വേനലവധി സർഗാത്മകമാക്കാം
ടി.ജെ. ഗ്രേസി
Thursday, April 3, 2025 12:22 AM IST
കുറച്ചു ദിവസം മുന്പാണ് രണ്ടു കുട്ടികളുടെ അമ്മയും ഉദ്യോഗസ്ഥയുമായ ബിന്ദുവിനോട് സംസാരിച്ചത്. കുടുംബ, ഔദ്യോഗിക തിരക്കുകളിൽപ്പെട്ട് വീർപ്പുമുട്ടുന്ന അവർ കുട്ടികളുടെ വേനൽക്കാല അവധിയെക്കുറിച്ചുള്ള ആധിയാണു പങ്കുവച്ചത്.
പകലിന്റെ നല്ല ഭാഗവും സ്കൂളിന്റെ സുരക്ഷിതത്വത്തിലായ കുട്ടികൾ രണ്ടു മാസം 24 മണിക്കൂറും വീടിന്റെ നാലു ചുവരുകൾക്കുള്ളിലാകുന്പോഴുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ, പൊട്ടിത്തെറികൾ, അവരുടെ സുരക്ഷിതത്വം, മൊബൈൽ അഡിക്ഷൻ, അതിലുപരി എട്ടാം ക്ലാസുകാരനായ മകന്റെ അവധിക്കാല പ്ലാനിംഗിൽ കൂട്ടുകാരുമൊത്തുള്ള കറങ്ങൽ, സിനിമകൾ, സാഹസിക വിനോദയാത്രകൾ, കൂട്ടുകാരുടെ വീട്ടിലുള്ള രാത്രിതാമസം ഒക്കെ അവരുടെ ഉറക്കം കെടുത്തുന്നു.
കുട്ടികളുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങളും നിർബന്ധങ്ങളും മാതാപിതാക്കളിലുണ്ടാക്കുന്ന സമ്മർദത്തെ ഇപ്പോഴത്തെ സാമൂഹികസാഹചര്യങ്ങളിൽ നിസാരവത്കരിക്കാനാവില്ലല്ലോ. ചെറിയ കുട്ടികളിൽപോലും കണ്ടുവരുന്ന ലഹരി ഉപയോഗം, ചെറിയ പ്രതിസന്ധികൾപോലും തരണം ചെയ്യാനുള്ള കഴിവില്ലായ്മ, പൊട്ടിത്തെറികൾ, അക്രമവാസനകൾ, വീടുകളിൽപോലും സുരക്ഷിതമല്ലാത്ത രീതിയിൽ പെരുകുന്ന ലൈംഗികാതിക്രമങ്ങൾ ഇവയെല്ലാം ഇത്ര നീണ്ട അവധിക്കാലം വേണ്ടിയിരുന്നോ എന്ന ചിന്തയിലേക്കുപോലും മാതാപിതാക്കളെ എത്തിക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ കുട്ടികൾ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യവും സന്തോഷവും ബന്ധുവീടുകളിലെ രാപാർക്കലും വികൃതിയും വിനോദവും ഇന്നത്തെ കുട്ടികൾക്ക് അപ്രാപ്യമായിരിക്കുന്നു. കുട്ടികൾക്ക് അക്കാദമിക് വിദഗ്ധരിൽനിന്നു കിട്ടുന്ന നീണ്ട അവധിക്കാലമാണ് ഏറ്റവും നല്ല വിശ്രമസമയം. പഠനഭാരം മറന്നുകളയാനും ഇറക്കിവയ്ക്കാനും ഊർജസ്വലത കൈവരിക്കാനുമുള്ള സമയം. സ്കൂളിൽ പാഠ്യപദ്ധതിക്ക് അപ്പുറത്തുള്ള താത്പര്യങ്ങളും പദ്ധതികളും പര്യവേക്ഷണം ചെയ്യാൻ കിട്ടുന്ന ഈ അവസരം പരമാവധി ഉപയോഗിക്കാൻ കുട്ടികൾക്ക് അവസരം നല്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അതുവഴി അവരുടെ ശാരീരിക-മാനസികാരോഗ്യം, ഊർജസ്വലത, അനുഭവങ്ങൾ എന്നിവ കൂട്ടുകയും തുടർന്നു വരുന്ന വർഷത്തെ കൂടുതൽ ഉണർവോടെ സ്വീകരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.
ഇപ്പോൾ, പ്രത്യേകിച്ച് കോവിഡിനുശേഷം കുട്ടികൾ പലരും പുറത്തിറങ്ങാൻ മടിയുള്ളവരാണ്. അവരുടെ ലോകംതന്നെ മൊബൈലിലേക്ക് ചുരുങ്ങി. ഇതവരുടെ സാമൂഹ്യബന്ധങ്ങൾ കുറയ്ക്കുന്നു. ആശയവിനിമയശേഷിയെ ബാധിക്കുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. വിവിധ പഠനങ്ങൾ ഇക്കാര്യങ്ങളെല്ലാം അടിവരയിട്ടുറപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സാമൂഹ്യബന്ധത്തെ വളർത്താനുപകരിക്കുന്നതും നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുന്നതും വ്യക്തിത്വ വളർച്ചയ്ക്കുതകുന്നതുമായ, വിനോദവും വിജ്ഞാനവും നല്കുന്ന പ്രവർത്തനങ്ങളിലേർപ്പെടാൻ കുട്ടികൾക്ക് അവസരം നല്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
പലതരത്തിലുള്ള ക്യാന്പുകളും പരിശീലന ക്ലാസും മധ്യവേനലവധിക്കാലത്ത് നടക്കാറുണ്ട്. കുട്ടികളുടെ അഭിരുചി മനസിലാക്കി നൃത്തം, ഡ്രോയിംഗ്, പെയിന്റിംഗ്, ഡിസൈനിംഗ്, ഗ്രാഫിക്സ് തുടങ്ങിയ പരിപാടികളിലേക്ക് അവരെ തിരിച്ചുവിടാം. കുട്ടികളുടെ കഴിവ് വർധിപ്പിക്കാനും അവരുടെ വിരസത മാറ്റാനും സമയം ഉപയോഗപ്രദമായി ചെലവഴിക്കാനും ഇതു സഹായിക്കും. ഔട്ട്ഡോർ ഗെയിമുകൾ കുട്ടികളെ ടീം ബിൽഡിംഗ്, മറ്റുള്ളവരുമായി ഇടപെടാനുള്ള കഴിവ്, ആശയവിനിമയശേഷി, വിട്ടുവീഴ്ച, നല്ല ശാരീരികക്ഷമത എന്നിവയ്ക്ക് സഹായിക്കുന്നു. കുട്ടികളുടെ താത്പര്യത്തിനും വായനാനിലവാരത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ നല്കുന്നത് അവരിലെ വിജ്ഞാനദാഹം വർധിപ്പിക്കാനും ഭാഷാനൈപുണ്യം വളർത്താനും ഉപകരിക്കും. കഥ, കവിത എന്നിവയിൽ താത്പര്യമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക വഴി അവരുടെ സർഗാത്മകശേഷി വളർത്താനാകും.
അവധിക്കാലമാണെങ്കിലും കുട്ടികൾക്കൊപ്പം കുറച്ചുസമയമെങ്കിലും കളിക്കാനും അവരെ കേൾക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തണം. കുടുംബാംഗങ്ങളൊന്നിച്ച് ഗുണനിലവാരമുള്ള സമയം ചെലവഴിക്കുന്പോൾ അത് മാതാപിതാക്കളുടെയും മാനസികസമ്മർദം കുറയ്ക്കും. ശാരീരികാരോഗ്യംപോലെ തന്നെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതായതിനാൽ കുട്ടികളുടെ ആശങ്കകൾ, ഉത്കണ്ഠ, മാനസിക സമ്മർദങ്ങൾ, തെറ്റിദ്ധാരണകൾ എന്നിവയെല്ലാം മനസിലാക്കാനും അവർക്കു മാനസിക പിന്തുണ നൽകാനും പ്രശ്നപരിഹാര തന്ത്രങ്ങൾ അവരെ പരിശീലിപ്പിക്കാനും ഇത്തരം ഒത്തുചേരലുകളിൽകൂടി സാധിക്കും. കൂടാതെ ഇതിനിടയിലുണ്ടാകുന്ന സംസാരവും പൊട്ടിച്ചിരികളും ആരോഗ്യപരമായ കളിയാക്കലുകളും വിമർശനങ്ങളുമെല്ലാം അവരുടെ വ്യക്തിത്വ, സ്വഭാവരൂപീകരണത്തിന് സഹായകരമാവും. ഇന്നത്തെ പല കുട്ടികളും വിമർശനങ്ങളെയും കളിയാക്കലുകളെയും ഭയത്തോടെ കാണുന്നവരും അവയെ ആരോഗ്യപരമായി നേരിടാൻ കഴിയാത്തവരുമാണല്ലോ.
കുടുംബാംഗങ്ങളുമൊത്തുള്ള ഒത്തുചേരലുകൾ (താത്പര്യക്കുറവുകൊണ്ടോ, സമയക്കുറവുകൊണ്ടോ) കുറവുള്ള കാലത്താണ് ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത്. കുട്ടികളുമൊത്ത് ബന്ധുവീടുകളിലും മുത്തച്ഛനെയും മുത്തശ്ശിയെയുമൊക്കെ സന്ദർശിക്കുന്നത് സ്നേഹം പങ്കിടാനുള്ള നല്ല അവസരമാണ്. ബന്ധങ്ങളുടെ ഊഷ്മളത അവരുടെ മനസിൽ ജീവിതകാലത്തേക്കുള്ള നിക്ഷേപമായി മാറും. അവധിക്കാലത്ത് മക്കളുമൊത്ത് യാത്രകൾ പോകുന്നതിന് മാതാപിതാക്കൾ തയാറാവണം.
കുട്ടികൾക്ക് പഠനഭാരത്തിൽനിന്ന് ഒഴിവ് കിട്ടുന്ന അവധിക്കാലത്ത് ചില പുതിയ കാര്യങ്ങൾ പഠിക്കാനും ശീലിക്കാനുമുള്ള വഴിയായി അതിനെ മാറ്റിയെടുക്കാം. വീട് വൃത്തിയാക്കുക, സാധനങ്ങൾ അടുക്കിവയ്ക്കുക, പൂന്തോട്ട പരിപാലനം, പാചകം തുടങ്ങിയ പ്രവൃത്തികളിൽ കുട്ടികളെക്കൂടി ഭാഗമാക്കുക തുടങ്ങിയ ചെറിയ ഉത്തരവാദിത്വങ്ങൾ ഏല്പിക്കുന്നതിലൂടെ അവരുടെ കഴിവുകൾ വികസിപ്പിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കും.
അവധിക്കാലം പൊതുവേ ദിനചര്യകൾ മാറുന്ന സമയമാണ്. വീട്ടിലെ നിയമങ്ങൾ ലഘൂകരിക്കപ്പെടുന്ന സമയവും. ജംഗ് ഫുഡിന്റെ അമിത ഉപയോഗം, ഏറെ വൈകിയുള്ള ഉറക്കം, താമസിച്ചുള്ള ഉണരൽ, സാമൂഹ്യമാധ്യമങ്ങളുടെ അമിത ഉപയോഗം, വ്യായാമക്കുറവ് ഒക്കെ പ്രശ്നമായി മാറും. അതുകൊണ്ടുതന്നെ ഈ കാര്യങ്ങളൊക്കെ കുട്ടികളെക്കൂടി ഉൾപ്പെടുത്തി ചർച്ചചെയ്ത് തീരുമാനിക്കുകയും അവ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം.
സമയവും സൗകര്യവും ഏറെ ലഭിക്കുന്ന അവധിക്കാലത്ത് കുട്ടികളുടെ സ്വഭാവ പെരുമാറ്റങ്ങളെയും സുഹൃദ്ബന്ധങ്ങളെയും മാതാപിതാക്കൾ ജാഗ്രതയോടെ ശ്രദ്ധിക്കണം. സാഹസികത ഇഷ്ടപ്പെടുന്ന കുട്ടികൾ പലതരത്തിലുള്ള അപകടങ്ങളിൽപ്പെട്ടുപോകാം.അവധിക്കാലം കുട്ടികൾക്ക് അവരുടെ മനസിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കാനും സമ്മർദം കുറയ്ക്കാനും വരാനിരിക്കുന്ന അധ്യയനവർഷത്തിനായി പുതിയ ഊർജവും ഉത്സാഹവും ഉപയോഗിച്ച് തയാറെടുക്കാനും സഹായിക്കും. നല്ലൊരു വേനൽക്കാലാവധി ഓർമ അവരുടെ ജീവിതത്തിലുടനീളം നിലനിൽക്കാൻ തക്കവിധമാക്കാൻ മാതാപിതാക്കൾക്ക് കഴിയട്ടെ.
(30 വർഷമായി കൗൺസലിംഗ് രംഗത്തു പ്രവർത്തിക്കുന്നയാളാണു ലേഖിക)