സര്‍വകലാശാലാ നിയമങ്ങള്‍; അജൻഡകളും ആശങ്കകളും
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ
Thursday, March 27, 2025 12:37 AM IST
ഉന്നതവിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന നിയമങ്ങളാണ് നിയമസഭയില്‍ കഴിഞ്ഞദിവസം പാസാക്കിയത്. അതിലൊന്ന് സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ - 2025 എന്ന പുതിയ നിയമം.
രണ്ടാമത്തേതാകട്ടെ പഴയ നിയമത്തിന്റെ ഭേദഗതി അഥവാ സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി (1-ാം നമ്പര്‍, 2-ാം നമ്പര്‍) ബില്‍ - 2025. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ ഈ ബില്ലുകള്‍ നിയമമാകും. പ്രതിപക്ഷത്തിന്റെ തത്വത്തിലുള്ള അംഗീകാരവും ബില്ലുകൾക്കുണ്ട്. എന്നാൽ, ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഇവ ഉയര്‍ത്തുന്ന ആശങ്കകളും അവ്യക്തതകളും വെല്ലുവിളികളും ഏറെയാണ്.
സംഘടനകള്‍ക്ക് പരവതാനി
കലാലയ വിദ്യാര്‍ഥിരാഷ്ട്രീയം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും പ്രതിസന്ധികളും നിരന്തര പ്രകോപനങ്ങളും സമരങ്ങളും അക്രമങ്ങളും വെള്ളപൂശാനുള്ള രാഷ്ട്രീയ നേതൃത്വങ്ങളുടെ അജണ്ടകള്‍ പുതിയ നിയമനിര്‍മാണത്തിലൂടെയും പഴയനിയമത്തിന്റെ ഭേദഗതികളിലൂടെയും അനാവരണം ചെയ്തിരിക്കുകയാണ്
. വിദ്യാഭ്യാസവിദഗ്ധരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ മാനേജ്മെന്റുകളും പൊതുസമൂഹവും ഇതു കാണാതെപോകുന്നതും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചിരിക്കുന്നതും അതിശയിപ്പിക്കുന്നു. പുതിയ സ്വകാര്യ സര്‍വകലാശാലാ നിയമത്തിലും പഴയ സര്‍വകലാശാലാ നിയമത്തിന്റെ ഭേദഗതിയിലും കലാലയങ്ങളില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ നിയമപരമായ അംഗീകാരം നല്‍കിയിരിക്കുന്നത് സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളുടെ ആഴം ആരും അളക്കുന്നില്ല.
നിയമസഭയില്‍ ബില്ല് പാസാക്കുന്നതിനുമുമ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി പറഞ്ഞതു സര്‍വകലാശാലാ ബില്‍ ഭേദഗതി 2025 വിദ്യാര്‍ഥികളുടെ അവകാശപ്രഖ്യാപനമെന്നാണ്. വിദ്യാര്ഥിരാഷ്ട്രീയത്തിനും സംഘടനകള്‍ക്കും മുമ്പില്‍ രാഷ്ട്രീയ അടിമത്തം പേറുന്ന ജനപ്രതിനിധികളായ നിയമസഭാ സാമാജികര്‍ ഒറ്റക്കെട്ടായി അണിനിരന്നുവെന്ന വൈചിത്ര്യവുമുണ്ട്. പ്രതിപക്ഷത്തിന്റെ നിയമസഭയിലെ വാക്കൗട്ട് ബില്ലിന്റെ പേരിലല്ലായിരുന്നുവെന്നതും രസകരം.
2025ലെ സര്‍വകലാശാലാ നിയമഭേദഗതി ബില്‍ ഉദാഹരണമായെടുക്കാം. 1986ലെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ ഭേദഗതി ആക്ടിലെ 30 എ വകുപ്പ് 1 മുതല്‍ 8 വരെ ഉപവകുപ്പുകള്‍, 2013 ലെ തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വകലാശാലാ ഭേദഗതി ആക്ടിലെ 54 എ 1 മുതല്‍ 8 വരെ ഉപവകുപ്പുകള്‍, 2015 ലെ എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലാ ഭേദഗതി ബില്ല് 41 എ 1 മുതല്‍ 8 വരെ ഉപവകുപ്പുകളില്‍ വിദ്യാര്‍ഥികളുടെ അവകാശത്തെക്കുറിച്ചുള്ള നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. വിവിധ സര്‍വകലാശാലകളുടെ നിയമഭേദഗതിയില്‍ വിവിധ വകുപ്പുകളിലായി ഒരേ തരത്തിലുള്ള ചേര്ക്കലുകളാണുള്ളത്.
ഉപവകുപ്പ് 4 പ്രകാരം ‘വിദ്യാര്‍ഥികള്‍ക്ക് അവരുടെ താത്പര്യാര്‍ഥം ഏതെങ്കിലും സംഘടനയില്‍ അംഗമാകുന്നതിന് അവകാശമുണ്ടായിരിക്കുന്നതും അങ്ങനെയുള്ള ഒരു സംഘടനയില്‍ അവര്‍ ഉള്‍പ്പെടുന്നുവെന്ന കാരണത്താല്‍ സര്‍വകലാശാല അവരെ മുന്‍വിധിയോടെയുള്ള പെരുമാറ്റത്തിന് വിധേയരാക്കാന്‍ പാടില്ലാത്തതുമാണ്’.
അഞ്ചാം ഉപവകുപ്പും പ്രത്യേകം ശ്രദ്ധിക്കുക; ‘വിദ്യാര്‍ഥികളുടെ ഒരു കൂട്ടത്തിന് സംഘടിക്കുന്നതിനും അതിലെ അംഗങ്ങളുടെ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്. അങ്ങനെയുള്ള ഓരോ സംഘത്തിനും പരസ്യപ്പെടുത്തുന്നതിനും യോഗങ്ങള്‍ നടത്തുന്നതിനും ഏതു വിഷയവും ചര്‍ച്ചചെയ്യുന്നതിനും നിയമാനുസൃതവും സമാധാനപരവുമായ പ്രകടനത്തില്‍ ഏര്‍പ്പെടുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്’.
ആറാം ഉപവകുപ്പില്‍ ‘സര്‍വകലാശാലയുടെയും അതിനു കീഴില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എല്ലാ സമിതികളിലും വിദ്യാര്‍ഥി പ്രാതിനിധ്യമുണ്ടായിരിക്കണം’.
54 സി വകുപ്പും ഉപവകുപ്പുകളും അധ്യാപകരുടെ അവകാശങ്ങളെ സൂചിപ്പിക്കുന്നു. മൂന്നാം ഉപവകുപ്പുപ്രകാരം ‘അധ്യാപകര്‍ക്കോ അവരുടെ സംഘങ്ങള്‍ക്കോ സംഘടനകള്‍ക്കോ സര്‍വകലാശാലയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ, ലിഖിതമായതോ അച്ചടിച്ചതോ ഇലക്ട്രോണിക് രൂപത്തിലുള്ളതോ ആയ മെറ്റീരിയലുകള്‍ കാമ്പസില്‍ വിതരണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യാവുന്നതാണ്’.
ഇങ്ങനെ ഉന്നതവിദ്യാഭ്യാസ മേഖലയെ രക്ഷിക്കാനെന്ന പേരിലുള്ള സര്‍വകലാശാല നിയമഭേദഗതിയുടെ ഉള്ളറകളിലേയക്കു കടന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണമായി രാഷ്ട്രീയവത്കരിക്കുന്നതിനു നിയമപരമായ അംഗീകാരമാണു നല്‍കുന്നത്. കോടതികള്‍ക്കുപോലും ഇടപെടാനാവാത്തവിധം നിയമനിര്‍മാണത്തിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം പണം മുടക്കി സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്മെന്റുകളെപ്പോലും നോക്കുകുത്തികളാക്കി വിദ്യാര്‍ഥിരാഷ്ട്രീയ സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും രാഷ്ട്രീയ ആഭിമുഖ്യമുള്ള അധ്യാപക സംഘടനകള്‍ക്കും തീറെഴുതിക്കൊടുക്കുന്ന നിയമനിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ വളരെ വലുതായിരിക്കും.
കലാലയ രാഷ്ട്രീയത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന സമരമുഖങ്ങളും അക്രമപരമ്പരകളും വിദ്യാര്‍ഥി കൊലപാതകങ്ങളും ഇപ്പോള്‍ത്തന്നെ പുതുതലമുറയുടെ ജീവനും ജീവിതത്തിനും വെല്ലുവിളി ഉയരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളും ഉപകരണങ്ങളുമായി വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ക്ക് നിയമനിര്‍മാണത്തിലൂടെ അംഗീകാരം നല്കിയാലുള്ള അവസ്ഥ ഉന്നതവിദ്യാഭ്യാസമേഖലയെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കു നയിക്കും. തീവ്രവാദ സംഘങ്ങള്‍ക്കും ലഹരിമാഫിയകള്‍ക്കും ഭീകരവാദഗ്രൂപ്പുകള്ക്കും കലാലയങ്ങളിലേക്ക് നുഴഞ്ഞുകയറാനും താവളങ്ങള്‍ സൃഷ്ടിക്കാനുമുള്ള ലൈസന്‍സായി പുതിയ നിയമഭേദഗതിയിലെ ഈ വകുപ്പുകള്‍ വഴിതുറക്കുമെന്നുറപ്പ്.
കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്‍ 2025ലും സമാനമായ നിയമങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ പുറത്തുവിട്ട ബില്ലിലെ 29, 30, 31 വകുപ്പുകളില്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍, വിദ്യാര്‍ഥികളുടെ പരാതികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 30-ാം വകുപ്പ് പ്രത്യേകമായി പഠനവിഷയമാക്കേണ്ടതാണ്. 30 (1)ല്‍ ‘ഓരോ വിദ്യാര്‍ഥിക്കും സ്റ്റാറ്റ്യൂട്ടുകളാല് നിര്‍ണയിക്കപ്പെടാവുന്ന നിര്‍ദിഷ്ട അവകാശങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്’. 30(2)ല്‍ ‘വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും സര്‍വകലാശാലയ്ക്ക് ബാധ്യതയുണ്ടായിരിക്കുന്നതാണ്’. 30(3)ല്‍ ‘ഒരു വിദ്യാര്‍ഥി യൂണിയന് ഉണ്ടായിരിക്കേണ്ടതും അതിന്റെ ഘടനയും അധികാരങ്ങളും ചുമതലകളും സ്റ്റാറ്റ്യൂട്ടുകളാല് നിര്‍ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതുമാണ്’.
ചുരുക്കിപ്പറഞ്ഞാല്‍, സ്വകാര്യസര്‍വകലാശാലകളുടെ സമ്പൂര്‍ണ നിയന്ത്രണം കാലക്രമേണ വിദ്യാര്‍ഥി-അധ്യാപക യൂണിയനുകള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്ക്കുമായിരിക്കും. രാജ്യത്ത് സ്വകാര്യ സര്‍വകലാശാല ആരംഭിക്കാന്‍ തുടങ്ങുന്ന 28-ാമത്തെ സംസ്ഥാനമാണ് കേരളം. 27 സംസ്ഥാനങ്ങളിലെയും സ്വകാര്യ സര്‍വകലാശാലാ നിയമത്തില്‍ ഇല്ലാത്ത വിദ്യാര്‍ഥി അവകാശ വകുപ്പുകളാണ് സാക്ഷരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ വിദഗ്ധന്മാര് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഭരണ നേതൃത്വങ്ങള്‍ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് വിളിച്ചുപറയുമ്പോഴും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഇരകളാകാന്വേണ്ടി സ്വകാര്യവ്യക്തികളും അവരുടെ ട്രസ്റ്റുകളും സംഘങ്ങളും കേരളത്തില്‍ പണമിറക്കിയാല്‍ എന്തു നേട്ടമുണ്ടാകുമെന്ന് രണ്ടുവട്ടം ആലോചിക്കണം.
കലാലയ അന്തരീക്ഷത്തെ കലാപകലുഷിതമാക്കുന്ന വിദ്യാര്‍ഥിരാഷ്ട്രീയ അതിപ്രസരത്തെ നിയന്ത്രിക്കാനോ നിലയ്ക്കു നിര്‍ത്താനോ സാധിക്കാതെ ഉന്നതവിദ്യാഭ്യാസമേഖല ചക്രശ്വാസം വലിക്കുമ്പോള്‍ നിയമഭേദഗതിയിലൂടെ ഇക്കൂട്ടര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുമ്പോഴുള്ള ഭവിഷ്യത്തുകള്‍ ചിന്തകള്‍ക്കതീതമായ തിരിച്ചടിയാകും.
(തുടരും)