ത്രയാക്ഷരി
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, April 2, 2025 12:12 AM IST
‘കോട്ടയത്ത് എത്ര മത്തായിയുണ്ട്’ എന്നൊരു കഥ ജോൺ ഏബ്രഹാമിന്റേതായുണ്ട്. കഥാനായകൻ മത്തായി അടിമാലിയാണ്. കോട്ടയത്ത് ടെലിഫോണുള്ള മത്തായിമാർ നൂറ്റിപ്പന്ത്രണ്ടു പേരുണ്ടെന്ന മഹത്തായ കണ്ടുപിടുത്തം മത്തായി അടിമാലി നടത്തി.
പക്ഷേ, കണക്ക് കൃത്യമല്ല. അയാൾക്ക് ഉറക്കം നഷ്ടപ്പെട്ടു. ടെലിഫോണില്ലാത്ത മത്തായിമാരുടെ എണ്ണംകൂടി കിട്ടിയാൽ മാത്രമേ കണക്ക് കൃത്യമാകൂ എന്ന് മത്തായി അടിമാലി തിരിച്ചറിയുന്നു. അയാൾ അടുത്ത ദിവസങ്ങളിൽ അതു സംഘടിപ്പിക്കാനുള്ള ശ്രമത്തിലായി. ഒടുവിൽ വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് ആ കണക്കും അയാൾക്കു ലഭിച്ചു; തൊള്ളായിരത്തി പതിനേഴു പേർ. അപ്പോഴാണ് മുടിവെട്ടിക്കൊണ്ടിരുന്ന ബാർബർ രവി പറഞ്ഞത്, ഈ കണക്കും ശരിയല്ലെന്ന്. ഇത് പ്രായപൂർത്തിയായവരുടെ കണക്കാണെന്നും ഇതിലൊന്നും പെടാത്ത ഒരു മത്തായി ബസ് സ്റ്റാൻഡിൽ ജീവിച്ചിരിപ്പുണ്ടെന്നും അയാളെ ടൈംപീസ് മത്തായി എന്നാണ് വിളിക്കുന്നതെന്നും അയാളെക്കൂടി കണക്കിൽ ഉൾപ്പെടുത്തിയാൽ മാത്രമേ മത്തായിമാരുടെ എണ്ണം കൃത്യമാകൂ എന്നും രവി പറഞ്ഞു. മത്തായി അടിമാലി അടുത്ത ദിവസം രാവിലെ തന്നെ ടൈംപീസ് മത്തായിയെക്കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. അയാൾ പറഞ്ഞതെല്ലാം ശ്രദ്ധിച്ചു കേട്ടശേഷം ടൈംപീസ് മത്തായി പറഞ്ഞു, “ഈ കണക്കും ശരിയല്ല; കാരണം കോട്ടയത്ത് എത്ര മത്തായിമാർ മരിച്ചുവെന്നും എത്ര മത്തായിമാർ ജനിക്കാൻ പോകുന്നുവെന്നുമുള്ള കണക്കുകൾകൂടി എടുക്കാതെ എന്നെ ചേർക്കാൻ പാടില്ല” എന്നു ദൃഢസ്വരത്തിൽ പറഞ്ഞ് ടൈംപീസ് മത്തായി എഴുന്നേറ്റുപോയി.
ജോണിന്റെ കഥ ഇങ്ങനെയൊരു അന്തരാളഘട്ടത്തിലേക്കോ ധർമസങ്കടത്തിലേക്കോ നീങ്ങുകയാണ്. ഈ കഥ വായിച്ച കാലത്തുതന്നെ എന്നിൽ മറ്റൊരു ചോദ്യം ഉയിർക്കൊള്ളുകയുണ്ടായി. അതു മറ്റൊന്നുമായിരുന്നില്ല; മലയാളത്തിലെ എഴുത്തുകാരിൽ എത്ര രാവണന്മാരുണ്ട് എന്നതായിരുന്നു ആ ചോദ്യം. അതൊരു തലകീഴായ ചോദ്യമായിരുന്നെങ്കിലും അതിനുത്തരം കണ്ടെത്താൻ എനിക്ക് ത്രേതായുഗംവരെ പോകേണ്ടിവന്നില്ല. ഒരൊറ്റ ഉത്തരത്തിൽ ഞാൻ വില്ലുകുലച്ചുനിന്നു. ഒരു ത്രയാക്ഷരി. വി.കെ.എൻ; തനി രാവണൻ.
ഒരൊറ്റത്തവണ മാത്രമേ ഞാൻ വി.കെ.എന്നിനെ കണ്ടിട്ടുള്ളൂ. വടക്കേ കൂട്ടാല വീട്ടിൽ വച്ച്. പോക്കുവെയിൽ പൊന്നുരുക്കി പുഴയിൽ വീഴ്ത്തുംമുൻപ്. എന്റെ കൈയിൽ കെ.പി. അപ്പൻ സാർ എന്നെ വി.കെ.എന്നിനു പരിചയപ്പെടുത്തിക്കൊണ്ട് എഴുതിത്തന്ന ഒരു കത്തുണ്ടായിരുന്നു. അതുവാങ്ങി പാതി കണ്ണ് കത്തിലും പാതി കണ്ണ് എന്നിലുമായി വി.കെ.എൻ. മേഞ്ഞുനടന്നു. “എന്താ വരവിന്റെ ലക്ഷ്യം?” വി.കെ.എൻ ചോദിച്ചു. “ഒരഭിമുഖം” ഞാൻ പറഞ്ഞു. “ആവനാഴിയിൽ ചോദ്യങ്ങളെത്രയുണ്ടാകും?” ഞാനൊന്നും പറഞ്ഞില്ല. എന്നെ നോക്കിയൊന്ന് അർഥഗർഭമായി അർധവിരാമത്തിൽ ചിരിച്ചു. ചിരിച്ചപ്പോൾ സാന്ധ്യാപ്രകാശത്തിൽ ആ മുഖം ഒരു കുഞ്ഞിന്റേതെന്നപോലെ തോന്നി.
അടുത്തനിമിഷം രൂപഭാവങ്ങൾ മാറി. നികുംഭിലയിൽനിന്ന് ഇറങ്ങിവരുന്ന രാവണനെപ്പോലെയായി വി.കെ.എൻ. “വരൂ” എന്നു പറഞ്ഞ് എന്നെ അകത്തു കയറ്റിയിരുത്തി. വേദവതി അമ്മ ഒരു ഗ്ലാസ് കടുംചായ കൊണ്ടുതന്നു. പഴകിയ റിക്കാർഡിംഗ് പ്ലെയർ ഓൺചെയ്തു ഞാൻ മേശപ്പുറത്തുവച്ചു. ഒരു ചതുരംഗക്കളത്തിന് അപ്പുറമിപ്പുറമെന്നപോലെ ഞങ്ങളിരുന്നു.
ത്രിലോകങ്ങൾ കൊന്നും വെന്നും ജയംകൊണ്ട ദശാസ്യൻ പൊരുതി മുന്നേറുകയാണ്. ശക്തിയിലല്ല, ബുദ്ധിയിലാണ് വിജയം കുടികൊള്ളുന്നതെന്ന് എനിക്കു ബോധ്യമായി. ആവനാഴിയിൽനിന്ന് ഞാൻ ശരമെടുക്കുമ്പോഴേ ഉത്തരങ്ങൾകൊണ്ട് വി.കെ.എൻ. എന്നെ എയ്തുവീഴ്ത്തിയിരിക്കും. കൈയിൽ എല്ലാ പരാക്രമങ്ങളുമുണ്ട്. ആഗ്നേയം, ഗരുഡം, വരുണം, നാഗം, മാഹേശ്വരം എല്ലാം. ബ്രഹ്മാസ്ത്രമില്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. ഭയന്നിട്ട് ചോദിച്ചില്ല.
രണ്ടുമൂന്നു മണിക്കൂർ മിണ്ടിപ്പറഞ്ഞിട്ടുണ്ടാകണം. സമയം പോകുന്നതറിയില്ല. കുലീനൻ, സരസൻ, പണ്ഡിതൻ, പയ്യൻ, പിതാമഹൻ, ലഗ്നാധിപൻ, നാണ്വാര്... ഇനിയും എത്രയോ വിശേഷണപദങ്ങൾ വി.കെ.എൻ. എന്ന ത്രയാക്ഷരിക്കൊപ്പം ചേർത്തുവയ്ക്കാനാകും. പക്ഷേ, രാവണൻ എന്ന പദം ചേർത്തുവയ്ക്കുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിൽനിന്നും എനിക്ക് കിട്ടിയിട്ടില്ല. സാഹിത്യം മാത്രമല്ല; വൈദ്യം, ജ്യോതിഷം, കായികം, നരവംശശാസ്ത്രം, സൗന്ദര്യശാസ്ത്രം, കുണ്ഡലിനിയോഗം, അമരകോശപാണ്ഡിത്യം എന്തിനേറെ, എ.ആർ. രാജരാജവർമത്തമ്പുരാന്റെ “ആറു നയങ്ങൾ” വരെ അരച്ചുകലക്കി കുടിക്കാൻ പാകത്തിൽ കൈയിലിരിപ്പുണ്ട്. അതെല്ലാം “വാരിധിതന്നിൽ തിരമാലകളെന്നപോലെ”യാണ് നാവിൻതുമ്പിൽ വരുന്നത്.
വി.കെ.എൻ. ഭാഷയിൽ “അഭിമുഖവധം ഒന്നാം ദിവസം” കഴിഞ്ഞ് മിണ്ടിപ്പറഞ്ഞിരിക്കുമ്പോൾ വി.കെ.എൻ. പറഞ്ഞത് പലതും ഇപ്പോഴും ഓർമയിലുണ്ട്. പറഞ്ഞതൊന്നും പതിരല്ലാത്തതിനാൽ അതെല്ലാം മുളച്ചുപൊന്തി ഉള്ളിൽ നിൽപ്പുണ്ട്. ചിലതു കുറിക്കട്ടെ. “ഏതു വിഡ്ഢിക്കും ഒരെഴുത്തുകാരനാകാം. പക്ഷേ, ആ എഴുത്ത് സ്റ്റോക്ക് മാർക്കറ്റിൽ വിറ്റഴിക്കണമെങ്കിൽ പടച്ച തമ്പുരാൻ പണിഞ്ഞുവിട്ട നേർബുദ്ധിതന്നെ വേണം.
കമഴ്ത്തിവച്ച കിണ്ണംപോലെയാണ് ഭൂമി. കുട്ടിയുടെ തലയ്ക്കുപകരം പൃഷ്ഠഭാഗം ആദ്യം പുറത്തേക്കുവരുന്ന പ്രസവങ്ങളുണ്ട്. അതുപോലെയാണ് ചില എഴുത്തുകാരുടെ കൃതികൾ. വിതയ്ക്കുമ്പോൾത്തന്നെ കൊയ്ത്തിനു പാകമാകണമെന്നു ശഠിക്കുന്ന ചില എഴുത്തുകാർ നമ്മുടെ നാട്ടിലുണ്ട്! സൂരി നമ്പൂതിരിപ്പാടിന്റെ ഭ്രാന്ത് ചന്തുമേനോന് ചികിത്സിച്ചു ഭേദമാക്കാമായിരുന്നു.” ഇങ്ങനെ എത്രയെത്ര അസുരവാണികൾ. ചിലതെല്ലാം മറന്നുപോയി. കുറിച്ചെടുക്കാനോ കോരിയെടുക്കാനോ പറ്റില്ല. അതൊരുതരം ഒഴുക്കാണ്. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാകാത്ത ഒഴുക്ക്. ഗുപ്തസരസ്വതി.
ഇറങ്ങാൻനേരം ആരോഗ്യത്തെക്കുറിച്ച് ഞാൻ ചോദിച്ചു. അതൊട്ടും ഇഷ്ടമായില്ലെന്നുതോന്നി. അതു പുറത്തുകാട്ടാതെ പറഞ്ഞു. “കഴിഞ്ഞ വിഷുത്തലേന്ന് അർധരാത്രി കഴിഞ്ഞപ്പോ ഒരു മധ്യവയസ്കൻ തിരുവില്വാമലയ്ക്കു വന്നു. ഞാനുറങ്ങിയിരുന്നില്ല. വാതുക്കൽ നിർത്താതെയുള്ള മുട്ടുകേട്ട് കതകു പാതി തുറന്നു. അപരിചിതൻ സ്വയം പരിചയപ്പെടുത്തി. ചിത്രഗുപ്തനാണ്. മനുഷ്യ പാപപുണ്യകർമങ്ങളെ അടിസ്ഥാനപ്പെടുത്തി ഞാനൊരു ഗണിത മഹാഗ്രന്ഥം രചിച്ചിട്ടുണ്ട്. അതൊന്ന് വായിച്ച് ഒരവതാരിക എഴുതിത്തരണം.” വി.കെ.എൻ. പൊട്ടിച്ചിരിച്ചു. ലങ്കാധിപന്റെ തുടുത്ത ചിരി.
ജീവിതത്തിൽ നമുക്ക് പലരെയും ഒരിക്കൽകൂടിയൊന്ന് കാണണമെന്ന് തോന്നാറുണ്ട്. എന്നാൽ, ചിലരെ ഒരുതവണ കണ്ടാൽ മാത്രംമതിയെന്നും തോന്നും. അവരിൽ ഒരാളായിരുന്നു വി.കെ.എൻ. ആ ഒരൊറ്റ കാഴ്ചതന്നെ അത്രമേൽ പൂർണമായിരുന്നു. ഇതെഴുതി നിർത്തുമ്പോൾ വി.കെ.എന്നിന്റെ വാക്പ്രയോഗങ്ങളിലെ ആ ശരവേഗമോർത്ത് ഞാൻ നടുങ്ങിപ്പോകുന്നു. ഒരു പുരുഷായുസിൽ ചെയ്തുതീർക്കാവുന്നത്രയും ചെയ്തുതീർത്ത വിരാട് പുരുഷൻ. രാത്രിയേറെ വൈകിയിട്ടും ഞാൻ വീണ്ടും “പയ്യൻ കഥകൾ” എടുത്തു മലർക്കെ തുറന്നു വായിച്ചു.
“പയ്യൻ ഒരു സിഗററ്റെടുത്ത് അമ്പിക്കു നീട്ടി. രണ്ടു കൈകൊണ്ടും തടുത്തുകൊണ്ട് അമ്പി പറഞ്ഞു: നാൻ സ്മോക്ക് പണ്ണമാട്ടേൻ.
പൊടിവലി ഇരിക്കോ?
ഇല്ലൈ.
വെത്തില പാക്ക്?
നൊ.
ആടുകോഴിമീൻ ഇത്യാദികളെ തിമ്പയാ?
മാട്ടവേ മാട്ടേൻ.
കള്ളൈ കുടിപ്പയാ?
രാമ, രാമ
പെൺവിഷയം?
അയ്യയ്യോ!
എന്നടാ അമ്പീ ഇത്? പയ്യൻ സിഗററ്റിന് പുകയിട്ടുകൊണ്ട് പറഞ്ഞു: പച്ചക്കറി മാതിരി ജീവിക്കറായ്. ലൈഫിലെ രസം വേണംന്നാൽ ഇതെല്ലാം വേണം. വേറെ എന്നടാ ഇര്ക്ക് ലൈഫിലേ?
അമ്പി ചകിതനായി പയ്യനെ നോക്കി.”