ഇറങ്ങൂ, വിഡ്ഢികളുടെ സ്വർഗത്തിൽനിന്ന്
അഡ്വ. ജോബി സെബാസ്റ്റ്യൻ കുരിശുംമൂട്ടിൽ
Tuesday, April 1, 2025 12:51 AM IST
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർക്ക് 430 വീടുകൾ നിർമിക്കാൻ എൽസ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗണ്‍ഷിപ് നിർമിക്കാൻ പോകുന്നു. മുഖ്യമന്ത്രി ഉദ്ഘാടനവും നടത്തി. പ്രതിപക്ഷവും പങ്കെടുത്തു. ഇതിനായി 2,321 കോടി രൂപ ചെലവുവരുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.
ഒന്നാലോചിച്ചു നോക്കൂ പ്രിയപ്പെട്ടവരേ! ഒരു കുടുംബത്തിന് ഒരു കോടി രൂപാ വീതം കൊടുത്താൽ 430 വീട്ടുകാർക്ക് വെറും 430 കോടി രൂപാ മാത്രമേ ചെലവാകുകയുള്ളൂ. ആ സഹോദരങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലവും വാങ്ങി സർക്കാർ പണിതുകൊടുക്കുന്നതിനേക്കാൾ നല്ല വീട് അവരുടെ ഇഷ്ടത്തിനനുസരിച്ച് പണിയുകയോ വാങ്ങുകയോ ചെയ്യാം. എത്രയും പെട്ടെന്ന് ഒരു പുതുജീവിതവും ജീവനോപാധികളും ഒരുക്കാൻ സാധിക്കും.
കൂടാതെ, അവർക്ക് ഇഷ്ടമുള്ളിടത്ത് കൂടുതൽ ജോലിയോ ജീവനോപാധികളോ ഒരുക്കാൻ സാധിക്കുന്നിടത്ത് പോയി പാർക്കാം. ബാക്കി തുക മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ മുതലായവയ്ക്ക് ഉപകരിക്കും. പലരും 40 ലക്ഷം രൂപാ മാത്രമേ ചോദിച്ചുള്ളൂ എന്നത് വേറൊരു കാര്യം. അങ്ങനെയായിരുന്നുവെങ്കിൽ 430 കുടുംബങ്ങൾക്ക് വെറും 172 കോടി മാത്രം.
വേറൊരു കണക്കുകൂടി പറയാം. ഈ 2,321 കോടി രൂപ 430 കുടുംബങ്ങൾക്ക് വീതിച്ചു കൊടുത്താൽ ഒരു കുടുംബത്തിന്അഞ്ചു കോടി 39 ലക്ഷം രൂപ കിട്ടും. എന്തുകൊണ്ട് ആരുടെയും മനസിൽ ലഡു പൊട്ടിയില്ല.
ഈ 430 വീടുകൾ ഉൾപ്പെടുന്ന ടൗണ്‍ഷിപ്പിൽ റോഡ്, വൈദ്യുതി, വെള്ളം, അങ്കണവാടി, കമ്യൂണിറ്റി ഹാൾ, പാർക്ക്, മാർക്കറ്റ് എന്നിങ്ങനെ അനവധി നിരവധി സൗകര്യങ്ങളോടു കൂടി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി ഈ സഹോദരങ്ങളെ പുനരധിവസിപ്പിക്കാൻ സാധിച്ചാൽ അത് ലോകത്തിലെ എട്ടാമത്തെ അദ്ഭുതമായിരിക്കും. ഇതിനിടയിൽ എൽസ്റ്റണ്‍ എസ്റ്റേറ്റ് നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്തിട്ടുള്ളതിനാൽ എന്തെങ്കിലും കോടതി നടപടികൾ വന്നാൽ പിന്നെയും തടസങ്ങൾ.
സർക്കാർ ഏറ്റെടുത്ത് വീടുകൾ നിർമിക്കുന്പോൾ എല്ലാവർക്കും അവരുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും അനുസരിച്ച് സ്വീകാര്യവും തൃപ്തികരവുമായിരിക്കില്ല. ചോർച്ചയോ നിർമാണത്തിൽ എന്തെങ്കിലും അപാകതയോ ഉണ്ടായാൽ വീണ്ടും കാലങ്ങളോളം അതു പരിഹരിക്കലും ചെലവും സർക്കാരിന്റെ ചുമതലയായി മാറും. അല്ലെങ്കിൽ വ്യാപകമായ കുറ്റപ്പെടുത്തലായിരിക്കും ലഭിക്കുക.
430 കുടുംബങ്ങൾ ഒരുമിച്ച് ഒരു ജോലിസാധ്യതയും വ്യാപാര, വ്യവസായ സാധ്യതയും ഇല്ലാത്ത സ്ഥലത്ത് ഒന്നിച്ചു പാർക്കുന്പോൾ ജീവിതമാർഗമോ ജോലിയോ കണ്ടെത്താൻ സാധിക്കില്ല. എല്ലാവരും തുല്യ ദുഃഖിതരാകുന്പോൾ പരസ്പരം സഹായിക്കാനും സാധിക്കാത്ത അവസ്ഥ. ചുരുക്കത്തിൽ ഇവരെ വീണ്ടുമൊരു ദുരിതത്തിലേക്ക് തള്ളിവിടുകയാണോ?
ഇനിയെങ്കിലും പ്രിയപ്പെട്ട അധികാരവർഗമേ, ഭരണ-പ്രതിപക്ഷമേ നിങ്ങൾ വിഡ്ഢികളുടെ സ്വർഗത്തിൽനിന്നു താഴെയിറങ്ങി മണ്ണിൽ ചവിട്ടിനിന്നുകൊണ്ട് ജനപക്ഷത്തു നിന്ന്, ജനക്ഷേമത്തിനായി അതിവേഗം തീരുമാനമെടുക്കൂ! ഭൂമിയും വീടും സ്വന്തക്കാരും ജീവനോപാധികളും നഷ്ടപ്പെട്ട നമ്മുടെ പ്രിയ സഹോദരങ്ങൾക്ക് എത്രയും വേഗം ആശ്വാസം നൽകുക.
വളരെ ചെറിയ ഒരു തുക കൊണ്ട് വലിയ ഒരു പ്രശ്നത്തിന് എല്ലാവരുടെയും സമ്മതത്തോടുകൂടി വളരെ സന്തോഷമായി എത്രയും വേഗം പരിഹാരം കാണാൻ സാധിക്കും. വളരെയധികം പേർ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തന്ന തുകയും ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണവും മിച്ചം വരുത്തി ജനങ്ങളുടെ ക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം.ഈ പ്രശ്നപരിഹാരത്തിനായി ഉദ്യോഗസ്ഥതലത്തിലും മറ്റു ചെലവുകളും ലാഭിക്കാം.
ഒരു കേന്ദ്രസഹായവും യാചിച്ചു നടക്കാതെ, ഒരു കടവും വാങ്ങാതെ നമുക്ക് നെഞ്ചുവിരിച്ചുനിന്ന് ഈ പ്രശ്നം പരിഹരിക്കാം. ഓരോ കാര്യവും ഇതുപോലെ ബുദ്ധിപൂർവം പാഴ്ചിലവില്ലാതെ ചെയ്താൽ കേരളം കുതിച്ചുയരും.