ഇന്ത്യൻ തെരഞ്ഞെടുപ്പുകളുടെ പിന്നാമ്പുറം
ഡോ. ജോർജ് ജോസഫ് പരുവനാടി
Monday, March 31, 2025 12:14 AM IST
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമാണെന്ന് അവകാശപ്പെടാറുണ്ട്. എന്നാൽ സത്യം അത്ര നിറപ്പകിട്ടുള്ളതല്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ അപര്യാപ്തതകളും അപകടങ്ങളും മാറ്റിവച്ചാൽത്തന്നെ, നിരവധിയുണ്ട് പ്രശ്നങ്ങൾ.
ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന പേര് കേൾക്കുമ്പോൾ എക്കാലവും നമ്മുടെ ഓർമയിൽ തെളിയുന്ന ചിത്രം മലയാളിയായ ടി.എൻ. ശേഷന്റേതാണ്. ഏതൊരു സ്വാധീനശക്തിക്കു മുമ്പിലും വളയാത്ത നട്ടെല്ലുമായി ആ ഉഗ്രശാസനൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ സുതാര്യതയും വിശ്വസനീയതയും കൊണ്ടുവന്നു. അതിന്റെ പേരിൽ മഗ്സസെ അവാർഡു നേടിയ അദ്ദേഹം പക്ഷേ അവസാനം ഒരു കുമ്പസാരം നടത്തി. “ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയുടെ രണ്ട് കോട്ടങ്ങളാണ് എനിക്ക് നേരിടാൻ ഉണ്ടായിരുന്നത്. ഒന്ന് കായികമായ ഗുണ്ടാപ്രവർത്തനം. പിന്നെ സാമ്പത്തിക ദുഃസ്വാധീനം. ഇതിലാദ്യത്തേത് പ്രകടമാണ്. നിശ്ചയദാർഢ്യമുള്ള ഭരണഘടനാ സ്ഥാപനത്തിന് നിയന്ത്രിക്കാൻ കഴിയും. ഞാൻ അത് നിയന്ത്രിച്ചു. എന്നാൽ, രണ്ടാമത്തേത് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നത്തെ നിയമംവച്ച് കഴിയുമെന്ന് തോന്നുന്നുമില്ല.”
തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിക്ക് ഫണ്ട് വിനിയോഗത്തിന് പരിധിയുണ്ട്. പക്ഷേ, അത് ഏട്ടിലെ പശുവാണ്. സൂക്ഷ്മപരിശോധനയ്ക്കും നിയന്ത്രണത്തിനും കുറ്റമറ്റ സംവിധാനങ്ങളില്ല. കണക്ക് കൊടുക്കുക എന്നതിൽ മാത്രമായി, ഒരു ചടങ്ങുപോലെ നിയന്ത്രണങ്ങൾ ഒതുങ്ങുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെ ചെലവഴിക്കലിൽ ആരും പരിധി നിശ്ചയിച്ചിട്ടില്ല. ഭരിക്കുന്ന പാർട്ടിക്ക് ഇലക്ടറൽ ബോണ്ട് പോലെ നിയമവിരുദ്ധമെന്ന് സുപ്രീംകോടതിതന്നെ വിധിച്ച സഹസ്രകോടികൾ സമാഹരിക്കാനാകും. അത് നിയമപ്രകാരമല്ല എന്നു പറഞ്ഞ കോടതിപോലും സമാഹരിച്ചതിനെക്കുറിച്ച് ഒന്നും പറയാതെ വിട്ടു.
പണസ്വാധീനവും ഇന്ത്യൻദാരിദ്ര്യവും
ലോകബാങ്കിന്റെ പഠനം പറയുന്നത് പ്രതിദിനം 200 രൂപയെങ്കിലും ചെലവഴിക്കാൻ കഴിയാത്ത ഓരോ വ്യക്തിയും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ്. ഇതിൻപ്രകാരം ലോകരാജ്യങ്ങളുടെ ഇടയിൽ ഏറ്റവും അധികം ദരിദ്രനാരായണന്മാരുള്ള രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ബിഹാർ, ജാർഖണ്ഡ്, ഒഡിഷ മുതലായ സംസ്ഥാനങ്ങൾ. ഭരണവർഗവും അവരിൽനിന്ന് ആനുകൂല്യങ്ങൾ പിടിച്ചുപറ്റാൻ കഴിവുള്ള വ്യവസായ കോർപറേറ്റ് ഭീമന്മാരും പരസ്പരം കൊടുക്കൽ വാങ്ങലിലൂടെ കനത്ത സാമ്പത്തികസംഭാവനകൾ കൈമാറുന്നു. വ്യക്തിഗത ആദായനികുതിയേക്കാൾ വ്യവസായികളുടെ ആദായനികുതി പകുതികണ്ട് കുറച്ചുകൊടുത്തതിലൂടെ ഈ പരസ്പരധാരണ വ്യക്തവുമാണ്.
ഭീതിയോ പ്രീതിയോ കൂടാതെ എല്ലാ ഭരണതീരുമാനങ്ങളും ജനക്ഷേമം മുൻനിർത്തി എടുത്തുകൊള്ളാമെന്നു ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നവർ 140 കോടിയിലേറെ ആളുകളോടും നുണ പറഞ്ഞുകൊണ്ട് ഭരണനിർവഹണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു. ഓരോ രാഷ്ട്രീയ പാർട്ടിക്കും ചെലവഴിക്കാൻ കഴിയുന്ന തുകയ്ക്ക് നിയമപ്രകാരം ഒരു പരിധിയും ഇന്നുവരെ നിശ്ചയിച്ചിട്ടില്ല. സാമ്പത്തിക നയങ്ങളുടെ മറവിൽ വമ്പൻ കോർപറേറ്റുകളും വ്യവസായ ലോകവും ജനാധിപത്യത്തെ വെറും പണാധിപത്യമാക്കി മാറ്റുമ്പോൾ ജനപ്രതിനിധികൾ അവരുടെ കൈകളിലെ ഉത്പന്നവും ഉപഭോഗവസ്തുവുമായി മാറുന്നു.
ചില ഉൾഗ്രാമങ്ങളിലെ വോട്ട് മൊത്തക്കച്ചവടം ചെയ്തുറപ്പിക്കുന്ന ഇടനിലക്കാർ അവിടങ്ങളിൽ വിരളമല്ല. കണ്ണഞ്ചിപ്പിക്കുന്ന നോട്ടുകെട്ടുകൾ തെരഞ്ഞെടുപ്പിന് മുമ്പും വാക്കുപാലിച്ചാൽ അതിനുശേഷവും അവർ വിതരണം ചെയ്യുന്നു. അതിനൊക്കെ മുമ്പായി ആയിരക്കണക്കിന് സമ്മതിദായകരെ ആറുമാസത്തിനുള്ളിൽ വോട്ടേഴ്സ് ലിസ്റ്റിൽ ചേർക്കുന്നു. ഇവരുടെ സംഖ്യ അഞ്ചുവർഷത്തിൽ ചേർത്തിട്ടുള്ളതിനേക്കാൾ അധികമാണെന്നു പരാതി ഉയരുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കുന്നില്ല.
ഒരു പാർട്ടി പ്രവർത്തകൻ തന്നെ അപേക്ഷ സമർപ്പിച്ച് ഒരു സമുദായത്തിലെ 18,000 സമ്മതിദായകരുടെ പേരുകൾവരെ ഒരു നിയോജക മണ്ഡലത്തിൽനിന്ന് നീക്കംചെയ്തതായി അടുത്തകാലത്ത് ഡൽഹിയിൽനിന്ന് പരാതി ഉയർന്നിരുന്നു. മുൻ കേന്ദ്ര മാനവ വിഭവ വികസന മന്ത്രി കപിൽ സിബൽ രേഖാമൂലം ഉന്നയിച്ച ഒരു പരാതിയിൽ ഉത്തർപ്രദേശിലെ മിക്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആൾമാറാട്ടത്തിന്റെയും ബൂത്ത് പിടിത്തത്തിന്റെയും ഭീഷണിയുടെയും അഞ്ഞൂറിലേറെ പരാതികൾ കൊടുത്തിട്ട് ഒരു മറുപടിയും നാളിതുവരെ കിട്ടിയിട്ടില്ല എന്നദ്ദേഹം പരിതപിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അന്യമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും പരാമർശങ്ങൾ നടത്തി അണികളിൽ വികാരാവേശം ജ്വലിപ്പിക്കുന്ന ഭരണകക്ഷിയുടെ ഉന്നതനേതാക്കൾക്ക് ഒരു താക്കീത് നൽകാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷൻ തുനിയുന്നില്ല. മാത്രമല്ല തെരഞ്ഞെടുപ്പു സംബന്ധമായ രേഖകൾ പരിശോധിച്ചറിയാൻ വേണ്ടിയുള്ള പൗരാവകാശം 2024 ഡിസംബർ 20ലെ ഉത്തരവുപ്രകാരം തടയപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രക്രിയയുടെ വീഡിയോ ഫുട്ടേജുകൾ ഇനിമുതൽ രഹസ്യരേഖ ആയിരിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം
ഉദ്യോഗസ്ഥരിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതു ഭരണ വർഗ താത്പര്യസംരക്ഷണം സാധ്യമാക്കുന്നു എന്ന ആരോപണം ഉള്ളപ്പോൾത്തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ തെരഞ്ഞെടുപ്പു പാനലിൽനിന്ന് ഒഴിവാക്കിയത് ഒരിക്കലും നീതീകരിക്കാവുന്നതല്ല. ഭരണഘടനയുടെ 324 വകുപ്പ് പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. അതിൻപ്രകാരം ഭരണകൂടത്തിന്റെ സ്വാധീനങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്നും സുതാര്യമായ തെരഞ്ഞെടുപ്പു നടക്കണമെന്നും ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസം നിലനിർത്തുന്നതിന് ഇത് അനുപേക്ഷണീയമാണെന്നും പറഞ്ഞിരിക്കുന്നു.
സുപ്രീംകോടതിയുടെ അഞ്ച് പേരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചത് ഇന്ത്യൻ ചീഫ് ജസ്റ്റീസും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗസംഘമാകണം തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിച്ചുകൊണ്ട് പ്രസിഡന്റിനു കത്തുകൊടുക്കാൻ എന്നാണ്. എന്നാൽ, ഈ വിധിയെ കാറ്റിൽപറത്തിക്കൊണ്ട് 2023ൽ പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഒരു നിയമം പാസാക്കിയതിലൂടെ ഇന്ത്യൻ ചീഫ് ജസ്റ്റീസ് പ്രസ്തുത പാനലിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ആഭ്യന്തരമന്ത്രിയെ അതിൽ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. ഭരണകൂട താത്പര്യങ്ങളെ നഗ്നമായി താലോലിക്കുന്നതിനാണ് ഈ നടപടിയെന്നത് പകൽപോലെ വ്യക്തമാണ്. ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ കൊടുത്തുവെങ്കിലും 2023ലെ നിയമം സ്റ്റേ ചെയ്യാൻ കോടതി മടികാണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു എന്നതാണ് കാരണമായി പറഞ്ഞത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയോ താത്ക്കാലിക സ്റ്റേ അനുവദിക്കുകയോ ചെയ്തില്ല.
ഈ സാഹചര്യത്തിലാണ് 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പു നടന്നത്. ഇതിന്റെ വിധിതീർപ്പ് സുപ്രീംകോടതിയിൽ ഇന്നും പരിഗണനയിൽ ഇരിക്കുകയാണ്. “നിയമലംഘനങ്ങൾ നടത്തുന്നവർ നിയമം നിർമിക്കുന്നവരാകരുത്” എന്ന മുദ്രാവാക്യമുയർത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പക്ഷേ, 2024ലെ തെരഞ്ഞെടുപ്പിൽ ലോക്സഭയിലെ 543 പേരിൽ 251 പേർക്കെതിരേയും ക്രിമിനൽ കേസുകൾ നിലനിൽക്കുന്നു എന്ന് കാണാം.
170 പേർക്കെതിരേയുള്ള ക്രിമിനൽ കേസുകൾ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊലപാതകശ്രമം എന്നിവയാണുതാനും. ക്രിമിനൽ കേസുകളിൽ പ്രതിസ്ഥാനത്തുള്ളവരുടെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി പലവട്ടം സർക്കാരുകളോട് ഓർമപ്പെടുത്തിയിട്ടും ഭരണക്കാർ ഗൗനിക്കുന്നില്ല. ഭരണഘടനപ്രകാരം, എല്ലാ അധികാരവും ജനങ്ങൾക്കാണെങ്കിലും ജനപ്രാതിനിധ്യം പാളംതെറ്റുമ്പോൾ ജനാധിപത്യം ഭീഷണി നേരിടുന്നു.