മയക്കുമരുന്നിന്റെ വിതരണശൃംഖല തകർക്കണം
എം. ജോൺ പുന്നൻ
Sunday, March 30, 2025 1:45 AM IST
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ കേരളത്തിൽ മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വിരളമായിരുന്നു. എംഡിഎംഎ, എക്സ്റ്റസി, എൽഎസ്ഡി, മെതാംഫെറ്റാമിൻ, മാജിക് മഷ്റും തുടങ്ങി കൃത്രിമ രാസപദാർഥങ്ങളെക്കുറിച്ച് കൂടുതലും കേട്ടറിവു മാത്രം.
എന്നാൽ, ആ നാളുകളിൽ വളരെ സജീവമായിരുന്ന മുംബൈ അധോലോക സംഘത്തിന്റെയും പഞ്ചാബ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ പ്രവർത്തിച്ചിരുന്ന വിഘടനശക്തികളുടെയും ജമ്മു കാഷ്മീരിൽ ശക്തമായിരുന്ന ഭീകരവാദികളുടെയും നക്സലൈറ്റുകളുടെയും പ്രധാന വരുമാനമാർഗമായ കറുപ്പ് ചെടികളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഹെറോയിൻ, എൽടിടിഇ ഭീകരർ കള്ളക്കടത്തുകാരുടെ സഹായത്തോടുകൂടി കേരളതീരം വഴി ശ്രീലങ്കയിലേക്കു കടത്തിയിരുന്നു.
അന്ന് ആവശ്യക്കാർ കൂടുതലുള്ള പാശ്ചാത്യ രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് ഇടുക്കി ജില്ലയിലും അതിനോട് ചേർന്നുകിടക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലും വ്യാപകമായി കഞ്ചാവ് കൃഷി ഉണ്ടായിരുന്നത് വെട്ടി തീയിട്ടു നശിപ്പിക്കുക എന്നതായിരുന്നു എക്സൈസ് തുടങ്ങിയുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പ്രധാന പണി. ഇപ്പോൾ ഈ പ്രദേശങ്ങളിൽ കഞ്ചാവ് കൃഷിയില്ല എന്നുതന്നെ പറയാം. എൽടിടിഇയുടെ പതനത്തോടെ ആ വഴിയുള്ള ഹെറോയിൻ കള്ളക്കടത്തും വളരെ കുറഞ്ഞു എന്നു കാണാം.
എന്നാൽ ഇപ്പോൾ കേരളത്തിൽ കിട്ടാത്ത മയക്കുമരുന്നുകൾ ഒന്നുംതന്നെയില്ല എന്നു പറയാം. അടുത്ത കാലത്തായി കുടുംബ, സാമൂഹ്യബന്ധങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ച, ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും ദുരുപയോഗത്തിലൂടെ പുതുതലമുറയ്ക്ക് ലഹരി പദാർഥങ്ങളോടും മയക്കുമരുന്നുകളോടുമുള്ള ആസക്തി കൂടിയതും ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കും ലഹരി ലഭ്യത കൂടാന് കാരണമായിട്ടുണ്ട്.
നർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്കു പ്രകാരം 2024ൽ കേരളത്തിൽ 27,701 നർകോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 24,517 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് രാജ്യത്ത് ഏറ്റവും കൂടിയ കണക്കുകളാണ്. അടുത്തയിടെ എക്സൈസ് മന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കുപ്രകാരം ലഹരിവ്യാപനത്തിനെതിരേ ഓപറേഷൻ ക്ലീൻ സ്റ്റേറ്റ് എന്നു പേരിട്ട അഞ്ചു ദിവസത്തെ പരിശോധനയുടെ ഫലമായി 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. ഇപ്പോൾ കുറെനാളുകളായി മയക്കുമരുന്നുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ നടക്കാത്ത ദിവസങ്ങൾ ഇല്ലായെന്നുതന്നെ പറയാം.
കഴിഞ്ഞ 25 വർഷത്തിനിടെ മയക്കുമരുന്ന് വിതരണവും ഉപയോഗവും വ്യാപകമാകാൻ പ്രധാന കാരണം മാറിമാറി വന്ന സർക്കാരുകൾ മയക്കുമരുന്നിന്റെ വിതരണ ശൃംഖല തകർക്കാൻ ഉറച്ച നടപടികൾ എടുക്കുന്നില്ല എന്നതാണ്. അതിനുപകരം മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി പൊതുജനങ്ങളെ, വിശേഷാൽ യുവാക്കളെയും സ്കൂൾകുട്ടികളെയും ബോധവത്കരിച്ച് അവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ കൂടുതൽ ഊന്നൽ നൽകി.
മയക്കുമരുന്നു നിയന്ത്രണത്തിന്റെ പ്രാഥമിക നിയമമനുസരിച്ച് മയക്കുമരുന്നിന്റെ വിതരണം തടയുക എന്നതാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എക്സൈസ്, പോലീസ് തുടങ്ങിയ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പ്രധാന ഉത്തരവാദിത്വം. മയക്കുമരുന്നിനോടുള്ള ആസക്തി കുറച്ചുകൊണ്ടു വരേണ്ട ചുമതല കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സാമൂഹ്യക്ഷേമ വകുപ്പുകളുടെയും അവയോടു ചേർന്ന് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയുമാണ്. എന്നാൽ, ഇന്ന് കേരളത്തിൽ പൊതുവേ കാണുന്നത് മയക്കുമരുന്നു ലഭ്യത കുറയ്ക്കാൻ ഉത്തരവാദിത്വമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികൾ അതിനുപകരം വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
ഇതിനു പ്രധാന കാരണം ബെവ്കോ തുടങ്ങിയ കന്പനികളുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽനിന്ന് കിട്ടുന്ന ഗണ്യമായ തുകയും ബജറ്റ് വിഹിതമായി കിട്ടുന്ന വരുമാനവുമാണ്. ഈ വർഷത്തെ ബജറ്റിൽതന്നെ 12 കോടി രൂപയാണ് എക്സൈസ് വകുപ്പിനു വിമുക്തി മിഷന്റെ പേരിൽ നൽകിയിരിക്കുന്നത്. ഡ്രഗ് എൻഫോഴ്സ്മെന്റ് ലോയിൽ പറഞ്ഞിരിക്കുന്ന പ്രകാരം മയക്കുമരുന്നിന്റെ ആവശ്യകത (ഡിമാന്ഡ് റിഡക്ഷൻ) കുറച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ സാമൂഹ്യക്ഷേമ വകുപ്പുവഴി നടപ്പാക്കിയാൽ ഇത് കൂടുതൽ കാര്യക്ഷമമാക്കാൻ സാധിച്ചേക്കാം.
സച്ചിൻ തെണ്ടുൽക്കറെ ബ്രാൻഡ് അംബാസഡറാക്കിയാണ് മുഖ്യമന്ത്രി ചെയർമാനും എക്സൈസ് മന്ത്രി വൈസ് ചെയർമാനുമായി ‘വിമുക്തി മിഷൻ’ തുടങ്ങിയത്. വിമുക്തി മിഷന്റെ നടത്തിപ്പിനായി ജില്ലാ, പഞ്ചായത്ത്, വാർഡ് തലങ്ങളിൽ വിവിധ കമ്മിറ്റികളും രൂപീകരിച്ചു. എന്നാൽ, 2016-2023ലെ കണക്കനുസരിച്ച് ലഹരി കേസുകളിൽ 360 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കേവലം വിരലിലെണ്ണാവുന്ന ഡി അഡിക്ഷൻ കേന്ദ്രങ്ങൾ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോൾ വിമുക്തി മിഷന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും പ്രവർത്തിക്കുന്ന ലഹരി വിമോചന കേന്ദ്രങ്ങളടക്കം എൺപതിലധികം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
2016ൽ ഒരു എംഡിഎംഎ കേസും ഇല്ലാതിരുന്നിടത്ത് 2024ൽ വിവിധ കേസുകളിലായി 24.71 കിലോ എംഡിഎംഎ പിടിച്ചെടുത്തു. ഈ കാലയളവിൽ മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും കാര്യമായി വർധിക്കാൻ പ്രധാന കാരണം എക്സൈസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികൾ മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി വിതരണ ശൃംഖല നശിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം ബോധവത്കരണത്തിനു മാത്രം കൂടുതൽ ഉത്സാഹം കാണിച്ചതാണ്.
കേരള പോലീസിന്റെ നേതൃത്വത്തിൽ 2022 സെപ്റ്റംബറിൽ ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹികനീതി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ മയക്കുമരുന്ന് വിതരണവും ഉപയോഗവും കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് യോദ്ധാവ് എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെയും ഇതുവരെയുള്ള ഫലം വിഭിന്നമല്ല. മയക്കുമരുന്നിന്റെ കേരളത്തിലേക്കുള്ള വരവിന്റെ തായ്വേരറക്കാൻ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നതിനു പകരം മയക്കുമരുന്നിനെതിരേയുള്ള പ്രചാരണങ്ങൾക്കു മാത്രമായി കൂടുതൽ സമയവും സന്പത്തും ചെലവഴിക്കുന്നോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ആറ് മുൻ ഡിജിപിമാർ പങ്കെടുത്ത ‘വീണ്ടെടുക്കൂ നല്ല കേരളം’ ആശയ കൂട്ടായ്മയിൽ നിർദേശിച്ചതുപോലെ നമ്മുടെ സംസ്ഥാനത്ത് പിടിമുറുക്കിയ രാജ്യാന്തര ലഹരി മാഫിയയെ ഉന്മൂലനം ചെയ്യാൻ പോലീസും എക്സൈസും ചേർന്ന് ഒരു സ്പെഷൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പ്രവർത്തിച്ചാൽ തീർച്ചയായും പ്രയോജനം ലഭിക്കും.
(ഇന്റലിജൻസ് ബ്യൂറോയിൽനിന്ന് ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച
ലേഖകൻ നാലുവർഷം നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ഡെപ്യൂട്ടേഷണൽ സോൺ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.)