രാഷ്ട്രീയ കൈകടത്തലുകള്‍
Friday, March 28, 2025 12:33 AM IST
സര്‍വകലാശാലാ നിയമങ്ങള്‍: അജൻഡകളും ആശങ്കകളും- 2 / അഡ്വ. വി.സി. സെബാസ്റ്റ്യൻ
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അവസാന വാക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റേതാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാന സര്‍ക്കാരുകള്‍ ഏതു നിയമങ്ങള്‍ സൃഷ്ടിച്ചാലും യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങളെ മറികടക്കാനാവില്ല. യുജിസി നിയമങ്ങളും സംസ്ഥാന നിയമങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ യുജിസി പറയുന്നതാണ് മാനദണ്ഡമെന്നും അവസാനവാക്കെന്നും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. സര്‍വകലാശാലകളുടെ ഭരണപരവും അക്കാദമിക ഗവേഷണപരവുമായ കാര്യങ്ങളിലും പരീക്ഷാ നടത്തിപ്പിലും ഉന്നതവിദ്യാഭ്യാസമന്ത്രിക്കോ മന്ത്രി ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്കോ നേരിട്ട് ഇടപെടല്‍ നടത്താമെന്ന വ്യവസ്ഥ സര്‍വകലാശാലകളുടെ സ്വയംഭരണത്തിന്മേലുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ കടന്നുകയറ്റംതന്നെ. ഇതിന് അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതികള്‍ എന്ന ആക്ഷേപം നിലനില്‍ക്കെ ബില്ല് നിയമമാക്കി അംഗീകാരം നല്‍കേണ്ട ഗവര്‍ണര്‍ കണ്ണടച്ച് ഒപ്പിടുമോയെന്ന് കണ്ടറിയണം.
പ്രോ-ചാന്‍സലറായ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് സര്‍വകലാശാലാ ഭരണത്തില്‍ നേരിട്ട് ഇടപെടാന്‍ അധികാരം നല്കുന്ന ബില്ലിലെ വ്യവസ്ഥകള്‍ ഇതിനോടകം വിവാദമായിരുന്നു. ചാന്‍സലര്‍ കഴിഞ്ഞാല്‍ പ്രോ-ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നുള്ളത് വസ്തുതയാണ്. അതേസമയം, സർവകലാശാലകള്‍ക്ക് അതിന്റേതായ സ്വയംഭരണാവകാശമുണ്ട്. നിലവില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരില്‍ നിക്ഷിപ്തമായിരിക്കുന്ന പല അധികാരങ്ങളും സിന്‍ഡിക്കറ്റിലേക്ക് കൈമാറുന്ന വ്യവസ്ഥകള്‍, ചാന്‍സലറായ ഗവര്‍ണര്‍ നിയമിക്കുന്ന വൈസ് ചാന്‍സലറുടെ ചിറകരിയുന്ന നിയമനിര്‍മാണമാണ്. ഇതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്.
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പരമാധികാരി വകുപ്പുമന്ത്രിയാണെന്ന് അരക്കിട്ടുറപ്പിക്കുന്ന രീതിയില്‍ സര്‍വകലാശാലയുടെ ഭരണ, അക്കാദമിക കാര്യങ്ങളില്‍ ആവശ്യമെന്ന് തോന്നുമ്പോള്‍ ഇടപെടല്‍ നടത്താന്‍ വകുപ്പുമന്ത്രിക്ക് അധികാരം നല്കുന്ന വ്യവസ്ഥ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ കൈകടത്തല്‍, പിന്‍വാതില്‍ നിയമനം, പരീക്ഷാത്തട്ടിപ്പ്, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നുവേണ്ട സര്‍വത്ര അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കളമൊരുക്കുമെന്നതാണ് അനുഭവങ്ങള്‍. അതേസമയം, സര്‍ക്കാര്‍ പണം മുടക്കുന്ന സര്‍വകലാശാലകളുടെ ഭരണത്തില്‍ വകുപ്പുമന്ത്രിക്ക് അധികാരമില്ലേയെന്ന ചോദ്യവും നിസാരവത്കരിക്കേണ്ട. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കാന്‍ നിയമസഭ പാസാക്കിയ ബില്ലിന്മേല് സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ രാഷ്ട്രപതി അനുമതി നിഷേധിച്ചിരിക്കുകയാണ്. അതിനാല്‍തന്നെ പുതിയ ബില്ലുകള്‍ നിയമസഭ പാസാക്കിയാലും നിയമമാക്കിയാലും കൂടുതല്‍ കടമ്പകള്‍ സൃഷ്ടിക്കപ്പെടാം.
സ്വകാര്യത്തിലെ നിയന്ത്രണങ്ങള്‍
62 വകുപ്പുകള്‍ നിര്‍ദേശിച്ച കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാല (സ്ഥാപനവും നിയന്ത്രണവും) ബില്ലിന്മേല് നിയമസഭാംഗങ്ങള്‍ 1,400ല്‍പരം ഭേദഗതികളാണ് ശിപാര്‍ശ ചെയ്തത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഫീസിളവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന ഭേദഗതി നിര്‍ദേശം നിയമസഭ തള്ളിക്കളഞ്ഞു. അതേസമയം, പട്ടികവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസിളവും സ്കോളര്‍ഷിപ്പും സ്വകാര്യ സര്‍വകലാശാലാ നിയമത്തിലുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ പാലിക്കണം. സംവരണാനുകൂല്യം നഷ്ടമായാല്‍ സര്‍ക്കാര്‍ ഇടപെടും. സര്‍വകലാശാല സ്വകാര്യമാണെങ്കിലും വിവിധ സമിതികളില്‍ സര്‍ക്കാരിന്റെ പ്രാതിനിധ്യവും നിയന്ത്രണവുമുണ്ടാകും. 40 ശതമാനം സീറ്റ് കേരളത്തിലെ സ്ഥിരം നിവാസികള്‍ക്ക് മാത്രമായിരിക്കും.
സ്വകാര്യ സര്‍വകലാശാലയ്ക്ക് ഏകീകൃത സ്വഭാവമുണ്ട്. യുജിസി സ്വകാര്യ സര്‍വകലാശാലാ നിയമത്തില്‍ മള്‍ട്ടി കാമ്പസിന്റെ സൂചനകള്‍ നല്‍കുന്നില്ല. സ്വകാര്യ സര്‍വകലാശാല ആരംഭിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞ് ഓഫ് കാമ്പസുകള്‍, ഓഫ് ഷോര്‍ കാമ്പസുകള്‍, പഠനകേന്ദ്രങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരിന്റെയും യുജിസിയുടെയും അംഗീകാരത്തോടെ ആരംഭിക്കാമെന്നത് യുജിസി സ്വകാര്യ സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 3.3ല്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയം നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കു വരികയും സ്വകാര്യ സര്‍വകലാശാലകള്‍ ഒന്നിലേറെ കാമ്പസുകളോടെ തുടങ്ങാമെന്ന കരടുവ്യവസ്ഥയിലെ നിര്‍ദേശം സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയിലൂടെ ഒഴിവാക്കുകയും ചെയ്തു.
നാലാം വകുപ്പിലെ (സി) ഉപവകുപ്പില്‍ സ്പോണ്സറിംഗ് ബോഡിക്കു കീഴിലുള്ള സ്വകാര്യ സ്വാശ്രയ കോളജിന്റെ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും സര്‍വകലാശാലയുടെ ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണെന്നു സൂചിപ്പിക്കുന്നത് പ്രതീക്ഷയേകുമ്പോഴും സ്വകാര്യ സര്‍വകലാശാലകള്‍ക്കായി ശ്രമിക്കുന്ന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ അഫിലിയേഷന് ചെയ്തിരിക്കുന്ന സര്‍വകലാശാലകളില്‍നിന്നുള്ള വിടുതല്‍ വ്യക്തമാക്കാത്തത് ചോദ്യചിഹ്നമാകുന്നു. ചട്ടങ്ങളില്‍ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്ന വ്യാഖ്യാനങ്ങളില്‍ തത്കാലം ആശ്വസിക്കാം.
49-ാം വകുപ്പില്‍ 25 കോടി രൂപയുടെ എന്‍ഡോവ്മെന്റ് ഫണ്ട് രൂപീകരിക്കേണ്ടതും നാലാം ഉപവകുപ്പില്‍ തുക സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കേണ്ടതാണെന്നുമുള്ള വകുപ്പും ദുഃസൂചനകള്‍ നല്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വകലാശാല പിരിച്ചുവിടുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നഷ്ടപരിഹാരത്തുകയാണെന്നുള്ള മുന്‍വിധിയോടെയുള്ള നിര്‍ദേശം മുഖവിലയ്ക്കെടുക്കാനാവില്ല. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വകലാശാലാ നിയമത്തില്‍ പ്രസ്തുത തുക സര്‍ക്കാരും സ്വകാര്യ സര്‍വകലാശാലാ ട്രസ്റ്റും സംയുക്തമായി ദേശസാത്കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ട്രഷറിയിലേതിനേക്കാള് ഉയര്‍ന്ന പലിശയും ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറിയില്‍ പണം നിക്ഷേപിച്ചാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതിനപ്പുറം നിക്ഷേപിച്ച തുക ഭാവിയില്‍ മടക്കിക്കിട്ടുമോ എന്ന ആശങ്കയും തള്ളിക്കളയേണ്ട.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്റെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മാതൃകയാക്കേണ്ടതാണ്. കേരളത്തിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനുമുമ്പ് വിവിധ യൂണിവേഴ്സിറ്റികളില്‍ അടച്ച ഫിനാന്‍ഷല്‍ ഗാരന്റി കോടതിവിധിയുണ്ടായിട്ടും നിശ്ചിത കാലാവധി കഴിഞ്ഞിട്ടും ഇതുവരെയും തിരിച്ചുലഭിച്ചിട്ടില്ലെന്ന അനുഭവവും ബാക്കി നില്ക്കുന്നു. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസരംഗത്ത് നിസ്വാര്‍ഥ സേവനം ചെയ്യുന്ന വിദ്യാഭ്യാസ ഏജന്‍സികളുടെ പ്രവര്‍ത്തനപാരമ്പര്യം മാനിച്ച് 25 കോടി നിക്ഷേപവും 10 ഏക്കര്‍ സ്ഥലവുമെന്ന നിബന്ധന ഒഴിവാക്കണമെന്ന പ്രതിപക്ഷ നിര്‍ദേശത്തെ കൂണുപോലെ സര്‍വകലാശാലകള്‍ മുളയ്ക്കാന്‍ അനുവദിക്കില്ലെന്ന് തിരിച്ചടിച്ച് സര്‍ക്കാര്‍ തള്ളിയത് നിര്‍ഭാഗ്യകരമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ സ്വകാര്യ സര്‍വകലാശാലകളെ ഗ്രീന്‍ഫീല്‍ഡ് യൂണിവേഴ്സിറ്റി, ബ്രൗണ്‍ ഫീല്‍ഡ് യൂണിവേഴ്സിറ്റി എന്നിങ്ങനെ രണ്ടായി നിയമത്തില്‍തന്നെ വേര്‍തിരിക്കുന്നു.ഗ്രീന്‍ഫീല്‍ഡ് യൂണിവേഴ്സിറ്റിയെന്നാല്‍ ആദ്യമായി അഥവാ പുതുതായി വിദ്യാഭ്യാസമേഖലയിലേക്കു കടന്നുവരുന്ന ട്രസ്റ്റുകളെയും സ്ഥാപനങ്ങളെയും സൂചിപ്പിക്കുന്നു. ബ്രൗണ്‍ ഫീല്‍ഡ് യൂണിവേഴ്സിറ്റി നിലവിലുള്ള ട്രസ്റ്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ സര്‍വകലാശാലകളായി മാറുന്നതാണ്. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും വ്യക്തതയുണ്ടാക്കാന്‍ നിലവിലുള്ള സ്വകാര്യ സര്‍വകലാശാലാ നിയമനിര്ദേശങ്ങള്ക്കാകുന്നില്ല.
വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത് യുജിസിയുടെ മാനദണ്ഡമനുസരിച്ച് ഉന്നതനിലവാരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകള്‍ക്ക് സ്വകാര്യസര്വകലാശാലയാകാനുള്ള സാധ്യതയും സര്‍ക്കാര്‍ പുതിയ നിയമത്തില്‍ വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് വിരല്‍ചൂണ്ടുന്നതാകട്ടെ സംസ്ഥാനത്തു നിലവിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയല്ല; മറിച്ച്, വന്‍കിട കോര്‍പറേറ്റുകളെയാണ് സ്വകാര്യ സര്‍വകലാശാല നിക്ഷേപകരായി സര്‍ക്കാര്‍ മനസില്‍ കാണുന്നതെന്നാണ്.
ആശങ്കകള്‍ ബാക്കി
സ്വകാര്യ സര്‍വകലാശാലകള്‍ വന്നാല്‍ കേരളത്തില്‍നിന്ന് വിദേശത്തേക്ക് ഒഴുകുന്ന യുവതലമുറയുടെ ഒഴുക്ക് കുറയുമോ? ഇതര സംസ്ഥാനങ്ങളിൽനിന്ന് വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കാനായി എത്തുമോ? നിലവില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളില്ലാതെ പതിനായിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ സ്വകാര്യ സര്‍വകലാശാലകളുടെ ഭാവിയെന്ത്? വന്‍കിട കോര്‍പറേറ്റുകള്‍ ഈ മേഖലയില്‍ നിക്ഷേപമിറക്കിയാല്‍ അവര്‍ക്കായി ഭൂമി തരം മാറ്റുമോ? സ്വകാര്യ സര്‍വകലാശാലകള്‍ മത്സരക്ഷമത കൈവരിക്കുമ്പോള്‍ നിലവിലുള്ള പൊതുസര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത്, കുട്ടികളില്ലാതെ നട്ടംതിരിയുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകളുടെ ഭാവിയെന്ത്? പ്രൈമറി വിദ്യാഭ്യാസതലം മുതല്‍ സംസ്ഥാനത്ത് കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരുന്ന പ്രതിസന്ധിയും മറന്നുപോയോ? വിദ്യാര്‍ഥിരാഷ്ട്രീയത്തിന് നിയമത്തില്‍തന്നെ സര്‍ക്കാര്‍ പരവതാനി വിരിച്ചിരിക്കുമ്പോള്‍ മറ്റൊരു സമരസംഘട്ടന പോര്‍ക്കളം തുറക്കാന്‍ അറിഞ്ഞുകൊണ്ടൊരു നിക്ഷേപത്തിന് സ്വകാര്യനിക്ഷേപകര്‍ ആരെങ്കിലും തയാറാകുമോ? സ്വന്തമായ പ്രവേശന മാനദണ്ഡങ്ങളും ഫീസ് നിശ്ചയവും ബില്ലില്‍ പറയുമ്പോഴും ഭാവിയില്‍ മറ്റൊരു വിദ്യാര്‍ഥിപ്രക്ഷോഭത്തിന് ഇതു വാതില്‍ തുറക്കില്ലെന്ന് എങ്ങനെ വിശ്വസിക്കാനാവും? ഇങ്ങനെ അവ്യക്തതകളും ആശങ്കകളും രാഷ്ട്രീയ അജണ്ടകളുമുള്ള സ്വകാര്യ സര്‍വകലാശാലാ ബില്ലും സര്‍വകലാശാല ഭേദഗതി ബില്ലും എത്രമാത്രം പ്രതീക്ഷാനിര്ഭരമായിരിക്കുമെന്ന് കാത്തിരുന്നു കാണാം. ഒന്നുറപ്പാണ്; സ്വകാര്യ സര്‍വകലാശാല വന്നതിന്റെ പേരില്‍ പുതുതലമുറയുടെ കേരളം