പാവനനാം ആട്ടിടയൻ
ഡോ. ബിൻസ് എം. മാത്യു
Wednesday, April 2, 2025 12:16 AM IST
ക്രിസ്തു വൈവിധ്യത്തിന്റെ കാവ്യപുസ്തകമാണ്. ഭാഷകൊണ്ടും ഭാവനകൊണ്ടും ക്രിസ്തുവിനെ എത്രയെത്ര എഴുത്തുകാരാണ് തൊട്ടറിഞ്ഞത്. ഓരോ വിരൽത്തുന്പിലും വിരിഞ്ഞത് ഓരോ ക്രിസ്തുവാണ്. ഏതു കാലത്തിനും ദേശത്തിലും ക്രിസ്തു വഴങ്ങും. കാലദേശങ്ങൾക്ക് അതീതമായി എല്ലാം ഉൾക്കൊള്ളുന്ന ഭൂപടമാണ് ക്രിസ്തു. മലയാളഭാവനയും ക്രിസ്തുവിനെ പല ഭാവത്തിൽ കൈയെത്തിപ്പിടിക്കുന്നുണ്ട്. മലയാളസാഹിത്യത്തിലും ചലച്ചിത്രഗാനങ്ങളിലും ക്രിസ്തു എത്രവട്ടം പൂവിട്ടു. പതിനെട്ടുശതമാനമാണ് കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ. പക്ഷേ, ക്രിസ്തു ഈ പതിനെട്ടിൽ തുടങ്ങുന്നതേയുള്ളൂ.
കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളുടെ ആശയാടിത്തറ സ്നേഹവും കാരുണ്യവും പാരസ്പര്യവുമായിരുന്നു. കൊളോണിയൽ ആധുനികതയിൽനിന്ന് സംഭരിച്ചെടുത്ത ഈ മൂല്യങ്ങളാണ് മലയാളിയെ ആധുനികസമൂഹമാക്കി മാറ്റിയത്. മലയാളിയുടെ അവബോധത്തെ നിർമിച്ച ഗാന്ധിയൻ ആദർശവാദത്തിന്റെയും അടിത്തറ സ്നേഹവും കാരുണ്യവുമായിരുന്നു. ആധുനികമലയാളിക്ക് കാരുണ്യത്തിന്റെ ക്രിസ്തു പ്രിയപ്പെട്ടതാകുന്നതിന്റെ കാരണങ്ങളിൽ ചിലത് ഇതാകാം.
ശ്രീനാരായണഗുരുവും ശ്രീരാമകൃഷ്ണപരമഹംസനും രാമകൃഷ്ണമിഷനും ക്രിസ്തുവിനെ സമൂഹത്തിൽ പോപ്പുലറാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ക്രിസ്തു കേരളസമൂഹത്തിന്റെ പ്രിയപ്പെട്ട ദൈവസങ്കല്പങ്ങളിലൊന്നാക്കി മാറുന്നതിൽ മലയാളത്തിലിറങ്ങിയ ആദ്യകാല ചലച്ചിത്രങ്ങളും ചലച്ചിത്രഗാനങ്ങളും കാരണമായിട്ടുണ്ട്.
പണ്ടുണ്ടായിരുന്ന കലാരൂപങ്ങൾക്കെല്ലാം ജാതിയുണ്ടായിരുന്നു. കളിക്കുന്നവനും കളി കാണുന്നവനും ജാതിയുണ്ടായിരുന്നു. ജാതിയില്ലാത്ത കലയായിരുന്നു സിനിമ. ശബ്ദം ഒരു വിസ്മയമായിരുന്ന അറുപതുകളിൽ റേഡിയോയും ഉച്ചഭാഷിണികളും ചലച്ചിത്രസംഗീതത്തെ അടിത്തട്ടിലുള്ള മനുഷ്യരിൽവരെയെത്തിച്ചു. ഇക്കാലത്ത് മലയാളസിനിമയിൽ നിരവധി ക്രൈസ്തവ ഭക്തിഗാനങ്ങളുണ്ടായി. ഈ ഗാനങ്ങൾ ക്രിസ്തുവിനെയും ക്രൈസ്തവദർശനങ്ങളെയും ആറ്റിക്കുറുക്കി നാദശബളമാക്കി പൊതുസമൂഹത്തിലെത്തിച്ചു. സിനിമ തീർന്നപ്പോഴും ആ ഗാനങ്ങൾ നിലനിന്നു.
വാക്കിന്റെ വസന്തമായ ക്രിസ്തുകല്പനകൾ
ആദ്യകാല ചലച്ചിത്രഗാനങ്ങളിൽ ക്രിസ്തുവിനെയും കന്യകമറിയത്തെയും പ്രകീർത്തിക്കുന്ന നിരവധി ഗാനങ്ങളുണ്ടായിരുന്നു. പലതും സൂപ്പർ ഹിറ്റുകളുമായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി, യൂസഫലി, പൂവച്ചൽ ഖാദർ, അഭയദേവ് ഇവരെല്ലാം ചലച്ചിത്രങ്ങൾക്കുവേണ്ടി ക്രൈസ്തവഗാനങ്ങൾ എഴുതി. എണ്ണംകൊണ്ട് വയലാറാണ് ഏറ്റവുമധികം ഗാനങ്ങളെഴുതിയത്. ക്രിസ്തുവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും എഴുതുന്പോൾ വയലാറിന്റെ കാവ്യഭാവന ചിറകുവിരിച്ച് ആകാശവിതാനങ്ങളിലെ അദ്യശ്യവെളിച്ചങ്ങളെ തൊടും.
വയലാറിന്റെ ക്രിസ്തുകല്പനകൾ വാക്കിന്റെ വസന്തങ്ങളായിരുന്നു. വയലാർ എന്ന സ്വയംപ്രഖ്യാപിത നിരീശ്വരവാദിയുടെയുള്ളിൽ നിതാന്തമായ ദൈവാന്വേഷകനുണ്ടെന്ന് മനസിലാക്കാൻ ഫ്രോയിഡിയൻ മനഃശാസ്ത്രത്തിന്റെ ആവശ്യമൊന്നും വേണ്ടിവരില്ല. ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും... ഈശോ മറിയം യൗസേപ്പേ... തുടങ്ങി എല്ലാ മലയാളിയുടെയും കാതഞ്ചിപ്പിച്ച ക്രൈസ്തവഗാനങ്ങൾ എടുത്താൽ അവയിൽ പലതും വയലാറിന്റെ തൂലികയിൽനിന്ന് ജന്മമെടുത്തവയാണ്.
ദുഃഖിതരേ പീഡിതരേ നിങ്ങൾക്കു സ്വർഗരാജ്യം... എന്നു പ്രഖ്യാപിക്കുന്ന ഗാനം ഭൂമിയിലെ ക്രിസ്തുവിന്റെ ദൗത്യം അടിവരയിടുന്നു. ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ... എന്ന പാട്ടിൽ കർതൃപ്രാർഥനയും വയലാർ ഭാവനയും ഇഴചേരുന്നു. എന്റെ നെഞ്ചിലെ നൊന്പരം അറിയുന്നവനല്ലേ എന്നിൽ കനിവുള്ളവനല്ലേ... വരികളിൽ ഹൃദയങ്ങളെ അറിയുകയും അറിവുകളിൽ അലിവായിറങ്ങി വരുകയും ചെയ്യുന്ന ക്രിസ്തുഭാവമുണ്ട്. ഏശയ്യായുടെ പുസ്തകത്തിലെ ജനിക്കുന്നതിനുമുന്പ് നമ്മേ അറിയുന്ന, ഉള്ളംകൈയിൽ രേഖപ്പെടുത്തിയ ദൈവസങ്കല്പം എത്ര തരളമായാണ് വയലാർ അവതരിപ്പിക്കുന്നത്.
ക്രിസ്തുവിനെ കേരളീയ പൊതുസമൂഹത്തിൽ പരിചിതമാക്കുന്നതിൽ ഏതു മിഷണറിമാർക്കും മുകളിലാണ് വയലാറിന്റെ സ്ഥാനം. കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചിൽപ്പുറങ്ങളിലൂടെ മങ്ങിയ വെളിച്ചത്തിൽ ഇടയനെ അന്വേഷിക്കുന്ന ആട്ടിൻപറ്റത്തിന്റെ ഇമേജുപോലെ ക്രൈസ്തവ ദൈവസങ്കല്പത്തിന്റെ മാസ്മരികഭംഗി വിളഞ്ഞ് പ്രശോഭിക്കുന്ന ഇമേജ് ലോകസാഹിത്യത്തിൽത്തന്നെ അപൂർവമായിരിക്കും. ഓമനകൈയിൽ ഒലിവിലക്കന്പുമായി വരുന്ന ഓശാനപ്പെരുന്നാളും ദൈവപുത്രന് വീഥിയൊരുക്കാൻവന്ന സ്നാപക യോഹന്നാനും വിശുദ്ധനായ സെബസ്ത്യാനോസും വയലാറിന്റെ കാവ്യഭാവനയിലൂടെ സംഗീതമായി കേരളീയാവബോധത്തിന്റെ ഭാഗമായി മാറുന്നു.
ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപത്തോടുള്ള പ്രാർഥന ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രകാശമായ സ്നേഹത്തെയും പ്രഘോഷിക്കുന്നുണ്ട്. ക്രിസ്തുദർശനത്തിന്റെ ഉൾക്കാന്പുകളിൽ തൊടുന്ന പി. ഭാസ്കരന്റെ ഗാനമാണിത്. ആട്ടിടയൻ എന്ന സങ്കല്പം ഭാരതീയ സംസ്കാരത്തിന് പരിചിതമാണ്. പാവനനാം ആട്ടിടയൻ പി. ഭാസ്കരന്റെ മറ്റൊരു അനശ്വരഗീതം. കാലിത്തൊഴുത്തിൽ പിറന്നവനേ എന്ന ഗാനം യൂസഫലി കേച്ചേരിയുടേത്. കാലിത്തൊഴുത്തിന്റെ എളിമയും മനുഷ്യപുത്രന്റെ ഒടുങ്ങാത്ത കാരുണ്യവും രണ്ടു പുഴകൾപോലെ ഈ ഗാനത്തിൽ ഇഴുകിച്ചേരുന്നുണ്ട്. ഇങ്ങനെ നിരവധി ഗാനങ്ങൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്.
ശാന്തരാത്രി തിരുരാത്രി (പൂവച്ചൽ ഖാദർ), കന്യാമറിയമേ തായേ (അഭയദേവ്), വാഴ്ത്തുന്നിതാ സ്വർഗനായകാ (ഒ.എൻ.വി. കുറുപ്പ്) ചില ഉദാഹരണങ്ങൾ മാത്രം. രാത്രിയിൽ ഉറങ്ങാൻ നേരം ആരുപാടിയില്ലെങ്കിലും മനസു പാടുന്ന ഒരു പാട്ടുണ്ട് ഞാനുറങ്ങാൻ പോകും മുന്പായി. ഇതൊരു ചലച്ചിത്ര ഗാനമായിരുന്നു. 1965ൽ ഇറങ്ങിയ തൊമ്മന്റെ മക്കൾ എന്ന ചലച്ചിത്രത്തിനുവേണ്ടി വർഗീസ് മാളിയേക്കൽ എഴുതി എസ്. ജാനകി പാടിയ ഗാനമാണിത്.
ധനുമാസത്തിൽ യഹൂദിയായിൽ
കാസെറ്റുകളും സിഡികളും വ്യാപകമാകുന്ന കാലത്തും സിനിമയിലല്ലാതെവന്ന പല ക്രൈസ്തവഭക്തി ഗാനങ്ങളും പൊതുസമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചുണ്ട്. യേശുദാസിന്റെ മധുരശബ്ദം ക്രിസ്തുവിനെ മലയാളിയുടെ ഹൃദയത്തിൽ മുദ്രിതമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. തരംഗിണിയിലൂടെ പുറത്തുവന്ന മിക്ക ക്രൈസ്തവ ഭക്തിഗാന കാസറ്റുകളും കേരളത്തിൽ തരംഗം സൃഷ്ടിച്ചു. കാലദേശങ്ങൾക്കതീതമായി ക്രിസ്തുവിനെ കേരളീയ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നവയായിരുന്നു പല പാട്ടുകളും.
യഹൂദിയായിലെ ഗ്രാമമാണ് സ്ഥലമെങ്കിലും മലയാളിയുടെ ധനുമാസമാണ് കാലം (യഹൂദിയായിലെ ഒരു ഗ്രാമത്തിൽ). പുല്കിയുണർത്തരുതേ നാഥൻ ഉറങ്ങട്ടേ എന്ന് പറയുന്നത് ജോർദാൻ നദികടന്നു വരുന്ന പൂന്തേൻമണമുള്ള കുഞ്ഞിക്കാറ്റിനോടല്ല, ഡിസംബർ ജനുവരിയിൽ കേരളത്തിന്റെ ഹൃദയത്തിലൂടെ കുളിരു ചൊരിഞ്ഞു കടന്നുപോകുന്ന ജനുവരിക്കാറ്റിനോടു കൂടിയാണ് (കാവൽ മാലാഖമാരേ).
ഇസ്രയേലിൽ നാഥനായിവാഴും... കാനായിലെ കല്യാണനാളിൽ... രക്ഷകാ എന്റെ പാപഭാരമെല്ലാം.... മേലേ മാനത്തെ ഈശോയേ... തുടങ്ങി എത്രയെത്ര ഗാനങ്ങൾ. ക്രിസ്തു മാത്രമല്ല ക്രിസ്തുവിനെ തേടിവന്ന രാജാക്കന്മാരും ആട്ടിടയന്മാരുമെല്ലാം പാട്ടിനൊപ്പം മലയാളിയുടെ നെഞ്ചിൽ കയറി. രണ്ടായിരം വർഷത്തെ പാരന്പര്യം അവകാശപ്പെടുന്ന ക്രൈസ്തവർക്ക് സാഹിത്യത്തിൽ ഉൾപ്പെടെ ദൃശ്യത കൈവന്നിട്ട് രണ്ടുനൂറ്റാണ്ടുപോലും ആയിട്ടില്ല. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള മലയാള സാഹിത്യത്തിൽ ഈ സമൂഹത്തെക്കുറിച്ചുള്ള സൂചനകൾപോലും അപൂർവമാണ്. സുറിയാനിയുടെയും കർസോനിയുടെയും അപ്രാപ്യവലയങ്ങളിൽനിന്ന് മലയാളത്തിന്റെ വെളിച്ചത്തിലേക്കു വന്നപ്പോഴാണ് ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും പൊതുസമൂഹം കണ്ടുതുടങ്ങിയത്.
ജ്ഞാനസുന്ദരിപോലുള്ള ആദ്യകാലസിനിമകൾ, അരനാഴികനേരംപോലുള്ള കൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ തുടങ്ങി ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിലുണ്ടായി. ക്രിസ്ത്യൻ വൈദികർ മിക്ക ചലച്ചിത്രങ്ങളിലും സാന്നിധ്യമായിരുന്നു. ആദ്യകാലം മുതൽ രണ്ടായിരംവരെയുള്ള ചലച്ചിത്രങ്ങളിൽ പലപ്പോഴും ഉത്തമ കഥാപാത്രങ്ങളായാണ് അവർ അവതരിപ്പിക്കപ്പെട്ടത്. സർവകലാശാലയിലെ ജഗതിയുടെ ഫാ. കുട്ടനാടനും സ്ഫടികത്തിലെ ഫാ. ഒറ്റപ്ലാക്കലുമെല്ലാം ഉദാഹരണങ്ങൾ. വൈദികർ വിശുദ്ധ വില്ലന്മാരായി പ്രത്യക്ഷപ്പെടുന്നത് അടുത്തകാലങ്ങളിൽ കാണുന്ന പ്രവണതയാണ്.
തലതിരിയുന്ന ക്രൈസ്തവ ബിംബങ്ങൾ
പ്രാർഥനപോലെ(Like a Prayer) ഒരു പോപ് മ്യൂസിക്കാണ്. പ്രാർഥനപോലെയാണ് ഗാനം. പശ്ചാത്തലം പള്ളി. ഡാൻസ് ചെയ്യുന്ന അൾത്താര ബാലന്മാർ. കത്തുന്ന കുരിശ്. പ്രശസ്ത പോപ് ഗായിക മഡോണയുടെ 1989ൽ പുറത്തുവന്ന ഗാനത്തിലെ രംഗങ്ങളാണ്. ഗാനത്തിലെ വാക്യങ്ങൾ പ്രാർഥനപോലെ തോന്നുമെങ്കിലും ശക്തമായ ലൈംഗിക സൂചനകളാണുള്ളത്. തൊണ്ണൂറുകളിൽ അമേരിക്കൻ സിരകളിൽ സംഗീതവും ലഹരിയും നിറച്ച മർലിൻ മാൻസണ് എന്ന പേരിലറിയപ്പെട്ട ബ്രയാൻ ന്യൂ വാർണർ എന്ന പോപ് ഗായകന്റെ ആൽബങ്ങളിലെ സ്വരരാക്ഷസങ്ങളിൽ ക്രൈസ്തവ ബിംബങ്ങൾ വ്യാപകമായി അവഹേളിക്കപ്പെട്ടു. നഗ്നയായ സ്ത്രീയെ കുരിശിൽ തറയ്ക്കുന്ന രംഗങ്ങളും കുരിശ് കത്തിക്കലും അക്രമങ്ങളും ഫ്രെയിമുകളിൽ നിറച്ചു.
മർലിൻ മണ്റോയുടെ മെർലിനും അമേരിക്കയിലെ കുപ്രസിദ്ധ സീരിയൽ കില്ലറായ ചാൾസ് മാൻസെന്റ പേരും ചേർത്തുണ്ടാക്കിയതാണ് അയാളുടെ മെർലിൻ മാൻസണ് എന്ന പേരുതന്നെ. ആ പേരുതന്നെ മാദകത്വത്തിന്റെയും പുതിയ ആണത്തത്തിന്റെയും ഉടന്പടിയായിരുന്നു. അമേരിക്കയിലെ സ്കൂളുകളിൽ കുട്ടികൾ നടത്തിയ വെടിവയ്പ്പുകളുടെ പ്രചോദനം ഇയാളുടെ പാട്ടും അതിലെ രംഗങ്ങളുമായിരുന്നുവെന്ന് പറയപ്പെടുന്നു.
മതം ഒരാശയമാണ്. ആശയങ്ങൾക്ക് ആശയം മാത്രമായി നിലനിൽക്കാൻ സാധ്യമല്ല. ആശയത്തെ പ്രത്യക്ഷീകരിക്കുന്ന ചിഹ്നങ്ങൾ ഉണ്ടാകും. കുരിശ്, ഓം, ചന്ദ്രക്കല ഇവയെല്ലാം വിവിധ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളാണ്. ഇത്തരം ചിഹ്നങ്ങളെ കീഴ്മേൽ മറിക്കുന്പോൾ ആശയങ്ങളെയാണ് തലതിരിക്കുന്നത്.
അടുത്തിടെ ഇറങ്ങി വിവാദമായ ഒരു മലയാള സിനിമയിൽ പ്രായമായ ഒരു പള്ളിയുടെ അടരിൽനിന്ന് ഒരു കുരിശ് താഴെവീഴുന്ന രംഗം മൂന്നുതവണ ആവർത്തിക്കുന്നുണ്ട്. നായകൻ ചെകുത്താനാണെന്ന് പ്രഖ്യാപിക്കുന്നു. ദൈവപുത്രൻ തെറ്റു ചെയ്താൽ ചെകുത്താനല്ലാതെ മറ്റാരും ആശ്രയമില്ല എന്ന കൂറ്റൻ ഡയലോഗ് ഉണ്ട്. ചെകുത്താൻ നായകനാകുന്പോൾ നൂറ്റാണ്ടായി നമുക്കു കാവൽനിന്ന ഉരുക്കുപോലെ ഉറച്ചതാണെന്ന് നാം കരുതുന്ന ചില മൂല്യങ്ങളുടെ ഉറപ്പുകൾകൂടി പൊളിഞ്ഞുവീഴുന്നുണ്ട്. വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ സുരക്ഷിതമായി വീടെത്താമെന്ന ഉറപ്പാണ് ആദ്യം തകരുന്നത്. നമ്മുടെ തെരുവുകളെ അടക്കി നിർത്തിയ പാപപുണ്യബോധത്തിന്റെ മതിലുകളാണ് ഇല്ലാതാകുന്നത്. ദൈവവുമായി ആശ്രയിച്ചു ഈ സമൂഹത്തിൽ ജീവിക്കുന്ന കുറെ പദാവലികൾ കൂടിയുണ്ട്. നന്മ, സ്നേഹം, കരുണ, പാരസ്പര്യം, സഹിഷ്ണുത, രാഷ്ട്രസാമൂഹിക നിയമങ്ങളോടുള്ള വിധേയത്വം ഇങ്ങനെ നീളുന്നു അത്.
ധാർമികക്രമം തകർന്നാൽ...
ലോകമെന്പാടും അരാജകവാദികൾ ആദ്യം ക്രൈസ്തവബിംബങ്ങൾ ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണ്? ഒറ്റവാക്കിൽ അതിന് ഉത്തരമുണ്ട്. ക്രൈസ്തവധാർമികത ഒരു ക്രമമാണ്.ആ ക്രമത്തെ അട്ടിമറിക്കുന്നതിലൂടെ സമൂഹത്തിൽ വലിയ തോതിലുള്ള അനിശ്ചിതത്വം സൃഷ്ടിക്കാനാകും. എല്ലാ മതങ്ങളിലും ദൈവാധിഷ്ഠിതമായ ഒരു ധാർമികക്രമമുണ്ട്. അതു തകർന്നാൽ പലതരത്തിലുള്ള വ്യാപാരസാധ്യതകളുണ്ട്. എന്റർടൈൻമെന്റ് വ്യവസായം തുടങ്ങി ഡ്രഗ്സ് ഉത്പാദനവും വിതരണവും ഉപഭോഗവും ഫ്രീ സെക്സുമെല്ലാം അത് ന്യായീകരിക്കുന്നുണ്ട്. നന്മ, തിന്മ എന്ന അതിർവരന്പുകളില്ലാതെയായാൽ ഒരാൾക്ക് ആനന്ദം കിട്ടുന്ന വഴി അയാളുടെ ശരിയാണ്. ആനന്ദവും ജീവിക്കുന്ന നിമിഷവും മാത്രമാണ് ശരിയെന്ന് അത് അടിവരയിടുന്നു. അതുതന്നെയാണ് വിപണി ഇത്രയുംകാലം രഹസ്യമാക്കിവച്ച സൂത്രവാക്യം. അവനവന് ആനന്ദം കണ്ടെത്താനുള്ള വഴികൾ.
ദയ, കാരുണ്യം, സ്നേഹം, ക്ഷമ തുടങ്ങിയ ദൈവികഗുണങ്ങളുടെ സ്ഥാനത്ത് പ്രതികാരം എന്ന തമോബിന്ദുവിൽ എല്ലാം കേന്ദ്രീകരിക്കപ്പെടുന്നു. കുറ്റം ചെയ്തവർക്ക് ഉടൻ ശിക്ഷനൽകുക എന്നത് പ്രാകൃതനിയമമാണ്. പ്രതികാരത്തിന് ഏതു മാർഗവും സ്വീകരിക്കാമെന്നത് പരിഷ്കൃതസമൂഹത്തിന് യോജിക്കുന്ന നിലപാടുമല്ല. ചുരുക്കത്തിൽ രാജ്യം, മതം തുടങ്ങിയ ധാർമികതയുടെ അടിത്തറകളെയെല്ലാം നിരാകരിക്കുകയാണ് പല ചലച്ചിത്രങ്ങളും.
ചലച്ചിത്രങ്ങളുടെ പ്രമേയത്തിൽ മാത്രമല്ല അതിന്റെ ദൃശ്യഭാഷയിൽത്തന്നെ ക്രൈസ്തവദർശനങ്ങളുടെ തലതിരിയലുണ്ട്. അത് കേരളത്തിൽ മാത്രമുണ്ടായ പ്രതിഭാസമല്ല. ഹോളിവുഡ് സിനിമയിൽ ഇത് സർവസാധാരണമായിരുന്നു. പോപ് ആൽബങ്ങളിലും കൊറിയൻ സീരീസുകളിലും ഇത്തരം പ്രതിഭാസങ്ങൾ കാണാം.
നിയമവ്യവസ്ഥ, ധാർമികത, സ്നേഹം, ക്ഷമ, പാരസ്പര്യം ഇവയിലൂന്നിയാണ് ലോകത്തിലുള്ള എല്ലാ മതസംഹിതകളും പ്രത്യേകിച്ച് ക്രിസ്തുമതവും നിലനിൽക്കുന്നത്. ദൈവം നന്മയാണെന്നതാണ് അടിസ്ഥാനപരമായ ആശയം. അതുകൊണ്ട് മനുഷ്യർ നന്മ ചെയ്യണമെന്നു മതങ്ങൾ അനുശാസിക്കുന്നു. എന്നാൽ, ഏതാനും പുതിയ ചില സിനിമകളിൽ ഇത്തരമൊരു സങ്കല്പം കീഴ്മേൽ മറിയുകയാണ്. ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി പറയുന്ന ബൊഗേൻവില്ലയിലെ ഗാനം ശ്രദ്ധിച്ചിരിക്കുമല്ലോ. ഓർക്കുക പാവനനാം ആട്ടിടയനിൽനിന്നാണ് നാം തുടങ്ങിയത്.