സുസ്ഥിര ബിസിനസ് വികസനവും പ്രകൃതിയും
ഡോ. ടി.വി. മുരളിവല്ലഭൻ
Thursday, March 27, 2025 12:04 AM IST
ലോകത്തിന്റെ നിലനിൽപ്പിനു പരമാധികാര രാഷ്ട്രങ്ങൾക്കൊപ്പമോ അതിൽ കൂടുതലോ പ്രതിബദ്ധതയും ഉത്തരവാദിത്വവുമുള്ള സ്ഥാപനങ്ങളാണ് കോർപറേറ്റുകൾ എന്നു നാം മനസിലാക്കണം. ചിലപ്പോഴെങ്കിലും അമിത ലാഭാർത്തിയിലും അതിനുവേണ്ടിയുള്ള അധാർമിക മത്സരങ്ങളിലും പെട്ട് പല കമ്പനികളും ഈ ഉത്തരവാദിത്വത്തിൽനിന്ന് അകന്നുപോകുന്നുണ്ട്.
"ഗ്രീൻ വാഷിംഗ്' എന്നു പറയുന്ന തെറ്റായ പ്രവണത പല കമ്പനികളും അനുവർത്തിക്കുന്നതായി ബിസിനസ് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. പാരിസ്ഥിതികവും സാമൂഹികവുമായ നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നു വരുത്തിത്തീർത്ത് ലോകത്തിനു മുന്നിൽ "നല്ലപിള്ള' ചമയുന്നതാണ് ഗ്രീൻ വാഷിംഗ്. ലക്ഷ്യം അമിതലാഭം തന്നെ. ഒരു കമ്പനിയുടെ ആയുസ് നിർണയിക്കുന്നത് സ്റ്റോക്ക് വിപണിയിലെ ദൈനംദിന ചാഞ്ചാട്ടങ്ങൾ മാത്രമല്ല, മറിച്ച് ദീർഘകാല വിപണിയിലെ പ്രവണതകളുംകൂടി ചേർന്നാണ്. ദീർഘകാല വിപണിയെന്നു പറയുന്നത് പ്രകൃതിയും സമൂഹവുംകൂടി ചേർന്നതാണ്.
സുസ്ഥിര ബിസിനസ് മാതൃകകൾ
യുഎൻ സുസ്ഥിര വികസന മാതൃകയുടെ പന്ത്രണ്ടാമത്തെ ലക്ഷ്യമായ സുസ്ഥിര ഉത്പാദനം ബിസിനസ് ലോകവും സുസ്ഥിര ഉപഭോഗം ജനങ്ങളും പാലിച്ചാൽ മാത്രമേ ലോകം നിലനിൽക്കുകയുള്ളൂ. ഏതു ബിസിനസായാലും വ്യവസായമായാലും അസംസ്കൃത പദാർഥങ്ങൾ പ്രകൃതിയിൽനിന്നാണ്. ഏതു ബിസിനസിനും ആദ്യം വേണ്ടതു പ്രവർത്തിക്കാനുള്ള ഇടം. ഈ ഇടം നല്കുന്നതും പ്രകൃതിയാണ്. വായുവും ജലവും താപം അഥവാ ഊർജവും ലോഹങ്ങളും ധാതുക്കളുമെല്ലാം ഏതു തരത്തിലുള്ള ഉത്പന്നങ്ങളുടെയും അടിസ്ഥാന അസംസ്കൃതപദാർഥങ്ങളാണ്.ചുരുക്കത്തിൽ, പ്രകൃതിയില്ലാതെ ബിസിനസ് ഇല്ല. ഇതാണ് ബിസിനസ് നിലനില്പിന്റെ പാരിസ്ഥിതികതലം എന്നു പറയുന്നത്.
പുനരുപയോഗ ഊർജങ്ങളിലേക്കു നീങ്ങുമ്പോൾ, അവയുടെ ഉത്പാദനത്തിനായി വളരെ അപൂർവവും അതുകൊണ്ടുതന്നെ വളരെ വിലകൂടിയതുമായ ധാതുക്കളും ലോഹങ്ങളും ആവശ്യമായി വരുന്നു. അങ്ങനെ വരുമ്പോൾ പുനരുപയോഗ ഊർജസ്രോതസുകളുടെ കുത്തക ചിലപ്പോൾ ആഗോള ബിസിനസ് വികസനത്തിനുതന്നെ വിലങ്ങുതടിയായേക്കാം. ഇതാകട്ടെ സുസ്ഥിര ബിസിനസ് വികസനത്തിനും തടസം സൃഷ്ടിക്കും.
സുസ്ഥിര ബിസിനസും സമൂഹവും
അടുത്തത്, ബിസിനസ് നിലനിൽപ്പിന്റെ സാമൂഹികതലമാണ്. ബിസിനസ് ലോകവും സമൂഹവും തമ്മിൽ വെറും കൊടുക്കൽ-വാങ്ങലിനെക്കാൾ മഹത്തായ ഒരു ബന്ധമുണ്ട്. സമൂഹത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനു ബിസിനസ് രംഗം സഹായിക്കണം. ജനങ്ങൾക്ക് ശുദ്ധമായ വായുവും ജലവും ആഹാരവും ഒപ്പംതന്നെ അവരുടെ ആരോഗ്യസംരക്ഷണത്തിലും വിദ്യാഭ്യാസ പുരോഗതിയിലും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിലൂടെ കമ്പനികൾക്ക് സഹായിക്കാനാകും. ചില നിബന്ധനകൾക്കു വിധേയമായി ലാഭത്തിന്റെ രണ്ടു ശതമാനം സിഎസ്ആറിനു വേണ്ടി വിനിയോഗിക്കണമെന്നത് ഇന്ത്യയിലെ നിയമമാണ്. നിലനില്പിന്റെ മൂന്നാംഘടകമെന്നു പറയുന്നത് ബിസിനസ് ലോകം തന്നെയാണ്. എത്ര ലാഭമുണ്ടാക്കണമെന്നും എങ്ങനെ ലാഭമുണ്ടാകണമെന്നും ഉണ്ടാക്കുന്ന ലാഭം എവിടെ ചെലവഴിക്കണമെന്നുമുള്ള കാര്യങ്ങളിലാണ് അഭിപ്രായവ്യത്യാസമുള്ളത്.
ഇന്നത്തെ ബിസിനസ് ലോകത്തിനു ശാസ്ത്രസാങ്കേതികവിദ്യയുടെ സഹായമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സ്വഭാവം ബിസിനസിനും ഉണ്ടാകും. സാങ്കേതികവിദ്യ ഉപയോഗിച്ചാൽ ലോകത്തിലെ ഏതു പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയുമെന്നാണ് പലരും ലോകജനതയെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. എങ്ങിനെയും ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നവരാണ് ഏറ്റവും മിടുക്കരായ ബിസിനസുകാർ എന്നു സമൂഹവും ധരിച്ചുവച്ചിരിക്കുന്നു.
ഇന്നത്തെ ലോക ജനസംഖ്യയും അതിന്റെ വളർച്ചാനിരക്കും അവരുടെ അത്യാവശ്യ-ആവശ്യ-ആഡംബര വസ്തുക്കൾക്കുള്ള ചോദനവും കണക്കിലെടുത്തു നടത്തിയിട്ടുള്ള പല പഠനങ്ങളുടെയും ഫലം അത്ര ശുഭപ്രതീക്ഷ നൽകുന്നതല്ല. നിലനില്പിനുതകുന്ന ബിസിനസ് വിദ്യാഭ്യാസംകൂടി നൽകിയാൽ മാത്രമേ ഈവക ദുരന്തങ്ങളിൽനിന്ന് ലോകത്തിനു കരകയറാൻ സാധിക്കുകയുള്ളൂ.
ആധുനിക ബിസിനസ് വിദ്യാഭ്യാസം
1953ൽ, "ബിസിനസ് ലോകത്തിന്റെ സാമൂഹ്യ പ്രതിബദ്ധത' എന്ന ഗ്രന്ഥത്തിലൂടെ എച്ച്.ആർ. ബോവാൻ ആദ്യമായി ബിസിനസിൽ ധാർമികതയുടെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ഒരു പുതിയ ബിസിനസ് മാതൃകയ്ക്ക് തുടക്കംകുറിച്ചു. പിന്നീട് ആർച്ചി കരോൾ, ജോൺ ഏൽക്കിങ്ടോൺ മുതലായ ബിസിനസ് വിദഗ്ധർ പരിസ്ഥിതിയും സമൂഹവും ബിസിനസ് ലോകവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തി. ഏറ്റവും പുതിയ ബിസിനസ് പ്രവണതയായ പാരിസ്ഥിതിക-സാമൂഹിക-ഗവേണൻസ് ലോകത്തിന്റെയും ബിസിനസിന്റെയും സുസ്ഥിരത ഉറപ്പാക്കാനുള്ള ഫലവത്തായ മാതൃകയാണ്.
ഇന്ത്യയിൽ മാത്രം ഏതാണ്ട് ആറായിരത്തോളം ബിസിനസ് സ്കൂളുകൾ ഉണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ആഗോളവത്കരണത്തിനുശേഷം ബിസിനസ് വിദ്യാഭ്യാസത്തിനു ഒരു പ്രത്യേക ഉണർവ് കിട്ടിയിട്ടുണ്ട്.
ലാഭത്തിൽനിന്ന് ക്ഷേമത്തിലേക്ക്
1970കളിൽ ലോക ബിസിനസ് വിദ്യാഭ്യാസം മുഴുവൻതന്നെ അന്നത്തെ ലോകപ്രശസ്തനായിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടൺ ഫ്രിഡ്മാന്റെ ആശയങ്ങൾക്കനുസരിച്ചായിരുന്നു. ബിസിനസിന്റെ ഏക ലക്ഷ്യം ലാഭം മാത്രമാണെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു ആകെ ഒരു ബദലുണ്ടായിരുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പൊതുമേഖലാ സിദ്ധാന്തമായിരുന്നു. പൊതുമേഖലാ സിദ്ധാന്തം പരാജയപ്പെട്ടപ്പോൾ മുതലാളിത്ത ഉത്പാദന ക്രമങ്ങൾക്കനുസരിച്ചു ബിസിനസ് വിദ്യാഭ്യാസം രൂപപ്പെടുകയും ചെയ്തു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ബിസിനസ് വിദ്യാഭ്യാസത്തിനു കാര്യമായ ദിശാമാറ്റം സംഭവിച്ചു.പ്രകൃതിയിലെ മാറ്റങ്ങൾ ഭൂമിക്കുതന്നെയും അപകടമാണെന്ന തിരിച്ചറിവാണ് ബിസിനസ് വിദ്യാഭ്യാസത്തിന്റെ ഗതി തിരിച്ചുവിട്ടത്. കൂടാതെ, സമൂഹത്തിനും ബിസിനസിൽ സ്ഥാനമുണ്ടെന്ന ബോധം വ്യാപരിച്ചു. ലോകക്ഷേമമാണ് നിലനില്പിനുതകുന്ന ബിസിനസ് വിദ്യാഭ്യാസത്തിന്റെ (Sustainability Business Education) ലക്ഷ്യം.
സുസ്ഥിര ബിസിനസ് ലോകം
ലോകം നിലനിന്നാൽ മാത്രമേ ബിസിനസ് നിലനിൽക്കൂ എന്ന തിരിച്ചറിവ് സാവധാനമാണെങ്കിലും ബിസിനസ് ലോകത്തു വ്യാപരിക്കുന്നുണ്ട്.
(അവസാനിച്ചു)