ലഹരിക്കെതിരേ അടിയന്തര നടപടി വേണം
Thursday, March 27, 2025 12:07 AM IST
(സംസ്ഥാനത്തെ ലഹരിവിപത്ത് ചെറുക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ തുറന്ന കത്തിന്റെ പ്രസക്തഭാഗങ്ങൾ)
പ്രിയപ്പെട്ട മുഖ്യമന്ത്രീ,
ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാവിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ കാന്പയിന് സർക്കാർ നേതൃത്വം നൽകുമെന്ന ഉന്നതതല യോഗതീരുമാനം ആശ്വാസകരമാണ്.
താങ്കളുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016-നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ മുന്പാകെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഇത്തരുണത്തിൽ ഒന്നുകൂടി ഓർമിപ്പിച്ചുകൊള്ളട്ടെ:
“മദ്യം കേരളത്തിൽ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. ഇതിനായി സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയിൽ അതിവിപുലമായ ഒരു ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപം നൽകും. ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കും. മദ്യവർജന സമിതിയുമായുള്ള സഹകരണം ശക്തിപ്പെടുത്തും. മദ്യംപോലെ സാമൂഹ്യഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരേ അതികർശനമായ നടപടികൾ സ്വീകരിക്കും.”
ആ തെരഞ്ഞെടുപ്പുവേളയിൽ ഇതെല്ലാം പ്രചരിപ്പിച്ചത് കേരളത്തിൽ കേവലം 20 ബാറുകൾ മാത്രം പ്രവർത്തിച്ചിരുന്ന കാലത്താണെന്നോർക്കണം. പരിപാവനമായ ഈ തെരഞ്ഞെടുപ്പു വാഗ്ദാനം അർഹിക്കുന്ന ഗൗരവത്തോടെയും പ്രാധാന്യത്തോടെയും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നിരുന്നെങ്കിൽ ഇന്ന് കേരളത്തെ വലിയ സാമൂഹികദുരന്തത്തിലേക്കു തള്ളിവിടുന്ന ആപത്കരമായ മദ്യവ്യാപനവും കഞ്ചാവ്, മയക്കുമരുന്ന്, രാസമരുന്ന് തുടങ്ങിയ ലഹരിപദാർഥങ്ങളുടെ അനിയന്ത്രിതമായ വിതരണ-വ്യാപന ശൃംഖലകൾ അതിഭീകരമായി ശക്തിപ്പെടുന്ന ദുരവസ്ഥയും ഉണ്ടാകുമായിരുന്നില്ല.
നിർഭാഗ്യവശാൽ തെരഞ്ഞെടുപ്പ് വാഗ്ദാനം സന്പൂർണമായി കാറ്റിൽപ്പറത്തി നേരേ എതിർദിശയിലേക്ക് നീങ്ങുകയും കേരളത്തിൽ സന്പൂർണ മദ്യവ്യാപനത്തിന് കളമൊരുക്കുന്ന നടപടികൾ ഒന്നിനു പിന്നാലെ മറ്റൊന്നായി നടപ്പാക്കുകയായിരുന്നു സർക്കാർ ചെയ്തത്. ഇതിന്റെയെല്ലാം ഫലമായി ഇപ്പോൾ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം ആയിരത്തിലധികമായി. സുതാര്യമാക്കേണ്ട സർക്കാർ നടപടികൾ ഇക്കാര്യത്തിൽ അതീവരഹസ്യമായി മുന്നോട്ടു കൊണ്ടുപോകുന്ന കുറ്റകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്.
മദ്യമില്ലെങ്കിൽ മയക്കുമരുന്ന് വ്യാപിക്കും എന്നതായിരുന്നല്ലോ സർക്കാരിന്റെ പ്രധാന വാദഗതി.എന്നാൽ ഇപ്പോൾ മദ്യം വ്യാപകമാകുകയും മയക്കുമരുന്നും കഞ്ചാവും മറ്റു രാസപദാർഥങ്ങളും റിക്കാർഡ് വേഗത്തിലുള്ള വ്യാപനത്തിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.
ആഭ്യന്തരവകുപ്പുകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതെല്ലാം അറിവുള്ളതാണെങ്കിലും മനഃപൂർവമായിത്തന്നെ സംസ്ഥാനത്ത് പെരുകിവരുന്ന അക്രമങ്ങളിലും കുറ്റകൃത്യങ്ങളിലും മദ്യത്തിന്റെ പങ്ക് പൂർണമായി ഒഴിവാക്കി മയക്കുമരുന്നിൽ മാത്രം കേന്ദ്രീകരിക്കുന്ന തീരുമാനം എടുക്കുന്നത് ഒരുകാരണവശാലും ന്യായീകരിക്കാവുന്നതല്ല. മദ്യവ്യാപനത്തിന് നേതൃത്വം കൊടുക്കുന്ന സർക്കാർതന്നെ ലഹരിവിരുദ്ധ കാന്പയിനുമായി മുന്നോട്ടുവന്നാൽ അതിന് വിശ്വാസ്യത തെല്ലും ഉണ്ടാവുകയില്ലെന്നത് യാഥാർഥ്യമാണ്.
മദ്യവും മയക്കുമരുന്നും ജനങ്ങൾക്ക് ഒരവശ്യവസ്തുവല്ലെന്ന് കോവിഡ് കാലത്തെ ലോക്ഡൗണ് തെളിയിച്ചതാണ്. മദ്യം ഇല്ലാതായതിനെത്തുടർന്ന് അതിൽപ്പെട്ടിരുന്നവരുടെ കുടുംബങ്ങൾക്ക് 3,978 കോടി രൂപയുടെ സാന്പത്തികനേട്ടമുണ്ടായതായി ‘അഡിക് ഇന്ത്യ’യുടെ പഠനം വ്യക്തമാക്കുന്നുണ്ട്.
മയക്കുമരുന്ന് കേസുകൾ 2020 വർഷത്തിലെ മാസ ശരാശരി 305.5 ആയിരുന്നുവെങ്കിൽ ലോക്ഡൗണ് കാലത്ത് രണ്ടുമാസത്തെ ശരാശരി കേവലം 97.5 കേസുകളായി കുറഞ്ഞുവെന്നത് വളരെയേറെ ശ്രദ്ധേയമാണ്. സ്പിരിറ്റിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാവുന്നതാണ്. 2020 വർഷത്തിൽ സ്പിരിറ്റ് പിടികൂടിയതിന്റെ മാസ ശരാശരി 1932 ലിറ്റർ ആയിരുന്നുവെങ്കിൽ ലോക്ഡൗണ് കാലത്ത് രണ്ടുമാസത്തെ ശരാശരി 59.5 ലിറ്റർ മാത്രമായിരുന്നു. (എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയാറാക്കിയ പഠനറിപ്പോർട്ടിൽനിന്ന്).
വിനോദസഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളർത്തുമെന്ന വാദവും വസ്തുതകൾക്കു നിരക്കാത്തതാണ്. ടൂറിസം വകുപ്പിന്റെ കണക്കുകൾതന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. 2014-ൽ 9,23,366 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലേക്കു വന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി കേവലം 22 ബാറുകൾ മാത്രം പ്രവർത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായ 2016ൽ അത് 10,38,419 ആയി വർധിക്കുകയാണുണ്ടായത്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാകട്ടെ 2014ൽ 11,695,441 ആയിരുന്നത് 2016ൽ 1,31,72,535 ആയി വർധിക്കുകയാണുണ്ടായത്. ടൂറിസത്തിലൂടെ ഉണ്ടായ വരുമാനത്തിലും വർധനയുണ്ടായി. 2014ൽ 24,885 കോടി ആയിരുന്നത് 2016ൽ 29,659 കോടി രൂപയായി വർധിച്ചു. മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകൾ കേരളത്തിൽ വരുന്നത്. കേരളത്തനിമ ആസ്വദിക്കാനാണ്. സർക്കാരിന്റെ നിലനിൽപ്പ് മദ്യവരുമാനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന വാദവും നിരർഥകമാണ്. മദ്യത്തിൽനിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കും കെടുതികൾക്കും ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് സർക്കാരിനുതന്നെ ചെലവിടേണ്ടിവരുന്നുണ്ട്.ഇതെല്ലാം കണക്കിലെടുത്തു തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാതെ ജനങ്ങളോട് കാണിച്ച വിശ്വാസവഞ്ചനയ്ക്കും ഗുരുതരമായ വീഴ്ചകൾക്കും ജനങ്ങളോട് മാപ്പു പറയാൻ മുഖ്യമന്ത്രി തയാറാകണം.
ഉറവിടത്തിൽനിന്നുതന്നെ ലഹരിപദാർഥങ്ങൾ പിടിച്ചെടുക്കണം. ലഹരി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കാവുന്ന അവസ്ഥയുണ്ടാക്കണം. ഇതിനെല്ലാം പറ്റുന്ന നിലയിൽ ബന്ധപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണം.
പോലീസ്-എക്സൈസ് സേനകളിലെ മികച്ച സേവനപശ്ചാത്തലമുള്ളവരും കാര്യപ്രാപ്തിയുള്ളവരുമായവരെ ഉൾക്കൊള്ളിച്ച് ലഹരിവിരുദ്ധ സ്ക്വാഡുകൾ പുനഃക്രമീകരിക്കണം. മറ്റു തലങ്ങളിൽ വേണ്ടാത്തവരെ നടതള്ളുന്ന ഒരു ഏർപ്പാടായി ഇതിനെ മാറ്റരുത്. (ചിലപ്പോഴെങ്കിലും അപ്രകാരം സംഭവിക്കാറുണ്ട്). വിമുക്തി ഉൾപ്പെടെയുള്ള ലഹരിനിർമാർജന പ്രവർത്തനം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യനീതി, തദ്ദേശഭരണ വകുപ്പുകളുടെ സംയുക്ത സംരംഭമായി മാറ്റിയെടുക്കണം. പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല ആരംഭിക്കാനുള്ള ശ്രമങ്ങളിൽനിന്നും സർക്കാർ ഉടനടി പിന്തിരിയണം.
മേൽ വിശദീകരിച്ച കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട്, ഇടതുപക്ഷ ജനാധിപത്യമുന്നണി ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ മുഖ്യമന്ത്രിയും സഹപ്രവർത്തകരും ആത്മാർഥമായി ശ്രമിക്കണം. അതുവഴി മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, മറ്റ് രാസപദാർഥങ്ങൾ തുടങ്ങിയ സർവ വിപത്തുകളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ വേണ്ടതെല്ലാം അടിയന്തരമായി ചെയ്യണമെന്നാണ് എന്റെ അഭ്യർഥന.
സ്നേഹപൂർവം,
വി.എം. സുധീരൻ