ആരുണ്ട് തടയാൻ? ഇതാണു ട്രംപ് 2.0
റ്റി.സി. മാത്യു
Friday, April 4, 2025 12:12 AM IST
എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതികൾക്കു 10 ശതമാനം ചുങ്കം. കുഴപ്പക്കാർ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കണക്കാക്കുന്ന 60 രാജ്യങ്ങൾക്ക് കൂടിയ ചുങ്കം. റഷ്യക്കു ചുങ്കം ഇല്ല. ഇന്ത്യക്ക് 26 ശതമാനം. ചൈനയ്ക്ക് 34 ശതമാനം, നേരത്തേ ചുമത്തിയ 20 ശതമാനം അടക്കം 54 ശതമാനം ചുങ്കം.
അമേരിക്കയുടെ ‘വിമോചനദിനം’ എന്നു താൻ വിശേഷിപ്പിച്ച ഏപ്രിൽ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച കാര്യങ്ങൾ ഇവയാണ്. ഇത്ര കാലവും മറ്റു രാജ്യങ്ങൾ അമേരിക്കയുടെ ചെലവിൽ വളരുകയും അമേരിക്കയെ കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു എന്ന കുറ്റാരോപണവും നടത്തി. താൻ തുടക്കമിട്ട തീരുവയുദ്ധം പുതിയ ഘട്ടത്തിലേക്കു കടത്തിയ ട്രംപ് അതുവഴി മറ്റൊന്നു കൂടി ചെയ്തു. രണ്ടാം ലോകയുദ്ധാനന്തരം രൂപപ്പെട്ട ആഗോള വാണിജ്യക്രമത്തിനും ആഗോളവത്കരണത്തിനും അന്ത്യം കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധം ലോകവാണിജ്യം പലമടങ്ങ് വർധിക്കാനും തൊഴിലും സമ്പത്തും കുതിച്ചുയരാനും കാരണമായ ക്രമീകരണങ്ങളാണു തച്ചുടയ്ക്കപ്പെടുന്നത്.
കാരണവും ലക്ഷ്യവും
കാരണമോ ലക്ഷ്യമോ ഇല്ലാതെയല്ല ട്രംപ് ഈ യുദ്ധത്തിനിറങ്ങിയത്. തനിക്കു വോട്ട് ചെയ്യുന്ന തൊഴിലാളിവിഭാഗത്തിനും ചെറുകിട സംരംഭകർക്കും വേണ്ടിയാണ് ഈ നീക്കം. ഫാക്ടറികൾ അടഞ്ഞുകിടക്കുന്ന റസ്റ്റ് ബെൽറ്റ് (തുരുമ്പ് മേഖല) പണ്ട് സ്റ്റീൽ, വാഹന കമ്പനികൾ പ്രവർത്തിച്ചിരുന്ന ഇടങ്ങളാണ്. അവയെല്ലാം ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലേക്കു പോയി. ടെക്സ്റ്റൈൽ വ്യവസായവും അങ്ങനെതന്നെ.
പുറത്തുപോയ തൊഴിലുകൾ തിരികെ കൊണ്ടുവരിക, നാട്ടിൽ കൂടുതൽ ഫാക്ടറികൾ ഉണ്ടാകുക, അങ്ങനെ തൊഴിലും സമ്പത്തും വർധിപ്പിക്കുക - ട്രംപിന്റെ ലക്ഷ്യം അതാണ്. എന്നാൽ, അതിനു സഹായിക്കുന്നതാണോ വലിയ തീരുവ ചുമത്തി രാജ്യങ്ങളെ പേടിപ്പിക്കുന്നത്? ആർക്കും നിശ്ചയമില്ല.
തീരുവ പത്തു മടങ്ങാകും
ഒട്ടുമിക്ക സാധനങ്ങൾക്കും നാമമാത്ര തീരുവ മാത്രം ചുമത്തുന്ന രാജ്യമായിരുന്നു സമീപവർഷങ്ങളിൽ അമേരിക്ക. ശരാശരി തീരുവ 2.2 ശതമാനം മാത്രം. യൂറോപ്യൻ യൂണിയനിൽ 2.7ഉം ചൈനയിൽ മൂന്നും ഇന്ത്യയിൽ പന്ത്രണ്ടും ശതമാനമാണു ശരാശരി തീരുവ. അത് 20 ശതമാനത്തിനു മുകളിൽ ആക്കാവുന്ന വിധമാണ് ട്രംപ് തീരുവ പ്രഖ്യാപിച്ചത്. ഇതുവഴി ഒരു വർഷം 60,000 കോടി ഡോളർ യുഎസ് സർക്കാരിനു കിട്ടുമെന്ന് ഐഎൻജി ബാങ്ക് കണക്കാക്കുന്നു.
തീരുവ വഴി കിട്ടുന്ന അധികവരുമാനം താൻ പണ്ടു നടപ്പാക്കിയ നികുതി ഇളവ് നീട്ടിക്കൊടുക്കാൻ ഉപയോഗിക്കുക എന്ന ലക്ഷ്യംകൂടി ട്രംപിനുണ്ട്. 10 വർഷം നികുതിയിളവ് തുടർന്നാൽ നാലര ട്രില്യൺ (ലക്ഷം കോടി) ഡോളർ ആണു സർക്കാരിനു നഷ്ടം വരുക. തീരുവ വഴി ആ നഷ്ടം നികത്താം. കമ്പനികൾക്കും വ്യക്തികൾക്കും 2017 മുതലുള്ള നികുതി ഇളവ് തുടരാം എന്നതു ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമാണ്.
വഴങ്ങിയാൽ കുറയ്ക്കാം
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള തീരുവനിരക്കുകളിൽ 10 ശതമാനം അന്തിമമാണ്. ബേസ് ലൈൻ തീരുവ എന്നാണു ട്രംപ് അതിനെ വിളിക്കുന്നത്. എല്ലാവർക്കും അതു ബാധകമാണ്. അതിനു മുകളിലുള്ളവ ഓരോ രാജ്യവുമായി ചർച്ച നടത്തി മാറ്റം വരുത്തും. ഓരോ രാജ്യവും ചുങ്കം എത്ര കുറയ്ക്കും, ഇറക്കുമതി നിയന്ത്രണം എത്രമാത്രം ഇളവു ചെയ്യും, ആഭ്യന്തര നികുതികൾ (വിൽപന നികുതിയും മറ്റും) എത്ര ലഘൂകരിക്കും എന്നിവയൊക്കെ നോക്കി തീരുവ കുറച്ചെന്നു വരും.
ഓരോ രാജ്യവും അമേരിക്കയോടു നേരിട്ട് ബന്ധപ്പെട്ടു വേണം തങ്ങളുടെ രാജ്യത്തിന്റെ കസ്റ്റംസ് തീരുവയും ആഭ്യന്തര നികുതികളും മറ്റു നയങ്ങളും രൂപീകരിക്കാൻ എന്നു ചുരുക്കം. ഇപ്പോൾ പ്രഖ്യാപിച്ച തീരുവകൾ കുറച്ചു കിട്ടാൻ ഇന്ത്യയും ചൈനയും യൂറോപ്യൻ യൂണിയനും കാനഡയുമൊക്കെ നടത്തിവരുന്ന ചർച്ചകൾ അധികം പുരോഗതി നേടാത്തത് ഇതു കൊണ്ടാണ്.
നയങ്ങൾ തിരുത്തണം
യൂറോപ്യൻ രാജ്യങ്ങളിലെ കാർബൺ ടാക്സ് പോലുള്ള പരിസ്ഥിതി ബന്ധിത വ്യവസ്ഥകളെ ട്രംപ് എതിർക്കുന്നു. ഗൂഗിളിന്റെയും മറ്റും കുത്തക തടയുന്ന നിയമവ്യവസ്ഥകൾ മാറ്റണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. ജനിതകമാറ്റം വരുത്തിയ ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും പയറുവർഗങ്ങളും എണ്ണക്കുരുക്കളും മറ്റും വ്യാപകമാക്കാനും ട്രംപ് ആഗ്രഹിക്കുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങൾ കർഷകരെ സംരക്ഷിക്കാൻ യുഎസ് ഉത്പന്നങ്ങൾക്ക് ഇറക്കുമതി അനുമതി നിഷേധിക്കുന്നതും ട്രംപിനു രസിക്കുന്നില്ല. തന്റെ രാജ്യത്തുനിന്നുള്ള കയറ്റുമതിക്കു വിഘാതമായ ഒന്നും അദ്ദേഹത്തിന് ഇഷ്ടമല്ല. അവ മാറ്റിയാൽ തീരുവ കുറയ്ക്കും.
കാനഡ, മെക്സിക്കോ എന്നിവയുടെ കാര്യത്തിലെ അന്തിമതീരുമാനം ആയിട്ടില്ല. അവയോടു ട്രംപ് ഉണ്ടാക്കിയ കരാർ പ്രകാരമുള്ള ഉത്പന്നങ്ങൾക്കു തീരുവയിൽ നൽകിയ ഒഴിവ് അടുത്തുതന്നെ അവസാനിക്കും. അവയ്ക്കു കൂടിയ തീരുവ ചുമത്തിയാൽ 26.5 ശതമാനമാകും പ്രായോഗിക തീരുവ എന്നാണ് ഐഎൻജി ബാങ്ക് കണക്കുകൂട്ടിയത്.
വിലക്കയറ്റം കയറു പൊട്ടിക്കും
ഇതുവരെ പ്രഖ്യാപിച്ച നടപടികൾ വഴി 60,000 കോടി ഡോളർ (51.6 ലക്ഷം കോടി രൂപ) ആണ് ഒരു വർഷം അമേരിക്കൻ സർക്കാരിനു തീരുവയിനത്തിൽ കിട്ടുക. ഇതത്രയും സാധനങ്ങളുടെ വിലയിൽ ചേർത്ത് ഈടാക്കിയാൽ 3.3 ശതമാനം വിലക്കയറ്റം ഉണ്ടാകുമെന്ന് ഐഎൻജി ബാങ്ക് കണക്കാക്കി. തീരുവയുടെ 75 ശതമാനമേ വിലയിലേക്കു ചേർക്കുന്നുള്ളൂ എങ്കിൽ വിലക്കയറ്റം മൂലമുള്ള അധികച്ചെലവ് 2.7 ശതമാനമാകും. ഇത് ശരാശരി അമേരിക്കക്കാരുടെ പ്രതിവർഷ ചെലവിൽ 1,800 ഡോളർ വർധിപ്പിക്കും. നാലംഗ കുടുംബത്തിന് 7,200 ഡോളറാകും അധിക ബാധ്യത.ട്രംപിനു വോട്ട് ചെയ്ത തൊഴിലാളികളും കർഷകരും ചെറുകിട സംരംഭകരുമൊക്കെ ഇതു സഹിക്കേണ്ടി വരും.
പുതിയ കാറിനു 3,000 ഡോളർ മുതൽ 20,000 ഡോളർ വരെ വർധിപ്പിക്കുന്നതാണു തീരുവകൾ. സ്റ്റീലിനും അലൂമിനിയത്തിനും മറ്റും വില കൂടുന്നതിനാൽ പാർപ്പിട വിലയും കൂടും.
യുഎസ് പലിശ കൂട്ടിയാൽ
യുഎസിലെ ചില്ലറ വിലക്കയറ്റം മൂന്നിൽനിന്ന് അഞ്ചു ശതമാനത്തിനടുത്തേക്കു കയറുമ്പോൾ പലിശനിരക്ക് ഗണ്യമായി കൂട്ടേണ്ടിവരും. അമേരിക്കയിൽ പലിശ കൂടുമ്പോൾ വികസ്വരരാജ്യങ്ങളിൽനിന്നു നിക്ഷേപകർ പണം യുഎസ് സർക്കാർ കടപ്പത്രങ്ങളിലേക്കു മാറ്റാൻ തുനിയും. അത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓഹരി-കടപ്പത്ര വിപണികളെ ദുർബലമാക്കും, ഓഹരികൾ വിൽപന സമ്മർദം മൂലം ഇടിയും, കമ്പനികൾക്കു മൂലധന സമാഹരണം ബുദ്ധിമുട്ടാകും, കറൻസികൾ തളരും. പിന്നാലെ ഈ രാജ്യങ്ങളുടെ വളർച്ച മുരടിക്കും. ചില രാജ്യങ്ങൾ മാന്ദ്യത്തിലും ആകും.
ലോകബാങ്കും രാജ്യാന്തര റേറ്റിംഗ് ഏജൻസികളും നിക്ഷേപ ബാങ്കുകളും ഒരേ സ്വരത്തിൽ പറയുന്നു: തീരുവയുദ്ധം മൂലം ആഗോള സാമ്പത്തിക വളർച്ച കുറയും. അമേരിക്കയിൽ വിലക്കയറ്റം കൂടും. സാമ്പത്തിക വളർച്ച മുരടിക്കും. പല വികസ്വര രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യവും വരാം.
വളർച്ച ഇടിയുമ്പോൾ
ഈ വർഷം ആഗോള വളർച്ച 2.7 ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണു ലോകബാങ്ക് ജനുവരിയിൽ കണക്കാക്കിയത്. ഇതു കഴിഞ്ഞ രണ്ടു ദശകങ്ങളിലെ ശരാശരി വളർച്ചയായ 3.7ൽനിന്നു ഗണ്യമായി കുറവാണ്.
ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) 3.3 ശതമാനം വളർച്ച കണക്കാക്കിയിരുന്നു. ആ നിഗമനം കുറയ്ക്കുമെന്നു മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ കഴിഞ്ഞ ദിവസം പറഞ്ഞു.
തീരുവയുദ്ധം മൂലം ആഗോള വളർച്ചയിൽ 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ ഇടിവാണ് പലരും പ്രതീക്ഷിക്കുന്നത്. ലോകബാങ്കിന്റെ 2.7 ശതമാനം നിഗമനത്തിൽനിന്ന് ഒരു ശതമാനം കുറഞ്ഞാൽ 1.7 ശതമാനം മാത്രമാകും ലോകവളർച്ച. സ്വാഭാവികമായും തൊഴിലും വരുമാനവും അത്രകണ്ട് കുറയും.
അമേരിക്ക ഈ വർഷം പ്രതീക്ഷിക്കുന്ന വളർച്ച 1.7 ശതമാനമാണ്. അതിൽ കാര്യമായ ഇടിവ് ഉണ്ടാകുമെന്നാണു ചുങ്കം പ്രഖ്യാപിച്ച ശേഷമുള്ള വിലയിരുത്തൽ. യുഎസ് വളർച്ച നാമമാത്രമാകുമ്പോൾ അങ്ങോട്ടുള്ള കയറ്റുമതി വീണ്ടും കുറയും. അതു കയറ്റുമതി രാജ്യങ്ങളെ കൂടുതൽ ദുരിതത്തിലാക്കും.
2024ൽ 4.1 ലക്ഷം കോടി ഡോളർ സാധനങ്ങൾ ഇറക്കുമതി ചെയ്ത അമേരിക്കയിലെ ഡിമാൻഡ് കുറയുമ്പോൾ ആഗോള വാണിജ്യവും കുറയും. വാണിജ്യവും വളർച്ചയും കുറയുമ്പോൾ ക്രൂഡ് ഓയിൽ മുതൽ ഇന്ധനങ്ങൾക്കും ലോഹങ്ങൾക്കും രാസവസ്തുക്കൾക്കും കാർഷിക ഉത്പന്നങ്ങൾക്കും വസ്ത്രങ്ങൾക്കും വില കുറയും. അതു ലോകത്തെങ്ങും വരുമാനനഷ്ടത്തിലേക്കു നയിക്കും.
തൊഴിൽ തിരിച്ചുവരുമോ?
അമേരിക്കയിൽ നഷ്ടപ്പെട്ട ഫാക്ടറി തൊഴിലുകൾ തീരുവ ചുമത്തലിലൂടെ തിരിച്ചുകൊണ്ടുവരാം എന്നാണു ട്രംപ് പറയുന്നത്.
പക്ഷേ, എന്തുകൊണ്ട് തൊഴിലുകൾ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും വിയറ്റ്നാമിലേക്കും പോയി? മുഖ്യകാരണം കുറഞ്ഞ വേതനം തന്നെ. അമേരിക്കയിൽ ഫാക്ടറി തൊഴിലാളിയുടെ ശരാശരി വേതനം 1,02,629 ഡോളർ വരും. ചൈനയിൽ ഇതിന്റെ നാലിലൊന്നു മതി, കൊറിയയിൽ 40 ശതമാനം മാത്രം. ജർമനിയിൽപോലും 75 ശതമാനമേ വരൂ. അപ്പോൾ എത്ര കമ്പനികൾ യുഎസിലേക്കു മടങ്ങിവരും.
വിദേശത്തേക്ക് ഉത്പാദനശാലകൾ മാറ്റിയ കമ്പനികൾ കൂടുതൽ ലാഭമുണ്ടാക്കി അവയിലെ നിക്ഷേപകരെ സമ്പന്നരാക്കിയെന്ന കാര്യം ട്രംപ് വിസ്മരിക്കുന്നു. തീരുവയുദ്ധം വഴി തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്താൻ ചൈന അടക്കം ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. അതു മുൻകൂട്ടി കണ്ട് ചൈന വിദേശത്തേക്കുള്ള മൂലധന നിക്ഷേപങ്ങൾക്ക് അനുമതി നൽകുന്നതിൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി അമേരിക്കയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകർ ചൈനക്കാരായിരുന്നു. അവർ പിന്മാറിയാൽ കൂടുതൽ മൂലധന നിക്ഷേപം എന്ന ട്രംപിന്റെ സ്വപ്നം നടക്കാതെ പോകും.
അതു മാത്രമല്ല, പാനമ കനാലിൽ രണ്ടു തുറമുഖങ്ങൾ സ്വന്തമാക്കിയ ചെെനീസ് വംശജൻ ലി കാ ഷിംഗിന്റെ ഹച്ചിസൺ ഗ്രൂപ്പ് തുറമുഖങ്ങൾ യുഎസ് ഹെഡ്ജ് ഫണ്ടുകൾക്കു വിൽക്കാൻ ഈയിടെ ധാരണയായിരുന്നു. പാനമ കനാൽ തിരിച്ചുപിടിക്കുമെന്നു ട്രംപ് ഭീഷണി മുഴക്കിയത് ഹച്ചിസണെ മാറ്റാനായിരുന്നു. പക്ഷേ, കരാറിൽനിന്നു പിന്മാറാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് തന്നെ ലിയെ വിളിച്ച് ആവശ്യപ്പെട്ടു എന്നു റിപ്പോർട്ടുണ്ട്.
അതുപോലെ ടിക് ടോക് അമേരിക്കൻ കമ്പനിക്കു വിൽക്കാനുള്ള സമ്മർദത്തിനു വഴങ്ങരുതെന്ന് അതിന്റെ ഉടമയും ചൈനയിലെ ഏറ്റവും വലിയ സമ്പന്നനുമായ ചാങ് യിമിങ്ങിനോടും ഷി ആവശ്യപ്പെട്ടിട്ടുണ്ടത്രെ.
ട്രംപ് ഇന്നലെ പ്രഖ്യാപിച്ചവ
☛ എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം തീരുവ. റഷ്യക്ക് ഒന്നും ബാധകമല്ല.
☛ ചൈനയ്ക്ക് 34 ശതമാനം. നേരത്തേ പ്രഖ്യാപിച്ചവയും ചേർത്ത് 54 ശതമാനം.
☛ ഇന്ത്യക്ക് 26 ശതമാനം. ഇന്ത്യ അമേരിക്കയിൽനിന്ന് ശരാശരി 52 ശതമാനം ചുങ്കം ഈടാക്കുന്നു എന്നാണു ട്രംപ് പറയുന്നത്.
മറ്റു ചില രാജ്യങ്ങൾക്ക് (തീരുവ ശതമാനത്തിൽ)
☛ യൂറോപ്യൻ യൂണിയൻ 20, സ്വിറ്റ്സർലൻഡ് 31, യുകെ 10, ന്യൂസിലൻഡ് 10, ഓസ്ട്രേലിയ 10.
☛ ജപ്പാൻ 24, ദക്ഷിണകൊറിയ 25, ഇന്തോനേഷ്യ 32, തായ്ലൻഡ് 36, വിയറ്റ്നാം 46, ബംഗ്ലാദേശ് 37, പാക്കിസ്ഥാൻ 29, ശ്രീലങ്ക 44.
☛ ബ്രസീൽ, അർജന്റീന, പെറു, ചിലി, പാനമ 10 വീതം.
☛ സൗദി അറേബ്യയും യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളും 10 വീതം.
ഇന്ത്യയെ ബാധിക്കുന്ന തീരുവകൾ
☛ തീരുവ പ്രഖ്യാപിക്കാത്ത ഇനങ്ങൾ: ഔഷധങ്ങൾ, സെമികണ്ടക്ടറുകൾ, ചെമ്പ്, ക്രൂഡ് ഓയിൽ, ഇന്ധനങ്ങൾ, പ്രകൃതിവാതകം, കൽക്കരി.
☛ സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, വാഹന ഘടകങ്ങൾക്ക് 25 ശതമാനം നികുതി നിലവിൽ വന്നു.
☛ ഏപ്രിൽ അഞ്ചിനും എട്ടിനും ഇടയിൽ: മുകളിൽ പറയാത്ത എല്ലാ സാധനങ്ങൾക്കും 10 ശതമാനം. ഒൻപതാം തീയതി മുതൽ ഇവയ്ക്കെല്ലാം 26 ശതമാനമാകും തീരുവ.
ഇന്ത്യ വിട്ടുവീഴ്ച ചെയ്യുമോ, ചൈനയോടു കൂട്ടു കൂടുമോ?
ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ സൗഹൃദത്തിൽ വലിയ പ്രതീക്ഷ വച്ചിരുന്ന ഇന്ത്യക്കു ചൊവ്വാഴ്ച കടുത്ത ഇച്ഛാഭംഗം ഉണ്ടായി. ട്രംപിന്റെ തീരുവപ്പട്ടികയിൽ ഇന്ത്യക്ക് ഇളവൊന്നും കിട്ടിയില്ല. 26 ശതമാനം തീരുവ നൽകേണ്ട രാജ്യമായി ഇന്ത്യ. അമേരിക്കൻ സാധനങ്ങൾക്കും വ്യവസായങ്ങൾക്കും ഇന്ത്യ ചുമത്തുന്ന തീരുവയും വച്ചിരിക്കുന്ന നിയന്ത്രണങ്ങളും കൂടി 52 ശതമാനം വരുമെന്നാണു ട്രംപ് പറയുന്നത്. അതുകൊണ്ട് 26 ശതമാനം എന്ന ‘മര്യാദനിരക്ക്’ ചുമത്തി.
പക്ഷേ, ഇന്ത്യ വല്ലാതെ ആശങ്കപ്പെടുന്നില്ല. കാരണം വ്യാപാര ഉടമ്പടിക്കായി നടന്നുവരുന്ന ചർച്ചയുടെ ഭാഗമായി നിരക്ക് കുറയ്ക്കാൻ പറ്റുമെന്ന് ഇന്ത്യ കരുതുന്നു. എല്ലാ രാജ്യങ്ങൾക്കും ചുമത്തിയ 10 ശതമാനം നിരക്കിനടുത്തേക്ക് ഇന്ത്യയെ എത്തിക്കാം എന്നാണു പ്രതീക്ഷ. അതിനുവേണ്ടി എത്രമാത്രം വിട്ടുവീഴ്ച വേണ്ടിവരും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം.
എന്തായാലും ട്രംപ് തീരുവ ചുമത്തി 16 മണിക്കൂർ കഴിഞ്ഞിട്ടും ഔപചാരികമായി പ്രതികരിക്കാൻ ഇന്ത്യക്കു സാധിച്ചില്ല. തത്കാലം ട്രംപിനെ വെറുപ്പിക്കേണ്ട എന്നു വച്ചുകാണണം.
പക്ഷേ വേറൊരു കാര്യം നടന്നു. ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഒരു സന്ദേശം അയച്ചു. ഇന്ത്യയും ചെെനയും ഒരുമിച്ചു നീങ്ങുന്നത് രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുമെന്നു ഷി അതിൽ പറഞ്ഞു.
ഇതിനുശേഷം പ്രധാനമന്ത്രി മോദി “ഇന്ത്യ - ചൈന ബന്ധം വളരുന്നത് സുസ്ഥിരതയ്ക്കും ഐശ്വര്യത്തിനും മാത്രമല്ല ബഹുധ്രുവ ലോകക്രമത്തിനും വഴിയൊരുക്കും” എന്നു പറഞ്ഞതായി ഡൽഹിയിലെ ചൈനീസ് അംബാസഡർ രണ്ടു ദിവസം മുൻപു പറഞ്ഞു. വളരെ അർഥങ്ങളുള്ള പദങ്ങളാണു രണ്ടു നേതാക്കളും ഉപയോഗിച്ചത്. വ്യാളിയും ആനയും (ചെെന- ഇന്ത്യ) ഒന്നിച്ചു നീങ്ങുന്നത് എളുപ്പമല്ലെങ്കിലും അങ്ങനെയൊരു ആലോചന ട്രംപിന്റെ ഉറക്കം കെടുത്താം.
തീരുവ പത്തു ശതമാനത്തിലേക്കു വന്നാൽ ഇന്ത്യയുടെ കയറ്റുമതികൾക്കു യാതൊരു പ്രയാസവും വരില്ല. കയറ്റുമതിയിൽ നമ്മാേടു മത്സരിക്കുന്ന രാജ്യങ്ങളും പത്താേ അതിലധികമോ കൊടുക്കേണ്ടിവരും.
ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, രത്ന - സ്വർണ ആഭരണങ്ങൾ, സമുദ്രോത്പന്നങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വാഹനഘടകങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയിൽ ഇന്ത്യയുടെ തീരുവ നിരക്കുകൾ കാര്യമായി കുറയ്ക്കേണ്ടിവരും. അതിൽ വ്യവസായികൾക്കും വലിയ എതിർപ്പില്ല.
ഇന്ത്യ ഭയപ്പെടുന്ന ഒരു വിഷയം ഔഷധങ്ങളുടെ കാര്യമാണ്. അതു സംബന്ധിച്ച പഠനം അമേരിക്കൻ വാണിജ്യപ്രതിനിധി പൂർത്തിയാക്കിയിട്ടില്ല. അതു കഴിഞ്ഞു മാത്രമേ എത്ര തീരുവ വരും എന്നറിയാനാകൂ. പേറ്റന്റ് കഴിഞ്ഞ ഔഷധങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കു 40 ശതമാനം വിപണി പങ്കുണ്ട്.
ഔഷധവില കൂടുന്നത് അമേരിക്കൻ ആരോഗ്യ ഇൻഷ്വറൻസ് കമ്പനികൾക്കു സർക്കാർ നടത്തുന്ന ആരോഗ്യ സഹായ പദ്ധതികൾക്കും (മെഡികെയ്ഡ്, മെഡികെയർ) ചെലവ് വർധിപ്പിക്കും. അതിനാൽ ട്രംപ് ഭരണകൂടം കരുതലോടെയേ നീങ്ങൂ എന്ന പ്രതീക്ഷയുണ്ട്.
കാർഷികോത്പന്നങ്ങളാണു വിഷമിക്കേണ്ട മേഖല. ക്ഷീരോത്പന്നങ്ങളും മറ്റും ഇറക്കുമതി ചെയ്താൽ രാജ്യാന്തര കമ്പനികളുടെ ആക്രമണത്തിൽ ഇന്ത്യൻ കർഷകർക്കു തിരിച്ചടി നേരിടും.
ക്ഷീരകർഷകർക്കും ഉപഭോക്താക്കൾക്കും വലിയ കോട്ടം വരാത്ത രീതിയിൽ സഹകരണമേഖല നടത്തുന്ന വലിയ ഇടപെടലുകളും ഇല്ലാതാകും. പഞ്ചസാര വ്യവസായത്തിൽ അമേരിക്കൻ സമ്മർദം മുറുകിയാൽ കരിമ്പു കർഷകർക്കു നിലവിലുള്ള സംരക്ഷണംപോലും ഇല്ലാതാകും.
മറ്റ് കാർഷിക ഉത്പന്നങ്ങളുടെ വിപണിയും രാജ്യാന്തര കുത്തകകൾ കൈയടക്കുമ്പോൾ ഉത്പാദനക്ഷമതയിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യൻ കർഷകർ പരാജയപ്പെടും.