ട്രംപിന്റെ വിമോചനം ആർക്ക്?
റ്റി.സി. മാത്യു
Tuesday, April 1, 2025 12:53 AM IST
എല്ലാവരും ചർച്ചകളിലാണ്. ചർച്ചകളിൽ അല്ലാത്തവർ ചർച്ചകൾക്ക് അവസരം തേടുകയാണ്.വിഷയം ഒന്നു മാത്രം - അമേരിക്കയുടെ തീരുവയുദ്ധത്തെ എങ്ങനെ അതിജീവിക്കാം.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം ലോകത്തിന്റെ അവസ്ഥ ഇതാണ്.ഒരാൾ മാത്രം ഇടയ്ക്കിടെ സംസാരിക്കുന്നു - ട്രംപ്. ഓരോ രാജ്യത്തിനുമെതിരേ എന്തൊക്കെ ചുമത്തുമെന്നു പ്രഖ്യാപിക്കുന്നു. കുറച്ചു കഴിയുമ്പോൾ ചില നടപടികൾ നീട്ടിവയ്ക്കുന്നു. മറ്റു രാജ്യങ്ങൾ പ്രതികരണം ഉണ്ടാകുമെന്നു പറയുന്നു, പക്ഷേ മിക്ക നടപടികളും ചർച്ചകൾക്കുവേണ്ടി മരവിപ്പിക്കുന്നു. ചർച്ചകളിലൂടെ ധാരണയിലെത്തി ‘ഡീൽ’ ഉറപ്പിക്കുന്നതിലാണു ട്രംപിനു താത്പര്യം. റിയൽ എസ്റ്റേറ്റ് വ്യാപാര പാരമ്പര്യത്തിന്റെ ബാക്കിപത്രം.
അതെന്തായാലും ലോകമാകെ അനിശ്ചിതത്വം. അമേരിക്കയെ മഹത്താക്കാൻ വേണ്ടിയെന്നു പറയുന്ന ട്രംപ് ചെയ്യുന്ന കാര്യങ്ങളുടെ ഫലം എന്താകുമെന്ന് ആർക്കും നിശ്ചയമില്ല. ഏപ്രിൽ രണ്ടിനു താൻ പകരത്തിനു പകരം തീരുവ ചുമത്തുമെന്നും അത് അമേരിക്കയുടെ വിമോചനദിനമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അതും ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കും എന്നറിയില്ല.
ചില ഫലങ്ങൾ അറിയാം...
ഒന്ന്: അമേരിക്കയിൽ വിലക്കയറ്റം കൂടും. ഫെബ്രുവരിയിൽ യുഎസ് ചില്ലറ വിലക്കയറ്റം 2.8 ശതമാനമായി കയറി. 24 മാസത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന നിരക്ക്. തീരുവകൾ നടപ്പാകുന്നതോടെ വിലകൾ ഇനിയും കുതിക്കും.
രണ്ട്: അമേരിക്കയിലെ ഉപഭോക്താക്കൾക്കു വരുമാനവും സാമ്പത്തികനിലയും സംബന്ധിച്ച ആത്മവിശ്വാസം നാലുമാസമായി കുറയുകയാണ്. തന്മൂലം അവർ പണം ചെലവഴിക്കൽ കുറച്ചതായി ഫെബ്രുവരിയിലെ കണക്കുകൾ കാണിക്കുന്നു. ഇതു കമ്പനികളുടെ വില്പന കുറയ്ക്കും. അവരുടെ വരുമാനവും ലാഭവും കുറയും. ഒരുപക്ഷേ അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്കു നീങ്ങാം.
മൂന്ന്: ലോകവാണിജ്യ വളർച്ച കുറയും. കയറ്റുമതി മുഖ്യ വരുമാനമാർഗമായുള്ള രാജ്യങ്ങളുടെ വളർച്ച വിഷമത്തിലാകും.
നാല്: സാമ്പത്തികരംഗം അനിശ്ചിതത്വത്തിലായി. അനിശ്ചിതത്വം മൂലം ഓഹരി വിപണിയും കുത്തനേ ഇടിയുന്നതാണു തിങ്കളാഴ്ച കണ്ടത്. ഇതേ അനിശ്ചിതത്വം സ്വർണവിലയെ ആരും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തിച്ചു. ഔൺസിന് 3,124 ഡോളർ വരെ സ്വർണം കയറി.
അഞ്ച്: ഭീഷണിയിലൂടെ കാര്യങ്ങൾ സാധിക്കാനുള്ള ട്രംപ് നീക്കം പരക്കെ എതിർപ്പ് നേരിടുന്നു.ഈയിടെ വാഹനങ്ങൾക്കും വാഹന ഘടകങ്ങൾക്കും ട്രംപ് 25 ശതമാനം ചുങ്കം ചുമത്തി. ഇങ്ങനെ ചെയ്തു വാഹനക്കമ്പനികളെ അമേരിക്കയിൽ മൂലധനനിക്ഷേപത്തിനായി കൊണ്ടുവരാൻ പറ്റുമോ എന്നാണ് വ്യവസായികൾ ചോദിക്കുന്നത്. കാനഡയോടും മെക്സിക്കോയോടും ട്രംപ് തന്നെ ഉണ്ടാക്കിയ കരാറിനെപോലും പുതിയ ചുങ്കം പ്രഖ്യാപനത്തിൽ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
ആറ്: അമേരിക്കയുടെ വിശ്വാസ്യത നഷ്ടമാക്കുകയും സഖ്യകക്ഷികളെ എതിരാളികൾ ആക്കുകയുമാണു ട്രംപ് ചെയ്യുന്നതെന്നു വിപണിയും കരുതുന്നു. കാനഡയും യൂറോപ്പും ചേർന്ന് യുഎസ് നീക്കത്തെ പ്രതിരോധിക്കാൻ ശ്രമിച്ചാൽ കൂടുതൽ ചുങ്കം ചുമത്തുമെന്ന ട്രംപിന്റെ പ്രസ്താവനയും നല്ല പ്രതികരണമല്ല ഉണ്ടാക്കിയത്. ജപ്പാനും ദക്ഷിണകൊറിയയും ചൈനയോടു ചേർന്നു സ്വതന്ത്ര വ്യാപാര ഉടമ്പടി ഉണ്ടാക്കാൻ ചർച്ച തുടങ്ങുന്നിടംവരെ കാര്യങ്ങളെത്തി.
ഏപ്രിൽ രണ്ടിനു വലിയ തീരുവ ചുമത്തലുകളുണ്ടാകുമെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്. മാർച്ച് രണ്ടിലേതുപോലെ മാറ്റിവയ്ക്കുന്ന നടപടികളാണോ അല്ലയോ എന്നു വ്യക്തമല്ല. എത്ര രാജ്യങ്ങൾക്കെതിരേ എന്നോ എത്ര ശതമാനംവരെ എന്നോ ഒന്നും വ്യക്തമല്ല. എല്ലാം കാത്തിരുന്നു കാണാം എന്നു മാത്രം പറയാം.
ട്രംപ് ചെയ്തതും പറഞ്ഞതും
തീരുവ സംബന്ധിച്ച് ട്രംപ് ഇതുവരെ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങൾ ഇവയാണ്.
ഒന്ന്: സ്റ്റീൽ, അലുമിനിയം ഇറക്കുമതികൾക്ക് 25 ശതമാനം ചുങ്കം മാർച്ച് 12നു നടപ്പാക്കി. ഏതു രാജ്യത്തുനിന്നുള്ള ഇറക്കുമതിക്കും ഈ ചുങ്കം ബാധകം. കാനഡയാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ സ്റ്റീലും അലൂമിനിയവും നൽകുന്നത്.
രണ്ട്: അയൽ രാജ്യങ്ങളായ കാനഡയിലും മെക്സിക്കോയിലും നിന്നുള്ള എല്ലാ ഇറക്കുമതിക്കും 25 ശതമാനം ചുങ്കം മാർച്ച് നാലിനു നടപ്പാക്കി. ട്രംപ് 2019ൽ രൂപം കൊടുത്ത യുഎസ്, മെക്സിക്കോ, കാനഡ ഉടമ്പടി ബാധകമായ ഇനങ്ങൾക്ക് ഇതു നടപ്പാക്കുന്നത് ഏപ്രിൽ രണ്ടുവരെ മാറ്റിവച്ചു. ഇതോടെ ആ രാജ്യങ്ങളിൽനിന്നുള്ള 90 ശതമാനം ഇറക്കുമതിയും തീരുവ ഇല്ലാതെ നടക്കുന്നു.
മൂന്ന്: ചൈനയിൽനിന്നുള്ള ഇറക്കുമതികൾക്കു രണ്ടുഘട്ടമായി 20 ശതമാനം ചുങ്കം ചുമത്തി. ട്രംപിന്റെ ഒന്നാം ഭരണകാലത്തു നടപ്പാക്കിയ 10 ശതമാനത്തിനു പുറമെയാണിത്.
നാല്: എല്ലാ രാജ്യങ്ങൾക്കുമെതിരേ പകരത്തിനു പകരം ചുങ്കം ഏപ്രിൽ രണ്ടിന് പ്രഖ്യാപിക്കും. ദിവസങ്ങൾക്കുശേഷം യുഎസ് വാണിജ്യ പ്രതിനിധി പറഞ്ഞത് കൂടുതൽ വ്യാപാരകമ്മി ഉള്ള രാജ്യങ്ങൾക്കു മാത്രമാകും ആദ്യം ചുങ്കം എന്നാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും ചൈന, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ, ജപ്പാൻ, ദക്ഷിണകൊറിയ, മെക്സിക്കോ, റഷ്യ, വിയറ്റ്നാം എന്നിവ അടക്കം 15 രാജ്യങ്ങൾക്കാണു ചുങ്കമെന്ന് ഉദ്യാേഗസ്ഥർ പറഞ്ഞു. പക്ഷേ, ആ 15നെപ്പറ്റി തനിക്കറിയില്ലെന്നു കഴിഞ്ഞ ഞായറാഴ്ച ട്രംപ് പറഞ്ഞതോടെ എല്ലാ രാജ്യങ്ങൾക്കും ചുങ്കം വരും എന്ന ഭീതിയായി.
അഞ്ച്: യൂറോപ്യൻ യൂണിയനുമേൽ ചുങ്കം ചുമത്തിയാൽ യുഎസ് വിസ്കികൾക്കും മറ്റ് ഉത്പന്നങ്ങൾക്കും 50 ശതമാനം ചുങ്കം ചുമത്തുമെന്ന ഭീഷണിക്കു മറുപടിയായി, യൂറോപ്യൻ മദ്യങ്ങൾക്ക് 200 ശതമാനം ചുങ്കം ചുമത്തുമെന്നു ട്രംപ് മുന്നറിയിപ്പ് നൽകി.
ആറ്: എല്ലാ വിദേശവാഹനങ്ങൾക്കും വാഹനഘടകങ്ങൾക്കും 25 ശതമാനം ചുങ്കം പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്നിനു ചുങ്കം ഈടാക്കിത്തുടങ്ങും.
ഏഴ്: ഔഷധങ്ങൾക്കും താമസിയാതെ ചുങ്കം പ്രഖ്യാപിക്കുമെന്ന് മാർച്ച് 24ന് ട്രംപ് പറഞ്ഞു. ചെമ്പ്, സീസൺ ചെയ്ത തടി, സെമികണ്ടക്ടർ ചിപ്പുകൾ എന്നിവയ്ക്കും ചുങ്കം ചുമത്തും.
എട്ട്: വെനിസ്വേലയിൽനിന്നു ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് ഏപ്രിൽ രണ്ടിന് 25 ശതമാനം ചുങ്കം ചുമത്തും.
ബദൽ നീക്കങ്ങൾ ഇങ്ങനെ...
ട്രംപിന്റെ നടപടികൾക്കു പല രാജ്യങ്ങളും ബദൽ നടപടികൾ പ്രഖ്യാപിച്ചു. അവ ഇങ്ങനെ:
1) ചെെന: യുഎസിൽനിന്നുള്ള ഗോതമ്പ്, ചോളം, സോയാബീൻസ്, പരുത്തി, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ചിക്കൻ, ബീഫ്, ക്ഷീരോത്പന്നങ്ങൾ തുടങ്ങി നൂറിലേറെ ഇനം സാധനങ്ങൾക്ക് ചൈന 15 ശതമാനം ചുങ്കം ചുമത്തി. യുഎസ് ഓപ്റ്റിക്കൽ ഫൈബർ ഉത്പന്നങ്ങൾക്ക് ആന്റിഡംപിംഗ് ഡ്യൂട്ടി വന്നു. 25 യുഎസ് കമ്പനികളെ ഇറക്കുമതിനിയന്ത്രണ പട്ടികയിലാക്കി.
2) മെക്സിക്കോ: യുഎസ് ഉത്പന്നങ്ങൾക്ക് കൂടിയ ചുങ്കം ചുമത്തുമെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം പറഞ്ഞെങ്കിലും നടപ്പാക്കിയില്ല. ട്രംപ് പ്രഖ്യാപിച്ചവയിൽ 90 ശതമാനവും നീട്ടിവച്ച സാഹചര്യത്തിലാണിത്. മെക്സിക്കോ -യുഎസ് ചർച്ച തുടരുന്നു.
3) കാനഡ: സ്റ്റീലും അലുമിനിയവും പൊട്ടാഷും ഒഴികെയുള്ള സാധനങ്ങൾക്കു ട്രംപ് പ്രഖ്യാപിച്ച അധികചുങ്കം നടപ്പാക്കുന്നത് ഏപ്രിലിലേക്കു മാറ്റിവച്ചതിനാൽ കാനഡ പ്രഖ്യാപിച്ച ബദൽ നടപടികൾ നീട്ടിവച്ചു. അമേരിക്കയ്ക്കു നൽകുന്ന വൈദ്യുതിക്കു വില കൂട്ടുമെന്നു പ്രഖ്യാപിച്ചതും നീട്ടിവച്ചു. പുതിയ പ്രധാനമന്ത്രി മൈക്ക് കാർണി ട്രംപുമായി ടെലിഫോണിൽ സംസാരിച്ചെങ്കിലും ധാരണ ഉണ്ടായില്ല.
4) യൂറോപ്യൻ യൂണിയൻ: സ്റ്റീലിനും അലുമിനിയത്തിനും ചുമത്തിയ 25 ശതമാനം ചുങ്കത്തിനു ബദൽ നടപടികളെടുക്കുമെന്നു പറഞ്ഞെങ്കിലും ചർച്ചകൾക്കായി ഏപ്രിൽ പകുതിവരെ അവ നീട്ടിവച്ചതായി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. യുഎസ് മദ്യത്തിനും മറ്റും 50 ശതമാനം ചുങ്കമാണ് യൂറോപ്പ് ചുമത്തുക.
5) ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ അമേരിക്കൻ സഖ്യരാജ്യങ്ങൾ അമേരിക്കയെ കൂടാതെ ചൈനയുമായി സ്വതന്ത്ര വ്യാപാര ഉടമ്പടി ഉണ്ടാക്കാൻ തീരുമാനിച്ചു.
ഇന്ത്യ ട്രപ്പീസ് അഭ്യാസത്തിൽ
അമേരിക്കയോടു വ്യാപാരമിച്ചം ഉള്ള എല്ലാ രാജ്യങ്ങൾക്കും പകരത്തിനു പകരം തീരുവ ചുമത്തും എന്നാണു ട്രംപ് പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്തും സമർഥനുമാണെന്നു പറയുന്ന ട്രംപ് ഇന്ത്യക്കും ഈ തീരുവയിൽനിന്ന് ഒഴിവില്ലെന്നു പലവട്ടം വ്യക്തമാക്കി.
മാർച്ച് 30ന് എയർ ഫോഴ്സ് ഒന്നിൽ വച്ച് ട്രംപ് വിശദീകരിച്ചത് “ആദ്യം ചുങ്കം ചുമത്തും, പിന്നീടു പ്രതികരണം നോക്കി മാറ്റം വരുത്തും” എന്നാണ്. കേവലം തീരുവ നിരക്കുകൾ അല്ല ട്രംപ് ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കൻ സാധനങ്ങൾക്ക് ഇന്ത്യയിൽ നൽകേണ്ട ജിഎസ്ടിയും ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളും വിലക്കുകളും ഒക്കെകൂടി പരിഗണിച്ചാണു ട്രംപ് ബദൽ തീരുവ നിശ്ചയിക്കുക. ജിഎസ്ടി നിരക്കുകൾ സമഗ്രമായി പുനഃപരിശോധിക്കുമെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈയിടെ ഒന്നിലേറെ തവണ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്.
ഇന്ത്യയാകട്ടെ ഏപ്രിൽ രണ്ടിന് ഒഴിവ് ലഭിച്ചില്ലെങ്കിലും തീരുവ നടപ്പാക്കലിനു സാവകാശം കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അഞ്ചോ പത്തോ ഇരുപതോ ശതമാനം ബദൽ തീരുവ പ്രഖ്യാപിച്ചെന്നു വരും, പക്ഷേ ഉഭയകക്ഷി കരാറിനു ചർച്ച നടക്കുന്നതിനാൽ അതു നടപ്പാക്കുന്നതിന് ഏതാനും മാസത്തെ സാവകാശം തരുമെന്ന് ഇന്ത്യ കരുതുന്നു.
അമേരിക്ക ശരാശരി 2.2 ശതമാനം തീരുവ ചുമത്തുമ്പോൾ ഇന്ത്യ 12 മുതൽ 15 വരെ ശതമാനം ചുമത്തുന്നു എന്നാണു ട്രംപ് ഭരണകൂടം പറയുന്നത്. ഈ വ്യത്യാസം ഇല്ലാതാക്കുക മാത്രമല്ല ഇന്ത്യ കൂടുതൽ യുഎസ് സാധനങ്ങൾ വാങ്ങുകയും വേണമെന്നു ട്രംപ് നിർബന്ധിക്കുന്നു.
ട്രംപ് ഇന്ത്യയിൽനിന്ന് ആവശ്യപ്പെടുന്നതു വലിയ കാര്യങ്ങളാണ്.
ഒന്ന്: ഇറക്കുമതിക്കുള്ള വിലക്കുകളും നിയന്ത്രണങ്ങളും നീക്കണം. കാർഷിക മേഖല - പ്രത്യേകിച്ചു ധാന്യങ്ങളും ക്ഷീരോത്പന്നങ്ങളും - തുറന്നു കൊടുക്കണം.
രണ്ട്: കാർഷികമേഖലയിലെ സർക്കാർ ഇടപെടൽ ഇല്ലാതാക്കുക. സബ്സിഡികളും മിനിമം വില നൽകിയുള്ള സംഭരണവും മാത്രമല്ല, റേഷൻ വിതരണവും ഒഴിവാക്കണമെന്നാണു പറയുന്നത്. അമേരിക്കയിലെ ഫുഡ് സ്റ്റാമ്പ് പോലെ പൊതുവിപണിയിൽനിന്ന് വിപണിവിലയിൽ സാധനങ്ങൾ വാങ്ങുന്നതിനു സർക്കാർ പണം കൊടുക്കുന്ന രീതിയാണു ട്രംപ് നിർദേശിക്കുന്നത്.
മൂന്ന്: അമേരിക്ക ഈടാക്കുന്ന നിരക്കിലേക്ക് ഇന്ത്യ ചുങ്കം നിരക്ക് കുറയ്ക്കണം. ടെസ്ല കാറിനും ഹാർലി ഡേവിഡ്സണും ഒക്കെ കിഴിവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ ചുങ്കം കുറയ്ക്കലിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്.
നാല്: ഇന്ത്യയിലെ മൂലധനനിക്ഷേപ നിബന്ധനകളും അമേരിക്കൻ കമ്പനികൾക്ക് ഇവിടെയുള്ള നികുതികളും ലഘൂകരിക്കണം. ഗൂഗിളിലും മെറ്റായിലും മറ്റും നൽകുന്ന പരസ്യങ്ങൾക്ക് ഈടാക്കിയിരുന്ന നികുതി കഴിഞ്ഞദിവസം ഇന്ത്യ പിൻവലിച്ചത് ഈ ആവശ്യത്തെത്തുടർന്നാണ്. ഇൻഷ്വറൻസിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതും വെറുതെയല്ല.
അഞ്ച്: രൂപയുടെ മൂല്യം കുറയ്ക്കുക. വിനിമയനിരക്ക് പൂർണമായും വിപണിക്കു വിടുക. (വിനിമയനിരക്കിൽ വലിയ ഏറ്റക്കുറച്ചിൽ വരാതിരിക്കാൻ ഇന്ത്യ ഇടപെടാറുണ്ട്).
ഫെബ്രുവരിയിൽ അമേരിക്ക സന്ദർശിച്ച മോദി ഉഭയകക്ഷി വ്യാപാര ഉടമ്പടി (ബിടിഎ) ഉണ്ടാക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. 2030 ഓടെ പരസ്പര വ്യാപാരം പ്രതിവർഷം 50,000 കോടി ഡോളറിലെത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അത്. അതിനായി ചർച്ചയ്ക്ക് ദക്ഷിണേഷ്യക്കായുള്ള അമേരിക്കയുടെ അസിസ്റ്റന്റ് വാണിജ്യ പ്രതിനിധി ബ്രെൻഡൻ ലിഞ്ച് ഡൽഹിയിൽ നാലുദിവസം തങ്ങി. ആ ചർച്ചയിൽ അവസാനവാക്ക് ആയില്ല. കൂടുതൽ ചർച്ചകൾക്കു ശേഷം വർഷാവസാനത്തോടെ ഉടമ്പടി ഉണ്ടാക്കാനാണു ശ്രമം.
യുഎസ് ആവശ്യങ്ങളും സമ്മർദങ്ങളും എന്തെല്ലാമാണെന്ന് ഇന്ത്യയോ അമേരിക്കയോ തുറന്നു പറഞ്ഞിട്ടില്ല. കാർഷികമേഖലയിലെ ആവശ്യങ്ങളാണ് യോജിപ്പിലെത്താൻ പ്രയാസമേറിയത്.
ടെക്സ്റ്റെൽസും ഔഷധങ്ങളും സമുദ്രോത്പന്നങ്ങളും വാഹനഘടകങ്ങളും രത്ന - സ്വർണ ആഭരണങ്ങളും അടക്കമുള്ളവയിൽ ധാരണ അത്ര പ്രയാസകരമല്ല. ഇന്ത്യ ചുങ്കം കുറയ്ക്കുന്നതു കൊണ്ട് ആ മേഖലകളിൽ ഇറക്കുമതി അമിതമായി വർധിക്കില്ലെന്നു വ്യവസായികൾക്ക് അറിയാം. കാർഷിക മേഖലയിൽ യുഎസ് ഉത്പന്നങ്ങൾ വന്നു വലിയ തകർച്ച ഉണ്ടാക്കുമെന്ന ഭീതിക്കു കാര്യമില്ലെങ്കിലും ഇത്രകാലവും പറഞ്ഞുവന്നതു മറിച്ചാണ്.
ട്രംപിനു വഴങ്ങുക മാത്രമേ മാർഗമുള്ളൂ എന്നു വ്യവസായമേഖല സമ്മതിച്ച മട്ടാണ്. അതുപോലെ കാർഷികമേഖലയെ സമ്മതിപ്പിക്കുന്നതു രാഷ്ട്രീയമായി എളുപ്പമല്ല. അതാണ് ചർച്ചയെപ്പറ്റി കാര്യമായ ഒന്നും വെളിപ്പെടുത്താൻ സർക്കാർ തയാറാകാത്തത്.
അമേരിക്കയുമായുള്ള വ്യാപാരമിച്ചം കുറയ്ക്കാൻ ഇന്ത്യ തയാറാണ്. അവിടെനിന്നു കൂടുതൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങിയാൽ വ്യാപാരമിച്ചം ഗണ്യമായി കുറയും. പ്രതിരോധ സംവിധാനങ്ങളുടെ വാങ്ങലും വർധിപ്പിക്കാൻ പറ്റും. പക്ഷേ, അതുകൊണ്ടു മാത്രം ട്രംപ് തൃപ്തനാകുമോ എന്നതാണു ചോദ്യം. ഒരു പക്ഷേ 1991നു ശേഷമുള്ള ഏറ്റവും വലിയ വ്യാപാരനയമാറ്റത്തിനു ട്രംപിന്റെ സമ്മർദം വഴി തെളിച്ചേക്കാം.