സോഷ്യൽമീഡിയ ‘ഡയറ്റിംഗ്’ ജീവനെടുക്കുമ്പോൾ
ജോബി ബേബി
Thursday, April 3, 2025 12:18 AM IST
“വണ്ണം കുറയ്ക്കാൻ ആഗ്രഹമുള്ളവർ കണ്ടോളൂ… ബുദ്ധിമുട്ടില്ലാതെ വണ്ണം കുറയ്ക്കാം അതും ഒരു മാസം കൊണ്ട്…”എന്നിങ്ങനെയുള്ള വീഡിയോകൾ കാണാത്തവരായി ആരുംതന്നെയില്ല. കണ്ടാൽ ഒന്നെടുത്ത് നോക്കാത്തവരായി ആരുമില്ല. ഇങ്ങനെയുള്ള വീഡിയോകൾ പ്രമോട്ട് ചെയ്യാൻ സഹായിക്കുന്ന സോഷ്യൽമീഡിയയുടെ സ്വാധീനം മറ്റൊന്നിനുമില്ല എന്നതാണു വാസ്തവം. എന്ത് ചെറിയ കാര്യത്തിനും നമ്മളിൽ പലരും ഇന്ന് സോഷ്യൽമീഡിയയെ ആശ്രയിക്കുന്നവരാണ്. എന്നാൽ, ഇതിനു പിന്നിൽ ഒളിച്ചിരിക്കുന്ന കുരുക്കുകൾ ആരും അറിയാതെ പോവരുത്.
ഒരുദാഹരണം പറയട്ടെ. കണ്ണൂരിൽ കഴിഞ്ഞ ദിവസം മരിച്ച ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ കൂത്തുപറമ്പ് സ്വദേശി ശ്രീനന്ദ. യൂട്യൂബ് നോക്കിയുള്ള ഡയറ്റ് പിന്തുടർന്നതാണ് മരണകാരണമായി പറയുന്നത്. ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രമായിരുന്നു ശ്രീനന്ദ കുടിച്ചിരുന്നത്. വണ്ണം കൂടിയാല്‍ തന്റെ സൗന്ദര്യം നഷ്ടപ്പെടുമെന്ന് ശ്രീനന്ദ വിശ്വസിച്ചു. ഭക്ഷണം നല്കിയാല് അല്പം കഴിച്ചു ബാക്കി കളയും. മാസങ്ങളായി ഇതായിരുന്നു ശീലം. ഇതുകാരണം അന്നനാളവും ആമാശയവും ചുരുങ്ങി. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് ഈ പതിവ് തുടങ്ങിയതെന്നു ബന്ധുക്കള്‍ പറയുന്നു.
ഭക്ഷണ ക്രമക്കേടും ഗുരുതരമായ ഒരു മാനസികരോഗമായ ‘അനോറെക്സിയ നെർവോസ’ എന്ന അസുഖമാണ് ശ്രീനന്ദയെ ബാധിച്ചിരുന്നതെന്നാണ് ഡോക്ടർമാർ അനുമാനിക്കുന്നത്. ഭാരം കുറയുന്നതിനോടൊപ്പം ഹൃദയത്തിന്റെ പ്രവർത്തനത്തിന് വ്യതിയാനം വരും. ബിപി ക്രമാതീതമായി കുറയും. പെൺകുട്ടികളിൽ ആർത്തവം നിലയ്ക്കലും മുടി കൊഴിച്ചിലുമുണ്ടാകും. എന്നാലും രോഗിക്ക് ശരീരഭാരം കുറയുന്നതിൽ അവബോധം ഉണ്ടാകില്ല.
യുട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ നോക്കിയുള്ള ശരീരഭാരം കുറയ്ക്കൽ ജീവൻവരെ അപകടത്തിലാക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പലരും വീഡിയോയിലെ കാഴ്ചക്കാരുടെ എണ്ണവും കമന്റും നോക്കിയാണ് ഡയറ്റ് സ്വയം നിശ്ചയിക്കുന്നത്. അംഗീകൃത ഡയറ്റീഷന്റെയും ന്യൂട്രീഷനിസ്റ്റിന്റെയും നിർദേശപ്രകാരം പരിശോധന നടത്തി ഭക്ഷണം നിയന്ത്രിക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്തൊക്കെയാണ് സോഷ്യല്‍മീഡിയ ഡയറ്റ് നല്കുന്ന അപകടങ്ങളെന്ന് നോക്കാം.
തെറ്റായ വിവരങ്ങള്‍
തെറ്റായ വിവരങ്ങളും അതിനെക്കുറിച്ച് കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. പെട്ടെന്നുള്ള പരിഹാരം, ഇത്രദിവസത്തില് പരിഹാരം എന്നതെല്ലാം ആളുകളെ ആകര്‍ഷിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കൃത്യമല്ലാത്ത വിവരങ്ങളാണ് നിങ്ങളുടെ തലയിലേക്ക് കയറുന്നതും. അതുമാത്രമല്ല പോഷകാഹാരശാസ്ത്രത്തെക്കുറിച്ചോ ഡയറ്റിനെക്കുറിച്ചോ കൃത്യമായി ധാരണയില്ലാത്ത, യോഗ്യതയില്ലാത്ത ആളുകള്വഴി പങ്കിടുന്ന വിവരങ്ങള്‍ പലരും സ്വീകരിക്കുന്നു.
പോഷകാഹാര അസന്തുലിതാവസ്ഥ
ശരീരത്തിന്റെ ആവശ്യമറിഞ്ഞു വേണം ഡയറ്റ് എടുക്കുന്നത്. എന്നാല്‍, സോഷ്യല്‍മീഡിയ ഡയറ്റിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിന്റെ ആവശ്യത്തേക്കാള്‍ തടി കുറയ്ക്കുക, കൂട്ടുക എന്ന ഘട്ടത്തിലേക്ക് എത്തിക്കുന്നു. ഉയര്‍ന്ന പ്രോട്ടീന്‍ അല്ലെങ്കില്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമം നിങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിനു കാരണമാകുന്നു.
ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍
ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ഒരു വാതില്‍ തുറക്കലാണ് ഇത്തരം നിയന്ത്രണങ്ങളെന്നത് പലരും അറിയുന്നില്ല. ഹ്രസ്വകാല നിയന്ത്രണത്തിലൂടെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനോ അല്ലെങ്കില്‍ കൂട്ടാനോ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന അപകടാവസ്ഥയെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. പലപ്പോഴും ദഹനപ്രശ്നങ്ങള്‍, മെറ്റബോളിസത്തില്‍ മാറ്റം, മോശം മാനസികാരോഗ്യം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഡിറ്റോക്സ് ഡ്രിങ്കുകള്‍ മാത്രം കുടിക്കുമ്പോള്‍ അത് നിങ്ങളുടെ ശരീരത്തിലേക്ക് ആവശ്യത്തിന് പോഷകങ്ങള്‍ എത്താത്ത അവസ്ഥയുണ്ടാക്കുന്നു.
മാനസികാരോഗ്യം വെല്ലുവിളിയാകുമ്പോള്‍
പലപ്പോഴും ശാരീരിക പ്രത്യേകതകള്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതോടൊപ്പംതന്നെ നിങ്ങളുടെ മാനസികാരോഗ്യവും വളരെ പ്രതിസന്ധിയുണ്ടാക്കുന്നു. ഉത്കണ്ഠ, സമ്മര്‍ദം തുടങ്ങിയവ പതിവാകുന്നു.
കരളു കീറുന്ന ഡയറ്റിംഗ് ആപ്പുകൾ
ആരോഗ്യ സംരക്ഷണത്തിനായി നിരവധി ഡയറ്റിംഗ് ആപ്പുകൾ ഇന്ന് ജനങ്ങൾ ഉപയോഗിക്കുന്നു. ഈ ആപ്പുകളിലൂടെ വിദഗ്ധരല്ലാത്ത ഇൻഫ്ലുവൻസർമാർ തെറ്റായ വിവരങ്ങളും വ്യാജപരസ്യങ്ങളും ചിത്രങ്ങളും കാണിച്ച് ശരീരഭാഗങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സൃഷ്ടിക്കുകയും ചെറുപ്പക്കാരെ അശാസ്ത്രീയമായ ഡയറ്റിംഗ് രീതികൾ പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും കലോറി കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ നിർദേശിക്കുകയും ചെയ്യുക എന്നതാണ് ഇങ്ങനെ ഡയറ്റ് നിർദേശങ്ങൾ നൽകുന്നവരുടെ പൊതുരീതി. മികച്ച റേറ്റിംഗ്, റിവാർഡ് പോയിന്റുകൾ, ലെവലുകൾ, ഫീഡ് ബാക്കുകൾ, പരസ്യവാചകങ്ങൾ എന്നിവയ്ക്കൊന്നും നമ്മുടെ ആരോഗ്യത്തേക്കാൾ മൂല്യമില്ലെന്ന് ഓർക്കേണ്ടതാണ്.
ഓരോരുത്തർക്കും വ്യത്യസ്തം
ഒരാളുടെ ഡയറ്റ് ക്രമീകരണം അയാൾക്കു മാത്രമുള്ളതാണ്. ഉയരം, തൂക്കം, എത്ര പ്രോട്ടീനും കലോറിയും വേണം തുടങ്ങിയവ നോക്കണം. ഒപ്പം മറ്റു പരിശോധനകളും ആരോഗ്യാവസ്ഥയും പരിഗണിക്കപ്പെടണം. വിദേശരാജ്യങ്ങളിൽ നിരോധിക്കപ്പെട്ട പൊടികളും മരുന്നുകളും ഡയറ്റിംഗിന്റെ ഭാഗമായി കേരളത്തിൽ വ്യാപകമാണ്. ഇവ വൃക്ക, കരൾ തുടങ്ങിയവയെ ബാധിച്ച് നിരവധിപേർ ചികിത്സ തേടിയിട്ടുമുണ്ട്.
പരസ്യങ്ങളിൽ കുടുങ്ങരുത്
ഡയറ്റ് വേണോ എന്ന് ആദ്യം നിശ്ചയിക്കണം. പരസ്യങ്ങളിലും വാചകക്കസർത്തുകളിലും കുടുങ്ങരുത്. നേരിട്ടുള്ള പരിശോധനയ്ക്കുശേഷം ഡയറ്റ് നിശ്ചയിക്കണം. സ്വന്തം ഡയറ്റ് പ്രചരിപ്പിക്കരുത്.