ഇന്ന് ഓട്ടിസം ബോധവത്കരണദിനം : ചേർത്തുപിടിക്കാം, അവരെ
കെ.എസ്. സുമേഷ്
Tuesday, April 1, 2025 11:18 PM IST
ഏപ്രിൽ രണ്ട് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നു. ലോകത്ത് ഏകദേശം 61.8 ദശലക്ഷം ആളുകൾ ഓട്ടിസം എന്ന അവസ്ഥ നേരിടുന്നുണ്ട് എന്നതാണ് കണക്ക്. ഇന്ത്യയിലാകട്ടെ 2021 ലെ കണക്കനുസരിച്ച് ഏകദേശം 18 ദശലക്ഷം ആളുകൾക്കാണ് ഓട്ടിസം. ഇന്ത്യയിൽ 68 കുട്ടികൾ ജനിക്കുന്പോൾ അതിലൊരാൾക്ക് ഓട്ടിസം എന്ന അവസ്ഥയുണ്ട്.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന അവസ്ഥയെക്കുറിച്ചുള്ള അറിവുകൾ സമൂഹത്തിൽ എത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇത്തരം വ്യക്തികളെ സ്വീകരിക്കാനും എല്ലാ തലങ്ങളിലും ഉൾകൊള്ളിക്കാനും അവർക്ക് വേണ്ട പിന്തുണ നൽകാനും സമൂഹത്തെ ഓർമിപ്പിക്കുകയും ലക്ഷ്യമാണ്.
കുട്ടികളുടെ വളർച്ചാഘട്ടത്തിൽതന്നെ പ്രകടമാകുന്ന ഒരു കൂട്ടം നാഡീവികാസ അവസ്ഥകളെയാണ് ഓട്ടിസം എന്നു പറയുന്നത്. വളരെയധികം സങ്കീർണവും നിഗൂഢവുമായ അവസ്ഥയാണ് ഓട്ടിസം. ചില ജനിതക, പാരിസ്ഥിതിക ഘടകങ്ങളും മാറിവരുന്ന ജീവിതശൈലികളും ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്ന ഭക്ഷണ പദാർഥങ്ങളുമെല്ലാം ഇതിനൊരു കാരണമായി പറയാം. ഇനിയും മൂലകാരണങ്ങൾ വ്യക്തമായി കണ്ടുപിടിക്കാനാകാത്ത ഈ വൈകല്യത്തെക്കുറിച്ച് വിശദീകരിച്ചത് ലിയോ കാനർ (1943 ) എന്ന മനോരോഗ വിദഗ്ധനാണ്.
ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ
1. സാമൂഹികമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ടുകൾ.
2. ആശയവിനിമയത്തിലുള്ള ബുദ്ധിമുട്ടുകൾ.
3. സ്വഭാവം, പെരുമാറ്റം എന്നിവയിലുള്ള ബുദ്ധിമുട്ടുകൾ. ഒരു പ്രത്യേക ലക്ഷ്യമില്ലാതെ പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ടിരിക്കുക.
സാമൂഹികമായി ഇടപഴകുന്നതിനുള്ള ബുദ്ധിമുട്ടുകൾ
വിളിക്കുമ്പോൾ മുഖത്തു നോക്കാതിരിക്കുക, സമൂഹത്തിൽനിന്ന് ഉൾവലിഞ്ഞു അവരുടെ മാത്രം സ്വന്തമായ ലോകത്ത് ഒതുങ്ങിക്കൂടുക, ചുറ്റുമുള്ളവരുടെ വികാരങ്ങളും വിചാരങ്ങളും അറിയാനും മനസിലാക്കാനും അതിനനുസൃതമായി പ്രതികരിക്കാനുള്ള ശേഷിയില്ലായ്മ, ഒറ്റയ്ക്കുള്ള കളികൾക്ക് മാത്രം മുൻതൂക്കം കൊടുക്കുക, ചില വസ്തുക്കളോട് പ്രത്യേക ആകർഷണം, ഒരേരീതിയിൽ തന്നെ ചില കളികൾ ആവർത്തിക്കുക എന്നീ ലക്ഷണങ്ങൾ ചിലർ കാണിച്ചേക്കാം.
ആശയവിനിമയത്തിലുള്ള ബുദ്ധിമുട്ടുകൾ
വളരെ വൈകി സംസാരിക്കാൻ തുടങ്ങുന്ന ഇത്തരം കുട്ടികൾ സംസാരത്തിലും ആശയവിനിമയത്തിലും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ കാണിക്കാറുണ്ട്. ചില കുട്ടികൾ സംസാരിക്കുന്നതിലും ചില കുട്ടികൾ ഭാഷകൾ മനസിലാകുന്നതിലും ചിലർ ഇവ രണ്ടിലും ബുദ്ധിമുട്ടുകൾ കാണിക്കാറുണ്ട്. ഒരു സംഭാഷണം ആരംഭിക്കാനും അത് തുടർന്നു കൊണ്ടുപോകാനുമുള്ള കഴിവ് കുറവായിരിക്കും. ചില വാക്കുകൾ ആവർത്തിച്ചു പറയുന്നതായും കാണാം.
പ്രത്യേക ലക്ഷ്യമില്ലാത്ത പ്രവൃത്തികൾ
ശ്രദ്ധക്കുറവ്, ഒരിടത്ത് ഒതുങ്ങിയിരിക്കാൻ കഴിയാതിരിക്കുക, അമിതമായ ദേഷ്യം, സ്വയം വേദനിപ്പിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക, പിടിവാശി എന്നിവയും ഓട്ടിസ്റ്റിക് കുട്ടികളിൽ പ്രകടമായി കാണാം. ചില കുട്ടികളിൽ അപസ്മാര രോഗത്തിന്റെ ലക്ഷണങ്ങളും കാണാറുണ്ട്.
കാരണങ്ങൾ
പാരമ്പര്യഘടകങ്ങൾ ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമായി പറയുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ സഹോദരനോ സഹോദരിക്കോ ഈ അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് അസുഖം ബാധിച്ചാൽ മറ്റേയാൾക്കു അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ചില കുട്ടികളിൽ മാത്രമാണ് പാരമ്പര്യഘടകം കാരണമാകുന്നത്. ചില കുട്ടികളിയിൽ പാരമ്പര്യ ഘടകത്തോടൊപ്പം ചുറ്റുപാടുകളും കാരണമാകുന്നുണ്ട്. മാസംതികയാതെയുള്ള പ്രസവം, ഗർഭാവസ്ഥയിലിരിക്കുമ്പോഴുള്ള മാതാവിന്റെ മദ്യപാനം, മറ്റു ലഹരി പദാർഥങ്ങളുടെ ഉപയോഗം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയും കാരണങ്ങളാകാറുണ്ട്. ഓട്ടിസം ഉണ്ടാവാനുള്ള സാധ്യത ആൺകുട്ടികളിൽ അഞ്ചു മടങ്ങ് കൂടുതലാണ്.
ചികിത്സ
മൂന്നു വയസിനു മുമ്പായി ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. അനുബന്ധപ്രശ്നങ്ങൾക്കല്ലാതെ ഓട്ടിസത്തിന് പ്രത്യേക ചികിത്സയില്ല. കുട്ടികളിൽ കാണുന്ന അപസ്മാരം, ആക്രമവാസന, അമിതബഹളം, ഉറക്കപ്രശ്നങ്ങൾ എന്നിവ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാം. ഓട്ടിസത്തിന്റെ ലക്ഷണങ്ങളെ ചികിൽസിക്കാനും മാറ്റം കൊണ്ടുവരാനും നേരത്തേയുള്ള രോഗനിർണയം അനിവാര്യമാണ്. വളരെ നേരത്തേ രോഗനിർണയം ചെയ്തു നൽകുന്ന തെറാപ്പികൾക്കു പലപ്പോഴും സ്വന്തമായി ഒരു തൊഴിൽ ചെയ്യാൻ കഴിയുക എന്ന തലത്തിലേക്കുവരെ അവരെ ഉയർത്തിക്കൊണ്ടുവരാനും സഹായിക്കും.
ഓട്ടിസത്തിന്റെ ചികിത്സ എന്നു പറയുന്നത് ഒരുപാടു മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് സാധിക്കുന്നത്. ഇതിൽ സൈക്യാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പീച് തെറാപ്പിസ്റ്റ്, ഒകുപേഷണൽ തെറാപ്പിസ്റ്റ്, സോഷ്യൽ വർക്കർ, സ്പെഷൽ എഡ്യുക്കേറ്റർ എന്നിവരുടെ കൂട്ടായ ചികിത്സ ആവശ്യമാണ്.
ഓട്ടിസം ബാധിച്ച കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ കുറയ്ക്കുന്നതിനും അവരുടെ ദൈനംദിന കാര്യങ്ങൾ മെച്ചപ്പെടുത്താനും, അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാനും ബിഹേവിയർ തെറാപ്പി ഗുണംചെയ്യും. പൊതുവെ ഉൾവലിഞ്ഞു കാണപ്പെടുന്ന ഇവരെ നമുക്കിടയിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും വളരാൻ സഹായിക്കുകയുമാണ് സമൂഹം ചെയ്യേണ്ടത്. ഓട്ടിസ്റ്റിക് കുട്ടികളിൽ ചിലർക്ക് ചില പ്രത്യേക കഴിവുകളുണ്ടാകും. ചില മേഖലകളിൽ വളരെയധികം പ്രാഗൽഭ്യവും. അവരുടെ കഴിവുകൾ കണ്ടെത്തി പരിശീലനം നൽകി മുൻനിരയിലേക്ക് എത്തിക്കുകയാണ് നമ്മുടെ കടമ.
(ഡയറക്ടർ, അമ്മ മൾട്ടിസ്പെഷാലിറ്റി ക്ലിനിക്, പെരിന്തൽമണ്ണ)