ഇന്ത്യൻ വ്യോമയാന കുതിപ്പിനു കരുത്തേകി ഹൻസ-3
ഡോ. ജിതേന്ദ്ര സിംഗ് (കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി)
Monday, April 7, 2025 12:51 AM IST
ആഗോളതലത്തിൽ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ. ഈ ദശകത്തിന്റെ അവസാനത്തോടെ 300 ദശലക്ഷം ആഭ്യന്തര യാത്രക്കാർക്കു രാജ്യം സേവനം നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലെ ഈ അതിവേഗ വളർച്ച വികസിക്കുന്ന വ്യോമയാന വ്യവസായത്തെ മാത്രമല്ല; ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വർധിച്ചുവരുന്ന അഭിലാഷങ്ങളെയും സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ അടിയന്തരമായി വേണ്ടത് പൈലറ്റുമാരെയാണ്. വളർച്ച നിലനിർത്തുന്നതിൽ നിർണായക ഘടകമാണിത്. അടുത്ത രണ്ടു ദശകങ്ങളിൽ പൈലറ്റുമാരുടെ ആവശ്യകത കുറഞ്ഞത് അഞ്ചുമടങ്ങ് വർധിക്കുമെന്നാണു വ്യോമയാന മന്ത്രാലയത്തിന്റെ സമീപകാല റിപ്പോർട്ട് പറയുന്നത്. വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ വ്യോമയാന മേഖല യാത്രക്കാരുടെ ഗതാഗതത്തിലും വിമാനങ്ങളുടെ വികാസത്തിലും ദ്രുതഗതിയിലുള്ള വളർച്ചയാണ് കൈവരിക്കുന്നത്.
ഇന്ത്യ നിലവിൽ 38 പറക്കൽ പരിശീലന സംഘടനകൾക്ക് (എഫ്ടിഒ) ആതിഥേയത്വം വഹിക്കുന്നു. പരിശീലന വിമാനങ്ങളുടെ എണ്ണത്തിൽ ആനുപാതികമായ വർധനയോടെ, വലുതും ലോകോത്തരവുമായ ആകാശപ്പറക്കൽ പരിശീലന പരിസ്ഥിതി വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നിലവിൽ, ഇന്ത്യയിലെ ചെറിയ യാത്രാവിമാന വിപണി പ്രധാനമായും വിദേശ കമ്പനികളാണ് നിയന്ത്രിക്കുന്നത്. ആഭ്യന്തര കമ്പനികൾക്ക് ഇതിൽ കാര്യമായ സ്വാധീനമില്ല.
തദ്ദേശീയ യാത്രാവിമാനങ്ങളുടെ വികസനം വഴി രാജ്യം പൂർണമായും സ്വയംപര്യാപ്തമാകേണ്ടതുണ്ട്. ഇത് രാജ്യത്തിന്റെ വൈദഗ്ധ്യവും കഴിവുകളും പ്രദർശിപ്പിക്കും. എയ്റോസ്പേസ് ഘടക നിർമാണത്തിന് ഇന്ത്യയിൽ മുൻഗണന ലഭിക്കുകയും ചെയ്യും. പ്രാരംഭ രൂപകൽപ്പന മുതൽ അന്തിമ ഉത്പാദനംവരെയുള്ള എല്ലാ ഘട്ടങ്ങളിലും മികവ് പുലർത്തുന്നത് വ്യോമയാന വ്യവസായത്തെ ഗണ്യമായി ശക്തിപ്പെടുത്തും.
ശാസ്ത്രീയ-വ്യാവസായിക ഗവേഷണ സമിതി-നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് (സിഎസ്ഐആർ-എൻഎഎൽ) തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ‘ഹൻസ-3 (ന്യൂ ജനറേഷൻ-എൻജി)’ എന്ന വാണിജ്യനാമമുള്ള മെച്ചപ്പെട്ട ഹൻസ-3 വിമാനം, വ്യോമയാത്രാസമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നു.
അത്യാധുനിക ഗ്ലാസ് കോക്പിറ്റ്, ഇന്ധനക്ഷമതയുള്ള റോട്ടാക്സ് 912 ഐഎസ്സി-3 സ്പോർട്ട് എൻജിൻ, 620 നോട്ടിക്കൽ മൈൽ റേഞ്ച്, ഏഴു മണിക്കൂർ സ്ഥിരത തുടങ്ങിയ മെച്ചപ്പെടുത്തിയ പ്രകടന അളവുകൾ ഉൾക്കൊള്ളുന്ന ഈ വിമാനം ആധുനിക പരിശീലന വിമാന മാനദണ്ഡങ്ങളെ പുനർനിർവചിക്കുന്നു. പ്രധാന അംഗീകാരങ്ങൾ നേടിയ ഹൻസ-3(എൻജി) ഇപ്പോൾ പകലും രാത്രിയും പ്രവർത്തിക്കുന്നതിനുള്ള അംഗീകാരവും നേടി.
ഐഎഫ്ആർ പ്രവർത്തനങ്ങൾക്കായുള്ള അതിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള കൂടുതൽ നടപടികളും സ്വീകരിച്ചു.
ഇന്ത്യയുടെ വ്യോമയാന അഭിലാഷങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഹൻസ-3 സുപ്രധാന നാഴികക്കല്ലാണ്. ഈ ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യയെ ആഗോള വ്യോമയാന കേന്ദ്രമായി സ്ഥാപിക്കുകയെന്ന കാഴ്ചപ്പാടിന് അനുയോജ്യമാണിത്.
ബംഗളൂരുവിൽ സ്ഥാപിക്കുന്ന ഉത്പാദനകേന്ദ്രം പ്രതിവർഷം 36 വിമാനങ്ങൾ നിർമിക്കും. വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇത് 72 യൂണിറ്റുകളായി ഉയർത്തും. ഇന്ത്യയിലെ ആദ്യത്തെ പൂർണ-സംയോജിത എയർഫ്രെയിം വിമാനമെന്ന നിലയിൽ, ഹൻസ-3 പരിവർത്തനതാരകമാണ്. ഇത് അടുത്ത തലമുറയിലെ പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഫ്ലൈയിംഗ് ക്ലബ്ബുകളെ പ്രാപ്തമാക്കുകയും ഹോബി ഫ്ലൈയിംഗ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പരിശീലനത്തിനപ്പുറം; നിരീക്ഷണം, ആകാശ ഫോട്ടോഗ്രഫി, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ മേഖലകളിൽ ഹൻസ-3 വലിയ സാധ്യതകൾ ഉൾക്കൊള്ളുന്നു. ഇതിന്റെ വിന്യാസം ചെറുകിട വിമാനനിർമാണത്തെ ഉത്തേജിപ്പിക്കുകയും പ്രാദേശിക അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുകയും വ്യോമയാന വിതരണശൃംഖലയിൽ സംഭാവനയേകാൻ ചെറുകിട-ഇടത്തരം സംരംഭങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും.