ജലീൽ പറഞ്ഞ പൊള്ളുന്ന സത്യങ്ങൾ
അനന്തപുരി /ദ്വിജൻ
Sunday, March 30, 2025 1:53 AM IST
കേരളത്തിലെ മുൻ ഉന്നത വിദ്യാഭ്യാസമന്ത്രിയും മുൻ സിമി പ്രവർത്തകനുമായ കെ.ടി. ജലീൽ മാർച്ച് 14ന് മലപ്പുറത്ത് ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തുകൊണ്ട് നടത്തിയ ആത്മവിമർശനപരമായ പരമാർഥ പ്രസ്താവനകൾ മുസ്ലിംകളുടെ മാത്രമല്ല, കുട്ടികൾക്കു മതപരമായ പരിശീലനം കൊടുക്കുന്ന എല്ലാ സമുദായങ്ങളുടെയും പരിശീലകരുടെയും പരിശീലനരീതികളുടെയും നേർക്കു തിരിച്ചുവച്ച മുഖക്കണ്ണാടിയാണ്.
ജലീലിന്റെ വാക്കുകൾ ഉൾക്കൊള്ളുന്ന സാമൂഹിക യഥാർഥ്യം മുസ്ലിംസമൂഹത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി എന്നതാണു സത്യം. അദ്ദേഹത്തിനെതിരേ മുസ്ലിം സംഘടനകൾ രംഗത്തുവന്നു. ജലീൽ പെട്ടെന്ന് സംഘിയായി. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യബാന്ധവത്തിന്റെ ഉദാഹരണമായിവരെ ഈ വാക്കുകൾ ചിത്രീകരിക്കപ്പെട്ടു. മുസ്ലിം ലീഗ് നേതാവായ നജീബ് കാന്തപുരം ജലീലിനെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്തുവന്നു.
കുഞ്ഞുങ്ങൾ നന്നായി വളരണമെന്നും സമൂഹം പുരോഗമിക്കണമെന്നും ആഗ്രഹിക്കുന്നവർ ജലീലിന്റെ വാക്കുകൾ ഹൃദയത്തിലേറ്റുവാങ്ങും. മയക്കുമരുന്നു കച്ചവടക്കേസുകളിൽ പിടിയിലാകുന്ന യുവാക്കളുടെ പേരുകൾ ദിവസവും പത്രങ്ങളിൽ വായിക്കുന്നവർക്കറിയാം ജലീൽ പറഞ്ഞതിലെ നിജസ്ഥിതി.
ജലീൽ മുസ്ലിം സമൂഹത്തോടാണ് സംസാരിച്ചത്. വിവാദവിഷയത്തെക്കുറിച്ചായതുകൊണ്ട് അതിൽ വിവാദം ഉണ്ടായി. പണമുണ്ടാക്കാൻ മുസ്ലിം കുട്ടികൾ മയക്കുമരുന്നു കച്ചവടം നടത്തുന്നു എന്നതിനേക്കാൾ എന്തുകൊണ്ട് അവർ ഇങ്ങനെ ചെയ്യുന്നു എന്നതാണ് ജലീൽ ഉന്നയിച്ച വിഷയം. അവരെ ഈ ബോധ്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കേണ്ടത് മുസ്ലിം സമൂഹത്തിന്റെ ആകെ നന്മയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഇപ്പോൾ വേണ്ടത് ജലീൽ ആഗ്രഹിക്കുന്ന വിധത്തിൽ മയക്കുമരുന്നിനെതിരായ ഒരു ബോധവത്കരണമാണ്.
ജലീൽ ഓർമിപ്പിച്ച പ്രധാനപ്പെട്ട വിഷയങ്ങൾ ഇവയാണ്. മയക്കുമരുന്നു കേസുകളിലും രാസലഹരി കേസുകളിലും പിടികൂടപ്പെടുന്ന യുവാക്കളിൽ നല്ലപങ്ക് മദ്രസ പരിശീലനം നേടിയവരാണ്. അതായത് മുസ്ലിം വിശ്വാസപരിശീലനം കിട്ടിയ കുട്ടികൾ. ആത്മീയതയിലും വിശ്വാസമൂല്യങ്ങളിലും പരിശീലനം കിട്ടിയ ഇവർ എന്തേ പണത്തിനുവേണ്ടി ഈ കച്ചവടത്തിൽ ഏർപ്പെടുന്നു. എന്തേ നമ്മുടെ കുട്ടികൾക്ക് ഇത്ര പണക്കൊതി? ആർത്തി? പണം കിട്ടുന്നതുകൊണ്ട് മയക്കുമരുന്നു കച്ചവടവും വിതരണവും നല്ലതെന്ന് അവർ കരുതുന്നു. കഞ്ചാവ് കച്ചവടത്തിലും സ്ഥിതി ഇതുതന്നെയാണ്. അതുകൊണ്ട് ഈ വിപത്തിനെതിരേ മുസ്ലിം സമൂഹം ഉണരണം.
ജലീൽ ചൂണ്ടിക്കാണിച്ച രണ്ടാമത്തെ അപകടം നമ്മുടെ കുട്ടികൾക്ക് റോൾ മോഡലുകൾ ഇല്ലെന്നതാണ്. റോൾ മോഡലുകൾ ആകേണ്ടവർ പ്രതിനായകരാകുന്നു. പണക്കൊതിയുടെ മാതൃകകളാകുന്നു. കുട്ടികൾക്ക് ആരെയും വിശ്വാസമില്ലാതായി. മതപ്രസംഗങ്ങൾക്കു വരുന്നവർപോലും ലക്ഷങ്ങൾ വാങ്ങുന്നു. മതപ്രസംഗകരോട് തുള്ളി ബഹുമാനംപോലും കുട്ടികൾക്കില്ല. ഒരു വിശ്വാസപരിശീലനവും മോറൽ ക്ലാസും ഇല്ലാത്ത ഹൈന്ദവകുട്ടികൾ കൂടുതൽ ആത്മീയതയും അച്ചടക്കവും പ്രകടിപ്പിക്കുന്നു. ജലീൽ ചൂണ്ടിക്കാണിച്ചു.
അതുകൊണ്ട് നാം ആത്മശോധന നടത്തണം. നമ്മുടെ മദ്രസ പരിശീലനം ലക്ഷ്യം കൈവരിക്കുന്നില്ല. ഒരുപക്ഷേ അക്കാദമിക് പഠനത്തിന്റെ ഭാഗമാക്കിയതുകൊണ്ടാവുമോ ഈ അപചയം? അദ്ദേഹം ചോദിച്ചു. മുസ്ലിം സമൂഹമൊന്നിച്ച് യുവാക്കളെ നേർവഴിക്കു കൊണ്ടുവരാൻ യത്നിക്കണമെന്നും അദ്ദേഹം സ്നേഹത്തോടെ ഉപദേശിച്ചു.
അദ്ദേഹം ഉയർത്തുന്ന പ്രധാനവിഷയം വിശ്വാസ പരിശീലനം നേടിയ കുട്ടികൾ വിശ്വാസത്തിനു നിരക്കാത്ത പ്രവൃത്തികളിൽ വ്യാപകമായി വ്യാപരിക്കുന്നു എന്നാണ്. ഭൗതികനേട്ടങ്ങൾക്കുവേണ്ടി വിശ്വാസത്തെ തള്ളിപ്പറയാൻപോലും മടിക്കാത്തവരായി അവർ മാറുന്നു. ലൗ ജിഹാദിൽപെട്ട് വിശ്വാസംപോലും ത്യജിക്കുന്ന കേരളത്തിലെ ക്രൈസ്തവകുട്ടികളെ സംബന്ധിച്ചും ബാധകമല്ലേ ഈ ചോദ്യം. വിശ്വാസപരിശീലനം നേടിയവർ വിശ്വാസത്തേക്കാൾ വലുതായി, സനാതനമൂല്യങ്ങളേക്കാൾ വലുതായി ഭൗതികനേട്ടങ്ങളെ കണക്കാക്കുന്നുണ്ടെങ്കിൽ അതു വിശ്വാസപരിശീലനത്തിന് സംഭവിച്ച തകരാറല്ലേ എന്ന അദ്ദേഹത്തിന്റെ ചോദ്യവും ഏറെ പ്രസക്തമാണ്.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സഹായമെത്രാനായിരുന്ന കാലത്ത് മതാധ്യാപകരോടു നടത്തിയ പ്രസംഗത്തിൽ പറഞ്ഞ ഒരു കഥ ഓർക്കുന്നു. അദ്ദേഹം ഏതോ ഒരു പള്ളിയിൽ വികാരിയച്ചനുമായി സംസാരിച്ചിരിക്കുന്നു. ഒരു യുവതിയും അപ്പനും കൂടി അച്ചനെ കാണാൻ വന്നു. അവൾ ഒരു ഡോക്ടറോ മറ്റോ ആണ്. അവൾ വിവാഹം കഴിക്കുന്നത് ഒരു മുസ്ലിമിനെയാണ്. മുസ്ലിം രീതിയിലാണ് വിവാഹം. അവൾ ക്രൈസ്തവ വിശ്വാസംമൊക്കെ ഉപേക്ഷിച്ചുപോവുകയാണ്. എന്നാലും അവൾക്കു വികാരിയച്ചന്റെ ഒരു ആശീർവാദം വേണം. എന്തേ മുസ്ലിംക്രമം അനുസരിച്ച് വിവാഹം കഴിക്കുന്നു എന്ന് പിതാവ് അവളോട് ചോദിച്ചു. അവർ വിശ്വാസകാര്യങ്ങളിൽ വളരെ സ്ട്രിക്റ്റാണ് അച്ചാ. അവൾ പറഞ്ഞു. നീ സ്ട്രിക്റ്റല്ലതാനും പിതാവ് കൂട്ടിച്ചേർത്തു. ഏതായാലും അച്ചന്റെ അനുഗ്രഹവും വാങ്ങി മടങ്ങിയ കുട്ടിയെ പിതാവ് തിരികെവിളിച്ചു. പിതാവ് പറഞ്ഞു, മോളെ മാപ്പ്. അവൾ ചോദിച്ചു വിശ്വാസം ഉപേക്ഷിച്ചുപോകുന്ന ഞാനല്ലേ മാപ്പുപറയേണ്ടത്? അല്ലല്ലോ, പിതാവ് പറഞ്ഞു. അല്ല മോളെ, ഞാനാണ് പറയേണ്ടത്. 14 വർഷം നിന്നെ വേദപാഠം പഠിപ്പിച്ചിട്ടും യേശുവാണ് ഏക രക്ഷകൻ എന്ന് നിനക്കു ബോധ്യമുണ്ടാകുന്ന പരിശീലനം തരാൻ ഞങ്ങൾക്കു സാധിക്കാതെ പോയതിന് മാപ്പ്. സംഭവം വിവരിച്ചുകൊണ്ട് നമ്മുടെ വിശ്വാസപരിശീലനത്തിന് എന്തോ കുറവില്ലേ എന്ന് അന്ന് പിതാവ് മതാധ്യാപകരോട് ഉന്നയിച്ച ചോദ്യത്തിന്റെ ഒരു വേർഷനല്ലേ ജലീൽ നടത്തിയതും.
ഹിന്ദുക്കുട്ടികൾ
സംഘടിതമായ വിശ്വാസപരിശീലനം ഇല്ലാത്ത ഹിന്ദുക്കുട്ടികൾ വിശ്വാസപരിശീലനം നേടിയ കുട്ടികളേക്കാൾ മാതൃകാപരമായി പെരുമാറുന്നു എന്ന അദ്ദേഹത്തിന്റെ അഭിപ്രായവും പൊതുസമൂഹത്തിന്റെ അനുഭവം തന്നെയാണ്. ഈ സത്യം പറഞ്ഞുതരുന്ന യഥാർഥ്യമെന്താണ്? ആ കുട്ടികൾക്ക് അവരുടെ വീടുകളിൽനിന്നും മാതാപിതാക്കളിൽനിന്നും കൂടുതൽ ബോധ്യങ്ങൾ ലഭിക്കുന്നു എന്നല്ലേ?
മാതാപിതാക്കൾ ജീവിച്ചും പറഞ്ഞും കാണിച്ചുകൊടുക്കുന്ന വിശ്വാസം കുട്ടികളെ വല്ലാതെ സ്വാധീനിക്കുന്നു. മുസ്ലിം, ക്രൈസ്തവ കുടുംബങ്ങൾ പണത്തിനും സുഖലോലുപതയ്ക്കും ഒന്നാംസ്ഥാനം കൊടുക്കുന്നവരായി മാറിയെങ്കിൽ കുട്ടികൾ മയക്കുമരുന്നു വിറ്റ് പണമുണ്ടാക്കും. വിശ്വാസം നോക്കാതെ ആരുടെയും കൂടെ ജീവിക്കും.
ജലീലിന്റെ വാക്കുകൾ
ജലീലിന്റെ വാക്കുകളെ ഗൗരവത്തിലെടുത്ത് പരിഹാരക്രിയകൾക്ക് മുതിർന്നാൽ അതു മുസ്ലിം സമൂഹത്തിനും പൊതുസമൂഹത്തിനും നല്ലതാവും. അല്ലെങ്കിൽ സർക്കാർ എത്ര ശ്രമിച്ചാലും ഈ കച്ചവടം കൊഴുക്കും.
വിവാദങ്ങളുടെ തോഴനാണ് ജലീൽ. അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതുന്ന കുറിപ്പുകൾപോലെ ഈ ആത്മവിമർശനവും വലിയ ചർച്ചാവിഷയമായി. മുസ്ലിം സമുദായത്തിന്റെ നന്മയ്ക്ക് ഉതകാത്ത ഒന്നും കുറിക്കാത്തയാളാണ് ജലീൽ. കേസിൽപെട്ട് പിൻവലിച്ച ആസാദ് കാഷ്മീർ പ്രയോഗംപോലും ജലീൽ ബോധപൂർവം നടത്തിയതാണ് എന്നുവേണം കരുതാൻ. മുസ്ലിം സമൂഹത്തിന്റെ എതിർപ്പ് രൂക്ഷമായാൽ ജലീൽ ഈ വാക്കുകളും പിൻവലിച്ചേക്കാം. എന്നാലും പറഞ്ഞവയിലെ സത്യം നിലനിൽക്കും.
മമ്മൂട്ടിക്കുവേണ്ടി മോഹൻലാലിന്റെ പ്രാർഥന
കാൻസർ രോഗബാധിതനായെന്ന് കേൾക്കുന്ന സിനിമാതാരം മമ്മൂട്ടിക്കുവേണ്ടി നടൻ മോഹൻലാൽ ശബരിമലയിൽ നടത്തിയ പ്രാർഥനയെ വിവാദമാക്കിയ ഒ. അബ്ദുള്ള സാംസ്കാരികനായകനായി അറിയപ്പെടുന്നതാണ് കേരളത്തിന്റെ ദൗർഭാഗ്യം. അദ്ദേഹം എന്തിന് ഇത്തരത്തിൽ ഒരു വിവാദം ഉണ്ടാക്കി എന്നതാണ് വിഷയം. അബ്ദുള്ള പറഞ്ഞത് മുസ്ലിം മത വിശ്വാസമാണ്. മുസ്ലിമായ മമ്മൂട്ടി മുസ്ലിം വിശ്വാസത്തിൽ തുടരുന്നു എങ്കിൽ ശബരിമലയിൽ അദ്ദേഹം അർച്ചന നടത്തിച്ചു എങ്കിൽ മുസ്ലിം മതനിയമം അനുസരിച്ച് തെറ്റാണ്. എന്നാൽ, അദ്ദേഹം ആവശ്യപ്പെടാതെ മോഹൻലാൽ സ്വന്തം വിശ്വാസം അനുസരിച്ച് ചെയ്തു എങ്കിൽ പിശകില്ല. മറിച്ച് മമ്മൂട്ടി പറഞ്ഞിട്ടാണെങ്കിൽ അദ്ദേഹം മുസ്ലിം സമൂഹത്തോട് മാപ്പുപറയണം. അതു പറയേണ്ടത് ഒ. അബ്ദുള്ള എന്ന സാംസ്കാരിക നായകനോ എന്നതാണ് വിഷയം. മതപണ്ഡിതന്മാർ അഭിപ്രായം പറയേണ്ട വിഷയമാണിത്.
ഒ. അബ്ദുള്ള പറഞ്ഞതാണ് ഏകദൈവവിശ്വാസികളുടെ എല്ലാം വിശ്വാസം. അവർക്ക് എല്ലാ ദൈവത്തോടും പ്രാർഥിക്കാനാകില്ല. സത്യദൈവമെന്ന് അവർ വിശ്വസിക്കുന്ന ദൈവത്തിൽ മാത്രമേ വിശ്വസിക്കാനാവൂ. വളരെ നല്ല ഉദ്ദേശ്യത്തോടെ മോഹൻലാൽ നടത്തിയ പ്രാർഥനയെ ഇത്രയും വർഗീയവത്കരിച്ച സാംസ്കാരിക നായകന്റെ ഉദ്ദേശ്യം സംശയിക്കണം.
ബൈബിളിൽ ഒരു വാക്യമുണ്ട്. “നാമാരും ദൈവത്തെ കണ്ടിട്ടില്ല. എന്നാൽ നാം പരസ്പരം സ്നേഹിക്കുന്പോൾ ദൈവം നമ്മിൽ വസിക്കുന്നു.’’ അങ്ങനെ ദൈവം നമ്മിൽ വസിക്കുന്ന സ്നേഹകുടീരങ്ങളെപോലും വർഗീയവത്കരിക്കുന്നവരെ എന്തുപേരിലാണ് വിളിക്കേണ്ടത്.