വഖഫ് നിയമം ചിരിക്കുന്നു
അനന്തപുരി / ദ്വിജൻ
Saturday, April 5, 2025 11:43 PM IST
വഖഫ് ബോർഡിന്, ഒരു രേഖയും കാണിക്കാതെ ആരുടെയും ഭുമിയിൽ അവകാശം പറയാനും അവരെ അവിടെനിന്ന് കുടിയിറക്കാനും അവകാശം നൽകുന്ന, ഈ അവകാശത്തെ കോടതികളിൽപോലും ചോദ്യം ചെയ്യാൻ സാധിക്കാത്ത കിരാത നിയമം ഭേദഗതി ചെയ്ത് ഇന്ത്യൻ പാർലമെന്റ് നാട്ടിലെ പൗരാവകാശങ്ങളും കോടതികളുടെ ഔന്നത്യവും പുനഃസ്ഥാപിച്ചു.
ഈ നിയമഭേദഗതിയെ രാജ്യദ്രോഹപരവും മുസ്ലിംവിരുദ്ധവുമാണെന്ന് ചിത്രീകരിക്കുന്നവർ സാധാരണക്കാരുടെ മുന്പിൽ സ്വയം പരിഹാസ്യരാവുകയല്ലേ? ബില്ലിനെ പൊതുവെ എതിർത്ത കേരള കോണ്‍ഗ്രസുകാർ ബില്ലിലെ പല വ്യവസ്ഥകളെയും സ്വാഗതം ചെയ്തത് ചർച്ചയിലെ കൗതുകകരമായ കാഴ്ചയായി.
നിയമനിർമാണത്തിൽ പാർലമെന്റും അംഗങ്ങളും പുലർത്തേണ്ട ജാഗ്രതയുടെ നല്ല മാതൃകയായി വഖഫ് ഭേദഗതിനിയമ നടപടിക്രമങ്ങൾ. ഏതാണ്ട് മുഴുവൻ അംഗങ്ങളും സഭയിൽ സന്നിഹിതരായി ചർച്ചകളിൽ പങ്കെടുത്തു. ബില്ലിനെ അനുകൂലിക്കണമെന്ന് കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വം ആവശ്യപ്പെട്ടിട്ടും മുസ്ലിം വികാരത്തോടൊപ്പം നിൽക്കാൻ കേരളത്തിലെ എല്ലാ എംപിമാരും വാശിപിടിക്കുകയും സഭയിലെത്തി തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തെങ്കിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിലെത്തിയത് അവസാന നിമിഷങ്ങളിൽ.
വയനാട്ടിലെ എംപി പ്രിയങ്ക ഗാന്ധി സഭയിൽ വന്നതേയില്ല. കോണ്‍ഗ്രസിന്റെ പാർലമെന്ററി പാർട്ടി ചെയർപേഴ്സൻ രാജ്യസഭാംഗം സോണിയ ഗാന്ധി പാർലമെന്റിൽ പ്രസംഗിച്ചില്ല. ഇത്രയും സുപ്രധാനമായ ഒരു ബിൽ ചർച്ചയ്ക്കെടുക്കുന്പോൾ അവർ കാണിക്കുന്ന ഉത്തരവാദിത്വബോധം അന്പരപ്പിക്കുന്നതാണ്.
പ്രതിപക്ഷം ഭരിക്കുന്ന കാലത്ത് തുടക്കം കുറിച്ച നിയമഭേദഗതിയാണ് തങ്ങൾ നടപ്പാക്കുന്നതെന്ന് ബിൽ അവതരിപ്പിച്ച ന്യൂനപക്ഷ മന്ത്രി പറഞ്ഞു. 2025ൽ പുതിയ ഭേദഗതി നിയമം വരുന്പോൾ വഖഫ് സ്വത്തുക്കൾ 4.9 ലക്ഷത്തിൽനിന്നു 8.2 ലക്ഷമായി. 2013ലെ നിയമഭേദഗതിയുടെ മറവിൽ കവർന്നെടുത്തവയും ചേർന്ന കണക്കാണിത്. ഈ വസ്തുക്കൾ ശരിക്കും കൈകാര്യം ചെയ്താലുണ്ടാകുന്ന യഥാർഥ വരുമാനം എത്രയാവുമെന്നു മന്ത്രി ചോദിക്കുന്നു.
വഖഫ് പിടിച്ചെടുക്കലുകൾക്കെതിരേ നിലവിൽ 31,399 കേസുകളുണ്ട്. അതിൽ 14,000 മുസ്ലിംകൾ നല്കിയവയാണ്. അതായത്, ലോക്സഭയിലും രാജ്യസഭയിലും നേതാക്കന്മാർ എന്തെല്ലാം പറഞ്ഞാലും ഈ നിയമഭേദഗതി സാധാരണ മുസ്ലിംകളിൽ ധാരാളം പേർക്ക് വലിയ സഹായമാണ്. അഖിലേന്ത്യ മുസ്ലിം ജമാഅത്തും അഖിലേന്ത്യാ ഇമാം അസോസിയേഷനും വഖഫ് ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
വഖഫ് ബിൽ തരുന്ന പാഠങ്ങൾ
ബിജെപി സർക്കാർ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റും. വഖഫ് നിയമം എത്ര മനോഹരമായി അവർ പാസാക്കി. ഹിന്ദു കാർഡ് കളിച്ചാണെങ്കിലും ബിജെപി മറ്റു സമുദായങ്ങളിലേക്കും കടന്നുചെല്ലുകയാണ്. പ്രവർത്തിക്കുന്ന ഒരു സർക്കാർ എന്ന ഇമേജ് പടർത്തുന്നു. വഖഫ് ഭൂമി സംബന്ധിച്ച് കേസുകൊടുത്തിട്ടുള്ള 14,000 മുസ്ലിംകളിൽ മാത്രമല്ല ക്രൈസ്തവരിലും ബിജെപി ആഭിമുഖ്യം ശക്തിപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന് ഒന്നിനും ധൈര്യമില്ല. പട മുറുകുന്പോൾ അവരുടെ നേതാക്കൾ പടക്കളത്തിൽ പോലും ഉണ്ടാവില്ല.
വഖഫ് ബിൽ സംബന്ധിച്ച് കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാർ നടത്തിയ ആഗ്രഹ പ്രകടനത്തോട് എംപിമാർ എങ്ങനെ പ്രതികരിച്ചു എന്നും ബിൽ തെളിയിച്ചു. ആശംസകൾ അർപ്പിക്കാന്‍ മത്സരിക്കുന്നതല്ല സമുദായത്തിന്റെ വിഷയങ്ങളിൽ ഉറച്ച നിലപാട് എടുക്കുന്നതാണ് സമുദായസ്നേഹം. ഇനി ന്യായീകരണവുമായി വരും. നിയമം പാസക്കിയതിലൂടെ മുനന്പത്തെ പ്രശ്നത്തിനു പരിഹാരം ഉണ്ടാവില്ലെന്നു ശഠിക്കുകയാണ് കോണ്‍ഗ്രസുകാർ.
ബില്ലിനെക്കുറിച്ച് പുറപ്പെടുവിച്ച ഔദ്യോഗിക പത്രക്കുറിപ്പിൽ പോലും 40-ാം വകുപ്പു റദ്ദാക്കപ്പെടുന്നതിലൂടെ മുനന്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഇനി നടപടിക്രമങ്ങൾ ബാക്കിയുണ്ട്. അതു കേരള സർക്കാർ ചെയ്യേണ്ടിവരും. നടപടി എടുക്കാനുള്ള അധികാരം ബില്ലിലൂടെ സർക്കാരിന് കിട്ടുന്നു. ഇനി സർക്കാർ തീരുമാനങ്ങളെ ഹൈക്കോടതി വെറുതെ റദ്ദാക്കില്ല.
തുടർഭരണം അനിവാര്യം
മധുര കോണ്‍ഗ്രസ് കഴിയുന്പോൾ സിപിഎം ഒരു സത്യത്തിന് അടിവരയിടുന്നു. പാർട്ടി പിടിച്ചുനിൽക്കുന്നത് കേരളത്തിലെ ഭരണം കൊണ്ടാണ്. ദേശീയതലത്തിൽ സിപിഎം വളരുന്നതിന് കേരളത്തിൽ തുടർഭരണം അത്യാവശ്യമാണെന്ന് മധുര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം ദേശീയ കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചൊന്നും പാർട്ടി വളരില്ല. പാർട്ടി വളരണമെങ്കിൽ ഭരണം വേണംപോലും.
പക്ഷേ, ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിട്ടും 2002 മുതൽ പാർട്ടി പിന്നോട്ടാണെന്ന് കോണ്‍ഗ്രസിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 2002 മുതൽ മുരടിപ്പു കാര്യം പറയുന്നതാണ്. ഇപ്പോൾ തകർച്ചയിലെത്തിയെന്ന് സംഘടനാ റിപ്പോർട്ട് പറയുന്നുപോലും. ഏതായാലും മൂന്നാം ഊഴത്തിനുവേണ്ടി എന്തും ചെയ്യാൻ പിണറായിയെ അഭിഷേകം ചെയ്തുകൊണ്ടാവും മധുര കോണ്‍ഗ്രസ് സമാപിക്കുക എന്ന് തീർച്ച.
എന്പുരാനും വിവാദങ്ങളും
എന്പുരാൻ സിനിമ സംബന്ധിച്ച് വിവാദങ്ങളും കട്ടും എല്ലാം കച്ചവടമാണെങ്കിലും അതിനുള്ളിലെ ക്രൈസ്തവവിരുദ്ധത സംബന്ധിച്ചും മുസ്ലിം പ്രീണനം സംബന്ധിച്ചുമുള്ള വിമർശനങ്ങൾ തീരെ അടിസ്ഥാനരഹിതമല്ല.
എന്പുരാൻ അടക്കമുള്ള പൃഥ്വിരാജ് സിനിമകൾ എങ്ങനെ ക്രൈസ്തവ വിരുദ്ധമാകുന്നു എന്നതു സംബന്ധിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിലും ഫേസ്ബുക്കിലും കൃത്യമായി വിശദീകരിച്ച ജിതിൻ ജേക്കബിന്റെ ചോദ്യങ്ങൾ പ്രസക്തമാണ്. ജിതിൻ എഴുതി, ഈ സിനിമയിൽ ഏറ്റവും കൂടുതൽ അവഹേളിച്ചിരിക്കുന്നത് ക്രൈസ്തവ വിശ്വാസങ്ങളെയാണ്.
പൃഥ്വിരാജിന്റെ പല സിനിമകളിലും സാത്താൻ സേവ അഥവാ പൈശാചിക ആരാധന, ബൈബിൾ വചനങ്ങളുടെ ദുർവ്യാഖ്യാനം, ബൈബിളിൽ ഇല്ലാത്ത വചനങ്ങൾ ബൈബിളിലേതെന്ന് പറഞ്ഞ് ഉദ്ധരിക്കൽ, പൈശാചിക ചിഹ്നങ്ങളുടെ അവതരണം, പൈശാചിക സ്തുതികൾ, യേശുവിനെ വ്യംഗ്യമായി അധിക്ഷേപിക്കൽ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ലൂസിഫറിൽ മോഹൻലാൽ ഉപയോഗിക്കുന്ന കാറിന്റെ നന്പർ 666 ആണ്.
കഴുത്ത് ഒടിഞ്ഞു കിടക്കുന്ന ക്രൂശിതരൂപത്തിൽ പാന്പു കയറി ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. പാന്പ് ആരുടെ പ്രതീകമെന്ന് ആർക്കാണ് അറിയാത്തത്. ഇറാക്കിലെ മുസ്ലിം തീവ്രവാദികൾ മുച്ചൂടും നശിപ്പിച്ച ക്രൈസ്തവ കേന്ദ്രമായ കാരഗോഷിലെ തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയം ലൂസിഫറിന്റെ അനുരഞ്ജന ചർച്ച നടത്തുന്നതിനുള്ള ഇടമായി തെരഞ്ഞെടുക്കപ്പെട്ടത് നിഷ്കളങ്കമായാണോ എന്നും ജിതിൻ ചോദിക്കുന്നു.
ദൈവത്തിന്റെ മേൽ സാത്താന്റെ വിജയം ഉണ്ടാകുമെന്ന വ്യാജം പ്രചരിപ്പിക്കുന്ന ഇല്ലുമിനാറ്റി എന്ന ഗൂഢസംഘടനയും ഫ്രീമേസണറിമാരും എന്പുരാന്റെ അണിയറ പ്രവർത്തകരും തമ്മിലുള്ള ബന്ധമടക്കം പലതും ബാക്കിയുണ്ട്. ഖുറേഷി ധരിക്കുന്ന മോതിരത്തിലെ നിഗൂഢമുദ്രയും അതിൽ ഒന്നാണ്.
സാധാരണ പ്രേക്ഷകന് പെട്ടെന്നു മനസിലാകാത്ത വിധം ദൈവത്തിനെതിരേ വിഷം കുത്തിനിറച്ച ചിത്രമാണ് എന്പുരാൻ.