്. 2024 ഡിസംബറിലെ കണക്കുപ്രകാരം 5.12 കോടിയാണ് ദക്ഷിണകൊറിയയിലെ ജനസംഖ്യ. അതിന്റെ 22 ശതമാനവും 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍. വിവിധ സര്‍വകലാശാലകള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള ശ്രമം തുടരുന്നു. 1975-1980 കാലയളവില്‍ പ്രതിവര്‍ഷം 800-900 വിദ്യാര്‍ഥികള്‍ ചേര്‍ന്നിരുന്ന ഗാങ്ഷുവിലെ ജുങ്കാങ് സ്കൂളില്‍ ഈ വര്‍ഷം ചേര്‍ന്നത് 23 വിദ്യാര്‍ഥികള്‍ മാത്രമെന്ന കൊറിയന്‍ പത്രറിപ്പോര്‍ട്ട് വരാന്‍ പോകുന്ന പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു.
ചൈനയുടെ കിതപ്പ്
2023ല്‍ ചൈനയുടെ ജനസംഖ്യ പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി കുറഞ്ഞു. അതേ വര്‍ഷം ഇന്ത്യ ആഗോള ജനസംഖ്യയില്‍ ഒന്നാമതായി. പ്രായമായവർ കൂടുന്നതും യുവാക്കൾ കുറയുന്നതുമാണ് ചൈന നേരിടുന്ന പ്രശ്നം.
രണ്ടാം ലോകയുദ്ധത്തിന്റെ അവസാനവും 1949ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷവും ചൈനയില്‍ ജനസംഖ്യ ഇരട്ടിയായി. തുടര്‍ന്ന് ‘ഒറ്റക്കുട്ടി’ നയം നടപ്പിലാക്കി. 1980-2015ല്‍ നടപ്പാക്കിയ ‘നാം രണ്ട് നമുക്ക് ഒന്ന്’ നയമാണ് ഇപ്പോള്‍ വെല്ലുവിളിയായത്. നിലവില്‍ ചൈനീസ് ജനസംഖ്യയുടെ അഞ്ചിലൊന്നില്‍ കൂടുതല്‍ പേര് 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍. 2035 എത്തുമ്പോള്‍ ആകെ ജനസംഖ്യയുടെ 30% പേര് 60 വയസിനു മുകളിലാകും.
വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും, ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കുംവേണ്ടിയുള്ള ഓട്ടവും, വിവാഹത്തിലും പ്രസവത്തിലും യുവസമൂഹത്തിന് താത്പര്യമില്ലാത്തതും ചൈനയെ പ്രതിസന്ധിയിലാക്കുന്നു. ചൈനയില്‍ നിയമപരമായ വിവാഹപ്രായം പുരുഷന്മാര്ക്ക് 22ഉം സ്ത്രീകള്‍ക്ക് 20ഉമാണ്. ജനനനിരക്ക് കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ വിവാഹപ്രായം 18 ആക്കണമെന്ന നിര്‍ദേശവും ഇപ്പോള്‍ വന്നിരിക്കുന്നു.
വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ പ്രത്യുത്പാദനശേഷി വര്‍ധിക്കുമെന്നും അങ്ങനെ ജനസംഖ്യ കുറയുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ചൈനീസ് പീപ്പിള്‍ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടുന്നു. 2024ല്‍ ചൈനീസ് വിവാഹങ്ങളും അഞ്ചിലൊന്നായി കുറഞ്ഞു. കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള കുതിച്ചുയര്‍ന്ന ചെലവ് വിവാഹം വേണ്ടെന്നുവയ്ക്കാന്‍ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമാന്ദ്യം ജോലി ലഭിക്കാനുള്ള സാധ്യതകളും തകര്‍ത്തു.
‘സ്നേഹവിദ്യാഭ്യാസം’
2024ല്‍ ചൈനയില്‍ വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്ത ദമ്പതിമാരുടെ എണ്ണം 6.1 ദശലക്ഷമാണ്. 2023ലിത് 7.68 ദശലക്ഷമായിരുന്നു. സിവില്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2013ല്‍ 13.47 ദശലക്ഷമായിരുന്നു വിവാഹങ്ങള്‍. പത്തുവര്‍ഷത്തിനുശേഷം വിവാഹങ്ങള്‍ പകുതിയില്‍ താഴെയായത് നിസാരമല്ല. അതേസമയം, 2024ല്‍ 2.6 ദശലക്ഷം ദമ്പതിമാർ വിവാഹമോചനത്തിനും അപേക്ഷ നല്കി. 2023നെ അപേക്ഷിച്ച് 1.1 ശതമാനം കൂടുതലാണ്.

വിവാഹം, പ്രണയം, ഫെര്‍ട്ടിലിറ്റി, കുടുംബം എന്നിവയെക്കുറിച്ച് പോസിറ്റീവ് വീക്ഷണങ്ങള്‍ നല്കാന് കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ ‘സ്നേഹവിദ്യാഭ്യാസം’ ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹത്തോടും കുടുംബത്തോടും കുഞ്ഞുങ്ങളോടുമുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകള്‍ തിരുത്തുകയാണിതിന്റെ ലക്ഷ്യം. വേദനയില്ലാത്ത പ്രസവത്തിനുള്ള മരുന്നുകളും കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍ നല്കുന്നു.
14,800 നഴ്സറി സ്കൂളുകളാണ് രാജ്യത്ത് വൃദ്ധസദനങ്ങളായി മാറിയിരിക്കുന്നത്. 2022ല്‍ ചൈനയില്‍ 2,89,200 കിന്റര്ഗാര്ട്ടനുകളാണുണ്ടായിരുന്നത്. 2023ലിത് 2,74,400 ആയി കുറഞ്ഞു. 2024ല്‍ വീണ്ടും കുറഞ്ഞതുകൊണ്ട് കണക്കുകള്‍ കൃത്യമായി പുറത്തുവിട്ടിട്ടില്ല. നിലവിലുള്ള കിന്റര്‍ഗാര്‍ട്ടനുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ കുറവുണ്ട്. രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനും സബ്സിഡിയായി ചില പ്രവിശ്യകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈന ജനസംഖ്യാനിരക്കില്‍ വാര്‍ധക്യം പ്രാപിക്കുന്നത് ചൂണ്ടുപലകയാണ്.
സിംഗപ്പുര്‍ ഇല്ലാതാകുമോ?
ജനസംഖ്യാശോഷണം മൂലം സിംഗപ്പുര്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന മാധ്യമവാര്‍ത്തകള്‍. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഫെര്‍ട്ടിലിറ്റി നിരക്കില്‍ കാര്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2023ലെ കണക്കുപ്രകാരമിത് 0.97. അതായത് രാജ്യത്ത് ഒരു കുട്ടിപോലുമില്ലാത്ത സ്ത്രീകളുടെ എണ്ണം കൂടുന്നു. ജനസംഖ്യ നിലനിര്‍ത്താന്‍ വേണ്ട 2.1ന് വളരെ താഴെയാണിത്. അതേസമയം റോബോട്ട് സാന്ദ്രതയില്‍ സിംഗപ്പുര്‍ ആഗോളതലത്തില്‍ രണ്ടാമതാണ്. 10,000 തൊഴിലാളികള്‍ക്ക് 770 വ്യാവസായിക റോബോട്ടുകള്‍.

തൊഴിലെടുക്കുന്ന ആളുകളുടെ കുറവ് പരിഹരിക്കാന്‍ കൂടുതല്‍ തൊഴിലാളികളെ വിദേശത്തുനിന്നെത്തിക്കാമെന്നു ചിന്തിച്ചാലും കര്ക്കശനിയമങ്ങള് തടസം. കുട്ടികളെ വളര്‍ത്താനുള്ള ഭീമമായ ചെലവും ജീവിതച്ചെലവും മൂലം വിവാഹവും കുട്ടികളും വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണവും സിംഗപ്പുരില്‍ കൂടുന്നു.
യൂറോപ്പിനും ദുരിതകാലം
2025 യൂറോപ്പിൽ ജനസംഖ്യാ വളര്‍ച്ചയുടെ അവസാനവര്ഷമെന്നാണ് പ്രവചനം. യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസായ യൂറോസ്റ്റാറ്റിന്റെ അഭിപ്രായത്തില്‍, 2026 വരെ യൂറോപ്യന്‍ ജനസംഖ്യ 453.3 ദശലക്ഷമായി ഉയരുമെന്നും തുടര്‍ന്നുള്ള വളര്‍ച്ച വളരെ സാവധാനമായിരിക്കുമെന്നും സൂചിപ്പിക്കുന്നു. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ ജനസംഖ്യ 1974ലെ കണക്കില്‍ ലോകജനസംഖ്യയുടെ 10 ശതമാനമായിരുന്നത് 2023ല്‍ 5.6 ശതമാനമായി കുറഞ്ഞു. ജനനത്തേക്കാള്‍ കൂടുതല്‍ മരണമാണിതിനു കാരണം. 2.1 ഫെര്‍ട്ടിലിറ്റി നിരക്കില്‍നിന്ന് 2013നും 2023നുമിടയ്ക്ക് 1.7 ആയി കുറഞ്ഞതിപ്പോള് 1.52ലെത്തിനില്‍ക്കുന്നു.

ജനസംഖ്യാവര്‍ധന നിരക്കിലെ ആകെ പ്രതീക്ഷ കുടിയേറ്റക്കാരിലായി. 2024ല്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്രവലതുപക്ഷം പിടിമുറുക്കിയതോടെ കുടിയേറ്റത്തിന്റെ വാതിലുകളും അടയാനുള്ള സാധ്യതയേറുന്നു. മുസ്ലിം കുടിയേറ്റക്കാരും അഭയാര്‍ഥികളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഭീകരവാദ അജണ്ടകളും പ്രകോപനങ്ങളും പ്രക്ഷോഭങ്ങളും അക്രമങ്ങളും തദ്ദേശീയരില്‍ ഇവരോട് സൃഷ്ടിച്ചിരിക്കുന്ന വെറുപ്പും വിദ്വേഷവും സംഘടിതരൂപത്തില്‍ പ്രതിഫലിക്കുമ്പോള്‍ ജനസംഖ്യയിലും ഭാവിയില്‍ ഇടിവുണ്ടാകും.
കുടിയേറ്റമില്ലെങ്കില്‍ യൂറോപ്യന്‍ സമൂഹം വേഗത്തില്‍ പ്രായമാകും. ഏറ്റവും കുറവ് ഫെര്‍ട്ടിലിറ്റി നിരക്കുള്ള യൂറോപ്യന്‍ രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. കുടിയേറ്റമില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനത്തടെ ജനസംഖ്യ പകുതിയിലധികം കുറയും. അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചാല്‍ ജര്‍മനിയില്‍ ജനസംഖ്യ 83 ദശലക്ഷത്തില്‍നിന്ന് 53 ദശലക്ഷമായി ചുരുങ്ങും.
കുടിയേറ്റവിരുദ്ധ വികാരം ആളിക്കത്തിയ ഫ്രാന്‍സില്‍ ഈ നില തുടര്‍ന്നാല്‍ ജനസംഖ്യ 68 ദശലക്ഷത്തില്‍നിന്ന് 59 ദശലക്ഷമായി കുറയുമെന്ന് സൂചനകളുണ്ട്. യൂറോപ്യന്‍ യൂണിയന് ജനസംഖ്യയുടെ 21 ശതമാനം പേര് 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. 2100ലിത് 32 ശതമാനമായി ഉയരും. ഫെര്‍ട്ടിലിറ്റി നിരക്കും കുട്ടികളുടെ എണ്ണവും കുറഞ്ഞതു മൂലം കുട്ടികളെ പരിചരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. പകരം വൃദ്ധരെ പരിചരിക്കുന്നതിലേക്ക് ഇവരെ പുനര്‍വിതരണം ചെയ്തു.
(നാളെ: കണക്കുകൂട്ടലുകള്‍ തെറ്റുന്നു; ദക്ഷിണേന്ത്യ പ്രതിസന്ധിയില്‍)