വാക്കിനും ഹാസ്യത്തിനും വെട്ട്
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി
Saturday, March 29, 2025 1:03 AM IST
ഹൃദയത്തിൽനിന്നുള്ള ശബ്ദങ്ങൾക്കും നിശബ്ദതയ്ക്കും വശ്യമായൊരു സൗന്ദര്യമുണ്ട്. എന്നാൽ, ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള നിശബ്ദത വഷളാണ്. അഭിപ്രായ, സംസാര, ആവിഷ്കാര സ്വാതന്ത്ര്യങ്ങളും പത്രസ്വാതന്ത്ര്യവും മുതൽ പൗരസ്വാതന്ത്ര്യങ്ങൾ വരെയുള്ളവയെ അടിച്ചമർത്തിക്കൊണ്ടാണ് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അട്ടിമറിക്കുക. ഭീരുത്വവും അഹന്തയും അധികാരഭ്രമവും ഏകാധിപത്യ മനോഭാവവുമെല്ലാം ചേരുന്പോൾ ഭരണാധികാരികൾ എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കും. സ്തുതിപാഠകരെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളെയും എതിർശബ്ദങ്ങളെയും അടിച്ചമർത്തുകയും ചെയ്യുന്നിടത്തു ജനാധിപത്യം തകരും.
ഇഷ്ടപ്പെടാത്ത കാഴ്ചപ്പാടുകൾക്കുള്ള സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മാത്രമേ ഏതൊരാൾക്കും സംസാരസ്വാതന്ത്ര്യത്തിൽ വിശ്വസിക്കാനാകൂ. ഇഷ്ടപ്പെട്ട കാഴ്ചപ്പാടുകൾക്കുള്ള സംസാരസ്വാതന്ത്ര്യത്തെ ജർമനിയിലെ നാസി പ്രചാരകൻ ജോസഫ് ഗീബൽസ് അനുകൂലിച്ചു. സോവ്യറ്റ് ഏകാധിപതി ജോസഫ് സ്റ്റാലിനും അങ്ങനെതന്നെ. നിങ്ങൾ സംസാരസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുവെങ്കിൽ, അതിനർഥം നിങ്ങൾ വെറുക്കുന്ന കാഴ്ചപ്പാടുകൾക്കുള്ള സംസാരസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നു എന്നാണെന്നു സാമൂഹിക നിരൂപകൻ നോം ചോംസ്കി എഴുതിയിട്ടുണ്ട്.
പിടിവള്ളിയായി സുപ്രീംകോടതി
സംസാരസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതു കോടതിയുടെ കടമയാണെന്ന് സുപ്രീംകോടതി ഇന്നലെ വിധിച്ചിട്ടുണ്ട്. വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ സ്വതന്ത്രമായ ചിന്തകളും കാഴ്ചപ്പാടുകളും ആരോഗ്യകരമായ ഒരു പരിഷ്കൃതസമൂഹത്തിന്റെ അവിഭാജ്യഘടകമാണെന്നു ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഊന്നിപ്പറഞ്ഞു.
ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ആവിഷ്കാരസ്വാതന്ത്ര്യമില്ലാതെ, ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന മാന്യമായ ജീവിതം നയിക്കുക അസാധ്യമാണ്. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിൽ, ഒരു വ്യക്തിയോ ഗ്രൂപ്പോ പ്രകടിപ്പിക്കുന്ന ചിന്തകളുടെ വീക്ഷണങ്ങളെ മറ്റൊരു കാഴ്ചപ്പാട് പ്രകടിപ്പിച്ചുകൊണ്ടു നേരിടണമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. മറ്റൊരാൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വലിയൊരു വിഭാഗം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽപ്പോലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. കവിത, നാടകം, സിനിമകൾ, ആക്ഷേപഹാസ്യം, കല എന്നിവയുൾപ്പെടെയുള്ള സാഹിത്യം മനുഷ്യജീവിതത്തെ കൂടുതൽ അർഥവത്താക്കുന്നുവെന്നും ജഡ്ജിമാർ പറഞ്ഞു.
കുനാൽ കമ്ര
രാജ്യസഭയിലെ കോണ്ഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഡിക്കെതിരായി ഗുജറാത്ത് പോലീസെടുത്ത എഫ്ഐആർ റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ പുതിയ വിധി. “ഓ രക്തദാഹികളേ കേൾക്കൂ” (ഏ ഖൂൻ കേ പ്യാസെ ബാത് സുനോ) എന്ന ഇമ്രാന്റെ സോഷ്യൽ മീഡിയയിലെ വീഡിയോ കവിതയ്ക്കെതിരേയായിരുന്നു കേസ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ കുനാൽ കമ്രയുടെ ആക്ഷേപഹാസ്യത്തിനെതിരേ (സ്റ്റാൻഡ് അപ് കോമഡി) ശിവസേന ഉയർത്തിയ വിവാദങ്ങളുടെകൂടി പശ്ചാത്തലത്തിലുള്ള സുപ്രീംകോടതി വിധി നിർണായകമാണ്.
കുനാലിന്റെ യുട്യൂബ് വീഡിയോ ചിത്രീകരിച്ച മുംബൈയിലെ വേദി നശിപ്പിച്ച ശിവസേനക്കാർ, സ്വതന്ത്രമായി നടക്കാൻ അദ്ദേഹത്തെ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും ക്ഷമാപണം നടത്താനോ പറഞ്ഞതു തിരുത്താനോ അദ്ദേഹം തയാറായില്ല. ശിവസേന, എൻസിപി പാർട്ടികളിലെ പിളർപ്പിനു തുടക്കമിട്ടത് ഒരാളാണെന്നും ആ വ്യക്തിയെ രാജ്യദ്രോഹി (ഗദ്ദാർ) എന്നു വിശേഷിപ്പിക്കാമെന്നുമുള്ള കുനാലിന്റെ പരാമർശമാണു ശിവസേനക്കാരെ വിറളി പിടിപ്പിച്ചത്. ആക്ഷേപഹാസ്യത്തിനും തമാശകൾക്കും വാക്കുകൾക്കും പോലും കോടാലി വയ്ക്കാനുള്ള ശ്രമം ഭീതിജനകമാണ്.
മുഖം മറയ്ക്കുന്ന രാഷ്ട്രീയക്കളി
ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലും പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങൾ പ്രകടവും വികൃതവുമാണ്. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും പോലും സംസാരിക്കാൻ അവസരം നിഷേധിക്കുന്നതു വലിയ വിവാദമാണ്. ഒന്നും രണ്ടുമല്ല, പലതവണ ഇത്തരം അവസരനിഷേധം ഉണ്ടാകുന്നതിനെതിരേ പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കറെയും രാജ്യസഭാ ചെയർമാനെയും നേരിട്ടു കണ്ടു പരാതിപ്പെട്ടു. ലോക്സഭയിൽ രാഹുലിനെ പരസ്യമായി ശകാരിച്ചതും അദ്ദേഹം പ്രസംഗത്തിന് അനുമതി ചോദിച്ചപ്പോൾ സഭ പിരിച്ചുവിട്ട് സ്പീക്കർ ഇറങ്ങിപ്പോയതും ജനാധിപത്യത്തിനു ഭൂഷണമല്ല.
കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിൽ രാഹുലിനോടു ചെയ്ത ഈ അനീതിക്കെതിരേ 70 കോണ്ഗ്രസ് എംപിമാർ ആദ്യവും പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കൾ വ്യാഴാഴ്ചയും സ്പീക്കർ ഓം ബിർളയെ നേരിൽ കണ്ടു രേഖാമൂലം പരാതി നൽകി. പ്രതിപക്ഷത്തെ എംപിമാർ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കുന്നതും സഭാ ടെലിവിഷനിൽ ഇടയ്ക്ക് അവരുടെ മുഖം മറയ്ക്കുന്നതും ശരിയല്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നീതി തേടി രാഹുൽ, ഖാർഗെ
ആവശ്യപ്പെട്ടാൽപോലും പ്രതിപക്ഷ നേതാവിനു പാർലമെന്റിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നതു ഗൗരവമേറിയ കാര്യമാണ്. വലിയ പ്രതിഷേധങ്ങൾക്കിടയിലും പ്രതിപക്ഷനേതാവിനു പ്രസംഗിക്കാൻ അവസരം നൽകിയിരുന്നതാണു കീഴ്വഴക്കം. ഒരാഴ്ചക്കാലം ലോക്സഭയിൽ സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ അനുവദിച്ചിട്ടില്ലെന്നാണു പരാതി. ഒരാഴ്ചമുന്പ് കുംഭമേളയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചശേഷം അതിനെ സ്വാഗതം ചെയ്യാൻ രാഹുൽ എഴുന്നേറ്റപ്പോഴും അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.
ബുധനാഴ്ച ലോക്സഭയിൽ രാഹുൽ ഗാന്ധി ലോക്സഭയുടെ നിലവാരവും അന്തസും പാലിക്കാതെ പെരുമാറിയെന്നാണു സ്പീക്കർ പറഞ്ഞത്. അംഗങ്ങൾ പാലിക്കേണ്ട ചട്ടം 349 അനുസരിച്ച് പ്രതിപക്ഷനേതാവ് പെരുമാറണം. തെറ്റായതൊന്നും താൻ ചെയ്തിട്ടില്ലെന്നും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്നും രാഹുൽ പറയുന്നു. പരിണതപ്രജ്ഞനായ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കുന്നതിൽനിന്നു രാജ്യസഭയിൽ ചെയർമാൻ ജഗദീപ് ധൻകർ തടയുന്നതിനെ ചൊല്ലിയുള്ള വിവാദം തുടർക്കഥയാണ്.
ഷാഡോ പ്രൈം മിനിസ്റ്റർ
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രധാനമന്ത്രി പോലെ തുല്യപ്രാധാന്യമുള്ള പദവിയാണു പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷനേതാവിനു കാബിനറ്റ് മന്ത്രിയുടെ പദവിയും സൗകര്യങ്ങളും നൽകുന്നത് ഇതുകൊണ്ടാണ്. പ്രതിപക്ഷനേതാവിന്റെ പദവിയും ഓഫീസും നിയമപരമായ സ്ഥാനമാണ്. സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും തെറ്റായ നീക്കങ്ങളെയും വിമർശിക്കാനും പരിശോധിക്കാനുമുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്കു നേതൃത്വം നൽകുകയെന്നതു പ്രതിപക്ഷനേതാവിന്റെ കർത്തവ്യമാണ്.
സർക്കാർ നയങ്ങൾ, പദ്ധതികൾ, തീരുമാനങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചു ക്രിയാത്മകമായ വിമർശനം നൽകുക, ഭരണത്തിൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുക, പാർലമെന്ററി ചർച്ചകളെ സന്പന്നമാക്കുക, ബദൽ നയങ്ങളും കാഴ്ചപ്പാടുകളും വാഗ്ദാനം ചെയ്യുക, അഴിമതികളും അതിക്രമങ്ങളും അനീതികളും ചൂണ്ടിക്കാട്ടുക എന്നിവ മുതൽ ആവശ്യമെങ്കിൽ ബദൽ സർക്കാർ രൂപീകരിക്കുകവരെ പ്രതിപക്ഷനേതാക്കളുടെ ഉത്തരവാദിത്വമാണ്. ബ്രിട്ടനിൽ പ്രതിപക്ഷ നേതാവിനെ ബദൽ പ്രധാനമന്ത്രി (ഷാഡോ പ്രൈം മിനിസ്റ്റർ) എന്നാണു വിശേഷിപ്പിക്കുക.
പ്രതിപക്ഷവും ജനാധിപത്യവും
പാർലമെന്ററി ജനാധിപത്യത്തിൽ സർക്കാരിന്റെ അത്രയുംതന്നെ വലിയ പങ്കാണു പ്രതിപക്ഷത്തിനുള്ളത്. നിയമനിർമാണങ്ങളിലെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാണിക്കുന്നതിലും ബദൽനയങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിലും മുതൽ പൗരാവകാശ, ന്യൂനപക്ഷാവകാശ സംരക്ഷണത്തിൽ വരെ പ്രതിപക്ഷത്തിനു വലിയ റോളുണ്ട്. ജനാധിപത്യപരമായ ചർച്ചകളെ പ്രസക്തവും സജീവവുമാക്കുന്നതു പ്രതിപക്ഷമാണ്. സംവാദങ്ങളും ഭിന്നാഭിപ്രായങ്ങളുമാണു ജനാധിപത്യത്തിന്റെ ശക്തി.