വർക്കിച്ചൻ കാടുകയറാൻ റെഡിയാണ്!
Saturday, March 29, 2025 1:00 AM IST
കെ.ആർ. പ്രമോദ്
ദീർഘകാല സർക്കാർ സേവനത്തിനുശേഷം റിട്ടയറായി വീട്ടിലെത്തിയപ്പോൾ വർക്കിച്ചന് ആശ്വാസമാണു തോന്നിയത്. ഇനിയുള്ളകാലം സ്വസ്ഥമായി അവനവന്റെ ഇഷ്ടംപോലെ ജീ വിക്കാമല്ലോ!
വീട്ടിലാണെങ്കിൽ സുന്ദരിയും സുശീലയുമായ ഭാര്യ മേരിക്കുട്ടിയും മകൾ എലിസബത്തും മാത്രം. അവർക്കു കഴിയാൻ റബർതോട്ടവും കോഴികളും താറാവുകളും പശുവുമെല്ലാമുണ്ട്. ആരുടെയും സഹായം ആവശ്യമില്ല. തനിക്കുകിട്ടുന്ന പെൻഷൻ തുക തോന്നിയപോലെ ചെലവഴിക്കാം. ചുരുക്കത്തിൽ, ഇനിയാണ് ജീവിതത്തിന്റെ വസന്തകാലം! ഈ ശിഷ്ടകാലം ഒരു പക്ഷിയെപ്പോലെ, നൂലു പൊട്ടിച്ചെറിഞ്ഞ പട്ടത്തെപ്പോലെ ആകാശത്തു പറന്നുനടക്കാം! - വർക്കിച്ചൻ സന്തോഷത്തോടെ വിചാരിച്ചു, അതനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി.
ദിവസവും രാവിലെ എട്ടുമണിക്ക് മൂപ്പർ ഉണർന്നു, ഒമ്പതിനു കാപ്പി കുടിച്ചു, പത്രം വായിച്ചു, മൊബൈൽ നോക്കി, ടിവി കണ്ടു, ഉച്ചയ്ക്ക് വെടിപ്പായി ഉണ്ടു, ഗാഢമായി ഉറങ്ങി, വൈകുന്നേരം കാപ്പി കുടിച്ചു, ബീഡി വലിച്ചു, മൊബൈൽ നോക്കി, ടിവി കണ്ടു, അത്താഴം കഴിച്ചു, സുഖനിദ്ര പൂകി.
അഞ്ചാറു മാസം ഇപ്രകാരം കാര്യങ്ങൾ സുഗമമായി മുമ്പോട്ടു പോയി.
പിന്നീടാണ് കാര്യങ്ങൾ കുഴഞ്ഞുമറിയാൻ കാരണമായ സംഭവങ്ങൾ സാവധാനം ഇതൾവിരിഞ്ഞത്.
ഒന്നാമത്തെ സംഭവം
ഒരുദിവസം രാവിലെ ഭക്ഷണം കഴിഞ്ഞശേഷം വർക്കിച്ചൻ പത്രം വായിക്കുകയായിരുന്നു. കൈയിൽ ഒരു സിഗരറ്റ് എരിയുന്നുണ്ട്.
ഭാര്യ മേരിക്കുട്ടി പെട്ടെന്നവിടെ പ്രത്യക്ഷയായി. അവർ തെല്ലു ഗൗരവത്തോടെ പറഞ്ഞു: “ഈ പരിപാടി പറ്റില്ല. ഇവിടെ ഞാനും എന്റെ മകളും ജീവിക്കുന്നുണ്ട്. വീടു മുഴുവൻ വിഷപ്പുകയാകും!”
വർക്കിച്ചന് അതൊരു തമാശയായിട്ടാണു തോന്നിയത്. എത്രയോ കാലമായി താൻ സിഗരറ്റു വലിക്കുന്നു! അപ്പോഴൊന്നും കുഴപ്പമില്ലാതിരുന്ന കാര്യം ഇപ്പോഴെന്തിന് മേരിക്കുട്ടി പറയുന്നു?
അന്നു വൈകുന്നേരവും അത്താഴം കഴിഞ്ഞ് ഗൃഹനാഥൻ സിറ്റിംഗ് റൂമിൽ വന്നിരുന്ന് ഒരു സിഗരറ്റ് കത്തിച്ചു.
ഇക്കുറി മകളാണ് പ്രത്യക്ഷപ്പെട്ടത്.
“അപ്പാ! അപ്പൻ പഴയ അപ്പനല്ല. റിട്ടയർ ചെയ്ത ഒരു സീനിയർ പൗരനാണ്. ഇനിയിപ്പോൾ സിഗരറ്റുവലിയൊക്കെ കുറയ്ക്കണം. എന്നു മാത്രമല്ല, പാസീവ് സ്മോക്കിംഗാണ് ഏറ്റവുംവലിയ കുഴപ്പമെന്നറിയില്ലേ?” - പുത്രി തെല്ലു കോപത്തോടെ ചോദിച്ചു.
വർക്കിച്ചന് വലിയ കോപം വന്നെങ്കിലും ഒന്നും മിണ്ടാതെ പുകയൂതിക്കൊണ്ട് അവിടെത്തന്നെയിരുന്നു.
“അല്ലെങ്കിലും പറഞ്ഞിട്ടു കാര്യമില്ല. ഈ മനുഷ്യൻ ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ!”- അടുക്കളയിൽനിന്ന് മേരിക്കുട്ടി പൊട്ടിത്തെറിച്ചു.
രണ്ടാമത്തെ സംഭവം
വർക്കിച്ചന്റെ പറമ്പിൽ രണ്ടു പനകൾ ചെത്തുന്നുണ്ട്. ആഴ്ചയിലൊരിക്കൽ പങ്കുകള്ള് ഇഷ്ടംപോലെ കിട്ടും.
ഒരു ദിവസം വർക്കിച്ചൻ ക്ഷണിച്ചതനുസരിച്ച് കുറച്ചു കൂട്ടുകാർ വീട്ടിലെത്തി. അവർ വീടിനോടു ചേർന്നുള്ള ഔട്ട്ഹൗസിലിരുന്നു നല്ല നാടൻ കള്ള് മോന്തി രസിച്ചു. തമാശയും പാട്ടുമൊക്കെയായി നേരം പോയതറിഞ്ഞില്ല.
ഉച്ചയായപ്പോൾ മേരിക്കുട്ടി വർക്കിച്ചനെ വിളിച്ചിട്ടു പറഞ്ഞു: “കൂട്ടുകാരെയൊക്കെ പെട്ടെന്നു പറഞ്ഞുവിട്ടോണം. നാലഞ്ചു പേർക്കു സദ്യയൊരുക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല. മാത്രമല്ല, ഇവിടെ കള്ളുകുടിയും അനുവദിക്കുകയില്ല. ഇനി മേലിൽ ഇതാവർത്തിക്കരുത്!”
വർക്കിച്ചൻ ആദ്യമൊന്നു മടിച്ചെങ്കിലും തന്ത്രപൂർവം കൂട്ടുകാരെ പറഞ്ഞയച്ചു.
പിറ്റേന്നുതന്നെ മേരിക്കുട്ടി പണിക്കാരെ വിളിച്ചു രണ്ടു പനകളും വെട്ടിക്കളയാൻ ഉത്തരവിട്ടു.
വർക്കിച്ചന് ഉഗ്രമായ കോപം വന്നു. മകളുടെയും ഭാര്യയുടെയും നേരേ ശകാരവർഷം നടത്തി. ഡൈനിംഗ് ടേബിളിലെ ഗ്ലാസുകൾ എറിഞ്ഞുതകർത്തു.
അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. മേരിക്കുട്ടിയും മകളും വർക്കിച്ചനോട് ശരിക്കും യുദ്ധം പ്രഖ്യാപിച്ചു.
“ഇത്രനാളും നിങ്ങൾ പറഞ്ഞതെല്ലാം ഞങ്ങൾ അനുസരിച്ചില്ലേ? ഇത്രനാളും ഞങ്ങളെ അടക്കിഭരിച്ചില്ലേ? ഇനി ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ അടങ്ങിയൊതുങ്ങിയിരുന്നാൽ മതി!” - മേരിക്കുട്ടിയും മകളും ഒരേ സ്വരത്തിൽ പറഞ്ഞു.
മൂന്നാമത്തെ സംഭവം
ഭാര്യയോടും മകളോടുമുള്ള പ്രതിഷേധസൂചകമായി വർക്കിച്ചൻ ഒരാഴ്ച വീടിന് പുറത്തേക്കൊന്നും പോയില്ല. മുറിക്കുള്ളിൽ വെറുതെയിരുന്നു. ഉണ്ടുംഉറങ്ങിയും സമയം കളഞ്ഞു.
അങ്ങനെ ദിവസങ്ങൾ മുമ്പോട്ടു പോകവേ, മേരിക്കുട്ടി ഒരു ദിവസം ഇപ്രകാരം പറഞ്ഞു: “നിങ്ങളിങ്ങനെ വെറുതെ ചടഞ്ഞിരുന്നാൽ പറ്റില്ല. എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഇന്നുതന്നെ പോയി രക്തവും മൂത്രവുമാക്കെ പരിശോധിക്കണം. എന്നിട്ട് ഡോക്ടറെ കാണാം.”
വർക്കിച്ചൻ നേരേ ഒരു ഉത്തരാധുനിക ലാബിൽ പോയി ചോരയും നീരുമൊക്കെ പരിശോധിപ്പിച്ചു. പിറ്റേന്ന് റിസൾട്ട് നോക്കിയപ്പോൾ നേരിയ ഷുഗറും പ്രഷറും!
അതോടെ മേരിക്കുട്ടിക്ക് ആധിയായി. വറുത്തതും പൊരിച്ചതും മധുരമുള്ളതുമൊന്നും വർക്കിച്ചന് ഇനി കൊടുക്കേണ്ടെന്ന് തീരുമാനിച്ചു.
രാവിലെ ഒരു പാത്രം കഞ്ഞി, ഉച്ചയ്ക്ക് കുറച്ചു പച്ചക്കറികൾ ചേർത്ത് ഒരുപിടി ചോറ്, നാലുമണിക്ക് ഷുഗർഫ്രീ കോഫി, വൈകുന്നേരം വീണ്ടും ഉപ്പിടാത്ത കഞ്ഞി - എന്നിങ്ങനെയുള്ള മെനു നടപ്പിലായി. പൊരിച്ച കോഴിയും ചപ്പാത്തിയും ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വർക്കിച്ചന് അത് ഹറാമായി.
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനാവുന്നില്ല, ഇഷ്ടമുള്ള സ്ഥലത്ത് പോകാൻ സാധിക്കുന്നില്ല, ഇഷ്ടമുള്ള സിനിമ കാണാനാവില്ല, ഉറക്കെ ഒരഭിപ്രായം പറയാൻ പെർമിഷനില്ല - എല്ലാംകൊണ്ടും വർക്കിച്ചന്റെ മറ്റൊരു ജന്മം ആരംഭിക്കുകയായിരുന്നു,
നാലാമത്തെ സംഭവം
ഒരു ദിവസം രാത്രി.
വർക്കിച്ചനൊഴികെ മറ്റു രണ്ടുപേർക്കും അത്താഴത്തിന് പൊരിച്ച കോഴിയും ചപ്പാത്തിയുമാണ്. വർക്കിച്ചന് ഗോതമ്പുകഞ്ഞി. കഞ്ഞി കുടിച്ചെന്നു വരുത്തി അദ്ദേഹം നേരത്തേ ഉറങ്ങാൻ കിടന്നു.
മേരിക്കുട്ടിയും മകളും ഉറങ്ങിയെന്ന് ഉറപ്പായിക്കഴിഞ്ഞപ്പോൾ വർക്കിച്ചൻ ഒരു കണ്ടൻപൂച്ചയെപ്പോലെ അടുക്കളയിലേക്കു പ്രവേശിച്ച് പാത്രത്തിൽ അടച്ചുവച്ചിരുന്ന കോഴിയും ചപ്പാത്തിയും ആർത്തിയോടെ ഉള്ളിലേക്ക് ചെലുത്തി. ഫ്ളാസ്കിലുണ്ടായിരുന്ന മധുരമുള്ള ചായയും വലിച്ചുകുടിച്ചു.
പക്ഷേ, ഭാഗ്യം മറുഭാഗത്തായിരുന്നു.
അടുക്കളയിലെ ശബ്ദംകേട്ടെത്തിയ മേരിക്കുട്ടിയും മകളും അപ്പനെ കൈയോടെ പിടികൂടി.
“സ്വന്തം വീട്ടിലെ അടുക്കളയിൽ കയറി കട്ടുതിന്നാൻ നിങ്ങൾക്കു നാണമില്ലേ?”- മേരിക്കുട്ടി അലറി.
“അതും രാത്രിയിൽ? ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥൻ!” - മകൾ ചീറി.
അഞ്ചാമത്തെ സംഭവം
വീട്ടിൽ വെറുതെയിരുന്നു മടുത്ത വർക്കിച്ചൻ തൊട്ടതിനും പിടിച്ചതിനുമൊക്കെ വീണ്ടും ചൂടാകാൻ തുടങ്ങിയതോടെ മേരിക്കുട്ടിയും മകളും ചേർന്ന് വെള്ളംകോരൽ, വിറകുകീറൽ, ചെടിനനയ്ക്കൽ എന്നീ വീട്ടുജോലികൾ ഏൽപ്പിച്ചുകൊടുത്തു.
വിറകു വെട്ടാൻ പോയ ആദ്യദിവസംതന്നെ വർക്കിച്ചന്റെ കാലിലെ തള്ളവിരൽ കോടാലികൊണ്ട് മുറിഞ്ഞു. ചെടി നനച്ചപ്പോൾ പൂച്ചട്ടി രണ്ടെണ്ണം താഴെവീണു പൊട്ടി. ഇതെല്ലാം തന്ത്രശാലിയായ വർക്കിച്ചൻ മനഃപൂർവം ചെയ്യുന്നതാണെന്നു ഭാര്യയും മകളും ആരോപിച്ചതോടെ വീട്ടിലെ പുറംപണികളും വർക്കിച്ചനു ലഭിക്കാതായി.
വീട്ടിൽ സാധനങ്ങൾ വാങ്ങിക്കുന്നത് ഓൺലൈൻ വഴിയായതിനാൽ അതിലും ഗൃഹസ്ഥന് ഇടപെടാനാകാതെ വന്നു. ഓരോ ദിവസവും ഓൺലൈൻ പർച്ചേസിലൂടെ വിവിധ സാധനങ്ങൾ വന്നെത്തുന്നതു കണ്ട് വർക്കിച്ചൻ കൊച്ചുകുട്ടിയെപ്പോലെ കൺമിഴിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം സ്ഥലത്തെ പെൻഷൻ സംഘടനക്കാർ വീട്ടിൽ വന്നു. പെൻഷൻകാരെല്ലാവരും വിനോദയാത്ര പോവുകയാണെന്നും വർക്കിച്ചനും കൂടണമെന്നും പറയാനാണ് അവർ വന്നത്. എന്നാൽ, വർക്കിച്ചനെ മാത്രമായി അയയ്ക്കുന്നില്ലെന്ന് മേരിക്കുട്ടി അവരെ അറിയിച്ചു.
വർക്കിച്ചന്റെ വാനപ്രസ്ഥം
ഏതാനും ദിവസങ്ങൾ കഴിഞ്ഞു. വർക്കിച്ചൻ കതകടച്ച് മുറിയിലിരിപ്പാണ്. ഭാര്യയെയും മകളെയും കണ്ടാൽ ഉടനെ പുലിയെപ്പോലെ ചാടിവീഴും, ഗർജിക്കും.
അങ്ങനെയിരിക്കെ മലബാറിൽനിന്ന് വർക്കിച്ചന്റെ ബാല്യകാലസുഹൃത്ത് വീട്ടിൽ വന്നു. അയാളോട് വർക്കിച്ചൻ തന്റെ അവസ്ഥയെക്കുറിച്ചു കണ്ണീരോടെ വർണിച്ചു.
വർക്കിച്ചൻ പറഞ്ഞതെല്ലാം കൂട്ടുകാരൻ ക്ഷമയോടെ കേട്ടു. എന്നിട്ട് അദ്ദേഹം സുഖപ്രദമല്ലാത്ത ചില കാര്യങ്ങൾ മെല്ലെപ്പറഞ്ഞു:
“എടോ! ഒരു പ്രായംകഴിഞ്ഞാൽ തന്നെപ്പോലെ ദുഃശാഠ്യക്കാരനും മുൻകോപിയുമായ ഭർത്താവ് വീടുവിട്ടു പോകണം എന്നാണു പല ഭാര്യമാരും ആഗ്രഹിക്കുക. അതവർ പരസ്യമായി പറയുന്നില്ലന്നേയുള്ളൂ! അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. റിട്ടയർ ചെയ്യുന്നതുവരെ താൻ കണ്ണിൽച്ചോരയില്ലാതെ മേരിയെയും ഏലിയെയും ഭരിക്കുകയല്ലായിരുന്നോ? എത്രനാളാണ് അവർ തന്നെയൊക്ക സഹിക്കുക! ഒടുവിൽ, തക്കസമയം വന്നപ്പോൾ അവർ തിരിച്ചടിക്കുന്നെന്നു മാത്രം! ഡോക്ടർമാരോടു ചോദിച്ചാൽ പെണ്ണുങ്ങളുടെ ഹോർമോൺ വേരിയേഷൻ, മെന്റൽ ടെൻഷൻ എന്നൊക്കെ പറയുമായിരിക്കും. ഫലത്തിൽ എല്ലാം ഒന്നുതന്നെ! ഒരു പ്രായംകഴിഞ്ഞാൽ അകന്നിരിക്കുകയാണ് നല്ലത്. ഈ വാനപ്രസ്ഥം എന്നൊക്കെപ്പറയുന്നത് അതുതന്നെയാണ്!”
ഉപദേശം പകർന്നശേഷം കൂട്ടുകാരൻ വിടവാങ്ങി.
വർക്കിച്ചൻ തെല്ലുനേരം വരാന്തയിൽതന്നെ മരുവി. കുറച്ചുകഴിഞ്ഞപ്പോൾ സ്വന്തം മുറിയിലേക്കു പോയി മണിക്കൂറുകളോളം കട്ടിലിൽ വെറുതേ കിടന്നു. പിന്നീടെഴുന്നേറ്റ് അലമാര തുറന്ന് ബാഗെടുത്തു. അതിലേക്ക് സ്വന്തം വസ്ത്രങ്ങളും മറ്റും കുത്തിനിറയ്ക്കാൻ തുടങ്ങി.
വർക്കിച്ചന്റെയും കൂട്ടുകാരന്റെയും സംഭാഷണങ്ങൾ ചോർത്തിയിരുന്ന മകൾ എലിസബത്ത് അപ്പോൾ മുറിക്കകത്തേക്കു പ്രവേശിച്ചു.
പിതാവിന്റെ ബാഗ് പിടിച്ചുവാങ്ങി അലമാരയിൽ തിരിച്ചുവച്ചശേഷം വത്സലപുത്രി പുഞ്ചിരി തൂകിക്കൊണ്ടു ചോദിച്ചു: “കാലം മാറി! വാനപ്രസ്ഥത്തിനു പോകാനാണെങ്കിൽ ഇവിടെ വനം എവിടെ അപ്പാ? ഈ കലികാലത്ത് അപ്പൻ ഞങ്ങളോടൊപ്പം ഗൃഹസ്ഥാശ്രമത്തിൽതന്നെ വാനപ്രസ്ഥം അനുഭവിക്കുക! അതിനുശേഷം കാലമെത്തുമ്പോൾ വിധിയാംവണ്ണം മഹാപ്രസ്ഥാനം നടത്താം! അതുപോരേ?”