വളരാൻ മടിക്കുന്ന കേരളത്തിലെ ടൂറിസം
ഡോ. കെ.വി. ജോസഫ്
Monday, March 31, 2025 12:17 AM IST
അടുത്തകാലത്തു വളർന്നുവരുന്ന ഒരു സന്പത്യത്നമാണ് വിനോദസഞ്ചാരം. തങ്ങളുടെ സ്ഥിരതാമസസ്ഥലത്തുനിന്ന് അകലെയുള്ള ഒരു സ്ഥലത്ത് എത്തിച്ചേർന്നു, അവിടെ കുറെ ദിവസം താമസിച്ചശേഷം സ്വന്തം സ്ഥലത്തു തിരികെയെത്തുന്ന പ്രക്രിയയാണിത്. തിരക്കുപിടിച്ച ജോലികളിൽനിന്ന് മുക്തിനേടി ശരീരത്തിനും മനസിനും ആരോഗ്യം നേടണമെന്ന ലക്ഷ്യമാണതിനുള്ള പ്രേരകശക്തി. പ്രകൃതിരമണീയതയിലൂടെയോ മാനുഷികയത്നത്തിലൂടെയോ ആകർഷകമായ സ്ഥലങ്ങളെയാണ് അതിനു തെരഞ്ഞെടുക്കുന്നതും.
വിനോദസഞ്ചാരികൾക്കു താമസിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനുള്ള സൗകര്യങ്ങൾ വളർന്നാലേ ഒരു സ്ഥലത്തു ടൂറിസം വേരൂന്നുകയുള്ളൂ. അവിടെയെത്തുന്ന സഞ്ചാരികൾ താമസത്തിനും യാത്രയ്ക്കുംവേണ്ടി ചെലവഴിക്കുന്ന സംഖ്യയാണ് ടൂറിസത്തിലെ വരുമാനമെന്നു പറയുന്നതുതന്നെ. പല രാജ്യങ്ങളും വൻസംഖ്യയാണ് ടൂറിസത്തിൽനിന്ന് നേടിക്കൊണ്ടിരിക്കുന്നത്. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഗ്രീസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ മുന്പിൽ നിൽക്കുന്നത്. ഏഷ്യൻരാജ്യങ്ങളുടെ കൂട്ടത്തിൽ ജപ്പാൻ, ചൈന, തായ്ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളാണ് ടൂറിസത്തിൽ മുൻപന്തിയിൽ. വളരെയധികം ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കാര്യത്തിൽ ഇതുവരെയും ഇന്ത്യ ഉയർന്നിട്ടുണ്ടെന്നു തോന്നുന്നില്ല.
ടൂറിസം കേരളത്തിൽ
വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ അനുയോജ്യമായ ഒരു സംസ്ഥാനമാണ് കേരളം. 640 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം, കടൽത്തീരത്തോടു ചേർന്നു കിടക്കുന്ന വേന്പനാട്ടുകായൽ, അഷ്ടമുടിക്കായൽ തുടങ്ങിയവ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പര്യപ്തമായവയാണ്. കൂടാതെ, തെങ്ങിൻ തോപ്പുകളും വയലേലകളും ഇടതിങ്ങിനിൽക്കുന്ന ഉൾനാടൻ പ്രദേശങ്ങൾ, കിഴക്കാംതൂക്കായി നിൽക്കുന്ന സഹ്യപർവതം, അതിനോട് ചേർന്നുകിടക്കുന്ന വയനാട്, ഇടുക്കി തുടങ്ങിയ പ്രദേശങ്ങൾ എന്നിവ ടൂറിസ്റ്റുകളെ മാടിവിളിക്കും. കോവളം, കാപ്പാട്, മുഴപ്പിലങ്ങാട്, ബേക്കൽ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനകം പ്രശസ്തമായ ടൂറിസ്റ്റുകേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടവയുമാണ്.
കൃഷിയും വ്യവസായവും ക്ഷയിച്ചുവരുന്ന കേരളത്തിൽ ഭാവിയുടെ വാഗ്ദാനമായിട്ടാണ് ടൂറിസത്തെ കാണുന്നത്. അതിന്റെ വെളിച്ചത്തിൽ ടൂറിസവികസനത്തിനു വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കിവരികയാണ്. തത്ഫലമായി ടൂറിസവും പടിപടിയായി വികസിച്ചുവരുന്നുണ്ട്. 2019ൽ 11,89,771 വിദേശ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. എന്നാൽ, 2020-ൽ പൊട്ടിപ്പുറപ്പെട്ട കൊറോണയുടെ ഫലമായി ടൂറിസത്തിന് വൻ തിരിച്ചടിയാണുണ്ടായത്. 2022 മുതൽ അതിൽനിന്നു കരകയറിത്തുടങ്ങിയെന്നു പറയാം. എന്നാലും, 2019ലെ നിലവാരത്തിലെത്തിയിട്ടില്ല. 2024ൽ കേരളത്തിൽ 7.38 ലക്ഷം വിദേശ സഞ്ചാരികളാണെത്തിയത്. അത് ഇന്ത്യ സന്ദർശിച്ച സഞ്ചാരികളിൽ 7.4 ശതമാനം വരും.

എന്നിരുന്നാലും ടൂറിസം ഗണ്യമായ പുരോഗതി കൈവരിച്ചു എന്നു പറയാനാവില്ല. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾ ഒന്നിലേറെ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തിവരുന്നുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികൾ തമിഴ്നാട്ടിലോ, രാജസ്ഥാനിലോ ഒക്കെ സന്ദർശനം നടത്താറുണ്ട്. അങ്ങനെ വരുന്പോൾ ഓരോ സംസ്ഥാനത്തും എത്തിയ ടൂറിസ്റ്റുകളുടെ ആകെ എണ്ണം ഇന്ത്യ മൊത്തത്തിൽ സന്ദർശിച്ച ടൂറിസ്റ്റുകളുടേതിലും അധികമായിരിക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന എണ്ണത്തിന്റെ അനുപാതമായിരിക്കും ഓരോ സംസ്ഥാനവും സന്ദർശിച്ച സഞ്ചാരികളുടെ യഥാർഥ വ്യാപ്തി.
പ്രസ്തുത മാനദണ്ഡമനുസരിച്ച് കേരളത്തിൽ സന്ദർശനം നടത്തിയ സഞ്ചാരികളുടെ എണ്ണം ഇന്ത്യയിൽ സന്ദർശനം നടത്തിയതിന്റെ 3.38 ശതമാനം മാത്രമായിരിക്കും. 1982-83ൽ നടത്തിയ ഒരു സർവേയനുസരിച്ച് കേരളം സന്ദർശിച്ച ടൂറിസ്റ്റുകൾ ഇന്ത്യ സന്ദർശിച്ച ടൂറിസ്റ്റുകളുടെ 2.91 ശതമാനം വന്നിരുന്നു. അപ്പോൾ അതിനുശേഷം നാമമാത്രമായ ഒരു വർധന മാത്രമേ കേരളത്തിൽ നടന്നിട്ടുള്ളൂ. കേരളത്തിന് ടൂറിസത്തിൽനിന്നു ലഭിച്ച വരുമാനവും നന്നേ കുറവാണ്. 2023ൽ കേരളത്തിനു ടൂറിസത്തിൽനിന്നു ലഭിച്ചത് 5,345 കോടി രൂപ മാത്രമായിരുന്നു. എന്നാൽ, ഇന്ത്യ മൊത്തത്തിൽ ലഭിച്ചത് 2,39,279 കോടി രൂപയും. അപ്പോൾ കേരളത്തിന്, ഇന്ത്യക്കു ലഭിച്ചതിന്റെ 2.37 ശതമാനം മാത്രമാണെന്നർഥം. ചുരുക്കത്തിൽ ടൂറിസം കേരളത്തിനു വലിയതോതിലുള്ള വരുമാനമൊന്നും നേടിത്തന്നിട്ടില്ല.
ആഭ്യന്തര ടൂറിസം
രാജ്യാന്തര ടൂറിസംപോലെ തുല്യപ്രാധാന്യമുള്ള ഒന്നാണ് ആഭ്യന്തര ടൂറിസവും. വരുമാനം നേടിത്തരുന്ന കൂട്ടത്തിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഗുണപ്രദമായ ഒന്നാണ് ആഭ്യന്തര ടൂറിസം. 2023ൽ കേരളത്തിൽ ആഭ്യന്തര ടൂറിസത്തിൽ ഏർപ്പെട്ടവരുടെ എണ്ണം രണ്ടുകോടി 18 ലക്ഷമായിരുന്നു. തീർച്ചയായും ഇതൊരു വലിയ കുതിച്ചുകയറ്റം തന്നെ.
എന്നാൽ, ഇങ്ങനെ കേരളത്തിൽ ആഭ്യന്തര ടൂറിസം നടത്തിയവരിൽ 68.45 ശതമാനം കേരളീയർ തന്നെയായിരുന്നുവെന്നുള്ളതാണ് യാഥാർഥ്യം. ബാക്കി 31.55 ശതമാനം മാത്രമാണ് ഇതരസംസ്ഥാനക്കാർ. അവരിൽ 10.38 ശതമാനം പേർ തമിഴ്നാട്ടിൽനിന്നും 6.55 ശതമാനം പേർ കർണാടകയിൽനിന്നും 3.56 ശതമാനം മഹാരാഷ്ട്രയിൽ നിന്നുമായിരുന്നു. ബാക്കി 10.96 ശതമാനംപേർ മാത്രമായിരുന്നു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. അങ്ങനെ വരുന്പോൾ ഇതരസംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ നാമമാത്രമായിരുന്നുവെന്നുവരുന്നു.
സംസ്ഥാന നിവാസികളെ ആഭ്യന്തര ടൂറിസ്റ്റുകളായി കണക്കാക്കാമോയെന്നതു സംശയകരമാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്നവർ സംസ്ഥാനത്തിനു വരുമാനം നേടിത്തരുന്നവരാണ്. എന്നാൽ, സംസ്ഥാനത്തിനകത്തുള്ളവർ അങ്ങനെ വരുമാനം നേടിത്തരുന്നുണ്ടോ? അവർ ചെയ്യുന്നതു തങ്ങളുടെ കൈവശമുള്ള പണം യാത്രയ്ക്കും താമസത്തിനുമായി ചെലവഴിക്കുക മാത്രമാണ്. അത് മൂല്യവർധനയ്ക്ക് ഇടനല്കുന്നുണ്ടെന്നു പറയാമെങ്കിലും യഥാർഥ വരുമാനവർധനയ്ക്ക് ഇടനല്കുന്നുണ്ടെന്നു തോന്നുന്നില്ല. തദ്ദേശവാസികളുടെ കൈയിൽ പണമില്ലെങ്കിൽ അങ്ങനെ യാത്രചെയ്യുന്നതിനോ പണം ചെലവുചെയ്യുന്നതിനോ സാധിക്കുകയില്ലതന്നെ.
ടൂറിസ വളർച്ചയ്ക്കുള്ള തടസങ്ങൾ
സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും ടൂറിസം എന്തുകൊണ്ട് കേരളത്തിൽ ശക്തിപ്രാപിച്ചിട്ടില്ലെന്ന ചോദ്യം വളരെ പ്രസക്തമാണ്. ടൂറിസ്റ്റുകൾ യാത്ര ചെയ്യുന്നതു പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിലുമുപരിയായി ആനന്ദത്തിനും വിനോദത്തിനും വേണ്ടിയാണ്. തങ്ങളുടെ അടുത്ത പ്രദേശങ്ങളിൽ അങ്ങനെയുള്ള സൗകര്യങ്ങൾ ലഭ്യമാവുകയാണെങ്കിൽ അവിടങ്ങളിൽ പോകുന്നതിനായിരിക്കും ബഹുഭൂരിപക്ഷം ടൂറിസ്റ്റുകളും തത്പരരാകുന്നത്.
ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ പ്രവഹിക്കുന്ന അമേരിക്കയിൽനിന്ന് ഭൂരിപക്ഷം പേരും പോകുന്നതു കാനഡ, മെക്സിക്കോ, കരിബിയന് ദീപുകൾ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. അതുപോലെ ഫ്രാൻസിലേക്കും സ്പെയിനിലേക്കുമാണ് ഏറിയപങ്കും യൂറോപ്യന്മാർ യാത്രതിരിക്കുന്നതും. വളരെയധികം ദൂരം താണ്ടി കേരളത്തിലേക്ക് വരുന്നതിനുപകരം ഇടയ്ക്കുള്ള കേന്ദ്രങ്ങളിലെത്തി തിരികെ പോകുന്നതിനാണ് അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമുള്ള സഞ്ചാരികൾ തത്പരരാകുന്നത്. ടൂറിസ്റ്റുകൾക്ക് താമസിക്കുന്നതിനും വിനോദത്തിനുമുള്ള സൗകര്യങ്ങളാണ് ടൂറിസവളർച്ചയിൽ പരമപ്രധാനം.
ഹോട്ടൽസൗകര്യങ്ങളുടെ ലഭ്യതയാണ് പ്രധാനം. കേരളത്തിൽ ഇപ്പോൾ 11 ലക്ഷത്തോളം ഹോട്ടൽ മുറികളുണ്ടെന്നാണ് കണക്ക്. എന്നാൽ, രണ്ടു കോടി 24 ലക്ഷം ടൂറിസ്റ്റുകളാണല്ലോ സന്ദർശനം നടത്തുന്നത്. അവരുടെ താമസത്തിന് ഇത്ര മുറികൾ മാത്രം മതിയോ എന്നതു സംശയകരമാണ്. പ്രത്യേകിച്ച് ടൂറിസ്റ്റുകൾ കൂട്ടമായി വന്നുചേരുന്ന ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സീസണിൽ ടൂറിസ്റ്റുകൾ അധികമായി ഇഷ്ടപ്പെടുന്ന വയനാട്ടിലും ഇടുക്കിയിലും ആവശ്യത്തിന് സൗകര്യങ്ങളുണ്ടെന്ന് തോന്നുന്നില്ല.
സമാപ്തം
ഇങ്ങനെയുള്ള സാഹചര്യത്തിൽ ടൂറിസത്തെ എങ്ങനെ വളർത്തിയെടുക്കാമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഒന്നാമതായി സ്വീകരിക്കേണ്ടത് കേരളത്തിൽനിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ട് വിമാന സർവീസുകൾ തുടങ്ങുകയെന്നുള്ളതാണ്. അങ്ങനെ വിമാന സർവീസുകൾ തുടങ്ങിയാൽ കേരളത്തിലേക്കു വരുന്നവർക്ക് ഡൽഹിയിലോ, മുംബൈയിലോ വിമാനമിറങ്ങി വേറൊരു വിമാനത്തിൽ കയറേണ്ടിവരില്ല. രണ്ടാമതായി കേരളത്തിൽനിന്നുള്ള പ്രവാസികളുടെ സേവനം ഉപയോഗപ്പെടുത്തിയാൽ കേരളത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കും.
ഇന്ന് ഒമാനിൽനിന്നും സൗദിയിൽനിന്നും ധാരാളം സഞ്ചാരികൾ വരുന്നതു പ്രവാസികളുടെ സാന്നിധ്യത്തിന്റെ ഫലമായിട്ടാണല്ലോ. മൂന്നാമതായി പ്രാദേശിക സഹകരണം കൂടി ഉണ്ടാക്കിയാൽ അത് വിനോദസഞ്ചാരത്തിന് ഗുണപ്രദമായിരിക്കും. ഇന്ന് കേരളത്തിൽ ആൾതാമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകൾ സഞ്ചാരികളുടെ താമസത്തിന് വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന സർക്കാരിന്റെ നയം കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഉപകരിക്കും. അത് കൂടുതൽ ആൾക്കാരെ ആകർഷിക്കാൻ പര്യാപ്തമാണെന്ന കാര്യത്തിൽ സംശയമില്ല.
പുക വമിക്കാത്ത ഒരു വ്യവസായമായിട്ടാണ് ടൂറിസത്തെ കണക്കാക്കുന്നത്. എന്നാൽ, അതിനു വിപരീതമായി പല ദൂഷ്യഫലങ്ങളും ടൂറിസം സൃഷ്ടിക്കുന്നുമുണ്ട്. പ്രകൃതിലോലപ്രദേശങ്ങളിൽ ടൂറിസം വളർന്നാൽ അതു പലതരത്തിലുള്ള പരിസ്ഥിതിപ്രശ്നങ്ങൾക്കും വഴിയൊരുക്കും. അതുപോലെ അപൂർവ കലാശേഖരങ്ങളുടെയും സസ്യജാലകങ്ങളുടെയും നാശത്തിനും അതു വഴിയൊരുക്കുകതന്നെ ചെയ്യും. മാത്രമല്ല ഇന്ന് കേരളത്തിൽ വ്യാപകമായിരിക്കുന്ന മയക്കുമരുന്നിന്റെ പ്രവാഹം ടൂറിസത്തിന്റെ മറവിലാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. അന്യരാജ്യങ്ങളിൽ നടക്കുന്ന സാന്പത്തിക തകിടംമറിച്ചിലുകളും ടൂറിസത്തെ ദോഷകരമായി ബാധിക്കുന്നതാണ്. തന്മൂലം വളരെ കരുതലോടെ നടപ്പിലാക്കേണ്ട ഒരു സാന്പത്തിക യത്നമാണ് ടൂറിസം.