ആർഎസ്എസിനോട് മോദിയുടെ രണ്ടുംകല്പിച്ച സൗഹൃദനീക്കം
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Friday, April 4, 2025 11:51 PM IST
“ഇന്ത്യൻ സംസ്കാരത്തെയും നമ്മുടെ രാജ്യത്തിന്റെ പ്രജ്ഞയെയും ആർഎസ്എസ് നിരന്തരം ഊർജസ്വലമാക്കുന്നു.” പ്രധാനമന്ത്രിപദത്തിലേറി പതിനൊന്നു വർഷത്തിനുശേഷം ആദ്യമായി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തിയ നരേന്ദ്ര മോദി മാർച്ച് 30ന് ഞായറാഴ്ച പറഞ്ഞതാണിത്. തീർന്നില്ല, ആർഎസ്എസിനെ ആൽമരമെന്നും പവിത്രവും ശാശ്വതവുമായ അക്ഷയവടമെന്നുമാണ് വിശേഷിപ്പിച്ചത്. ഗുരു ഗോൾവാൾക്കറുടെ ഉദ്ബോധനങ്ങൾ തന്റെ ജീവമന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2047ൽ ഇന്ത്യയെ വികസിതരാജ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര സംഘത്തിന്റെ സ്ഥാപകൻ കെ.ബി. ഹേഗ്ഡേവാറിന്റെയും സംഘ് മേധാവിയുടെയും മാർഗദർശനത്തിലാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
സംഘത്തെ സർവവ്യാപിയെന്നു വിശേഷിപ്പിച്ച ഗുരുജി ഗോൾവാൾക്കർ, “സംഘം വെളിച്ചം പോലെയാണ്. അതിനു സ്വയം എല്ലാം നേടാൻ കഴിഞ്ഞേക്കില്ല. പക്ഷേ, അതു വഴികാണിച്ചുകൊടുത്തു മറ്റുള്ളവരെ സഹായിക്കുന്നു. ഇരുട്ടും തടസവും നീക്കി പുതിയ പാതകൾ കണ്ടെത്തുന്നതിന് നാം വെളിച്ചംപോലെയാകണം” എന്നു പറഞ്ഞതായി മോദി പറഞ്ഞു. പ്രധാനമന്ത്രിയായശേഷം ആദ്യമായി ആർഎസ്എസ് ആസ്ഥാനത്തെത്തിയ മോദി സ്വയംസേവകരെ അഭിസംബോധന ചെയ്യുന്പോൾ ഹം (നമ്മൾ) എന്ന വാക്കുപയോഗിച്ചത് ശ്രദ്ധേയമാണ്. “നമ്മുടെ പ്രവർത്തനങ്ങൾ സ്വാർഥതാത്പര്യങ്ങൾക്കു പകരം, ജനങ്ങളുടെ ക്ഷേമം പരിഗണിച്ചുകൊണ്ടാകുന്പോൾ, രാഷ്ട്രത്തിന്റെ തത്വചിന്ത മുന്നിൽനിന്നു നയിക്കപ്പെടുന്പോൾ നമ്മളാ വെളിച്ചത്തിലേക്ക് നീങ്ങുകയാണ്.” സംഘത്തിന്റെ ദേശീയകാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന നയങ്ങൾ നടപ്പാക്കാൻ തന്റെ സർക്കാർ സ്വീകരിച്ച നടപടികൾ മോദി ചൂണ്ടിക്കാട്ടി.
ആർഎസ്എസിനെയും അതിന്റെ തത്വചിന്തയെയും അതിന്റെ പല സ്ഥാപകരുടെയും പിൻഗാമികളുടെയും സംഭാവനകളെയും മോദി അങ്ങേയറ്റം പുകഴ്ത്തി. ഇത് അദ്ദേഹവും അവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും തെരഞ്ഞെടുപ്പു പ്രചാരണവേളയിലെ പിരിമുറുക്കങ്ങളും പരിഹരിക്കാനുള്ള ശ്രമമായി പലർക്കും തോന്നി. എന്നിരുന്നാലും, പൊരുത്തപ്പെടാനും കൂടിച്ചേരാനും കഴിയാത്തത്ര ഗൗരവമുള്ള അഭിപ്രായവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാരണം താത്പര്യങ്ങളുടെ സമന്വയത്തിന് വേണ്ടത്ര കാരണങ്ങളുണ്ട്- യോജിച്ചുപോകുന്ന രാഷ്ട്രീയ താത്പര്യവും മതപരവും ആത്മീയവുമായ ചിന്തകളും പോലെയുള്ള ഏകീകരണസാധ്യതകളും.
ആരാകും മോദിയുടെ പിൻഗാമി?
ഏതായാലും, ജെ.പി.നഡ്ഡ വിരമിക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയെന്നതുപോലുള്ള പ്രശ്നങ്ങളുണ്ട്. വരുന്ന സെപ്റ്റംബറിൽ 75 വയസ് തികയുന്പോൾ വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നരേന്ദ്ര മോദിയുടെ പിൻഗാമി ആരാകും? മോദിയെ തുടരാൻ പ്രേരിപ്പിക്കുമോ? അതോ ആർഎസ്എസ് സൗഹൃദത്തോടെ പുതിയൊരു നേതാവിനെ തെരഞ്ഞെടുക്കുമോ? വിവിധ നിയമസഭകളിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. ബിജെപിയിലും അസ്വാരസ്യങ്ങളുണ്ട്. ആശയാഭിലാഷങ്ങളുള്ള ചില ഉന്നതനേതാക്കൾ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങളിലേക്കു കണ്ണുവയ്ക്കുന്നുണ്ട്. പാർട്ടി ഒറ്റക്കെട്ടായി ഈ വെല്ലുവിളികളെ നേരിടുകയും സമവായത്തിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്താൽ ഇവയൊക്കെ കൈകാര്യം ചെയ്യാനാകും. അതിനു നരേന്ദ്ര മോദിക്കുപോലും ബിജെപിയുടെയും ആർഎസ്എസിന്റെയും അവരുടെ നേതാക്കളുടെയും പൂർണ സഹകരണവും സഹായവും ആവശ്യമാണ്.
നെഹ്റു വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുന്പും സമാനമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. നിരവധി പ്രതികരണങ്ങളുണ്ടായി. ഭക്ഷ്യമന്ത്രി എസ്.കെ. പാട്ടീലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “നെഹ്റു ഏറ്റവും വലിയ ആസ്തിയാണ്. കാരണം, ദശലക്ഷക്കണക്കിനാളുകൾ തണലിൽ അഭയം തേടുന്ന ആൽമരം പോലെയാണദ്ദേഹം.” നെഹ്റു ഒരു ബാധ്യതകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, “ജൈവശാസ്ത്രപരമായി ആൽമരത്തിന്റെ തണലിൽ മറ്റൊന്നും വളരുന്നില്ല.” നിരവധി ഊഹാപോഹങ്ങൾക്കിടയിലും നെഹ്റു അധികാരത്തിൽ തുടർന്നു. ഒടുവിൽ 1964 മേയ് 27ന് അന്തരിച്ചു. ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ഗുൽസാരിലാൽ നന്ദ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിവസങ്ങൾക്കകം ലാൽ ബഹദൂർ ശാസ്ത്രിയെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കുകയും അദ്ദേഹം പ്രധാനമന്ത്രിയാകുകയും ചെയ്തു.
മോദിയുടെ പ്രധാന ലക്ഷ്യം
സുഗമമായ രാഷ്ട്രീയ മുന്നേറ്റം ഉറപ്പാക്കുന്നതിനും ബിജെപി ഭരണം തുടരുന്നതിനും ആർഎസ്എസിന്റെ സഹായവും സഹകരണവും അതിന്റെ നേതാക്കളുടെ അനുഗ്രഹവും തേടുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല പ്രസ്താവനയുടെ പ്രധാന ലക്ഷ്യം. എന്നിരുന്നാലും ചരിത്രസംഭവങ്ങളുണ്ടാകുന്നതു രാഷ്ട്രീയമാറ്റങ്ങൾക്കും തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയുള്ള ജനങ്ങളുടെ ഇച്ഛയ്ക്കും അനുസരിച്ചാണെന്നതാണു വസ്തുത. അത്തരം എല്ലാ അവസരങ്ങളിലും മാർഗദർശിയായി നിയമങ്ങളും ചട്ടങ്ങളും ഭരണഘടനാ വ്യവസ്ഥകളുമുണ്ട്.
രാഷ്ട്രീയ സംഭവങ്ങളും അതിനോടു ചേർന്നുനിൽക്കുന്ന കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.ഇന്ത്യയിൽ രാഷ്ട്രീയമായി പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട് എന്നതു സത്യമാണ്. കോൺഗ്രസിനെ എതിർക്കുന്ന രാഷ്ട്രീയശക്തികളുടെ കാര്യമെടുക്കുക. സാമുദായിക, ജാതി, പ്രാദേശിക, വംശീയ ബലങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ ശക്തികൾ വളർന്നുവരുന്നതിനൊപ്പം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ ഇത്തരം മാറ്റങ്ങൾക്കു സ്വാധീനം ചെലുത്താൻ കഴിയും. പ്രതിബദ്ധതയും കൂറും മാറുന്നതനുസരിച്ചു രാഷ്ട്രീയ പാർട്ടികളിലുണ്ടാകുന്ന പിളർപ്പും അവയുടെ ലയനവും നിലവിലുള്ള സ്ഥിതിഗതികൾ മാറ്റിമറിച്ചേക്കാം.
പാർട്ടിക്കുള്ളിലെ സഹകരണവും ഏകീകരണവും മുന്നോട്ടു കൊണ്ടുപോയി അതിന്റെ രാഷ്ട്രീയമായ കരുത്ത് നിലനിർത്തുക. എന്നിട്ട് സ്വന്തം നിലയ്ക്കോ, സഹകരിക്കാൻ പറ്റുന്ന രാഷ്ട്രീയശക്തികളുമായി കൂട്ടുചേർന്നോ ഭരണത്തിൽ തുടരാനായി ബിജെപിയുടെ പദ്ധതികൾ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുക. ഇതിനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്.
ലോകത്തു നടക്കുന്ന കാര്യങ്ങളും നമുക്ക് അവഗണിക്കാനാകില്ല. ഒരുപാടു മാറ്റങ്ങളുണ്ടാകുന്നുണ്ട്. അവയിൽ ചിലതിന് ഭൂമിശാസ്ത്രപരമായ പ്രത്യാഘാതങ്ങളുണ്ടാകാം. ആസൂത്രണം ചെയ്ത വികസനകാര്യങ്ങൾക്കും വ്യാപാരചർച്ചകൾക്കും വ്യത്യസ്ത രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകാവുന്ന അനന്തരഫലങ്ങളുണ്ടാകാം. വിദ്യാഭ്യാസമേഖലയിൽ വിദേശനിക്ഷേപം വരുമ്പോൾ ജനസംഖ്യാപരമായ സ്വാധീനം ചെലുത്തുന്ന മാറ്റങ്ങൾ മുന്നിൽ കാണേണ്ടതുണ്ട്.
തൊഴിൽ, തൊഴിൽ സാധ്യതകൾ എന്നിവയിലും ഇത് മാറ്റങ്ങൾ സൃഷ്ടിക്കും. ലോകനേതാക്കൾ പുതിയ ചേരുവകൾ സൃഷ്ടിക്കുന്നതും വികസനം ആസൂത്രണം ചെയ്യുന്നതും എങ്ങനെയെന്നു വരുംമാസങ്ങളിൽ അറിയാനാകും. നല്ല ഹൃദയങ്ങൾക്കും നല്ല മസ്തിഷ്കങ്ങൾക്കും നല്ല മനസുകൾക്കും മനുഷ്യരാശിക്കുവേണ്ടി ഏറ്റവും മികച്ച പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം.